22 Sunday
December 2024
2024 December 22
1446 Joumada II 20

സംവാദം എന്ന പ്രബോധന മാര്‍ഗം

ശംസുദ്ദീന്‍ പാലക്കോട്‌


യുക്തിബോധത്തോടെയുള്ള സമീപനം, ഗുണകാംക്ഷാ നിര്‍ഭരമായ സദുപദേശം, സദുദ്ദേശ പ്രേരിതമായ സംവാദം എന്നിവയാണ് ഖുര്‍ആന്‍ നിര്‍ദേശിച്ച പ്രബോധന മാര്‍ഗങ്ങള്‍. എന്നാല്‍ സംവാദം സംഘര്‍ഷമുണ്ടാക്കുന്ന കാര്യമാണെന്നും പ്രബോധകര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമുള്ള വാദം ചിലപ്പോള്‍ ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ ഖുര്‍ആനിലൂടെ ഈ വിഷയം പര്യാലോചിക്കുമ്പോള്‍ സംവാദത്തോട് അലര്‍ജി തോന്നാന്‍ ഒരു ന്യായവുമില്ല എന്ന് കാണാന്‍ കഴിയും.
സംവാദം സംഘര്‍ഷമുണ്ടാക്കുമോ എന്ന ചോദ്യം ഒറ്റ വാക്കില്‍ ഉത്തരം പറയാവുന്ന ഒന്നല്ല. സംവാദം എങ്ങനെ നിര്‍വഹിക്കപ്പെടുന്നു എന്നതിന്റെയും സംവാദ കക്ഷികളുടെ താല്‍പര്യങ്ങള്‍ എന്താണെന്നതിന്റെയും അടിസ്ഥാനത്തിലായിരിക്കും സംവാദം സംഘര്‍ഷാത്മകമാണോ പ്രയോജനാത്മകമാണോ എന്ന് വിലയിരുത്തപ്പെടുക. ഏതായാലും മുജാഹിദ് പ്രസ്ഥാനം കക്ഷി ചേര്‍ന്ന വൈജ്ഞാനിക, ആദര്‍ശ സംവാദങ്ങളെ പരിഹസിച്ചവര്‍ക്ക് സദുദ്ദേശമല്ല എന്ന് വ്യക്തം.
ആവര്‍ത്തിതമായ പദ വിസ്മയങ്ങളില്‍ ചാലിച്ചെടുത്ത കിടിലന്‍ പ്രഭാഷണങ്ങളും സാഹിത്യ പ്രസാധനവും മാത്രമാണ് ശരിയായ പ്രബോധനരീതി എന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് നവോത്ഥാന പ്രസ്ഥാനം കക്ഷി ചേര്‍ന്ന വൈജ്ഞാനിക, സംവാദ സംരംഭങ്ങളോട് അലര്‍ജി തോന്നുക സ്വാഭാവികം! സംവാദങ്ങളില്‍ സംഭവിക്കുന്നത്, ആര് ജയിച്ചു ആര് തോറ്റു എന്നതിനേക്കാള്‍ സത്യവും അസത്യവും പ്രമാണബദ്ധമായി മാറ്റുരച്ച് നോക്കാനും കൃത്യമായ ഒരു നിലപാടിലെത്താനും നിഷ്പക്ഷമതികളെയും സഹൃദയരെയും അത് സഹായിക്കുന്നു എന്നതാണ് അതിലെ ഏറ്റവും വലിയ ഗുണവശം. യാഥാസ്ഥിതിക പൗരോഹിത്യവും നവോത്ഥാന പ്രസ്ഥാനമായ മുജാഹിദ് പ്രസ്ഥാനവും തമ്മില്‍ എണ്‍പതുകളുടെ ഒടുവില്‍ നടന്ന ഏറെ പ്രസിദ്ധമായ കൊട്ടപ്പുറം വാദപ്രതിവാദത്തിലും ഇത്തരമൊരു നന്മയുടെ വശം പരിമളം പരത്തിയതായി കാണാം.
വിശുദ്ധ ഖുര്‍ആന്‍ സംവാദത്തെ മൂന്ന് അംഗീകൃത പ്രബോധന ശൈലികളില്‍ ഒന്നായാണ് പരിചയപ്പെടുത്തുന്നത്. യുക്തിഭദ്രമായ സമീപനം, സദുപദേശാധിഷ്ടിതമായ ഉല്‍ബോധനം, നല്ല നിലക്കുള്ള സംവാദം എന്നിവയാണവ. ഈ മൂന്ന് രീതികളും ആവശ്യാനുസാരം ഉപയോഗപ്പെടുത്തണമെന്നാണ് പ്രവാചകന്‍ മുഹമ്മദ് നബി(സ)യോട് അല്ലാഹുവിന്റെ കല്‍പന.
”യുക്തിഭദ്രമായ നിലപാട് മുഖേനയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ജനങ്ങളെ ക്ഷണിക്കുക. നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെ പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. നേര്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും അവന്‍ നല്ലവണ്ണം അറിയുന്നു.” (വി.ഖു 16:125)
നബി(സ)യോടുള്ള കല്‍പന മാത്രമായല്ല മുന്‍ കഴിഞ്ഞ പ്രവാചകന്മാര്‍ ഈ മാര്‍ഗത്രയങ്ങള്‍ ഉപയോഗിച്ചാണ് പ്രബോധനം നിര്‍വഹിച്ചത് എന്നതിന്റെ ധാരാളം ഉദാഹരണങ്ങളും വിശുദ്ധ ഖുര്‍ആനില്‍ കാണാം. ഇബ്‌റാഹീം നബിയുടെ പ്രബോധന രീതി ഖുര്‍ആന്‍ വിവരിച്ചത് നമുക്ക് പരിശോധിക്കാം.
സദുപദേശം
സ്വന്തം കൈകൊണ്ട് ശില്‍പങ്ങളുണ്ടാക്കി അവയെ ദൈവങ്ങളെന്ന് സങ്കല്‍പിച്ച് അവയെ ആരാധിക്കുന്ന സ്വന്തം പിതാവിനോട് എല്ലാവിധ ബഹുമാനാദരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ മകന്‍ ഇബ്‌റാഹീം(അ) നടത്തുന്ന സദുപദേശ പ്രബോധനം വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
