21 Saturday
December 2024
2024 December 21
1446 Joumada II 19

മരണം അനുഗ്രഹമാണ്‌

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍


ഈ ഭൂമിയില്‍ പിറന്നു വീണവരുടെ കൂടെപ്പിറപ്പാണ് മരണം. ‘മരണം മനുഷ്യന്റെ മടിത്തട്ടില്‍ ഉറങ്ങുകയാണ്’ എന്നാണ് ചൊല്ല്. എന്ന്? എപ്പോള്‍? എങ്ങനെ? എവിടെ വെച്ച്? എന്ന ചോദ്യങ്ങള്‍ക്കൊന്നും മരണത്തിന്റെ കാര്യത്തില്‍ ഉത്തരമില്ല. ഒരാളും നിഷേധിക്കുകയോ അഭിപ്രായവ്യത്യാസം ഉന്നയിക്കുകയോ ചെയ്യാത്ത ഒരു പ്രാപഞ്ചിക സത്യമാണ് മരണം.
മരണത്തില്‍ നിന്നു രക്ഷനേടാനുള്ള അടവുകളെല്ലാം മനുഷ്യന്‍ പയറ്റി നോക്കിയിട്ടുണ്ട്. ആധുനിക ശാസ്ത്രത്തിലും മരണത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട്. താനറ്റോളജി (ഠവമിമ ീേഹീഴ്യ) എന്ന ഒരു ശാസ്ത്ര ശാഖ തന്നെ മരണത്തെക്കുറിച്ചും മരണവുമായി ബന്ധപ്പെട്ട മന:ശാസ്ത്രപരമായ കാര്യങ്ങളെക്കുറിച്ചും പഠനവിധേയമാക്കുന്നതിന് നിലവിലുണ്ട്.
എന്നിട്ടും ഇന്നുവരെ മരണത്തിന്റെ കാരണം കണ്ടെത്താന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. മരണവേളയില്‍ സംഭവിക്കുന്ന ശരീരത്തിന്റെ കേടുപാടുകളെ കുറിച്ച് ശാസ്ത്രത്തിന് വിവരിക്കാന്‍ കഴിയും. ഹൃദയം നിലച്ചുപോയി, ബ്രെയിന്‍ ഡെത്ത് സംഭവിച്ചു, രക്തചംക്രമണം നിലച്ചു, ശ്വാസകോശങ്ങള്‍ പ്രവര്‍ത്തനരഹിതമായി എന്നിങ്ങനെയുള്ള നൂറുകൂട്ടം കാരണങ്ങള്‍ ശാസ്ത്രത്തിന് നിരത്താന്‍ കഴിയും. പക്ഷെ എന്തുകൊണ്ടാണ് മരണം സംഭവിക്കുന്നത് എന്നതിന്റെ കാരണം വ്യക്തമാക്കുന്നതില്‍ ശാസ്ത്രലോകം അശക്തമാണ്.
മനുഷ്യന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലക്കുന്നതാണ് മരണകാരണമെന്ന് വിധിയെഴുതുന്നത് ശരിയല്ല. കാരണം അവയവദാനത്തിന്റെ ലോകമാണിത്. ഒരാള്‍ മരിച്ചതിനു ശേഷം നിശ്ചിത സമയത്തിന് മുമ്പ് അയാളുടെ ഹൃദയം, കിഡ്‌നി, കണ്ണ് തുടങ്ങിയ അവയവങ്ങള്‍ അയാളുടെ ശരീരത്തില്‍ നിന്നും മാറ്റിയാല്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. അതുപോലെതന്നെ പൂര്‍ണാരോഗ്യവാനായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആളുകള്‍ പെട്ടെന്ന് മരിക്കുന്നു. അവരുടെ അവയവങ്ങള്‍ക്ക് യാതൊരു കുഴപ്പവും ഇല്ലാത്തപ്പോഴാണ് മരണം സംഭവിക്കുന്നത്.
തലയില്‍ ചുമട് വഹിച്ചു പോകുന്ന ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ് മരിക്കുന്നു. രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കുന്ന ഡോക്ടറും വാഹനമോടിക്കുന്ന ഡ്രൈവറും പെടുന്നനെ മരിച്ചു വീഴുന്നു. ആ നിമിഷം അവരുടെ ഹൃദയം, മസ്തിഷ്‌കം പോലുള്ള പ്രധാന അവയവങ്ങള്‍ക്കൊന്നും ഒരു തകരാറുമില്ല. പിന്നെ എന്തുകൊണ്ട് മരണം സംഭവിച്ചു? എന്ന ചോദ്യത്തിന് കൈമലര്‍ത്താന്‍ മാത്രമെ ശാസ്ത്രത്തിനു കഴിയുകയുള്ളൂ.
ഇവിടെയാണ് ഇസ്ലാമിന്റെ നിലപാട് പ്രസക്തമാകുന്നത്. എന്തുകൊണ്ട് മരണം സംഭവിക്കുന്നു എന്ന മനുഷ്യന്റെ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം ലഭിക്കുന്നത് ഈ ഭൂമിയിലെ ഓരോരുത്തരും എന്ന് ജനിക്കണമെന്ന് തീരുമാനിച്ച മനുഷ്യന്റെ സൃഷ്ടാവായ അല്ലാഹു തന്നെ അവന്റെ മരണവും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട് എന്നതാകുന്നു.
ആ സമയമെത്തിയാല്‍ ഓരോരുത്തരും മരിക്കും. ‘ഒരു നിശ്ചിതാവധി വരെ നിങ്ങളെ ഭൂമിയില്‍ അവശേഷിപ്പിക്കുന്നതാണ്. അല്ലാഹു നിശ്ചയിച്ച സമയം എത്തിയാല്‍ പിന്നെ ഒട്ടും പിന്തിപ്പിക്കപ്പെടുകയില്ല. നിങ്ങള്‍ അതറിഞ്ഞിരുന്നുവെങ്കില്‍’ (71:4). മരിച്ചുവെന്ന് ഡോക്ടര്‍ വിധിയെഴുതിയ പലരും പില്‍ക്കാലത്ത് ദീര്‍ഘകാലം ജീവിച്ചതും ഒന്ന് മരിച്ചുകിട്ടിയിരുന്നുവെങ്കില്‍ എന്ന് രോഗിയും കൂട്ടിരിപ്പുകാരും ബന്ധുക്കളുമൊക്കെ ആഗ്രഹിച്ചിട്ടും മരിക്കാതിരിക്കുന്നതും അല്ലാഹു നിശ്ചയിച്ച അവധി എത്താത്തത് കൊണ്ട് മാത്രമാണ്.
ആത്മാവിന്റെ
വേര്‍പാട്

