12 Thursday
December 2024
2024 December 12
1446 Joumada II 10

ദൈവാനുഗ്രഹങ്ങളുടെ പെരുമഴക്കാലമാണ് റമദാന്‍

എ ജമീല ടീച്ചര്‍


വെയിലില്‍ വെന്തുകിടക്കുന്ന മരുഭൂമിയിലേക്ക് അവിചാരിതമായി പെയ്തിറങ്ങുന്ന മഴയെ കുറിക്കാന്‍ അറബികള്‍ റമദ് എന്ന് പറയാറുണ്ട്. ആ നിലക്ക് ദൈവാനുഗ്രഹങ്ങളുടെ പെരുമഴക്കാലമാണ് റമദാന്‍. പാപങ്ങള്‍കൊണ്ട് ഊഷരമായികിടക്കുന്ന മനുഷ്യമനസ്സിലേക്ക് അപ്രതീക്ഷിതമായി പെയ്തിറങ്ങുന്ന കുളിര്‍ മഴയാണത്. ഈ പവിത്ര മാസത്തെ മറ്റു മാസങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന സവിശേഷതയാണത്. പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണത്. പരിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ ബഖറയില്‍ 185 ആം വചനത്തില്‍ പറയുന്നു: ‘മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സത്യാസത്യങ്ങളെ വിവേചിക്കുന്നതും സന്മാര്‍ഗം കാണിച്ച് തരുന്നതുമായ തെളിഞ്ഞ പ്രമാണങ്ങളായിക്കൊണ്ടും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആ മാസത്തില്‍ സാക്ഷിയായവര്‍ ആ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കണം. അന്ന് രോഗിയോ യാത്രക്കാരനോ ആയവര്‍ മറ്റു നാളുകളില്‍ ഉപവസിച്ച് എണ്ണം തികക്കട്ടെ’
പെരുമഴ പെയ്ത് കുണ്ടും കുഴിയും കിണറും കുളങ്ങളുമെല്ലാം നിറഞ്ഞു കവിയുന്നതുപോലെ റമദാനില്‍ അല്ലാഹുവിന്റെ അനുഗ്രങ്ങളെക്കൊണ്ട് മനുഷ്യ ഹൃദയം നിറഞ്ഞു കവിയുന്നു. ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം. ജാബിറിബ്നു അബ്ദുല്ലയില്‍(റ) നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘റമദാനില്‍ അഞ്ച് അനുഗ്രഹങ്ങള്‍ എന്റെ സമുദായത്തിന് നല്‍കപ്പെട്ടിരിക്കുന്നു. എനിക്ക് മുമ്പ് ഒരു പ്രവാചകനും അത് ലഭിച്ചിട്ടില്ല. ഒന്ന് റമദാനിലെ പ്രഥമ രാവ് സമാഗതമായാല്‍ അല്ലാഹു അവരെ കടാക്ഷിക്കുന്നു. ആരെയാണോ അവന്‍ കടാക്ഷിക്കുന്നത് അവര്‍ പിന്നീടൊരിക്കലും ശിക്ഷിക്കപ്പെടുകയില്ല.
രണ്ട്, നോമ്പുകാരന്റെ വായില്‍ നിന്ന് പ്രദോഷമാകുമ്പോഴുണ്ടാകുന്ന ഗന്ധം അല്ലാഹുവിന്റെ അരികില്‍ കസ്തൂരിയുടെ ഗന്ധത്തിന് സമമാകുന്നു. മൂന്ന്, റമദാനിലെ രാപ്പകലുകളില്‍ മുഴുവന്‍ മാലാഖമാര്‍ നോമ്പുകാരുടെ പാപമോചനത്തിനായി പ്രാര്‍ഥിച്ചു കൊണ്ടിരിക്കും. നാല്, അല്ലാഹു സ്വര്‍ഗത്തോട് കല്‍പിക്കുന്നു: ‘എന്റെ ദാസന്മാര്‍ക്ക് വേണ്ടി അണിഞ്ഞൊരുങ്ങിക്കൊള്ളുക. ഭൗതിക ജീവിതത്തിലെ ക്ലേശങ്ങളില്‍ നിന്ന് എന്റെ ഒരു ഔദാര്യത്തിലേക്കും ഭവനത്തിലേക്കും കടന്നു വരാനും വിശ്രമിക്കുവാനുമായി അവര്‍ക്ക് സമയമായിരിക്കുന്നു.’ അഞ്ച്, റമദാനിലെ അവസാനത്തെ രാവ് ആഗതമായാല്‍ പാപങ്ങളെല്ലാം അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുക്കുന്നു.’ റമദാനില്‍ വ്രതമനുഷ്ഠിക്കുന്ന ദൈവ ദാസന്മാര്‍ക്കായി ഒരുക്കിവെച്ചിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചാണ് ഈ തിരുവചനത്തില്‍ പരാമര്‍ശിക്കുന്നത്.
