22 Sunday
December 2024
2024 December 22
1446 Joumada II 20

ദൗത്യം മറക്കുന്ന വിദ്യാര്‍ഥി സംഘടനകള്‍


കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ വിദ്യാര്‍ഥി സംഘടനകളെല്ലാം കഴിഞ്ഞ ഒരാഴ്ചയായി തിരക്കിലാണ്. സംസ്ഥാന കമ്മിറ്റിയുടെ ഏതെങ്കിലും സംഘടനാപരമായ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനോ വിദ്യാര്‍ഥി സമൂഹം നേരിടുന്ന വെല്ലുവിളികളെ അതിജയിക്കാനുള്ള എന്തെങ്കിലും ശ്രമങ്ങളോ അല്ല ഈ തിരക്കിന്റെ പിന്നില്‍. പ്രേമലേഖനപ്പെട്ടിയില്‍ കത്തുകള്‍ നിറക്കാനും എത്തിച്ചേര്‍ന്ന കത്തുകള്‍ മേല്‍വിലാസക്കാര്‍ക്ക് കയ്യോടെ ഏല്‍പ്പിക്കാനുമുള്ള അശ്രാന്ത പരിശ്രമത്തിലാണ് അവര്‍. ഇതില്‍ ഭരണ-പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ എന്ന വ്യത്യാസമില്ല. വിദ്യാര്‍ഥി ഐക്യം സിന്ദാബാദ് എന്ന വിളി അന്വര്‍ഥമാകുന്ന അപൂര്‍വം സന്ദര്‍ഭങ്ങളാണ് ഇതൊക്കെ.
എ ഡി മൂന്നാം നൂറ്റാണ്ടില്‍ റോമിലുണ്ടായിരുന്ന കത്തോലിക്കാ ബിഷപ്പായ വാലന്റൈനിന്റെ പ്രണയവും, ചക്രവര്‍ത്തി അദ്ദേഹത്തിന്റെ തലവെട്ടാന്‍ ആജ്ഞാപിച്ചപ്പോള്‍ അദ്ദേഹം പ്രണയിനിക്ക് അയച്ച കത്തും ആണ് ഈ വാലന്റൈന്‍ ദിനത്തിന്റെ ചരിത്രമായി പറയുന്നത്. എന്നാല്‍ ഇന്ന് ഏതെങ്കിലും വിദ്യാര്‍ഥി സംഘടനകളോ വാലന്റൈന്‍ ആഘോഷിക്കുന്നവരോ ഈ ചരിത്രം മനസ്സിലാക്കുകയോ വായിക്കുകയോ ചെയ്തിട്ടല്ല അത് ആചരിക്കുന്നത്. പ്രണയവും ലൈംഗികതയും ഉടലും കമ്പോളവത്കരിക്കപ്പെട്ട ഈ കാലത്ത് പൂര്‍ണമായും മുതലാളിത്ത സാമ്പത്തിക താല്‍പര്യങ്ങളാണ് ഈ ആഘോഷത്തിന്റെ സ്‌പോണ്‍സര്‍മാര്‍.
കാമ്പസുകള്‍ സമൂഹത്തിന്റെ ഉള്ളില്‍ നിലനില്‍ക്കുന്ന ഒരു ദീപാണെന്ന് കരുതുന്നില്ല. അതിനാല്‍ തന്നെ സമൂഹത്തിലെ ജീര്‍ണതകള്‍ ഏറിയും കുറഞ്ഞും കാമ്പസുകളിലുണ്ടാവുന്നത് സ്വാഭാവികമാണ്. പക്ഷെ, ഭരണ – പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളെല്ലാം പ്രേമലേഖനം കൈമാറുന്ന അജണ്ട യോഗം കൂടി തീരുമാനിക്കുന്നേടത്ത് ചില അസ്വാഭാവികതകള്‍ ഉണ്ട്. വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പ്രാദേശിക യൂണിറ്റുകളാണ് ഈ തരത്തില്‍, സോഷ്യല്‍ മീഡിയകളില്‍ പോസ്റ്ററും പ്രചരണവും നടത്തിയിരിക്കുന്നത്. അതില്‍, മുസ്ലിം സമുദായ രാഷ്ട്രീയ പാര്‍ട്ടിയുടെ ചില കാമ്പസ് യൂണിറ്റുകളും ഉണ്ടായിരുന്നു എന്നത് ഗൗരവകരമാണ്. സമുദായത്തിനുള്ളിലെ ഏതെങ്കിലും വ്യക്തികള്‍ വാലന്റൈന്‍ ആഘോഷിക്കുന്നത് പോലെയല്ല, സംഘടനാപരമായ അജണ്ടയായി അത് മാറുമ്പോള്‍ സംഭവിക്കുന്നത്. എന്നാല്‍, പിന്നീട് ചില ഇടപെടലുകളിലൂടെ അവരെ തിരുത്തിയത് ആശാവഹമാണ്. കാമ്പസ് പ്രണയത്തിന്റെ കാല്‍പനികത വര്‍ണിക്കുന്ന കവിതകള്‍ ചില സംഘടനകളുടെ പ്രവര്‍ത്തന അജണ്ടയായി മാറുമ്പോള്‍ സ്വാഭാവികമായും ഉത്തരം ലഭിക്കേണ്ട ചില ചോദ്യങ്ങളുണ്ട്.
