19 Wednesday
June 2024
2024 June 19
1445 Dhoul-Hijja 12

ദാമ്പത്യത്തിന്റെ കാമ്പും കാതലും

ഹസീന ഇ ഒ ചെമ്മാട്‌


ദാമ്പത്യത്തിന്റെ രസക്കൂട്ടുകളെല്ലാം പാകത്തിന് അളന്നെടുത്തൊരുക്കിയ സ്വാദിഷ്ടമായ സദ്യയുടെ സമൃദ്ധിയാണ് ഡോ. മന്‍സൂര്‍ ഒതായി രചിച്ച ‘ദാമ്പത്യത്തിനൊരുങ്ങുമ്പോള്‍’ എന്ന പുസ്തകം വായനക്കാരനു പകര്‍ന്നുനല്‍കുന്നത്. കിനാവുകളും ഉല്‍ക്കണ്ഠകളും യാഥാര്‍ഥ്യങ്ങളും തിരിച്ചറിവുകളും കൊണ്ട് ഊടും പാവും തീര്‍ത്ത് മനോഹരമായ ഒരു ഉടയാട കണക്കെ വിവാഹജീവിതം വായനക്കാരനു മുന്നിലേക്കു വരച്ചിടുകയാണിവിടെ. വൈരുധ്യങ്ങളുടെ വൈകൃതങ്ങളെ വൈവിധ്യത്തിന്റെ സൗന്ദര്യമാക്കി മാറ്റുന്ന ജാലവിദ്യ ഒരു മനഃശാസ്ത്രജ്ഞന്റെ സൂക്ഷ്മമായ കൈയടക്കത്തോടെ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു.
മറ്റേത് മനുഷ്യബന്ധങ്ങളേക്കാളും വേരും കാമ്പുമുള്ള പ്രണയത്തിന്റെ സ്‌നിഗ്ധ ഭൂമികയിലേക്കുള്ള ജീവിതത്തിലെ അതിവിശുദ്ധമായ ഒരു ചുവടുമാറ്റമാണ് വിവാഹം. രണ്ടു വഴികളില്‍ നിന്നു യാത്ര തുടങ്ങിയവര്‍ ഒന്നായി ഒഴുകാന്‍ ഒരുങ്ങുന്നതിന്റെ തുടക്കം. തികച്ചും വ്യത്യസ്തമായ രണ്ട് അവസ്ഥകളില്‍ നിന്നു വന്നവര്‍ ഒന്നിച്ചു യാത്ര തുടങ്ങുമ്പോഴുള്ള ഇടര്‍ച്ചകളെ സ്വാഭാവികതയുടെ ന്യായീകരണം കൊണ്ട് അവഗണിക്കാവതല്ല. സര്‍വ ബന്ധങ്ങളുടെയും ഇഴയടുപ്പങ്ങള്‍ നേര്‍ത്തുവരുന്ന വര്‍ത്തമാനലോകത്ത് വിശിഷ്യാ, നേരിയ അപസ്വരങ്ങള്‍ പോലും വിവാഹബന്ധങ്ങളെ ദുര്‍ബലമാക്കി വിവാഹമോചനത്തില്‍ കലാശിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്.
വ്യത്യസ്ത ചിന്തകളും വിചാരവികാരങ്ങളുമുള്ള രണ്ടു വ്യക്തികള്‍ ശിഷ്ടകാലമത്രയും സന്തോഷത്തോടെയും സംതൃപ്തിയോടെയും സമാധാനത്തോടെയും ജീവിച്ചുതീര്‍ക്കുക എന്നത് പുതുതലമുറ കരുതുന്നപോലെ നിസ്സാര കാര്യമല്ല എന്നതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യത്തിലാണ് പാരസ്പര്യത്തിന്റെ വേരും ചൂരും തിരിച്ചറിഞ്ഞ് ദാമ്പത്യത്തിന്റെ കാമ്പും കാതലും മെച്ചപ്പെടുത്താനുള്ള ദിശാബോധം പകരുന്ന ഇത്തരം പുസ്തകങ്ങളുടെ പ്രസക്തി. 17 ചെറു അധ്യായങ്ങളാക്കിത്തിരിച്ച് മടുപ്പുളവാക്കാത്ത കെട്ടിലും മട്ടിലുമാണ് ‘യുവത’ വായനക്കാരന് പുസ്തകം സമ്മാനിച്ചിട്ടുള്ളത്.
