12 Monday
January 2026
2026 January 12
1447 Rajab 23

ജനാധിപത്യ ശബ്ദങ്ങളെ അറസ്റ്റ് കൊണ്ട് വിലങ്ങിടാനുള്ള നീക്കം അപലപനീയം -ദക്ഷിണ കേരള കണ്‍വന്‍ഷന്‍


കൊച്ചി: ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കുവേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിനെയും ഗുജറാത്ത് മുന്‍ ഡി ജി പി ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത ഗുജറാത്ത് പൊലീസ് നടപടി അപലപനീയമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ദക്ഷിണ കേരള കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഏകാധിപത്യ ഭരണം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ മതേതര കക്ഷികള്‍ ഒന്നിച്ച് പ്രതിരോധിക്കണം. വിമര്‍ശനങ്ങളാണ് ജനാധിപത്യത്തിന്റെ കരുത്ത്. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കാന്‍ മതേതര പ്രസ്ഥാനങ്ങള്‍ ശത്രുത വെടിഞ്ഞ് ഒന്നിച്ചുനിന്ന് പ്രതിരോധിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രകടനപത്രികയില്‍ ഘട്ടംഘട്ടമായി മദ്യനിരോധനം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ കേരളമാകെ മദ്യമൊഴുക്കാന്‍ കാരണമാകുന്ന മദ്യനയം തിരുത്തണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെ പി സകരിയ, പി സുഹൈല്‍ സാബിര്‍, സുബൈര്‍ അരൂര്‍, എം എം ബഷീര്‍ മദനി പ്രഭാഷണം നടത്തി. സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി, ട്രഷറര്‍ എ പി നൗഷാദ്, സിറാജ് മദനി, ഐ എസ് എം സംസ്ഥാന സെക്രട്ടറി അയ്യൂബ് എടവനക്കാട്, എം ജി എം സൗത്ത് സോണ്‍ സെക്രട്ടറി നക്‌സി സുനീര്‍, എം എസ് എം എറണാകുളം ജില്ല സെക്രട്ടറി അദ്‌നാന്‍ ഹാദി, ഐ ജി എം ട്രഷറര്‍ ഹുസ്‌ന പര്‍വീന്‍ പ്രസംഗിച്ചു.

Back to Top