ഡല്‍ഹിയുടെ വിധി
നസറുദ്ദീന്‍ മണ്ണാര്‍ക്കാട്
ഇന്ത്യയുടെ ഭരണസിരാകേന്ദ്രത്തില്‍ ആം ആദ്മി പാര്‍ട്ടി സാമാന്യം ഭേദപ്പെട്ട ഒരു വെല്‍ഫെയര്‍ ഭരണം തന്നെയാണ് നടത്തി പോന്നത്. തുടര്‍ച്ചയായി ആം ആദ്മി ജയിക്കാനുള്ള കാരണവും ഈ സൗജന്യങ്ങളാണ്. അല്ലാതെ ഡല്‍ഹിയിലെ മധ്യവര്‍ഗങ്ങള്‍ മാത്രം കമ്യൂണല്‍ കാന്‍സറില്‍ നിന്ന് ഇമ്യൂണിറ്റി കൈവരിച്ചത് കൊണ്ടല്ല. ഇപ്പോള്‍ കിട്ടുന്ന സൗജന്യങ്ങള്‍ ഇല്ലാതാക്കി ഒരു ഭരണമാറ്റം വേണ്ട എന്നവര്‍ തീരുമാനിച്ചു. ആപ്പിലെ നേതാക്കള്‍ അത്ര സെക്കുലര്‍ അല്ലെന്ന് കപില്‍ മിശ്ര തെളിയിച്ചതാണ്. ഡല്‍ഹി കലാപത്തിന് വഴി മരുന്നിട്ട അയാള്‍ എത്ര പെട്ടെന്നാണ് ബി ജെ പിയില്‍ കയറിപ്പറ്റി തന്റെ തനി രൂപം കാണിച്ചത്. സൗജന്യങ്ങള്‍ കിട്ടുന്ന കാലത്തോളം ഡല്‍ഹിക്കാര്‍ ബി ജെ പിയെ പടിക്ക് പുറത്തുതന്നെ നിറുത്തും. തങ്ങളെ ബാധിക്കാത്ത വിഷയത്തില്‍ ബി ജെ പിയെ സ്വാഗതം ചെയ്യുകയും ചെയ്യും. ഉദാഹരണത്തിന് 370 വകുപ്പ് ഇല്ലാതാക്കിയപ്പോള്‍ ആദ്യം ചാടിവീണ് സ്വാഗതം ചെയ്തത് കെജ്രിവാള്‍ ആയിരുന്നു. ആ കെജ്രിവാള്‍ തന്നെ ഇന്ന് ഡല്‍ഹിയുടെ അധികാരം ഇല്ലാതാക്കിയപ്പോള്‍ കാലിട്ടടിക്കുന്നു. തങ്ങളെ ബാധിക്കാത്ത ഭരണഘടനാ വിരുദ്ധമായ നയങ്ങള്‍ തങ്ങളുടെ നേര്‍ക്ക് വരുമ്പോള്‍ മാത്രം പ്രതിഷേധിക്കുന്നവരൊക്കെ നിലപാടിന്റെ കാര്യത്തില്‍ വെറും കപടന്മാരാണ്. ഫാസിസം എന്നാല്‍ ഒരിക്കലും ഒരു വിഭാഗത്തെ മാത്രം ഇരകളാക്കി നിറുത്തില്ല. അവരുടെ പ്രഥമ ഇരകളില്‍ നിന്ന് തുടങ്ങി ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന ദംഷ്ട്രകളാണ് അതിനുള്ളത്. രസമെന്താണെന്ന് വെച്ചാല്‍ ആദ്യം കയ്യടിച്ചവര്‍ തന്നെയാണ് പിന്നീട് കാലിട്ടടിക്കുക.