വ്രതത്തിന്റെ ലക്ഷ്യം
നിയമങ്ങള്‍ വിശദീകരിച്ചതുകൊണ്ട് മാത്രം മനുഷ്യര്‍ക്കിടയില്‍ നീതിയും ന്യായവും നിലനില്‍ക്കയില്ല. നിയമങ്ങളുടെ കുറവ് ഇവിടെ ഒട്ടുമില്ല. എന്നിട്ടും ക്രിമിനലിസം നാട്ടില്‍ നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുകയാണ്.
നിയമങ്ങള്‍ അനുസരിക്കാനുള്ള മന:സംസ്‌കാരമില്ലാത്ത ഒരു സമൂഹത്തില്‍ നിയമപാലകര്‍ വരെ അതനുസരിച്ചുകൊള്ളണമെന്നില്ല. ജീവന്റെയും ധനത്തിന്റെയും പവിത്രതയെ ഹനിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് അവന്റെ കാമ മോഹ ദോഷാദികളാണ്. അവയെ നിയന്ത്രിക്കാനായില്ലെങ്കില്‍ നിയമങ്ങള്‍ പഠിച്ചതുകൊണ്ട് കാര്യമില്ല. തഖ്വ കൊണ്ട് മാത്രമേ അവ നിയന്ത്രിക്കാനാവൂ. ദൈവ ഭക്തിയില്‍ നിന്നുളവാകുന്ന ധാര്‍മിക സദാചാര പ്രതിബദ്ധതയാണ് തഖ്വ.
ഇതുണ്ടാക്കിയെടുക്കണമെങ്കില്‍ മനുഷ്യര്‍ അവന്റെ ജന്തുസഹജമായ വാസനകകളെയും നിയന്ത്രണ വിധേയമാക്കണം. അതിനുള്ള പ്രബലമായ ഒരു ഉപാധിയാണ് വ്രതാനുഷ്ഠാനം. സംസ്‌കാരത്തിന്റെയും തഖ്വയുടെയും ആദ്യപാഠമെന്ന നിലക്ക് പൂര്‍വ സമൂഹങ്ങളിലും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരുന്നു. ‘അല്ലയോ വിശ്വസിച്ചവരേ.. നിങ്ങള്‍ക്ക് വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് മുമ്പുള്ള മതസമൂഹങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ. നിങ്ങള്‍ തഖ്വയുള്ളവരാകാന്‍’ (വി.ഖു: 2:183)
ഹിജ്റ രണ്ടാം വര്‍ഷത്തിലാണ് റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ക്കുമേല്‍ നോമ്പ് നിര്‍ബന്ധമാകുന്നത്. സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസം അതിലില്ല. റമദാനിന്റെ പകലില്‍ സൂര്യന്‍ ഉദിക്കുന്നതിന് മുമ്പ് (ഫജ്റ്) തൊട്ട് സൂര്യന്‍ അസ്തമിക്കുന്നത് വരെയുള്ള സമയത്താണ് നോമ്പ് അനുഷ്ഠിക്കേണ്ടത്.
നിര്‍ബന്ധമില്ലാത്തവര്‍
ചെറിയ കുട്ടികള്‍, പ്രായാധിക്യത്താല്‍ നോമ്പനുഷ്ഠിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഒരിക്കലും രോഗശമനം പ്രതീക്ഷിക്കാനില്ലാത്ത രോഗികള്‍. അവര്‍ ഒരു നോമ്പിന് ഒരു മിസ്‌കീന്റെ ആഹാരം എന്ന തോതില്‍ ഫിദ്യ കൊടുത്താല്‍ മതിയാകും. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും അവര്‍ക്ക് പ്രായാധിക്യമില്ലാത്ത ഘട്ടം വരുമ്പോള്‍ നോമ്പ് നോറ്റു വീട്ടല്‍ തന്നെയാണ് ഉത്തമം. ‘ഒരു മനുഷ്യന്‍ സ്വമനസ്സാല്‍ നന്മ ചെയ്താല്‍ അവന് നല്ലത്. വ്രതമനുഷ്ഠിക്കുന്നത് തന്നെയാണ് ഏറെ ഉല്‍കൃഷ്ടമായിട്ടുള്ളത്. നിങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍’ (2:184)
ഇളവുകള്‍ ആര്‍ക്ക്?
