ഡീപ് സ്റ്റേറ്റിലെ കളിപ്പാവകള്‍
ഷെരീഫ് സാഗര്‍
ചോദ്യം ഉന്നയിച്ച കുട്ടിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയാലും ചോദ്യങ്ങള്‍ ബാക്കിയാകുമെന്ന് പറഞ്ഞത് എം എന്‍ വിജയന്‍ മാഷാണ്. ചോദ്യങ്ങളെ അവഗണിക്കാനും തമസ്‌കരിക്കാനും വഴിമാറ്റാനും കഴിഞ്ഞേക്കും. പക്ഷേ, ഉത്തരം കിട്ടുന്നത് വരെ ചോദ്യങ്ങള്‍ ചോദ്യങ്ങളായി അവശേഷിക്കും. കേരളം ഭരിക്കുന്ന മുഖ്യ കക്ഷിയായ സി പി എമ്മിന്റെ ഓരംപറ്റി വളര്‍ന്ന സ്വതന്ത്ര എം എല്‍ എ പി വി അന്‍വര്‍ ഉയര്‍ത്തിയത് അങ്ങനെ കുറെ ചോദ്യങ്ങളാണ്. ആ ചോദ്യങ്ങള്‍ക്ക് ഇതുവരെ മുഖ്യമന്ത്രി ഉള്‍പ്പെടെ ആരും ഉത്തരം പറഞ്ഞിട്ടില്ല. ആരോപണ വിധേയരെ ഉപാധികളില്ലാതെ സംരക്ഷിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ചോദ്യങ്ങളെ വഴിമാറ്റാനും ഉത്തരങ്ങള്‍ വക്രീകരിച്ച് ചോദ്യങ്ങളെ സാധൂകരിക്കാനും മുഖ്യമന്ത്രിയുടെ ചില പരാമര്‍ശങ്ങള്‍ കാരണമായി. അന്‍വറിന്റെ ക്രെഡിബിലിറ്റിയോ വിഷയാവതരണത്തിലെ പാണ്ഡിത്യമോ വാക്കുകളിലെ പ്രയോഗങ്ങളോ അല്ല, അദ്ദേഹം മുന്നോട്ടുവെച്ച പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ബി ജെ പിയുടെ വിദ്വേഷ രാഷ്ട്രീയത്തെ വാളയാറിനിപ്പുറം കടത്താത്ത കേരളത്തിന്റെ സവിശേഷമായ മതേതര ബോധങ്ങളിലേക്കാണ് ഈ വിഷയത്തിന്റെ ആഘാതം പതിച്ചത്. ഇതൊക്കെ സംഭവിക്കുന്നതാണെങ്കില്‍ അധികം വൈകാതെ അതിന്റെ പരിക്കേറ്റ് കേരളം തളരുക തന്നെ ചെയ്യും. അത്രത്തോളം ഗുരുതരവും ഭാവി കേരളത്തെ ബാധിക്കുന്നതുമായ വിഷയങ്ങള്‍ തന്നെയാണ് അന്‍വര്‍ ഉന്നയിച്ചത്.
വിഷയം ഉന്നയിച്ച വ്യക്തിയുടെ മെറിറ്റിനേക്കാള്‍ വിഷയത്തിന്റെ ഗുരുതര സ്വഭാവം തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അത്തരം ചര്‍ച്ചകളല്ല നടക്കുന്നത് എന്നതാണ് കാര്യം. സ്റ്റേറ്റിനുള്ളില്‍ ഒരു ഡീപ് സ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് സംശയിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. കേരളത്തിന്റെ മണ്ണിനെ വിഷം കലരാതെ നിലനിര്‍ത്തുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ മതേതര കക്ഷികള്‍ക്കും പങ്കാളിത്തമുണ്ട്. അവര്‍ മുന്നോട്ടുവെച്ച മതേതരമായ ആശയങ്ങളും ചിന്തകളും ബി ജെ പിയുടെ വളര്‍ച്ചയെ തടയുന്നതില്‍ ചരിത്രപരമായ പങ്കുവഹിച്ചു. എന്നാല്‍ ചില വ്യക്തികളുടെ മാഫിയാ താല്‍പര്യങ്ങള്‍ക്കുവേണ്ടി ആ ചരിത്രം തിരുത്തപ്പെടുമെന്ന മുന്നറിയിപ്പാണ് അന്‍വര്‍ നല്‍കിയത്.
