2 Monday
December 2024
2024 December 2
1446 Joumada II 0

ദാരിദ്ര്യനിര്‍മാര്‍ജനം ഇസ്‌ലാമിക കാഴ്ചപ്പാട്‌

ഡോ. അബ്ദു പതിയില്‍


പല രാജ്യങ്ങളും ഇന്ന് സമ്പന്നമാണ്. എന്നാല്‍ അവിടങ്ങളിലെ നല്ലൊരു ശതമാനം പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നവരാണ്. പലര്‍ക്കും വേണ്ടത്ര ഭക്ഷണമോ സുരക്ഷിതമായ താമസസ്ഥലങ്ങളോ സ്ഥിരവരുമാനം ലഭിക്കുന്ന ജീവിതോപാധികളോ ഇല്ല. ജീവിത പ്രയാസങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടാതെ പോകുന്നു. പോഷകാഹാരക്കുറവ് പലരുടെയും രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നു. ഇവര്‍ എളുപ്പത്തില്‍ വിവിധ രോഗങ്ങള്‍ക്കടിപ്പെടുകയും ചെയ്യുന്നു.
വിശപ്പും ദാരിദ്ര്യവും പലരും ഉണ്ടാക്കുന്നതാണ്. കോടിക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ പുഴുവരിച്ച് നശിക്കുമ്പോഴും ശതകോടി ജനങ്ങള്‍ പട്ടിണി കിടക്കേണ്ടിവരുന്നു. ചിലര്‍ വിഭവങ്ങളെല്ലാം കയ്യടക്കി വെക്കുകയും തങ്ങളുടെ സ്വാര്‍ഥലാഭങ്ങള്‍ മാത്രം ലാക്കാക്കി ഇടപാടുകള്‍ നടത്തുകയുമാണ്. വിശപ്പടക്കി ജീവിക്കാനുള്ള സാധാരണക്കാരന്റെ മൗലികാവകാശം പോലും നിഷേധിക്കപ്പെടുന്ന കാഴ്ചയും നമുക്ക് കാണാം.
‘വിശപ്പ് അനീതിയുടെയും ലോക സമ്പത്തിന്റെ അസമമായ വിതരണത്തിന്റെയും സന്തതി’യാണെന്നാണ് ഫിഡല്‍ കാസ്‌ട്രോ പറയുന്നത്. ആധുനിക സാങ്കേതിക വിദ്യകളിലൂടെ എളുപ്പത്തില്‍ കൂടുതല്‍ ഭക്ഷ്യധാന്യോല്‍പാദനം ഇന്ന് സാധ്യമാണ്. എന്നാല്‍ ചില കുത്തക കേന്ദ്രങ്ങളുടെ സ്വാര്‍ഥതയും മനുഷ്യപ്പറ്റില്ലായ്മയുമാണ് ഇന്നത്തെ പട്ടിണിയുടെ മുഖ്യകാരണം. പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ അമര്‍ത്യാസെന്‍ പറയുന്നു: ‘ഇപ്പോള്‍ ലോകത്തുണ്ടാവുന്ന വിശപ്പിന്റേതായ പ്രശ്‌നങ്ങള്‍ മുന്‍കാലങ്ങളിലേതിനെ അപേക്ഷിച്ച് അസഹനീയമാണ്. ഇപ്പോഴത്തെ വിശപ്പിന് കാഠിന്യം കൂടിയതുകൊണ്ടല്ല. മറിച്ച് ഇപ്പോള്‍ വിശപ്പുണ്ടാകേണ്ടതിന്റെ ആവശ്യം ലോകത്തിലില്ല എന്നതുകൊണ്ടാണ്.’
ജനസംഖ്യാവര്‍ധനവോ വെള്ളപ്പൊക്കമോ വരള്‍ച്ചയോ യുദ്ധമോ അല്ല മറിച്ച് ഉല്‍പാദനമേഖലയും ഭക്ഷ്യശേഖരങ്ങളും ചില കോര്‍പറേറ്റ് ശക്തികള്‍ കയ്യടക്കിവെക്കുന്നതാണ് നിലവിലുള്ള ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും പ്രധാന കാരണങ്ങളിലൊന്ന് എന്നാണ് വിലയിരുത്തപ്പെടുന്നത്.
വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് പ്രപഞ്ചം. ധാരാളം വ്യത്യസ്തതകളോടുകൂടിയാണ് സ്രഷ്ടാവ് എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത്. മനുഷ്യരിലും അവന്റെ പ്രവര്‍ത്തനങ്ങളിലും അവയുടെ ഫലസിദ്ധിയിലും ധാരാളം വൈവിധ്യങ്ങള്‍ കാണാം. ശക്തരും ദുര്‍ബലരും സമ്പന്നരും ദരിദ്രരും ഇതിന്റെ ഭാഗം തന്നെയാണ്. എന്നാല്‍ ദുര്‍ബലരെ ശാക്തീകരിക്കാനും ദരിദ്രരെ പ്രയാസങ്ങളില്‍ നിന്ന് കരകയറ്റാനും മറ്റുള്ളവര്‍ക്ക് ബാധ്യതയുണ്ട്. സ്രഷ്ടാവ് മനുഷ്യവര്‍ഗത്തിന് മാര്‍ഗദര്‍ശനമായി നല്‍കിയ വിശുദ്ധ ഖുര്‍ആനും വിശ്വവിമോചകന്‍ മുഹമ്മദ് നബി(സ)യും സമൂഹത്തിലെ ദാരിദ്ര്യവും പട്ടിണിയും നിര്‍മാര്‍ജനം ചെയ്യാന്‍ ധാരാളം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്.

മനുഷ്യവിഭവശേഷി
പ്രയോജനപ്പെടുത്തുക

മനുഷ്യവിഭവശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്തി മെച്ചപ്പെട്ടതും മാന്യവുമായ ജീവിത സാഹചര്യം വളര്‍ത്തിയെടുക്കാന്‍ ഇസ്‌ലാം നിര്‍ദേശം നല്‍കുന്നു. അലസരായി മെയ്യനങ്ങാതെ കഴിഞ്ഞുകൂടുന്നതിനെ ഇസ്‌ലാം വെറുക്കുന്നു. സ്വന്തം അധ്വാനശേഷി പ്രയോജനപ്പെടുത്താതെ മറ്റുള്ളവരുടെ ഔദാര്യം കാത്തുകഴിയുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നേയില്ല. യാചനയെ ശക്തമായി നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. സുബൈര്‍ ബിന്‍ അവ്വാം(റ) നിവേദനം ചെയ്യുന്നു. ‘നബി(സ) പറഞ്ഞു: നിങ്ങളിലൊരാള്‍ കയറെടുത്ത് മലയില്‍ പോയി തന്റെ മുതുകില്‍ ഒരുകെട്ട് വിറക് ചുമന്നുകൊണ്ടുവന്ന് അത് വിറ്റുകിട്ടുന്ന കാശുകൊണ്ട് അയാളുടെ അഭിമാനം അല്ലാഹു സംരക്ഷിക്കുന്നുവെങ്കില്‍ അതാണ് ജനങ്ങളോട് യാചിക്കുന്നതിനേക്കാള്‍ അയാള്‍ക്ക് ഉത്തമം. ജനങ്ങള്‍ അയാള്‍ക്ക് നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യാം’ (ബുഖാരി)
മിഖ്ദാത്(റ) നിവേദനം ചെയ്യുന്നു: ‘നബി(സ) പറഞ്ഞു: തന്റെ കൈ കൊണ്ട് അധ്വാനിച്ച് ഭക്ഷിക്കുന്നതിനേക്കാള്‍ ഉത്തമമായ ഒരു ഭക്ഷണവും ഒരാളും കഴിച്ചിട്ടില്ല’ (ബുഖാരി). അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ) പറഞ്ഞു: ദാവൂദ് നബി(അ) സ്വന്തം കൈകൊണ്ടുള്ള അധ്വാനഫലത്തില്‍ നിന്നല്ലാതെ ഭക്ഷണം കഴിച്ചിട്ടില്ല’ (ബുഖാരി)
ഹംസ ബിന്‍ അബ്ദില്ല (റ) തന്റെ പിതാവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ) പറഞ്ഞു. നിങ്ങളിലൊരുവന്‍ യാചന സ്ഥിരമാക്കിയാല്‍, അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ അവന്റെ മുഖത്ത് ഒട്ടും മാംസമുണ്ടായിരിക്കുകയില്ല’ (മുസ്‌ലിം). ഇവിടെ ആലസ്യം കൈവെടിയാനും മനുഷ്യ വിഭവശേഷി പരമാവധി ഉപയോഗപ്പെടുത്തി സ്വയം പര്യാപ്തതയിലെത്താനുമാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്.