പ്രണയം, ശരീരത്തിന്റെ ഉടമസ്ഥാവകാശം, ലൈംഗികത, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഏത് പ്രത്യയശാസത്രത്തിന്റെ ഫ്രെയിംവര്‍ക്കില്‍ നിന്നുകൊണ്ടാണ് വിദ്യാര്‍ഥി സംഘടനകള്‍ തങ്ങളുടെ യോഗ ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചത് എന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്. ഒരേ പ്രത്യയശാസ്ത്രമാണ് ഇത്തരം ചര്‍ച്ചകളില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകളുടെയും അവലംബമെങ്കില്‍, വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കേണ്ട കാര്യമില്ലല്ലോ.
ഇത് പ്രായത്തിന്റെ ചാപല്യമാണ് എന്ന് സമാശ്വസിച്ച് വേണമെങ്കില്‍ ചര്‍ച്ച അവസാനിപ്പിക്കാം. കണ്ണേ കാണാതിരിക്കൂ എന്ന് പറയാനാണ് ഈ അവസരത്തില്‍ തോന്നുന്നതെങ്കില്‍ അങ്ങനെ നിലപാട് സ്വീകരിക്കാം. പക്ഷെ, പരമ്പരാഗത മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും തുറന്നിടുന്ന കമ്പോളാധിഷ്ഠിത ധാര്‍മികത, അസ്വീകാര്യമാണ് എന്ന് തിരിച്ചറിയാതെ പോകുന്നത് കാമ്പസിലെ വിദ്യാര്‍ഥി തലമുറയുടെ പരാജയമായി മാറും. സംസ്‌കാരവും പ്രത്യയശാസ്ത്രവും ധാര്‍മികതയുടെ വസ്തുനിഷ്ഠ ലോകവും നീതിബോധത്തിന്റെ ലോകവീക്ഷണവും വിദ്യാര്‍ഥി കാലഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നതാണ് നല്ലത്. കമ്പോളാധിഷ്ഠിത ധാര്‍മികതയുടെ പ്രത്യയശാസ്ത്ര പരിസരം വ്യക്തിവാദവും സ്വന്തം ഇച്ഛക്കുള്ള മുന്‍ഗണനയുമാണ്.
ലോകത്ത് തന്നെയും വിദ്യാഭ്യാസ സമ്പ്രദായവും സര്‍വകലാശാല സങ്കല്‍പവും ഏറെ പരിവര്‍ത്തനത്തിന് വിധേയമാകുന്ന ഈ കാലഘട്ടം, വിദ്യാര്‍ഥി സംഘടനകളെ സംബന്ധിച്ചേടത്തോളം നിര്‍ണായകമാണ്. ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഉണ്ടാക്കിയ ബോധന പരിശീലന ആസ്വാദന മാര്‍ഗങ്ങളെ എങ്ങനെ വിദ്യാഭ്യാസത്തിന്റെ നൈതിക ലക്ഷ്യത്തിലേക്കും തൊഴില്‍ വിപണിയിലേക്കും സമന്വയിപ്പിക്കാം എന്നാണ് പുതിയ കാലത്ത് വിദ്യാര്‍ഥി സംഘടനകള്‍ ചര്‍ച്ച ചെയ്യേണ്ടുന്ന പ്രധാന ഭാഗം. ഈ സമയത്ത്, മൂന്നാം നൂറ്റാണ്ടിലെ പ്രണയ കാല്‍പനികത കമ്പോളവത്കരിക്കുന്ന ആഘോഷങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ അഭിരമിക്കുന്നത് ഖേദകരമാണ്.

Back to Top