29 Friday
March 2024
2024 March 29
1445 Ramadân 19

ദൈവിക അധ്യാപനങ്ങളിലേക്കുള്ള ഹിജ്‌റ

മുര്‍ശിദ് പാലത്ത്‌


നന്മതിന്മകളുടെ സമരഭൂമിയാണ് ജീവിതം. അതില്‍ നന്മ സ്വീകരിക്കാനും തിന്മകളെ തിരസ്‌കരിക്കാനുമുള്ള ചങ്കൂറ്റമാണ് ഹിജ്‌റ. ഇസ്‌ലാമിന്റെ സാങ്കേതിക പദാവലികളില്‍ പെട്ട ഹിജ്‌റ, മുഹമ്മദ് നബി(സ)യും അനുയായികളും ജന്മനാടായ മക്കയില്‍ നിന്നും പിന്നീട് മദീനത്തുര്‍റസൂല്‍ എന്ന് കാലം പേരുമാറ്റിയ യഥ്‌രിബ് എന്ന നാട്ടിലേക്ക് നടത്തിയ പലായനമാണ്. അത് അന്നം തേടിയുള്ള പ്രവാസമോ ജീവഭയം മൂലമുള്ള അഭയാര്‍ഥി പ്രവാഹമോ ആയിരുന്നില്ല. പ്രത്യുത തങ്ങളുടെ ദീനിന്റെ പ്രവര്‍ത്തനത്തിനും പ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം തേടി, ഒരര്‍ഥത്തില്‍ ഭൂമിയിലെ സുഖങ്ങളെല്ലാം വലിച്ചെറിഞ്ഞു നടത്തിയ ത്യാഗോജ്വലമായ പോരാട്ടമായിരുന്നു. അഥവാ, സ്രഷ്ടാവ് നിര്‍ദേശിച്ച ആദര്‍ശം മുറുകെപ്പിടിക്കാന്‍ അവന്‍ നല്‍കിയ ജീവിതാസ്വാദനങ്ങളെല്ലാം തൃണവത്ഗണിക്കുന്ന ജീവിതരീതിയാണ് ഹിജ്‌റ. പുഴു പൂമ്പാറ്റയാകുന്ന കൂടുമാറ്റമായിരുന്നു റസൂലിന്റെ ഹിജ്‌റ. അജ്ഞാനത്തിന്റെ ഘനാന്ധകാരം തീര്‍ത്ത പ്യൂപ്പ ഘട്ടത്തില്‍ നിന്നു വിജ്ഞാനത്തിന്റെ പൂന്തിങ്കള്‍ വിരിയുന്ന നാഗരികതയിലേക്കുള്ള ഉത്ഥാനമായിരുന്നു അന്ന് നടന്നത്.
ലോകഗതി തന്നെ സമൂലം മാറ്റിയതായിരുന്നു ആ യാത്ര എന്നതുകൊണ്ടാകണം, പുതുയുഗത്തിനു കാലഗണന കുറിക്കാന്‍ മാനദണ്ഡമായി രണ്ടാം ഖലീഫ ഉമര്‍(റ) ഹിജ്‌റയെ തെരഞ്ഞെടുത്തത്. പുണ്യ റസൂലിന്റെ ജന്മം നടന്ന വര്‍ഷത്തിനോ ആയിരം മാസത്തെ പുണ്യം അടങ്ങിയ ഖുര്‍ആന്‍ അവതരണം തുടങ്ങിയ വര്‍ഷത്തിനോ നോമ്പും നമസ്‌കാരവും സകാത്തുമെല്ലാം നിര്‍ബന്ധമാക്കിയ, സര്‍വോപരി സത്യാസത്യ വിവേചനമെന്ന് വിശുദ്ധ ഖുര്‍ആന്‍ വര്‍ണിച്ച ബദ്ര്‍ വര്‍ഷത്തിനോ മഹത്വമേറുന്ന മറ്റു സംഭവങ്ങള്‍ നടന്ന വര്‍ഷങ്ങള്‍ക്കോ നല്‍കാത്ത പ്രാധാന്യം ഹിജ്‌റക്ക് നല്‍കുകയും പുതു കലണ്ടറിന് നവസംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലായ ഹിജ്‌റ നടന്ന വര്‍ഷത്തെ ആധാരമാക്കുകയും ചെയ്തത് ഉമറിന്റെ ദീര്‍ഘദൃഷ്ടിയാണ്. ഹിജ്‌റ ലോകത്തിനു നല്‍കുന്ന പാഠം മുസ്‌ലിംകളുള്ള നാടുകളിലെല്ലാം കാലാകാലങ്ങളില്‍ അനുസ്മരിക്കപ്പെടാനുള്ള വേദിയാക്കുകയായിരുന്നു അദ്ദേഹം.
ഹിജ്‌റയുടെ ചരിത്രം മുഹമ്മദ് നബി(സ)യില്‍ നിന്ന് തുടങ്ങുന്നതല്ല. പൂര്‍വസൂരികളായ പ്രവാചകന്‍മാരില്‍ പലരും ഹിജ്‌റയിലൂടെ ശരിയായ ദൈവിക ആദര്‍ശം ഉരുക്കിയെടുത്തവരും ഊതിക്കത്തിച്ചവരുമായിരുന്നു. ഇബ്‌റാഹീം നബി(അ)യും മൂസാ നബി(അ)യും ഈ ഗണത്തില്‍ വരുന്നുണ്ട്. പ്രബോധിത സമൂഹത്തോടൊപ്പം ജീവിച്ച് അവരില്‍ നിന്നുള്ള അക്രമ പ്രതികരണങ്ങളില്‍ സഹനം കൈക്കൊണ്ട് നന്മകള്‍ പകരം നല്‍കി അവരെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് ഓരോ പ്രവാചകനും പ്രബോധകനും ചെയ്യേണ്ടത്. എന്നാല്‍ ആദര്‍ശജീവിതം അസാധ്യമാവുകയും ഉന്മൂലനം ഭയപ്പെടുകയും ഉദ്‌ബോധനം ഏശാതിരിക്കുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ തന്ത്രപരമായ ചില പിന്മാറ്റങ്ങള്‍ അനിവാര്യമാകും. അതാണ് ഹിജ്‌റ. ഈ ഹിജ്‌റ നിര്‍വഹിക്കാതെ കീഴൊതുങ്ങുന്നത് ദൗര്‍ബല്യവും കുറ്റവുമായിട്ടാണ് ഇസ്‌ലാം വിലയിരുത്തുന്നത്. ”അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട് സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങള്‍ എന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രേ. അതെത്ര ചീത്ത സങ്കേതം”(4:97).്യു