മറ്റുള്ളവരുടെ ഔദാര്യങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ തങ്ങള്‍ക്ക് ചെയ്യാവുന്ന തൊഴില്‍ ചെയ്ത് മാന്യമായ ജീവിതം കെട്ടിപ്പടുക്കുന്നതിനെയാണ് മതം പ്രോത്സാഹിപ്പിച്ചത്. മക്കയില്‍ നിന്ന് വെറും കയ്യോടെ മദീനയില്‍ എത്തിയ മുഹാജിറുകള്‍, അവിടെയുള്ള അന്‍സ്വാറുകളോടാവശ്യപ്പെട്ടത് അവരുടെ വ്യാപാരകേന്ദ്രങ്ങള്‍ കാണിച്ചുകൊടുക്കാനായിരുന്നു. സ്വന്തമായി ചെറിയ കച്ചവടവും മറ്റും നടത്തി പരാശ്രയമില്ലാതെ ജീവിതത്തെ പച്ച പിടിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. മദീനാ നിവാസികളായ അന്‍സ്വാറുകള്‍ തങ്ങളുടെ കച്ചവട സംരംഭങ്ങളില്‍ മുഹാജിറുകളെ കൂടി പങ്കാളികളാക്കി ഇതിനോട് സഹകരിക്കുകയും ചെയ്തു. തങ്ങളുടെ കഴിവും ബുദ്ധിയും ഉപയോഗപ്പെടുത്തി സ്വന്തം കാലില്‍ നില്‍ക്കാനും മറ്റുള്ളവരെ അങ്ങോട്ട് സഹായിക്കാനുമാണ് അവര്‍ ശ്രമിച്ചത്.
കൃഷി ഭൂമിയുടെ
ഉപയോഗം

മനുഷ്യന്റെ വിശപ്പും ദാരിദ്ര്യവും അകറ്റാനുള്ള പ്രധാന വഴികളിലൊന്ന് കാര്‍ഷിക വൃത്തി തന്നെയാണ്. ഭൂമിയില്‍ കൃഷിയിറക്കിയും അധ്വാനിച്ചും പരമാവധി കാര്‍ഷിക വിളകള്‍ ഉല്‍പാദിപ്പിക്കുക എന്നത് ദാരിദ്ര്യത്തെ തടയുന്നതിനുള്ള പ്രധാന വഴികളിലൊന്നാണ്. അതിനാല്‍ കാര്‍ഷിക വൃത്തിയെ മതം ഏറെ പ്രോത്സാഹിപ്പിച്ചു.
സസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നത് ജാരിയായ സ്വദഖ(നിരന്തരം പ്രതിഫലം ലഭിച്ചുകൊണ്ടേയിരിക്കുന്ന ദാനം)യായാണ് മതം കണ്ടത്. കൃഷി ഭൂമിയുള്ളവര്‍ കൃഷിയിറക്കണമെന്നും ഭൂമി തരിശിടരുതെന്നും നബി(സ) നിര്‍ദേശിച്ചു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ഔഷധം തുടങ്ങി മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളെല്ലാം ലഭ്യമാവുന്നത് കൃഷി, മൃഗസംരക്ഷണം എന്നിവയില്‍ നിന്നാണ്. അതിനാല്‍ ഭൂമി പ്രയോജനപ്പെടുത്താതെ വിട്ടേക്കരുത്.
സ്ഥിരമായി കൃഷി ചെയ്യാത്ത ഭൂമി പിടിച്ചെടുത്ത് ഇസ്‌ലാമിക ഖലീഫമാര്‍ കര്‍ഷകര്‍ക്ക് പതിച്ചുകൊടുത്തിരുന്നു. വെറുതെ കിടന്ന സ്ഥലം ആരെങ്കിലും കൃഷിയോഗ്യമാക്കിയാല്‍ അത് അവര്‍ക്ക് നല്‍കുന്ന സമീപനവും ചില ഖലീഫമാര്‍ കൈക്കൊണ്ടിരുന്നു. കൃഷിക്കാവശ്യമായ വെള്ളം മറ്റൊരാള്‍ക്ക് തന്റെ വളപ്പിലൂടെ കൊണ്ടുപോകേണ്ടിവന്നാല്‍ അതിന് തടസ്സം നില്‍ക്കരുതെന്നും അവര്‍ നിര്‍ദേശിച്ചു.
