തെറ്റിദ്ധരിപ്പിക്കപ്പെട്ട ദൈവമിത്ര സങ്കല്‍പം
വി യു മുത്തലിബ് കടന്നപ്പള്ളി
നരബലിയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ അന്ധവിശ്വാസങ്ങളുടെ മറവില്‍ ദൈവവിശ്വാസത്തെ പരിഹാസവിധേയമാക്കുന്ന രീതിയില്‍ ചര്‍ച്ചകളെ വഴിതിരിച്ചുവിടാനുള്ള ശ്രമം നവലിബറല്‍-യുക്തിവാദി മേഖലകളില്‍ നിന്നു വന്നുകൊണ്ടിരിക്കുന്നതായി കാണാം. ഈയൊരു പശ്ചാത്തലത്തില്‍ ദൈവവിശ്വാസത്തെ അടിക്കാനായി തല്‍പരകക്ഷികള്‍ ഉപയോഗപ്പെടുത്തുന്ന സിദ്ധന്‍, ഔലിയ തുടങ്ങിയ പദങ്ങളെ സംബന്ധിച്ചുള്ള ഇസ്‌ലാമിക കാഴ്ചപ്പാട് പറയാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
സാധാരണ ജനങ്ങള്‍ അല്ലാഹുവിലേക്ക് അടുക്കുന്നതിനു വേണ്ടി മഹാന്മാരായ ആളുകളെ സമീപിക്കുന്ന രീതി നാം പൊതുവേ കണ്ടുവരാറുണ്ട്. ഈയിനത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട മേഖലയാണ് അല്ലാഹുവിന്റെ ഔലിയാക്കളുമായി ബന്ധപ്പെട്ട വിഷയം. ആത്മീയ വാണിഭം ധനസമ്പാദനത്തിന്റെ മുഖ്യസ്രോതസ്സായി കൊണ്ടുനടക്കുന്നവര്‍ ഈയൊരു സമസ്യയെ തെറ്റായി വ്യാഖ്യാനിക്കുന്നതായി കാണാം. ഔലിയാക്കള്‍ അല്ലാഹുവിന്റെ അടുക്കല്‍ പ്രത്യേകം സ്ഥാനമുള്ളവരാണ്, അവരിലേക്ക് അടുക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്, അല്ലാഹു തന്നെയും പല ഔലിയാക്കളായ മഹാന്മാരിലൂടെയും തന്റെ സാമീപ്യം തേടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ഈ ഔലിയാക്കള്‍ സാധാരണ മനുഷ്യരെ പോലെയല്ല, വേറെയേതോ സൃഷ്ടിവൈഭവം കൊണ്ട് പടക്കപ്പെട്ടവരാണ് എന്നിങ്ങനെയാണ് തല്‍പരകക്ഷികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുള്ളത്. സാധാരണക്കാരായ ആളുകള്‍ അജ്ഞത കൊണ്ട് ഈ വിഷയത്തില്‍ എന്തൊക്കെയോ ധരിച്ചുവെച്ചിരിക്കുന്നതായി നമുക്ക് കാണാവുന്നതാണ്. എന്നാല്‍ ഇതിന്റെ ഇസ്‌ലാമിക മാനം എന്താണെന്ന് നമുക്ക് പരിശോധിക്കാം.