മതേതര ബോധമുള്ള ഒരു ജനത സംശയത്തിന്റെ കണ്ണോടെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ കാണുന്നത്. തനിക്കു ചുറ്റും വളരുന്ന ഉപജാപക സംഘത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങളെക്കുറിച്ച് തിരിച്ചറിയാന്‍ കഴിയാത്ത ആളല്ല മുഖ്യമന്ത്രി. ഒന്നുകില്‍ എല്ലാം അറിഞ്ഞുകൊണ്ട് അദ്ദേഹം അതിന് കൂട്ടുനില്‍ക്കുന്നു, അല്ലെങ്കില്‍ അദ്ദേഹത്തെ ആരൊക്കെയോ ചേര്‍ന്ന് കുരങ്ങ് കളിപ്പിക്കുന്നു എന്നാണ് പുതിയ സംഭവ വികാസങ്ങള്‍ വെളിപ്പെടുത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ആശീര്‍വാദത്തോടെ പൊലീസ് മേധാവികള്‍ ആര്‍ എസ് എസ്സുമായി ബന്ധം പുലര്‍ത്തുന്നു എന്നതാണ് അന്‍വര്‍ പറഞ്ഞ കാര്യങ്ങളില്‍ ഏറ്റവും പ്രധാനം. എ ഡി ജി പി അജിത് കുമാറാണ് ഈ കഥയിലെ വില്ലന്‍. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ആര്‍ എസ് എസ്സ് നേതാവ് ദത്തായേത്ര ഹൊസബളെയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിന് എന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. പൊലീസ് തലപ്പത്തെ രണ്ടാമന്‍ കേന്ദ്ര ഭരണം നിയന്ത്രിക്കുന്ന, രാജ്യത്ത് ഫാസിസത്തിന്റെ വിത്ത് പാകിയ ഒരു സംഘടനയുടെ നേതാവുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന ആരോപണം തള്ളിക്കളയാന്‍ പറ്റുന്ന ഒന്നല്ല. അങ്ങനെയെങ്കില്‍ ഏത് കാര്യത്തിന് വേണ്ടി എന്നതാണ് മറ്റൊരു പ്രശ്നം.
ലാവ്ലിന്‍ കേസ് ഒരു വശത്ത്, മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടിക്കേസ് മറ്റൊരു വശത്ത്. കേസുകളുടെ കൂമ്പാരത്തിനിടയില്‍ വശംകെട്ട പിണറായി വിജയന്‍ അതില്‍നിന്ന് ഊരിപ്പോരാന്‍ വേണ്ടിയാണോ ഈ കൂടിക്കാഴ്ച നടത്തിയത് എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രിയോ പാര്‍ട്ടി നേതാക്കളോ ഇതിന് കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. പ്രധാനപ്പെട്ട ഒരു സംഘടനയുടെ നേതാവുമായി എ ഡി ജി പി കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ല എന്ന് നിയമസഭാ സ്പീക്കര്‍ പോലും പറയുന്ന സാഹചര്യമുണ്ടായി.
മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസിനെതിരായ ആരോപണങ്ങളും ഗുരുതരമായിരുന്നു. മലപ്പുറത്തെ, രാജ്യത്തെ തന്നെ വലിയ ക്രിമിനലുകളുടെ ജില്ലയായി അവതരിപ്പിക്കുന്നതിന് കേസുകള്‍ പെരുപ്പിച്ച് കാട്ടി എന്നതാണ് അതില്‍ പ്രധാനം. എം എസ് എഫ് നേതാവ് പി കെ നവാസ് മാസങ്ങള്‍ക്കു മുമ്പേ ഈ ആരോപണം ഉന്നയിക്കുകയും മുസ്ലിം യൂത്ത്ലീഗ് ഉള്‍പ്പെടെ സമര രംഗത്തിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് സര്‍ക്കാരും മാധ്യമങ്ങളും ഈ സംഭവത്തിനെതിരെ കണ്ണടച്ചു. ഇതേ ആരോപണമാണ് അന്‍വര്‍ ആവര്‍ത്തിച്ചത്.