‘ആര്‍ക്കെങ്കിലും ഭൂമിയുണ്ടെങ്കില്‍ അതില്‍ അവന്‍ കൃഷി ചെയ്യട്ടെ. അല്ലെങ്കില്‍ തന്റെ സഹോദരന് അത് ദാനം നല്‍കട്ടെ. അതിനും കൂട്ടാക്കുന്നില്ലെങ്കില്‍ അവന്റെ ഭൂമി പിടിച്ചെടുക്കേണ്ടതാണ്’ എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ചില പ്രത്യേക ഘട്ടത്തില്‍ പാട്ടംപോലും വാങ്ങാതെ കൃഷിഭൂമി കര്‍ഷകര്‍ക്ക് വിട്ടുകൊടുക്കാന്‍ നബി(സ) അന്‍സ്വാറുകള്‍ക്ക് നിര്‍ദേശം നല്‍കുകയുണ്ടായി. പൊതുസ്വത്ത് ഒരു വിഭാഗത്തിന്റെ കയ്യിലൊതുങ്ങാതെ സമൂഹത്തിലെ എല്ലാവരുടെയും ആവശ്യ പൂര്‍ത്തീകരണത്തിന് ഉപയോഗപ്പെടുത്താനും അതിലൂടെ ദാരിദ്ര്യത്തിന്റെ അളവ് കുറക്കാനും ഇസ്‌ലാം ശ്രദ്ധ കാണിച്ചിട്ടുണ്ട്.

ദരിദ്രരെ
സഹായിക്കുക

ന്യായമായ കാരണങ്ങളാല്‍ പട്ടിണിക്കും ദാരിദ്ര്യത്തിനും അടിപ്പെട്ട പാവങ്ങളെ കണ്ടെത്തി അവരെ പൊതു സമൂഹത്തിന്റെ ഒപ്പമെത്തിക്കാന്‍ പരമാവധി ശ്രമം നടത്തണമെന്നാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. അല്ലാഹു പറയുന്നു: ‘ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം നേടാന്‍ സൗകര്യപ്പെടാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്മാര്‍ക്കുവേണ്ടി നിങ്ങള്‍ ചെലവ് ചെയ്യണം. അവരെപ്പറ്റി അറിവില്ലാത്തവര്‍, അവരുടെ മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലതുപോലെ അറിയുന്നവനാണ്’ (വി.ഖു 2:273)
പുറമെ, കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അറിയിക്കാതെ, കഷ്ടത സഹിച്ചും മാന്യമായി ജീവിക്കുന്ന സാധുക്കളെ തിരിച്ചറിയാനും അവരുടെ ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ടുതന്നെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമാണ് സമൂഹം ശ്രമിക്കേണ്ടത്. ഇത്തരം സാധുക്കള്‍ക്ക് നിര്‍ബന്ധ ദാനമായ സകാത്തില്‍ സുപ്രധാനമായ ഒരവകാശം നിശ്ചയിച്ചിട്ടുണ്ട്.
‘വസ്തുവഹകളുടെ ആധിക്യമല്ല സമ്പത്ത്, മനസ്സിന്റെ ധന്യതയത്രെ യഥാര്‍ഥ സമ്പത്ത്’ എന്ന് നബി(സ) പഠിപ്പിക്കുന്നുണ്ട്. അല്ലാഹു നല്‍കിയതില്‍ സംതൃപ്തിയടയാനുള്ള മനസ്സ് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാവരും ഒരുപോലെ വലിയ ധനവാന്മാരാവുകയില്ല. സ്രഷ്ടാവ് നല്‍കിയത് തൃപ്തിയോടെ സ്വീകരിക്കാനുള്ള മനസ്സ് രൂപപ്പെടുത്തുക എന്നത് ധന്യമായ ഒരു ജീവിതക്രമത്തിന് സഹായകമാണ്. ഉള്ളതില്‍ തൃപ്തിയടയാനുള്ള പാവപ്പെട്ടവന്റെ മനസ്സും ഉള്ളത് ഇല്ലാത്തവന് പങ്കുവെക്കാനുള്ള പണക്കാരന്റെ സന്നദ്ധതയും ഉണ്ടാവുമ്പോള്‍ ദാരിദ്ര്യത്തിന്റെ കാഠിന്യം വളരെയേറെ കുറഞ്ഞുവരും എന്നത് ഒരു ലളിത യാഥാര്‍ഥ്യമാണ്.