രോഗികള്‍, യാത്രക്കാര്‍, ഇവര്‍ക്ക് റമദാനില്‍ നോമ്പ് പ്രയാസമാണെങ്കില്‍ ഉപേക്ഷിക്കാവുന്നതാണ്. പക്ഷേ മറ്റൊരവസരത്തില്‍ അവരത് നോറ്റ് വീട്ടുക തന്നെ വേണം. ‘അന്ന് രോഗിയായോ യാത്രക്കാരനായോ ആയവന്‍ മറ്റു നാളുകളില്‍ ഉപവസിച്ച് എണ്ണം തികക്കട്ടെ’ (2:185). അവര്‍ക്ക് ഫിദ്യയുടെ ആവശ്യമില്ല. നഷ്ടപ്പെട്ട നോമ്പ് മറ്റു മാസങ്ങളില്‍ നോറ്റ് എണ്ണം പൂര്‍ത്തിയാക്കിയാല്‍ മതി. ഫിദ്യ ധാന്യമായിട്ടും പണമായിട്ടും നല്‍കാവുന്നതാണ്. നമ്മുടെ നാട്ടില്‍ നാം ഭക്ഷിക്കുന്ന ധാന്യം ഏകദേശം 2 കിലോയാണ് ഫിദ്യ. പണമാണങ്കില്‍ അരിയുടെ വില. ഏകദേശം ഇപ്പോഴത്തെ കണക്കനുസരിച്ച് ചുരുങ്ങിയത് 70 രൂപ.
നിഷിദ്ധമായവര്‍
ഹൈള്, നിഫാസ് മുതലായവ ഉള്ളവര്‍ നോമ്പ് നോല്‍ക്കാന്‍ പാടില്ല. അവര്‍ മറ്റു മാസങ്ങളില്‍ നോമ്പ് നോറ്റു വീട്ടിയാല്‍ മതിയാകും. ഇനിയാരെങ്കിലും രക്തസ്രാവം മുറിഞ്ഞ് ശുദ്ധിയായിട്ടുണ്ടെങ്കില്‍ പിറ്റേന്നാളത്തെ നോമ്പിന്റെ നിയ്യത്ത് മനസ്സില്‍ വെച്ച് സുബഹ്് തെറ്റാതെ കുളിച്ച് നോമ്പ് പൂര്‍ത്തിയാക്കിയാല്‍ മതി.
നോമ്പില്‍ ചെയ്യാന്‍
പാടില്ലാത്തത്

പ്രധാനമായും പോഷകമോ, അപോഷകമോ ആയ അന്ന പാനീയങ്ങളുപേക്ഷിക്കുക എന്നത് തന്നെയാണ്. ലൈംഗിക ബന്ധം തീരെ പാടില്ല. നോമ്പിന്റെ പകല്‍ സമയത്ത് ലൈംഗിക ബന്ധം പുലര്‍ത്തിയ ഒരാളോട് നബി(സ) ഒരു അടിമയെ മോചിപ്പിക്കുവാനാണ് പ്രായശ്ചിത്തമായി കല്‍പിച്ചത്. അതിന് കഴിവില്ലെങ്കില്‍ രണ്ട് മാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കാന്‍ കല്‍പിച്ചു. അതിനും സാധ്യമല്ലെങ്കില്‍ 60 മിസ്‌കീന്‍മാര്‍ക്കു ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ കല്‍പിച്ചു. അതിന് സാധ്യമല്ലെന്ന് പറഞ്ഞപ്പോള്‍ നബി(സ) ഒരു പാത്രം കാരക്ക കൊണ്ടുവന്ന് അത് ദാനമായി കൊടുക്കാന്‍ കല്‍പിച്ചു. അത് കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു. പ്രവാചകരേ ഇത് കഴിക്കാന്‍ എന്നെപ്പോലെ ദരിദ്രനായ മറ്റൊരാളെ ഞാന്‍ കാണുന്നില്ല. എങ്കില്‍ നീയും നിന്റെ കുടുംബവും കഴിക്ക് എന്ന് നബി(സ) പറഞ്ഞു.