അമ്പിയാ-ഔലിയാക്കള്‍ എന്നത് നമുക്കിടയില്‍ സര്‍വസാധാരണമായ ഒരു പ്രയോഗമാണ്. ഈ പ്രയോഗത്തില്‍ നിന്നുതന്നെ തെറ്റിദ്ധാരണകള്‍ക്ക് തുടക്കം കുറിക്കുന്നതായി സൂക്ഷ്മ നിരീക്ഷണത്തില്‍ കാണാം. അമ്പിയാ-ഔലിയാക്കള്‍ എന്ന് ചേര്‍ത്തു പ്രയോഗിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നം ‘അല്ലാഹു, പിന്നെ മലക്കുകള്‍, പിന്നെ അമ്പിയാക്കള്‍, അത് കഴിഞ്ഞ് ഔലിയാക്കള്‍’ എന്നൊരു ആഖ്യാനമാണ് ഉണ്ടാകുന്നത്. ഇവയെ പല ദറജകളിലായി ജനങ്ങള്‍ മനസ്സിലാക്കി പ്രയോഗിക്കുമ്പോള്‍, ഔലിയാക്കളുടെ സ്ഥാനം മനസ്സിലാക്കുന്നിടത്ത് തെറ്റിദ്ധാരണാജനകമായ പല കാര്യങ്ങളും വരുന്നു എന്നതാണ് യാഥാര്‍ഥ്യം. അല്ലാഹുവിന്റെ മലക്കുകളെ കുറിച്ച് അവന്‍ നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്. എന്നാല്‍ അമ്പിയാക്കള്‍ അഥവാ പ്രവാചകന്മാര്‍ വളരെ സവിശേഷവും പ്രധാനപ്പെട്ടതുമായ രണ്ടു പ്രത്യേകതകള്‍ ഉള്ളവരാണെന്ന് നമുക്ക് കാണാം. അതിലൊന്നാണ് പാപസുരക്ഷിതത്വം. ഏത് അവസ്ഥയിലും പാപങ്ങളോ വീഴ്ചകളോ ഒരിക്കലും സംഭവിക്കുകയില്ല എന്നല്ല ഉദ്ദേശിക്കുന്നത്. മനുഷ്യസഹജമായ വീഴ്ചകള്‍ പ്രവാചകന്മാര്‍ക്ക് സംഭവിക്കാം. അങ്ങനെ വല്ല വീഴ്ചകളും സംഭവിക്കുമ്പോള്‍ അത് സംഭവിക്കാതിരിക്കാനുള്ള ഒരു കാവലും, ഇനി സംഭവിച്ചാല്‍ തന്നെ അതിനെ തിരുത്താനുള്ള സംവിധാനങ്ങളും അല്ലാഹുവിന്റെ ഭാഗത്തു നിന്നുണ്ട് എന്നാണ് ഇതിന്റെ സാരം. അങ്ങനെയല്ലാതെ വരുമ്പോള്‍ അത് മലക്കുകളുടെ പ്രകൃതത്തിലേക്ക് ചേര്‍ക്കപ്പെടും എന്നതുകൊണ്ടാണ് ഇത്തരത്തില്‍ നമ്മോട് മനസ്സിലാക്കാന്‍ ആവശ്യപ്പെട്ടത്. പ്രവാചകന്മാര്‍ക്ക് ചെറിയ ചെറിയ വീഴ്ചകള്‍ സംഭവിക്കാം എന്നത് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസപരമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. മറ്റൊരു പ്രധാനപ്പെട്ട സവിശേഷത, സാധാരണ ജനങ്ങളില്‍ നിന്നു വ്യത്യസ്തമായി പ്രവാചകന്മാര്‍ക്ക് വഹ്‌യ് ലഭിക്കുന്നു എന്നതാണ്. ഇത്തരം സവിശേഷതകളുള്ള അമ്പിയാക്കന്മാരുമായി ഔലിയാക്കളെ കൂട്ടിക്കെട്ടുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നം അമ്പിയാക്കന്മാരെ പോലെത്തന്നെ വഹ്‌യ് എല്ലാം ലഭിക്കുന്ന സവിശേഷതയുള്ള വിഭാഗമാണ് ഔലിയാക്കന്മാരും എന്ന് സാധാരണ ജനങ്ങള്‍ തെറ്റായി കരുതുന്നു.
യഥാര്‍ഥത്തില്‍ അമ്പിയാക്കന്മാരെ പോലെത്തന്നെ ഔലിയാക്കന്മാര്‍ എന്ന ഒരു പ്രത്യേക വിഭാഗമുണ്ടോ? ഉണ്ടെങ്കില്‍ അതാരാണ്? അവരെപ്പറ്റി വിശുദ്ധ ഖുര്‍ആനോ തിരുസുന്നത്തോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ പറഞ്ഞ കാര്യം എന്തെല്ലാമാണ്?
എന്താണ് വിലായത്ത്?