സകാത്തും
ദാനധര്‍മങ്ങളും

സമ്പത്ത് ധനികരില്‍ മാത്രം തങ്ങിനില്‍ക്കേണ്ടതല്ല എന്ന അടിസ്ഥാന നിലപാടാണ് ഇസ്‌ലാമിനുള്ളത്. അത് പാവങ്ങളുടെ കൈവശം എത്തിച്ചേരണം. കൂലി, ശമ്പളം, ദാനം, സകാത്ത് തുടങ്ങി വിവിധങ്ങളായ മാര്‍ഗങ്ങളിലൂടെ പാവങ്ങളിലേക്ക് കൂടി സമ്പത്ത് കൈമാറ്റം ചെയ്യപ്പെട്ടാല്‍ മാത്രമേ സമൂഹത്തില്‍ സാമ്പത്തിക വളര്‍ച്ച രൂപപ്പെടുകയുള്ളൂ. തൊഴിലാളികളുടെ വേതനവും ജോലിക്കാരുടെ ശമ്പളവും ഒട്ടും വൈകാതെ നല്‍കണമെന്നാണ് ഇസ്‌ലാമിന്റെ കല്‍പന. ‘തൊഴിലാളിക്ക് അവന്റെ വിയര്‍പ്പ് വറ്റുന്നതിന്റെ മുമ്പ് കൂലി നല്‍കണം’ എന്ന നബിവചനം ഏറെ ശ്രദ്ധേയമാണ്.
സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാനും ദാനധര്‍മങ്ങള്‍ ചെയ്യാനും ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. വലിയ സമ്പന്നര്‍ മാത്രമല്ല സാധാരണക്കാര്‍ക്കും ഇതില്‍ പങ്കുവഹിക്കാനുണ്ട്.
തങ്ങളേക്കാള്‍ പ്രയാസമനുഭവിക്കുന്നവരെ സാധ്യമായ രീതിയില്‍ സഹായിക്കുക എന്ന മഹത്തായ തത്വമാണ് ഇവിടെ സ്വീകരിക്കപ്പെടുന്നത്. സമൂഹത്തിന്റെ പൊതുപ്രശ്‌നങ്ങളുടെ പരിഹാരത്തിനും ഇത്തരം സഹായസഹകരണങ്ങളും ദാനധര്‍മങ്ങളും നടക്കേണ്ടതുണ്ട്. നിശ്ചിതമായ അളവിലോ കണക്കിലോ അല്ല ഇത് നിര്‍വഹിക്കപ്പെടേണ്ടത്. സാങ്കേതികമായി സകാത്ത് നല്‍കാന്‍ സാമ്പത്തിക ശേഷി കൈവരിക്കാത്തവര്‍ക്കും സ്വദഖയില്‍ പങ്കാളികളാകാവുന്നതാണ്.
പട്ടിണി, ദാരിദ്ര്യം എന്നിവയുടെ ഉന്മൂലനത്തിന് ഇസ്‌ലാമിലെ സകാത്ത് സംവിധാനം വളരെ ഫലവത്തായ ഒന്നാണ്. ധനസമ്പാദനത്തിന് ഇസ്‌ലാം നിയന്ത്രണമോ പരിധിയോ നിശ്ചയിച്ചിട്ടില്ല. എന്നാല്‍ വിഹിതമായ മാര്‍ഗത്തിലൂടെ മാത്രമായിരിക്കണം എന്ന് നിര്‍ബന്ധമാണ്. സമ്പത്തിന്റെ നിശ്ചിത ശതമാനം പാവപ്പെട്ടവന്റെ അവകാശമായി കാണണം. കൃത്യമായി അത് സാധുക്കള്‍ക്ക് നല്‍കുകയും വേണം.