എന്താണ് നിയ്യത്ത്
റമദാന്‍ നോമ്പ് ഞാന്‍ നോറ്റ് വീട്ടാന്‍ ഉദ്ദേശിക്കുന്നു എന്ന് കരുതലാണ് നിയ്യത്ത്. പഴയ കാലത്തൊക്കെ നിയ്യത്ത് തലേന്നാള്‍ രാത്രി അത്താഴത്തിന് ശേഷം എല്ലാവും കൂടിയിരുന്ന് ഉറക്കെ ഉച്ചരിക്കും. നവയ്തു സൗമ ഒദിന്‍ ലില്ലാഹിത്തആലാ എന്നാണ് ഉച്ചരിച്ചിരുന്നത്. അഥവാ അതെങ്ങാനും മറന്നു പോയാല്‍ പിറ്റേന്ന് നോമ്പുമുണ്ടായിരുന്നില്ല. അതൊക്കെ ഇസ്്ലാഹി പ്രസ്ഥാനം തുടച്ചു നീക്കിയ അനാചാരങ്ങളില്‍ പെട്ടതായിരുന്നു.
നോമ്പ് ഉപേക്ഷിച്ചാല്‍
അബൂയഅ്ല ഉദ്ധരിക്കുന്ന ഹദീസില്‍ ഇപ്രകാരം പറയുന്നു. ഇസ്്ലാമിന്റെ കൈപ്പിടിയും ദീനിന്റെ അടിത്തറയും മൂന്ന് കാര്യങ്ങളിലാകുന്നു സ്ഥാപിച്ചത്. അവയില്‍ ഏതെങ്കിലുമൊന്ന് വല്ലവനും ഉപേക്ഷിച്ചാല്‍ അവന്‍ അതിന്റെ നിഷേധിയും രക്തം അനുവദിക്കപ്പെട്ടവനുമായിത്തീരും. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് സാക്ഷ്യം വഹിക്കല്‍. നിര്‍ബന്ധിത നമസ്‌കാരങ്ങള്‍, റമദാനിലെ വ്രതം എന്നിവയാണവ.
ബോധപൂര്‍വം കാരണങ്ങളൊന്നുമില്ലാത നോമ്പ് ഒഴിവാക്കുന്നത് ഗുരുതരമായ കുറ്റമാണ്. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഹദീസ് ഇപ്രകാരമാണ്. ‘അല്ലാഹു അനുവദിച്ച ഇളവുകളുടെ അടിസ്ഥാനത്തിലല്ലാതെ നോമ്പ് ആരെങ്കിലും ഒഴിവാക്കിയാല്‍ പിന്നീട് വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചാലും അതിന് പകരമാവുകയില്ല’. ഒരു ദിവസത്തെ നോമ്പിന്റെ കാര്യമാണ് ഇപ്പറഞ്ഞത്. എങ്കില്‍ പിന്നെ കാരണമൊന്നുമില്ലാതെ റമദാനിലെ നോമ്പ് മുഴുവന്‍ ഉപേക്ഷിച്ചാലുള്ള ശിക്ഷ എത്രത്തോളമായിരിക്കും. നോമ്പിന്റെ തലേദിവസം വിസ്തരിച്ച് കുളിക്കുന്നതിനാണ് നനച്ച് കുളി എന്ന് പറയുന്നത്. ഇങ്ങനെ ഒരു കുളി ഇസ്‌ലാമിലില്ല.