”എന്റെ പ്രിയ പിതാവേ, കേള്‍ക്കുകയോ താങ്കള്‍ക്ക് യാതൊരുപകാരവും ചെയ്യുകയോ വസ്തുവെ നിങ്ങളെന്തിനാണ് ആരാധിക്കുന്നത്? എന്റെ പ്രിയ പിതാവേ, താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. അതിനാല്‍ താങ്കള്‍ എന്നെ പിന്തുടരൂ, ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചു തരാം. എന്റെ പ്രിയ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് ധിക്കാരം കാണിച്ചവനാകുന്നു. എന്റെ പ്രിയ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്റെ മിത്രമായിരിക്കുന്നതാണ്.” (വി.ഖു 42:45)
യുക്തിബോധം
ചോദ്യങ്ങള്‍ ചോദിച്ചും ചിന്തയെ തട്ടിയുണര്‍ത്തിയും തെറ്റില്‍ നിന്ന് ശരിയിലേക്ക് പ്രബോധിത സമൂഹത്തെ നയിക്കുന്ന ശൈലിയാണ് ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന പ്രബോധനത്തിലെ യുക്തിദീക്ഷ അഥവാ ഹിക്മത്ത്. ഇബ്‌റാഹീം നബിയുടെ പ്രബോധനത്തില്‍ ഇത് പ്രകടമായി കാണാം.
തകര്‍ന്നടിഞ്ഞു കിടക്കുന്ന ബിംബങ്ങളുടെ മുമ്പില്‍ വെച്ച് ഇബ്‌റാഹീം നബിയെ വിചാരണ ചെയ്യവേ ഉയര്‍ന്നുവന്ന ഒരു ചോദ്യവും ഇബ്‌റാഹിം നബി അതിന് നല്‍കിയ മറുപടിയും ഇപ്രകാരം: ചോദ്യം: ഇബ്‌റാഹീം, നീയാണോ ഇത് ചെയ്തത്? ഉത്തരം: എന്നോടെന്തിന് ചോദിക്കുന്നു? ആ വലിയ ബിംബം പറഞ്ഞു തരുമല്ലോ, അതിനോട് ചോദിക്കൂ, അത് പറഞ്ഞു തരും!
ചോദ്യം: അത് സംസാരിക്കില്ലെന്ന് നിനക്കറിയില്ലേ? ഉത്തരം: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയാത്ത (സംസാരിക്കാന്‍ പോലും ശേഷിയില്ലാത്ത) വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? കഷ്ടം തന്നെ നിങ്ങളുടെ കാര്യം! നിങ്ങളെന്താ ചിന്തയും ബുദ്ധിയും ഉപയോഗിക്കാത്തത്? (സൂചന: വി.ഖു 21:59-67)
സൂര്യ, ചന്ദ്രാതി പ്രകൃതി ശക്തികളെ ദൈവങ്ങളെന്ന് കരുതി ആരാധിച്ചിരുന്ന സ്വന്തം ജനതയോട് അവരിലൊരാളായി നിന്ന് സൂര്യ, ചന്ദ്രന്മാര്‍ ദൈവങ്ങളാകാന്‍ യോഗ്യരല്ല എന്ന് യുക്തിഭദ്രമായി അവരെ ബോധ്യപ്പെടുത്തുന്ന ഇബ്‌റാഹീം നബിയുടെ പ്രബോധന രീതിയും വിശുദ്ധ ഖുര്‍ആന്‍ പ്രാധാന്യപൂര്‍വം തന്നെയാണ് അവതരിപ്പിക്കുന്നത്. (വി.ഖു 6:76-79 കാണുക)
സംവാദം
എങ്ങനെയാണ് സംവാദ കലയെ പ്രബോധന രംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടത് എന്നതിന്റെ മനോഹരമായ ഒരുദാഹരണം ഇബ്‌റാഹിം- നംറൂദ് സംവാദത്തെ (വാദപ്രതിവാദത്തെ) ഉദാഹരിച്ച് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട്.
”ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെ പറ്റി നീയറിഞ്ഞില്ലേ? അല്ലാഹു അവന് ആധിപത്യം നല്‍കിയതിന്റെ (അഹങ്കാരമാണ് അതിനവനെ പ്രേരിപ്പിച്ചത്). എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണെന്ന് ഇബ്‌റാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നാണവന്‍ മറുപടി പറഞ്ഞത്. അപ്പോള്‍ ഇബ്‌റാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു കിഴക്ക് നിന്ന് ഉദിപ്പിക്കുന്ന സൂര്യനെ നീ പടിഞ്ഞാറു നിന്ന് കൊണ്ടുവരിക. അപ്പോള്‍ ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി. അക്രമിയായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.” (വി.ഖു 2:258)
കൊട്ടപ്പുറത്ത്
അന്ന് സംഭവിച്ചത്