നബി(സ) യമനിലെ ഗവര്‍ണറായി നിയമിച്ച മുആദുബ്ന്‍ജബലിനോട് നിര്‍ദേശിച്ചത്; അവരിലെ ധനികരില്‍ നിന്ന് സകാത്ത് ശേഖരിച്ച് ദരിദ്രര്‍ക്ക് വിതരണം ചെയ്യണമെന്നായിരുന്നു. സമൂഹത്തില്‍ സകാത്ത് നല്‍കാന്‍ ബാധ്യതയുള്ള എല്ലാവരും കൃത്യമായി അത് നല്‍കിയാല്‍ അതൊരു വലിയ സംഖ്യയായിരിക്കും. ശമ്പളം, കൃഷി, കച്ചവടം, ആഭരണം, വാടക, തോട്ടവിള, മൃഗസമ്പത്ത് തുടങ്ങി എല്ലാ സാമ്പത്തിക സ്രോതസ്സുകളും സകാത്തില്‍ പരിഗണിക്കപ്പെടേണ്ടതാണ്.
സമൂഹത്തിലെ പരമദരിദ്രരെയും വലിയ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെയും കണ്ടെത്തി അവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ പര്യാപ്തമാവുന്ന തരത്തില്‍ സകാത്തിന്റെ വിതരണം നടക്കുമ്പോവാണ് സകാത്തുകൊണ്ട് ഇസ്‌ലാം ലക്ഷ്യമാക്കുന്ന പ്രധാന നേട്ടം സാധ്യമാവുക.
ഭരണകൂടം നേരിട്ടോ മഹല്ല് സംവിധാനങ്ങളോ ഇക്കാര്യം ഓരോ വര്‍ഷവും കൃത്യമായി നിര്‍വഹിക്കുന്നുവെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് പല ദരിദ്രകുടുംബങ്ങളെയും സ്വയം പര്യാപ്തരാക്കാന്‍ കഴിയും. വരും വര്‍ഷങ്ങളില്‍ ഇവരില്‍നിന്നും സകാത്ത് ശേഖരിച്ച് മറ്റ് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാന്‍ സാധ്യമാവുകയും ചെയ്യും.
കൃത്യമായ സകാത്ത് ശേഖരണ വിതരണം നടന്ന സ്ഥലങ്ങളില്‍ പട്ടിണിയും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യപ്പെടുകയും സകാത്ത് വാങ്ങാന്‍ അര്‍ഹരായ ആളുകള്‍ ഇല്ലാതെ പോവുകയും ചെയ്ത ചരിത്രം കാണാവുന്നതാണ്. രണ്ടാം ഖലീഫ ഉമറിന്റെ(റ) ഭരണകാലത്ത് യമനില്‍ നിന്നും ഗവര്‍ണര്‍ സകാത്ത് മുതലുകള്‍ തലസ്ഥാനമായ മദീനയിലേക്ക് അയച്ചു. എന്നില്‍ നിന്നും സകാത്ത് സ്വീകരിക്കാന്‍ ആളില്ലാത്തതിനാലാണ് ഞാനിത് അയക്കുന്നത് എന്നാണ് അദ്ദേഹം ഖലീഫയെ അറിയിച്ചത്.
ഉമറുബ്‌നു അബ്ദുല്‍അസീസ് ഭരിച്ചിരുന്ന ഇറാഖിലും പൊതുഖജനാവില്‍ പണം കുമിഞ്ഞുകൂടിയ ചരിത്രം കാണാം. ‘വിഭവ സമൃദ്ധിയല്ല ശരിയായ ഐശ്വര്യം, യഥാര്‍ഥ ഐശ്വര്യം മനസ്സിന്റെ ഐശ്വര്യമാണ്’ എന്ന പ്രവാചകന്റെ അധ്യാപനവും പ്രസക്തമാണ്. വലിയ സമ്പന്നത കൈവരിച്ചില്ലെങ്കിലും വിശപ്പ് രഹിതവും ദാരിദ്ര്യമുക്തവുമായ സമൂഹത്തെ സൃഷ്ടിക്കുന്നതിന് ഇസ്‌ലാമിലെ ദാനധര്‍മങ്ങളും സകാത്ത് സംവിധാനവും സഹായിക്കുന്നുണ്ട്.

Back to Top