മനുഷ്യന്‍ ശരീരവും ആത്മാവും ചേര്‍ന്നതാണ്. മനുഷ്യ ശരീരത്തില്‍ നിന്നും ആത്മാവ് വിട പറയുന്നതിനാണ് മരണം എന്ന് പറയുന്നതെന്ന് ഖുര്‍ആനില്‍ നിന്നും പ്രവാചക അധ്യാപനങ്ങളില്‍ നിന്നും മനസ്സിലാക്കാം. ‘അല്ലാഹു ആത്മാക്കളെ അവയുടെ മരണവേളയില്‍ പൂര്‍ണമായും എടുക്കുന്നു. മരിച്ചിട്ടില്ലാത്തവയെ അവയുടെ ഉറക്കത്തിലും പിടിച്ചെടുക്കുന്നു. അങ്ങനെ അവന്‍ മരണം വിധിച്ചവയെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ അവന്‍ നിര്‍ണിതമായ അവധി വരെ വിട്ടയക്കുകയും ചെയ്യുന്നു. നിശ്ചയം അതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്’ (39 :42)
പ്രവാചകന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ പ്രാര്‍ഥിച്ചത് ഇങ്ങനെയായിരുന്നു: ‘എന്റെ തമ്പുരാനെ നിന്റെ നാമത്തില്‍ ഞാന്‍ എന്റെ പാര്‍ശ്വഭാഗങ്ങളെ കിടത്തിയിരിക്കുന്നു. നിന്റെ നാമത്തിലാണ് ഞാന്‍ അതിനെ ഉയര്‍ത്തുക. നീ എന്റെ ആത്മാവിനെ പിടിച്ചു വെക്കുകയാണെങ്കില്‍ അതിനോട് നീ കരുണ കാണിക്കേണമേ. അതല്ല അതിനെ നീ തിരിച്ചു നല്‍കുകയാണെങ്കില്‍ സജ്ജനങ്ങളെ സംരക്ഷിക്കുന്നതു പോലെ അതിനെ കാത്തുകൊള്ളേണമേ.’ ശരീരത്തില്‍ നിന്നുമുള്ള ആത്മാവിന്റെ വേര്‍പാടാണ് മരണമെന്ന് ഖുര്‍ആനിന്റെയും പ്രവാചകന്റെയും വിവരണത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട് .
മരണം
അനുഗ്രഹമാണ്