ഔലിയാക്കള്‍ ഏതോ ഒരവസ്ഥയിലും തലങ്ങളിലുമുള്ളവരാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ സാധാരണയായി പറയാറുള്ളത് ‘അവര്‍ അല്ലാഹുവുമായി വിലായത്തിലാണ്’ എന്നതാണ്. വിലായത്തിന്റെ ഭാഷാപരമായ അര്‍ഥം സാമീപ്യം, അടുപ്പം, ചങ്ങാത്തം, മിത്രം എന്നൊക്കെയാണ്. അല്ലാഹുവുമായി അയാള്‍ വിലായത്തിലാണ് അഥവാ അല്ലാഹുവുമായി അയാള്‍ അടുപ്പത്തിലാണ്, ചങ്ങാത്തത്തിലാണ് എന്നു പറയുമ്പോള്‍ അല്ലാഹുവിന്റെ മനുഷ്യസൃഷ്ടികളില്‍ ഏതെങ്കിലുമൊരാള്‍ക്കു മാത്രം എത്തിപ്പെടാവുന്ന സവിശേഷമായ സ്ഥാനമല്ല അതെന്നു വിലായത്തിന്റെ ഭാഷാഘടനയും ഉദ്ദേശ്യവും പരിശോധിച്ചാല്‍ മനസ്സിലാകും. അല്ലാഹുവിനോട് ചങ്ങാത്തത്തിലും അടുപ്പത്തിലും എത്തിപ്പെടാന്‍ ആഗ്രഹിക്കാത്ത ഏത് വിശ്വാസിയാണുള്ളത്? ഏതൊരു വിശ്വാസിക്കും അങ്ങനെയല്ലാതെ പൂര്‍ണമനസ്സോടെ വിശ്വാസിയായി നിലനില്‍ക്കാനാവില്ല. അല്ലാഹുവിനോട് ശത്രുതയിലായിക്കൊണ്ട് ഒരാള്‍ മുഅ്മിനാവുക എന്നത് അസംഭവ്യമാണ്. അല്ലാഹുവിനോട് അടുക്കാനുള്ള പരിശ്രമങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവാം. എന്നാല്‍ ഒരു ദുര്‍ബലനായ വിശ്വാസി പോലും അല്ലാഹുവിനോടുള്ള വിലായത്തിലാണെന്നു പറയുന്നതിന്റെ ഭാഷാപരമായ അര്‍ഥം, അവന്‍ അല്ലാഹുവുമായി ഒരു മിത്രബന്ധത്തിന് ഉദ്ദേശിക്കുന്നു എന്നതാണ്. വലിയ്യ് എന്ന പദത്തിന്റെ ബഹുവചനമാണ് ഔലിയ. ഈ പ്രയോഗങ്ങളില്‍ നിന്നുതന്നെ ഏതോ ഒന്നോ രണ്ടോ അല്ലെങ്കില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ക്ക് മാത്രം കരഗതമാക്കാനുള്ളതല്ല ആ സ്ഥാനം എന്നു മനസ്സിലാക്കാം. പലപ്പോഴും ബഹുവചന പ്രയോഗമായ ഔലിയ എന്ന പദം പോലും ഒരാളെ സൂചിപ്പിക്കുന്നതിനു മാത്രമായി മനഃപൂര്‍വമോ അല്ലാതെയോ ചിലര്‍ പ്രയോഗിക്കാറുണ്ട്. ഇതും തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാകുന്നുണ്ട്.