മലപ്പുറം ജില്ലയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാന്‍ ആസൂത്രിതമായ നീക്കമാണ് എസ് പി നടത്തിയത്. 2016 മുതല്‍ 2019 വരെ ജില്ലാ പോലീസ് ക്രൈം ബ്യൂറോ റെക്കോര്‍ഡ്‌സ് പ്രകാരം മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ശരാശരി കേസുകളുടെ എണ്ണം 12,000 ആണ്. എന്നാല്‍ സുജിത് ദാസ് ഐ പി എസ് മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടായി ചുമതലയേറ്റ 2021 ഫെബ്രുവരി മുതല്‍ കണക്കുകള്‍ പെരുകി. ഒരു കേസില്‍ നാലാളെ പിടിച്ചാല്‍ ഒരു എഫ് ഐ ആറിന് പകരം നാല് എഫ് ഐ ആറിടുന്ന അപൂര്‍വ അനുഭവങ്ങള്‍ മലപ്പുറത്തുണ്ടായി. രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പോലും ഈ അസ്വാഭാവികമായ പെരുപ്പിക്കല്‍ നടന്നു.
2021ല്‍ 50 ശതമാനം വര്‍ധനവോടുകൂടി 19,045 കേസുകളാണ് മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ കേസുകളുടെ എണ്ണം ശരാശരിയില്‍ നിന്ന് 150 ശതമാനം വര്‍ധനയോടെ 26,957 ആയി. 2023 പാതി വര്‍ഷം ആയപ്പോഴേക്കും കേസുകളുടെ എണ്ണം 13,000 കവിഞ്ഞു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയായി മലപ്പുറത്തെ മാറ്റുന്നതിന് കള്ളക്കേസുകള്‍ ധാരാളമായി ചുമത്തപ്പെട്ടു.
ഡാന്‍സാഫ് എന്ന മലപ്പുറത്തെ മയക്കുമരുന്ന് വിരുദ്ധസേന മയക്കുമരുന്നിന്റെ കച്ചവടക്കാരായി മാറിയ ഞെട്ടിക്കുന്ന വാര്‍ത്തയും അതിനിടെ പുറത്തുവന്നു. താമിര്‍ ജിഫ്രിയെന്ന ചെറുപ്പക്കാരന്റെ കസ്റ്റഡി കൊലപാതകം ഡാന്‍സാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു എന്നത് വെറുമൊരു ആരോപണം മാത്രമല്ലെന്ന് ഏറെക്കുറെ ബോധ്യമായി.
മറ്റൊരു കാര്യം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടതാണ്. പൊലീസും കസ്റ്റംസും ഒത്തുകളിച്ച് പിടിച്ചെടുക്കുന്ന സ്വര്‍ണത്തില്‍ പകുതിയും വിഴുങ്ങുകയാണ്. സ്വര്‍ണം പൊട്ടിച്ചെടുക്കാന്‍ സഹായിക്കുന്ന തട്ടാന്‍ വരെ ഈ അവിഹിതത്തിന്റെ വിഹിതം പറ്റുന്നത് തെളിവ് സഹിതം അന്‍വര്‍ പുറത്തുകാട്ടി. സ്വര്‍ണം കടത്തുന്നത് ആരായാലും അത്യാധുനിക സൗകര്യമുള്ള കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്‌കാനര്‍ അത് പിടികൂടുക തന്നെ ചെയ്യും.
എന്നാല്‍ സ്‌കാനറില്‍ പതിഞ്ഞിട്ടും പിടികൂടാത്ത സ്വര്‍ണമാണ് കസ്റ്റംസിന്റെ സഹായത്തോടെ സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെയോ പോലീസിന്റെയോ കൈകളില്‍ എത്തുന്നത്. ഈ സ്വര്‍ണത്തില്‍ പകുതി പോലും പിന്നീട് സര്‍ക്കാരിന് കിട്ടുന്നില്ല. രണ്ട് കിലോ സ്വര്‍ണം പിടിച്ചാല്‍ അതില്‍ ഒരു വിഹിതം കസ്റ്റംസിനാണ്. പിന്നെ പൊലീസുകാര്‍ക്കും ഇടനിലക്കാര്‍ക്കും. സ്വര്‍ണം ഉരുക്കി ശരിപ്പെടുത്തി കൊടുക്കുന്ന ഉണ്ണി മൂന്ന് വര്‍ഷം കൊണ്ട് കോടികള്‍ സമ്പാദിച്ചു. 158 കേസുകള്‍ ഇങ്ങനെ പിടിച്ചിട്ടുണ്ടെന്നും ഇതില്‍ പത്താളെയെങ്കിലും വിളിച്ച് ചോദ്യം ചെയ്യണമെന്നും ഐ ജിയോട് പറഞ്ഞിട്ട് പൊലീസ് അനങ്ങിയില്ല.