ഡോ. പി കെ തിലകിന്റെ അവതാരിക പുസ്തകത്തിനു മാറ്റുകൂട്ടുന്നതാണ്. സ്ത്രീയും പുരുഷനും ഇണയും തുണയുമായി ജീവിക്കുമ്പോഴാണ് കുടുംബം കുളിര്‍മയുടെ കൂടായി മാറുന്നത്. ‘നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചിരിക്കുന്നു’ എന്ന ഖുര്‍ആന്‍ വചനം നല്‍കുന്ന സന്ദേശം, നിങ്ങളെപ്പോലെത്തന്നെ വികാരങ്ങളും വിചാരങ്ങളും ദൗര്‍ബല്യങ്ങളും സ്വപ്‌നങ്ങളുമൊക്കെയുള്ള വ്യക്തി തന്നെയാണ് ഇണയും എന്നതാണ്. അത് ഉള്‍ക്കൊണ്ടുകൊണ്ടുള്ള വിവാഹം ഒരിക്കലും സ്വാതന്ത്ര്യം നഷ്ടപ്പെടുത്തലാവുന്നില്ല.
ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ ആദര്‍ശവും ധാര്‍മികതയുമായിരിക്കണം മുഖ്യ മാനദണ്ഡം. കാരണം പങ്കാളിയുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്ന ഘടകങ്ങളാണവ. വിവാഹത്തിനു വേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചു പറയുന്ന അധ്യായത്തില്‍ സ്ത്രീയുടെയും പുരുഷന്റെയും മാനസിക-ശാരീരിക ആവശ്യങ്ങള്‍ വിശദീകരിക്കുന്നിടത്ത് സമര്‍ഥനായ ഒരു മനഃശാസ്ത്ര ചിന്തകനെയാണ് ലേഖകനില്‍ കാണാനാവുക. ഏറ്റവും മികച്ച മാതൃകയായി ഖദീജ(റ)യെ ഉദാഹരിക്കുന്നതിലൂടെ വിശ്വാസിസമൂഹത്തിന് ഇരുലോക നന്മകളേകുന്ന വിശുദ്ധ ദാമ്പത്യത്തിന്റെ വഴിതുറന്നുകൊടുക്കുക കൂടി ചെയ്യുന്നുണ്ട് ഗ്രന്ഥകാരന്‍.
ഭര്‍ത്താവിന്റെയും ഭാര്യയുടെയും ബാധ്യതകളും അവകാശങ്ങളും കൃത്യമായി വരച്ചുകാണിക്കുന്ന പുസ്തകത്തില്‍ ഇണയ്ക്ക് ഗര്‍ഭാവസ്ഥയിലുള്ള ആവശ്യങ്ങള്‍, പരിഗണനകള്‍, കുഞ്ഞുങ്ങളുടെ വ്യക്തിത്വ രൂപീകരണത്തില്‍ കുടുംബാന്തരീക്ഷത്തിന്റെ സ്വാധീനം എന്നിവയെല്ലാം വിശദമാക്കുന്നുണ്ട്. സാമ്പത്തിക നിലവാരവും ജീവിത നിലവാരവും ഏറ്റുമുട്ടാതെ താളക്രമത്തില്‍ നിലനിര്‍ത്താനുള്ള സൂചനകളും ജീവിതത്തില്‍ നേരിടാനിടയുള്ള നാനാവിധമായ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമുള്ള പ്രതിവിധികളും പുസ്തകത്തിന്റെ ഉള്ളടക്കത്തെ സമ്പുഷ്ടമാക്കുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x