പ്രിയ ഫലസ്തീന്‍
മഹ്‌മൂദ് ദര്‍വേശ് /വിവ. ഷാജഹാന്‍ ഫാറൂഖി
പ്രിയ നാടേ,
എനിക്ക് എങ്ങനെ ഉറങ്ങാന്‍ കഴിയും
എന്റെ ദൃഷ്ടികള്‍ വിഹ്വലതകളുടെ
മായക്കാഴ്ചകള്‍ കണ്ടിരിക്കെ?
എത്രയോ ദിനങ്ങള്‍
ശത്രു-മിത്രഭേദമെന്യേ
ഗൂഢാലോചനയുമായി
കടന്നുപോകുന്നു.
പ്രിയ നാടേ,
എനിക്ക് എങ്ങനെ ജീവിക്കാന്‍ കഴിയും
നിന്റെ താഴ്‌വരകളും മലമടക്കുകളും
വിട്ടകന്ന്?
നിണമൊഴുന്ന താഴ്‌വരകള്‍
എന്നെ ഓര്‍മപ്പെടുത്തുന്നത്
ചക്രവാളപ്പരപ്പില്‍ ഒട്ടിപ്പിടിച്ച
രക്തക്കറകളെയാണ്.
കരയുന്ന തീരങ്ങള്‍
എന്നോടു മൊഴിയുന്നു
കാലത്തിന്റെ കര്‍ണപുടങ്ങളില്‍
പ്രതിധ്വനിക്കുന്നത്
എന്റെ നെടുവീര്‍പ്പുകളാണ്.
ഇനിയെന്നു കാണും,
സുഹൃത്തുക്കള്‍ ആരാഞ്ഞു
ശൂന്യതയിലാണ്ടുപോയാല്‍
മടക്കമുണ്ടാകുമോ?
ഞാന്‍ പിറുപിറുത്തു.