സിനിമകളില്‍ പോലും കാണാത്ത ഭീകര കൃത്യങ്ങളുടെയും ഉഗ്രവിഷങ്ങളുടെയും അഭയ കേന്ദ്രമായി കേരള പൊലീസ് മാറി എന്നതാണ് ആഭ്യന്തര വകുപ്പിനെതിരായ പരാതികളുടെ അടിസ്ഥാനം. എല്ലാ പൊലീസുകാരും ഈ മാഫിയക്കൊപ്പമല്ല എന്നത് കൊണ്ടാണ് ഈ വാര്‍ത്തകള്‍ പുറംലോകത്തെത്തുന്നത്. പൊലീസിലെ നല്ല മനുഷ്യര്‍ തന്നെയാണ് ഫോഴ്സിലെ പുഴുക്കുത്തുകള്‍ക്കെതിരെ രംഗത്ത് വരുന്നത് എന്നത് ആശ്വാസമുള്ള കാര്യമാണ്.
മലപ്പുറം വിരുദ്ധ
പരാമര്‍ശം
കരിപ്പൂരില്‍ എത്തുന്ന സ്വര്‍ണക്കടത്തിന്റെ മുഴുവന്‍ പാപഭാരവും മുഖ്യമന്ത്രി മലപ്പുറത്തിന്റെ തലയിലിട്ട ദുരന്തവും അതിനിടെ സംഭവിച്ചു. ദി ഹിന്ദു പത്രത്തിന് പി ആര്‍ ഏജന്‍സി വഴി നല്‍കിയ അഭിമുഖത്തിലാണ് ഈ മഹാപാതകം ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പ് പത്രസമ്മേളനത്തില്‍ പറഞ്ഞ കണക്കല്ല, പെരുപ്പിച്ച മറ്റൊരു കണക്കാണ് മുഖ്യമന്ത്രി ദി ഹിന്ദുവിന് നല്‍കിയത്. മലപ്പുറത്ത് പിടികൂടുന്ന സ്വര്‍ണവും ഹവാലയുമൊക്കെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന സംഘ്പരിവാര്‍ വാദവും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഒന്നാമത്തെ കാര്യം, മലപ്പുറത്ത് എത്തുന്ന സ്വര്‍ണമെല്ലാം മലപ്പുറത്തുകാരുടേതല്ല എന്നാണ്. കേസ് മലപ്പുറത്തായത് കൊണ്ട് മുഖ്യമന്ത്രി എല്ലാം മലപ്പുറത്തുകാരുടെ കേസാക്കി. മലപ്പുറത്തെ അധിക്ഷേപിച്ചത് മതിയാകാതെ, അത് രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന പണമാണെന്നും തട്ടിവിട്ടു.
ഇത് മുഖ്യമന്ത്രി പറഞ്ഞതല്ല എന്നും പി ആര്‍ ഏജന്‍സിയുടെ വകയായി കൂട്ടിച്ചേര്‍ത്തതാണെന്നും വിശദീകരണമുണ്ടായി. ഹിന്ദു ദിനപത്രവും ഈ വിശദീകരണം അച്ചടിച്ചു. എന്നാല്‍ സത്യം ചെരിപ്പിടുന്നതിന് മുമ്പ് നുണ ലോകം ചുറ്റിക്കഴിഞ്ഞിരുന്നു. അടുത്ത ഒരു പത്ത് കൊല്ലത്തേക്ക് മലപ്പുറത്തെ കേന്ദ്രീകരിച്ച് മുസ്ലിം വിരുദ്ധ പ്രചാരണം നടത്താന്‍ സംഘ്പരിവാറിന് കേരള മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന മതി. ലൗ ജിഹാദിന് തെളിവായി പഴയ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയാണ് ഇപ്പോഴും സംഘ്പരിവാര്‍ ഉപയോഗിക്കുന്നത്. കേരള സ്റ്റോറിയെന്ന പ്രൊപ്പഗണ്ട സിനിമയില്‍പ്പോലും വി എസ്സിന്റെ പ്രസ്താവന വന്നു. അത് എന്തിന് വേണ്ടി, ആര്‍ക്കെതിരെ പറഞ്ഞതാണ് എന്നതൊന്നും പ്രസക്തമല്ല. ഒരു രാഷ്ട്രീയ നേതാവ് കാര്യങ്ങള്‍ പറയുമ്പോള്‍ പുലര്‍ത്തേണ്ട സൂക്ഷ്മത ഈ മുഖ്യമന്ത്രിമാര്‍ക്ക് ഇല്ലാതെ പോയി.