ഇതിന് സമാനമായ കാര്യം തന്നെയാണ് കൊട്ടപ്പുറം വാദപ്രതിവാദത്തിലും സംഭവിച്ചത്. പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ കാര്യത്തില്‍ തന്നെയായിരുന്നു കൊട്ടപ്പുറത്തും സംവാദം നടന്നത്. അല്ലാഹുവിനോട് മാത്രമേ ദുആ ചെയ്യാന്‍ പാടുള്ളൂ എന്ന് മുജാഹിദ് പക്ഷം വാദിച്ചപ്പോള്‍ അല്ലാഹു അല്ലാത്തവരോടും ദുആ ചെയ്യാം എന്ന ഖുര്‍ആന്‍ വിരുദ്ധ വാദമാണ് യാഥാസ്ഥിതിക പൗരോഹിത്യം മുന്നോട്ട് വെച്ചത്.
അല്ലാഹുവിനോട് മാത്രമാണ് സകല പ്രവാചകന്മാരും ദുആ ചെയ്തതെന്നും അല്ലാഹുവിനോട് മാത്രം ദുആ ചെയ്യാനാണ് ഖുര്‍ആന്‍ കര്‍ശനമായി കല്‍പിച്ചതെന്നും നിരവധി ആയത്തുകളുദ്ധരിച്ച് മുജാഹിദ് പക്ഷം സവിശദം സമര്‍ഥിച്ചു. അതിനെ പ്രമാണബദ്ധമായി ഖണ്ഡിക്കാന്‍ കഴിയാതെ യാഥാസ്ഥിതിക പൗരോഹിത്യ വിഭാഗം വിയര്‍ത്തു.
അടുത്തത് ചോദ്യോത്തര സെഷനായിരുന്നു. മുജാഹിദ് പക്ഷത്തിന്റെ ചോദ്യമിതായിരുന്നു: അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാന്‍ വിശുദ്ധ ഖുര്‍ആനില്‍ തെളിവുണ്ടോ?
ഉത്തരം മുട്ടിയ മുസ്‌ലിയാര്‍ കൈകൊണ്ടും വായ കൊണ്ടും ഉത്തരം പറയാന്‍ ശ്രമിച്ചത് എന്തായിരുന്നുവെന്നും എങ്ങനെയായിരുന്നുവെന്നും എല്ലാവര്‍ക്കും അറിയുന്ന ബാക്കി പത്രം!
സംക്ഷേപം
വെറും ഉപദേശപ്രസംഗം മാത്രമല്ല പ്രബോധനം. യുക്തിപൂര്‍ണമായ ഇടപെടലുകളും ആവശ്യമായ സന്ദര്‍ഭത്തില്‍ സംവാദവും എല്ലാം ചേര്‍ന്ന മാര്‍ഗ ത്രയങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന പ്രബോധനമാര്‍ഗം.

Back to Top