നോമ്പ്കാരനും
പല്ലുതേക്കലും

നോമ്പുകാരന്‍ ഉച്ചക്ക് ശേഷം പല്ലുതേക്കരുത് എന്ന ഒരു അന്ധവിശ്വാസമുണ്ട്. ഇസ്‌ലാമുമായി ഇതിന് ബന്ധമില്ല. നബി(സ)യും സ്വഹാബത്തും നോമ്പുകാരായിരിക്കെ പല്ല് തേക്കാറുണ്ടായിരുന്നു. ‘ഇബ്നു ഉമര്‍(റ) പറയുന്നു. ഒരു മനുഷ്യന് പകലിന്റെ ആരംഭത്തിലും അവസാനത്തിലും മിസ്വാക്ക് ചെയ്യാം. പക്ഷേ പല്ല് തേച്ച് തുപ്പ്നീര്‍ വിഴുങ്ങാന്‍ പാടില്ല (ബുഖാരി)
ആമിര്‍(റ) നിവേദനം. നബി(സ) നോമ്പുകാരനായിരിക്കെ എനിക്ക് എണ്ണിക്കണക്കാക്കാന്‍ സാധിക്കാത്ത അത്ര പല്ല് തേക്കാറുണ്ടായിരുന്നു (ബുഖാരി, അബൂദാവൂദ്)
കര്‍മങ്ങളുടെ സ്വീകാര്യത
തൗഹീദില്‍ അടിയുറച്ച വിശ്വാസമുണ്ടാകുക. ജീവിതത്തില്‍ ഒരിക്കലും ശിര്‍ക്ക് ചെയ്യാതിരിക്കുക. അല്ലാഹു പറയുന്നു: ‘പ്രവാചകരേ, അങ്ങേക്കും അങ്ങേക്ക് മുമ്പുള്ളവര്‍ക്കും വഹ്യ് ഇറക്കപ്പെടാതെ പോയിട്ടില്ല. അങ്ങയുടെ പക്കല്‍ ശിര്‍ക്ക് വന്നാല്‍ (അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍) അങ്ങയുടെ കര്‍മങ്ങളെല്ലാം നിഷ്ഫലമാകും. എന്നെന്നേക്കുമായി നഷ്ടക്കാരില്‍ ഉള്‍പ്പെടുകയും ചെയ്യും.’
നബി(സ)യുടെ ജീവിതത്തിലൊരിക്കലും ശിര്‍ക്ക് വരില്ല. അപ്പോള്‍ ഈ കല്‍പന ലോകത്തുള്ള സത്യവിശ്വാസികളോടെല്ലാമാണ്. നോമ്പ്, എന്ന് മാത്രമല്ല, നമസ്‌കാരം, സകാത്ത്, ഹജ്ജ് ഇങ്ങനെയുള്ള ഏത് ആരാധനയും അല്ലാഹുവിന്റെ അരികില്‍ സ്വീകാര്യയോഗ്യമാകണമെങ്കില്‍ ശിര്‍ക്ക് കലരാതിരിക്കണം. പ്രാര്‍ഥന ആരാധനയുടെ മജ്ജയാണെന്നാണ് തിരുമേനി(സ) പഠിപ്പിച്ചത്. അതുകൊണ്ട് പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമേ ആകാവൂ. റബ്ബ് പറഞ്ഞു. ‘നിങ്ങള്‍ എന്നെ വിളിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം ചെയ്യും. എന്നെ ആരാധിക്കുന്നതില്‍ നിന്ന് ആരാണോ അഹംഭാവം കാണിക്കുന്നത്, അവര്‍ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്’ (ഗാഫിര്‍ 60).
റമദാന്‍ 17 ന് ബദ്രീങ്ങളുടെ ആണ്ട് എന്ന പേരില്‍ 313 പത്തിരി ചുട്ട് അത് പള്ളിയിലേക്കയച്ച് വലിയ ചെമ്പില്‍ ഇറച്ചിയും വെച്ച് നേര്‍ച്ച കഴിക്കുന്ന ഏര്‍പ്പാട് നിര്‍ത്തുക. അതെല്ലാം ശിര്‍ക്കിന്റെ വകഭേദങ്ങളാണ്. ശിര്‍ക്കിനെ എത്രത്തോളം ഭയക്കണമെന്നറിയാമോ? ‘തീര്‍ച്ചയായും ആര് അല്ലാഹുവിനോട് പങ്ക് ചേര്‍ത്തുവോ നിശ്ചയം അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു. അവന്റെ സങ്കേതം നരകമാണ്. ധിക്കാരികള്‍ക്ക് യാതൊരു സഹായിയുമില്ല.’ (അല്‍മാഇദ 72)
തൗഹീദ് പൂര്‍ണമായി ഉള്‍ക്കൊണ്ടവന് ഒന്നിനെയും ഭയക്കേണ്ടി വരില്ല. ‘വിശ്വസിക്കുകയും വിശ്വാസത്തെ ദ്രോഹം (ശിര്‍ക്ക്) കൊണ്ട് കലര്‍ത്താതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കാണ് നിര്‍ഭയത്വം. അവര്‍ സന്മാര്‍ഗം സിദ്ധിച്ചവരുമത്രേ.’ (അല്‍ അന്‍ആം82)

Back to Top