കേരളത്തില്‍ പി ആര്‍ ഭരണമാണെന്ന് പ്രതിപക്ഷം കാലങ്ങളായി ആക്ഷേപിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ അഭിമുഖമെടുക്കാന്‍ ആരാണ് പി ആര്‍ ഏജന്‍സിക്ക് പണം നല്‍കിയത്, സ്വര്‍ണക്കടത്ത് വിഷയം അഭിമുഖത്തില്‍ വേണമെന്ന് ആരാണ് ആവശ്യപ്പെട്ടത് തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. പി ആര്‍ ഏജന്‍സിക്ക് സംഘ്പരിവാര്‍ ബന്ധമുണ്ട് എന്നത് മാത്രമാണ് പുറത്തുവന്ന വിവരം. സി പി എം കേന്ദ്ര നേതാക്കളെയോ എം പിമാരെയോ പങ്കെടുപ്പിക്കാതെയായിരുന്നു ഏജന്‍സിയുടെ സാന്നിധ്യത്തിലും ദി ഹിന്ദു അഭിമുഖം. കൈസന്‍ എന്ന പി ആര്‍ ഏജന്‍സിയാണ് ഈ പണിയൊപ്പിച്ചത്. സപ്തംബര്‍ 29ന് ഹിന്ദു റിപ്പോര്‍ട്ടര്‍ അഭിമുഖമെടുക്കുമ്പോള്‍ കൈസന്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ വിനീത് ഹാണ്ഡയും ഇതേ സ്ഥാപനത്തില്‍ ഓഹരി പങ്കാളിത്തമുള്ള റിലയന്‍സിന്റെ പി ആര്‍ സുബ്രഹ്‌മണ്യനുമാണ് അവിടെയുള്ളത്. മലപ്പുറത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശം പിന്നീട് തിരുകി കയറ്റാന്‍ മാത്രം ഈ പി ആര്‍ ഏജന്‍സിക്ക് ധൈര്യം കിട്ടുന്നത് എങ്ങനെ എന്ന ചോദ്യം പ്രസക്തമാണ്.
പൂരം കലക്കല്‍
എ ഡി ജി പിയുടെ സഹായത്തോടെ പൂരം കലക്കി നേടിയതാണ് തൃശൂരിലെ ബി ജെ പി വിജയമെന്ന ആരോപണത്തെ ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി തന്നെ ശരിവെക്കുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ആസൂത്രിതമായ അട്ടിമറി ശ്രമം നടന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ പൂരം കലങ്ങില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കലങ്ങുന്ന ഒരു ഘട്ടത്തിലും മുഖ്യമന്ത്രി ഇടപെട്ടില്ല. പല ഘട്ടത്തിലും പ്രശ്നങ്ങളുണ്ടായെങ്കിലും ആഭ്യന്തര വകുപ്പ് അനങ്ങാപ്പാറ നയം തുടര്‍ന്നു. എ ഡി ജി പിയുടെ സാന്നിധ്യത്തിലാണ് എല്ലാം അവിടെ നടന്നത്. സുരേഷ് ഗോപി ആംബുലന്‍സില്‍ അവിടേക്ക് പാഞ്ഞെത്തിയതും പൊലീസിന്റെ സഹായത്തോടെയാണ്. ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും എ ഡി ജി പിയെ തൊടാന്‍ സര്‍ക്കാരിന് സാധിച്ചില്ല എന്നത് തന്നെയാണ് മടിയില്‍ കനമുണ്ട് എന്ന സംശയങ്ങളുടെ കാതല്‍.
സ്വര്‍ണക്കടത്ത് പോലുള്ള രാജ്യരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ പോലും കേരള പൊലീസ് പുലര്‍ത്തുന്ന കുറ്റകരമായ കൂട്ടുനില്‍ക്കലും പങ്കുപറ്റലും നിസ്സാര കാര്യമല്ല. സ്വര്‍ണക്കടത്ത് പോലെ തന്നെയാണ് കള്ളപ്പണത്തിന്റെ കാര്യവും. ആരുടെയൊക്കെ കൈവശം എത്രയൊക്കെ ഉണ്ടെന്ന് അധികാരികള്‍ക്ക് നന്നായറിയാം. പക്ഷേ, വന്‍ സ്രാവുകള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. ആരെങ്കിലും ഇതേപ്പറ്റി വിവരം നല്‍കിയാല്‍ വിവരം നല്‍കുന്നവന്റെ കഥ കഴിയും. ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണം കടത്തി രാജ്യത്തെ ഞെട്ടിച്ച കേരളത്തില്‍ അന്‍വര്‍ പറഞ്ഞ കാര്യങ്ങളില്‍ അതിശയോക്തി കരുതേണ്ടതില്ല.