മരണം എന്ന പ്രക്രിയ അല്ലാഹു സംവിധാനിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഭൂമിയില്‍ ജീവിതം അസാധ്യമാവുക തന്നെ ചെയ്യും. മനുഷ്യവാസം തുടങ്ങിയതു മുതലുള്ള ആളുകളൊന്നും മരിച്ചിട്ടില്ലെന്ന് സങ്കല്‍പ്പിച്ചു നോക്കൂ. പെറ്റുപെരുകിയ മനുഷ്യവംശം തിങ്ങിനിറഞ്ഞ ഭൂമുഖത്ത് കലാപങ്ങള്‍ കെട്ടടങ്ങുകയില്ല. ഓരോ സെന്റ് ഭൂമിയിലും കുടിലുകള്‍ ഉണ്ടാവും. കൃഷിയിറക്കാന്‍ ഒരു ഇഞ്ച് ഭൂമി പോലും കിട്ടില്ല. ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാതെ എങ്ങനെ ഭക്ഷണം ഉണ്ടാക്കാന്‍ കഴിയും? ഭക്ഷണം ഇല്ലെങ്കില്‍ പട്ടിണി കിടന്നു മനുഷ്യന്‍ കരിഞ്ഞുണങ്ങും. ഭക്ഷണത്തിനുവേണ്ടി കൊള്ളയും കൊള്ളിവെപ്പും കലാപങ്ങളും നിത്യസംഭവമായിരിക്കും. എത്ര അടിച്ചാലും കുത്തിയാലും മര്‍ദിച്ചാലും മരിക്കുകയുമില്ല. കയ്യൂക്കുള്ളവര്‍ നെഞ്ചുവിരിച്ച് നടക്കും. ദുര്‍ബലര്‍ ജീവച്ഛവങ്ങളായി മരിക്കാതെ അവശേഷിക്കുകയും ചെയ്യും.
പിച്ചും പേയും പറയുന്ന ആയുസ്സിന്റെ പാതാളത്തിലേക്ക് മുഖം കുത്തി വീണു കിടക്കുന്ന വയോജനങ്ങള്‍ സമൂഹത്തിനു ഭാരമായിത്തീരും. ഇഞ്ചിഞ്ചായി കൊല്ലുന്ന മാരക രോഗങ്ങള്‍ പിടിപെട്ട രോഗികള്‍ മരിക്കാന്‍ കഴിയാത്തതു കൊണ്ട് വേദന സഹിച്ച് പുളഞ്ഞുകളിക്കും. മരണം ഒരു അനുഗ്രഹമല്ലേ? മരിക്കുന്ന ആളെ സംബന്ധിച്ചിടത്തോളം മരണം ഒരു നഷ്ടമായിരിക്കാം. പക്ഷേ മനുഷ്യ സമൂഹത്തിന് അത് അനുഗ്രഹമാണ്. കാരണം മരണമുണ്ടെങ്കിലേ പിന്‍മുറക്കാര്‍ക്കു ഭൂമിയില്‍ ജീവിതം സാധ്യമാവുകയുള്ളൂ.
വിശ്വാസികള്‍ക്ക് മരണം അനുഗ്രഹമാണ്. നിറഞ്ഞ ഈമാനുമായി കഴിയുന്ന വിശ്വാസി അല്ലാഹുവിനെ കണ്ടുമുട്ടാനുള്ള അടങ്ങാത്ത ആഗ്രഹവുമായി സ്വര്‍ഗത്തില്‍ എത്തിച്ചേരാനുള്ള വെമ്പലുമായി കഴിയുന്നവനായിരിക്കും. വിശ്വാസിക്ക് മരണം എത്ര നേരത്തെ സംഭവിച്ചാലും അതിലൊരു നഷ്ടബോധവും ഉണ്ടാവുകയില്ല. കാരണം ഇത് കര്‍മലോകമാണെന്നും മരണത്തിനുശേഷം പ്രതിഫലം കൈപ്പറ്റാനുള്ള ലോകമാണുളളതെന്നും അവനറിയാം.
മരണത്തെ
കരുതിയിരിക്കുക

പ്രവാചകന്‍(സ) പറയുന്നു: ‘സകല സുഖാസ്വാദനങ്ങളെയും തകര്‍ത്തു കളയുന്ന മരണത്തെ കുറിച്ചുള്ള സ്മരണ നിങ്ങള്‍ അധികരിപ്പിക്കുവിന്‍’ (തിര്‍മിദി).
ഇബ്‌നു ഉമര്‍(റ) പ്രവാചകനോടൊപ്പം ഉള്ള ഒരു രംഗം ഓര്‍ത്തെടുക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: ഞാന്‍ പ്രവാചകനോടൊപ്പം ഇരിക്കവെ അന്‍സാറുകളില്‍ പെട്ട ഒരാള്‍ വന്ന് അദ്ദേഹത്തോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, വിശ്വാസികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠന്‍ ആരാണ്? പ്രവാചകന്‍: ഏറ്റവും നല്ല സല്‍സ്വഭാവി. അന്‍സാരി: വിശ്വാസികളുടെ കൂട്ടത്തില്‍ ഏറ്റവും നല്ല ബുദ്ധിമാന്‍ ആരാണ്? പ്രവാചകന്‍: അവരില്‍ ഏറ്റവും കൂടുതല്‍ മരണത്തെ ഓര്‍ക്കുകയും മരണാനന്തര ലോകത്തേക്ക് ഏറ്റവും മികച്ച രീതിയില്‍ തയ്യാറെടുക്കുകയും ചെയ്യുന്നവരാണ് അതിബുദ്ധിമാന്‍. (ഇബ്‌നുമാജ)
പ്രവാചകന്‍(സ) പറയുന്നു: സ്വന്തത്തെ കീഴ്‌പ്പെടുത്തുകയും മരണാനന്തര ജീവിതത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍. ഇച്ഛയെ പിന്‍പറ്റി ജീവിക്കുകയും അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുന്നവരാണ് അശക്തന്‍.(തിര്‍മിദി)

Back to Top