പ്രവാചകന്മാരും മുഹമ്മദ് നബി(സ)യും ഹിജ്‌റ വരിക്കുന്നത് ഇത്തരം ആത്യന്തികതയിലാണെന്നത് വ്യക്തമാണല്ലോ.
ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തത്തില്‍ നിന്നുള്ള രക്ഷപ്പെടലോ പിന്മാറ്റമോ ഒളിച്ചോട്ടമോ അല്ല ഹിജ്‌റ എന്ന പാഠമാണ് നീനവയുടെ പ്രവാചകന്‍ യൂനുസി(അ)ന്റെ ചരിത്രം നല്‍കുന്നത്. അവനവന്റെ ഇഷ്ടാനിഷ്ടങ്ങളല്ല, അല്ലാഹുവിന്റെ പ്രീതിയാണ് അതിന്റെ മുന്നുപാധിയെന്ന് ആ ചരിത്രം നമ്മെ തെര്യപ്പെടുത്തുന്നു. മുഹമ്മദ് നബി(സ) ഇത് പറയുന്നുണ്ട്. ഉമര്‍(റ) നിവേദനം ചെയ്യുന്നു: ”തിരുമേനി(സ) അരുളി: കര്‍മങ്ങള്‍ക്ക് (പ്രതിഫലം) ഉദ്ദേശ്യം അനുസരിച്ചാണ്. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതാണ് ലഭിക്കുക. അപ്പോള്‍ വല്ലവനും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും പ്രീതി ഉദ്ദേശിച്ച് ഹിജ്‌റ പുറപ്പെട്ടാല്‍ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും പ്രീതി അവന് ലഭിക്കും. വല്ലവനും ഭൗതിക നേട്ടം ഉദ്ദേശിച്ച് അല്ലെങ്കില്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ച് ഹിജ്‌റ പുറപ്പെട്ടാല്‍ അവന്‍ ഉദ്ദേശിച്ചതാണ് അവന് ലഭിക്കുക” (ബുഖാരി).
ഹിജ്‌റക്ക് വലിയ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്തത്. ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞു പോകുന്നപക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന്‍ കണ്ടെത്തുന്നതാണ്. വല്ലവനും തന്റെ വീട്ടില്‍ നിന്ന് സ്വദേശം വെടിഞ്ഞുകൊണ്ട് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ഇറങ്ങിപ്പുറപ്പെടുകയും അനന്തരം (വഴിമധ്യേ) മരണം അവനെ പിടികൂടുകയും ചെയ്യുന്നപക്ഷം അവനുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടുകഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (4:100).
മുഹാജിറുകളെ ഏറെ പുകഴ്ത്തിക്കൊണ്ടാണ് ഖുര്‍ആന്‍ സംസാരിക്കുന്നത് (2:218, 3:195, 16:41,110).
റസൂല്‍(സ) നിര്‍ബന്ധമാക്കിയ ഹിജ്‌റ മക്കാ വിജയത്തോടെ അവസാനിച്ചു. പുതിയ ലോകക്രമത്തില്‍ ഇത്തരം രാജ്യാന്തര പലായനം എളുപ്പമോ നിയമപരമോ അല്ല. എന്നു മാത്രമല്ല, പലപ്പോഴും അത് അസാധ്യമാണ്. എന്നാല്‍ ഓരോ സത്യവിശ്വാസിക്കുമായി ഹിജ്‌റയുടെ അവസരങ്ങള്‍ തുറന്നുതന്നെ കിടക്കുന്നു. അത് ശാരീരിക പ്രയാണമല്ല, പൈശാചിക പ്രലോഭനങ്ങളില്‍ വീണ് തിന്മകളില്‍ ആഴ്ന്നുപോയേക്കാവുന്ന സന്ദര്‍ഭങ്ങളില്‍ ദൈവിക അധ്യാപനങ്ങളിലേക്കുള്ള മനസ്സിന്റെ പലായനമാണ് ആ ഹിജ്‌റ; ഒരുപക്ഷേ ശാരീരിക പലായനത്തേക്കാള്‍ പ്രയാസകരമായ ഹിജ്‌റ. അത്തരം മുഹാജിറാകാന്‍ സന്നദ്ധമാണോ എന്നാണ് ഓരോ വിശ്വാസിയോടും പുതുവര്‍ഷം ചോദിക്കുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x