ഒരു വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരെങ്കിലും എന്തെങ്കിലും ഇടപെടല്‍ നടത്തിയാല്‍ ആ വിവരത്തിലെ വിഷയങ്ങളല്ല, മറിച്ച് വിവരം നല്‍കിയവനെക്കുറിച്ചുള്ള വിവരം അന്വേഷിക്കാനാണ് പൊലീസ് തിടുക്കം കാട്ടുന്നത്. അന്‍വര്‍ വെളിപ്പെടുത്തിയ വിഷയങ്ങളെല്ലാം പൊലീസ് സേനയിലെ തന്നെ ചിലര്‍ ചോര്‍ത്തിയതാണെന്ന കാര്യത്തില്‍ സംശയമില്ല. ആ വിവരങ്ങളില്‍ അന്വേഷണം നടത്തുന്നതിന് പകരം വിവരം ചോര്‍ത്തിയവരെക്കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ തകൃതിയായി നടക്കുന്നത്. ഒരു സ്വതന്ത്ര എം എല്‍ എ കേവലമായ അസംതൃപ്തികള്‍ കൊണ്ട് പറഞ്ഞ വിടുവായത്തങ്ങളായി ഈ വിഷയങ്ങളെ കാണാനാവില്ല. അന്‍വറിന് വരിനിന്ന് പിന്തുണ പ്രഖ്യാപിക്കണമെന്നില്ല. മറിച്ച്, അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ കേരളീയ പൊതുസമൂഹത്തോട് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുക തന്നെ വേണം.
കൂരിരുട്ടില്‍ കറുകറുത്ത പാറയില്‍ കറുത്ത ഉറുമ്പ് അരിച്ച് വരുന്നത് പോലെ ഫാസിസം കേരളത്തെ വിഴുങ്ങാന്‍ വരുന്നുണ്ട് എന്നൊരു പ്രയോഗം അന്‍വര്‍ നടത്തുന്നുണ്ട്. ഡീപ് സ്റ്റേറ്റിനെ വിശേഷിപ്പിക്കാന്‍ പറ്റിയ ശരിയായ ഒരു പ്രയോഗമാണത്. അത്രത്തോളം ആഴത്തില്‍ കമ്യൂണിസ്റ്റ് ഭരണത്തെ സംഘ്പരിവാര്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. പ്രതിപക്ഷത്തിന്റെ ആരോപണത്തേക്കാള്‍ ഗൗരവമുണ്ട് ഒരു ഭരണപക്ഷ എം എല്‍ എയുടെ അനുഭവത്തിന്. അനുഭവസ്ഥര്‍ കാര്യം പറയുമ്പോള്‍ അവരെ ആട്ടിയോടിക്കുകയല്ല, അതിനകത്ത് എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് പരിശോധിക്കുകയാണ് ഉത്തരവാദിത്ത ബോധമുള്ള ഭരണകൂടം ചെയ്യേണ്ടത്.
പിണറായി വിജയന്റെ കൈകളില്‍ കറപുരണ്ടിരിക്കുന്നു എന്നതാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാന കാരണമായി വിലയിരുത്തപ്പെടുന്നത്. അത് കഴുകിക്കളയാന്‍ വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെല്ലാം വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറയുന്നത് പോലെ കുഴപ്പത്തിലാവുകയാണ്. മുഖ്യമന്ത്രിക്ക് മുകളിലിരുന്ന് ചിലര്‍ ഭരണത്തെ നിയന്ത്രിക്കുന്നു. കുടുംബത്തിന്റെ കിച്ചന്‍ ക്യാബിനറ്റ് എന്ന് പറഞ്ഞ് ഈ സംഭവത്തെ നിസ്സാരവല്‍ക്കരിക്കാന്‍ കഴിയില്ല. അതിനേക്കാള്‍ അപ്പുറത്തുള്ള എന്തോ ഉണ്ട് എന്നത് തന്നെയാണ് ബുദ്ധിയുള്ളവര്‍ മനസ്സിലാക്കേണ്ടത്. ആ എന്തോ ഒന്നിന് വേണ്ടി കേരളത്തെ കുരുതി കൊടുക്കരുത് എന്ന അപേക്ഷ മാത്രമാണ് മതേതര മനസ്സുകള്‍ക്കുള്ളത്. അരുത് കാട്ടാളാ, അരുതെന്ന് പറയാന്‍ ആരെങ്കിലും ഉണ്ടായേതീരൂ.