ഇനി അല്ലാഹുവിന്റെ ഔലിയാക്കളെക്കുറിച്ച് ഖുര്‍ആന്‍ എന്താണ് പറയുന്നതെന്നു നോക്കാം. നാമെല്ലാവരും തന്നെ പലവുരു കേട്ടിട്ടുള്ള അലാ ഇന്ന ഔലിയാഅല്ലാഹി… എന്നു തുടങ്ങുന്ന സൂറഃ യൂനുസിലെ 62ാം വചനമാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഉദ്ധരിക്കാറുള്ളത്. അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്നാല്‍ അവര്‍ ഭയപ്പെടുകയുമില്ല, ദുഃഖിക്കുകയുമില്ല എന്ന പ്രയോഗത്തില്‍ തുടങ്ങുന്ന സൂക്തം. പ്രവാചകന്മാരെ കുറിച്ച് പറയുന്നിടത്തും ഈ പ്രയോഗം ഖുര്‍ആന്‍ ഉപയോഗിച്ചതായി കാണാം. ഇത് എന്തോ ഒരു അസാധാരണ സിദ്ധിയുള്ളവരെ സംബന്ധിച്ചാണ്, ഭയവും ദുഃഖവും ബാധിക്കാത്ത ഒരവസ്ഥ അവര്‍ക്കുണ്ട് എന്ന് തെറ്റിദ്ധരിക്കുകയോ അല്ലെങ്കില്‍ അങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതിലോ ആണ് വിഷയത്തിന്റെ മര്‍മം കുടികൊള്ളുന്നത്. ആത്മീയ വാണിഭം ഉന്നംവെക്കുന്നവരുടെ ഭാഗത്തുനിന്നാണ് അത്തരമൊരു വ്യാഖ്യാനം സാധാരണയായി കേള്‍ക്കാറുള്ളത്. ഭയവും ദുഃഖവും ബാധിക്കില്ല എന്നതിന്റെ സാരം ഒന്നുകൂടി വ്യക്തമാകാന്‍, ആദം നബി(സ)യെ സ്വര്‍ഗത്തില്‍ നിന്നു ഭൂമിയിലേക്ക് പറഞ്ഞയക്കുന്ന സന്ദര്‍ഭം വിവരിക്കുന്ന ഖുര്‍ആന്‍ വചനം കൂടി ചേര്‍ത്തുവായിച്ചാല്‍ മതി.
അവര്‍ ഭയപ്പെടേണ്ടതില്ല,
ദുഃഖിക്കേണ്ടതുമില്ല
അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതുമില്ല എന്ന ഖുര്‍ആനിന്റെ പൊതുവായ പ്രഖ്യാപനത്തെ തങ്ങളുടെ ആത്മീയവാണിഭത്തിന് താത്വിക മാനം ചമയ്ക്കാന്‍ ചിലര്‍ ഉപയോഗിക്കാറുണ്ട്. ഔലിയാക്കളായ മഹാത്മാക്കള്‍ക്ക് ഒരിക്കലും ഭയവും ദുഃഖവും ഉണ്ടാവുകയില്ല, കാരണം അവരെ അല്ലാഹു അങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നും, എന്നാല്‍ ഭയവും ദുഃഖവും വരാതെ നോക്കല്‍ അവരുടെ കടമയാണ് എന്നും കൂട്ടിച്ചേര്‍ത്തുകൊണ്ട് പറയാറുണ്ട്. ഈ രണ്ട് വികാരങ്ങളും പ്രവാചകന്മാര്‍ക്കു പോലും സംഭവിച്ചിരിക്കെ പിന്നെയെങ്ങനെയാണ് ഔലിയാക്കള്‍ക്കു മാത്രം ബാധകമാകാതിരിക്കുക? അതായത് ഒരിക്കലും ഭയവും ദുഃഖവും സംഭവിക്കാത്ത ഒരവസ്ഥ ഔലിയാക്കള്‍ക്ക് ഉണ്ടാവുമോ? അവിടെയാണ് ആത്മീയവാണിഭത്തിനു താത്വിക മാനം ചമച്ചില്ലെങ്കില്‍ കച്ചവടം പൂട്ടിപ്പോകാന്‍ സാധ്യതയുണ്ട് എന്ന തിരിച്ചറിവില്‍ നിന്ന് അത്തരമൊരു വ്യാഖ്യാനത്തിലേക്ക് ചിലര്‍ എത്തിച്ചേരുന്നത്. എന്നാല്‍ അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതുമില്ല എന്ന അല്ലാഹുവിന്റെ പ്രഖ്യാപനം മുഴുവന്‍ മനുഷ്യരാശിയോടുമാണ് പറഞ്ഞിരിക്കുന്നത് എന്നു വ്യക്തമാക്കുന്ന മറ്റൊരു സന്ദര്‍ഭം കാണുക:
ഫഇമ്മാ യഅ്തിയന്നകും മിന്നീ ഹുദന്‍ ഫമന്‍ തബിഅ ഹുദായ ഫലാ ഖൗഫുന്‍ അലൈഹിം വലാഹും യഹ്‌സനൂന്‍ (എന്നില്‍ നിന്ന് ആര്‍ക്ക് സന്മാര്‍ഗസന്ദേശം വന്നു ലഭിച്ചുവോ, ആര് ആ ജീവിതമാര്‍ഗം പിന്‍പറ്റിയോ അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതുമില്ല). ആദം നബിയെ ഭൂമിയിലേക്ക് നിയോഗിച്ചുകൊണ്ട് അല്ലാഹു മനുഷ്യരോടായി പ്രഖ്യാപിച്ച നിലപാടാണിത്. ഈ വചനത്തിലുള്ള ‘ലാ ഖൗഫുന്‍ അലൈഹിം വലാഹും യഹ്‌സനൂന്‍’ എന്ന ഭാഗം കൃത്യമായി മനസ്സിലാക്കിയാല്‍, പ്രസ്തുത പ്രഖ്യാപനത്തിന്റെ ആത്മീയവാണിഭവുമായി കൂട്ടിക്കെട്ടിയുള്ള വ്യാഖ്യാനക്കസര്‍ത്ത് അസ്ഥാനത്താവുകയാണെന്നു കാണാം. ഭയവും ദുഃഖവും വേണ്ടതിെല്ലന്ന് അല്ലാഹു പറഞ്ഞത് മുഴുവന്‍ മനുഷ്യരോടുമാണെന്ന് ഈ ആയത്തില്‍ നിന്നു വ്യക്തമാവുന്നു. അതായത് അല്ലാഹു, ഭൂമിയില്‍ അവനു വഴിപ്പെട്ട് ജീവിക്കുന്ന ആളുകള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനമാണ് ‘അവര്‍ ഭയവും ദുഃഖവും ഇല്ലാത്തവരായിരിക്കും’ എന്നത്. അതല്ലാതെ ഏതോ ഒരവസ്ഥയിലുള്ള ഏതാനും പേര്‍ക്ക് നല്‍കപ്പെട്ടതല്ല എന്ന് സാരം.
ഇനി ഇപ്പറഞ്ഞ ഭയവും ദുഃഖവുമെന്നത് മനുഷ്യപ്രകൃതവുമായി ബന്ധപ്പെട്ടതാണെന്ന് കാണാം. അഭൗതികമായ ഒരു അവസ്ഥയിലുള്ളതല്ല ഈ പരാമര്‍ശമെന്നത് ഖുര്‍ആന്‍ തന്നെ തെളിയിക്കുന്നുണ്ട്. മൂസാ നബി(അ)യുടെ ചരിത്രം പറയുന്നിടത്ത്, അദ്ദേഹം കൊണ്ടുനടന്നിരുന്ന വടി അല്ലാഹു താഴെയിടാന്‍ പറഞ്ഞപ്പോള്‍ അത് പാമ്പായ സന്ദര്‍ഭത്തില്‍ അദ്ദേഹം ഭയന്നു വിറച്ചതായി ഖുര്‍ആന്‍ തന്നെ പറയുന്നു. അതായത് പെട്ടെന്ന് മുന്നില്‍ പാമ്പിനെ കണ്ടപ്പോള്‍ മൂസാ നബി(അ) പോലും പേടിച്ചു വിറച്ചു. മൂസാ നബിയും മനുഷ്യനാണ്. സ്വാഭാവികമായും മനുഷ്യപ്രകൃതമായ ഭയം സംഭവിക്കുക തന്നെ ചെയ്യുമെന്ന് ഖുര്‍ആന്‍ തന്നെ ആണയിടുന്നു. ഉടനെ ‘നീ പേടിേക്കണ്ട, പാമ്പിനെ ഞാന്‍ പൂര്‍വസ്ഥിതിയില്‍ തന്നെയാക്കുന്നതാണ്’ എന്ന് അല്ലാഹു മൂസാ നബിയോട് പറയുന്നതായി കാണാം. ‘ഭൂമിയില്‍ അല്ലാഹുവിനെ വഴിപ്പെട്ട് ജീവിക്കുന്നവര്‍ക്ക് ധൈര്യവും സ്ഥൈര്യവും ലഭിക്കുന്നതോടൊപ്പം അവര്‍ക്ക് പേടിയുണ്ടാവുകയില്ല’ എന്നു പറഞ്ഞതിന്റെ യഥാര്‍ഥ പൊരുള്‍, പരലോകത്തെ ഒരു നിര്‍ണായക ഘട്ടത്തില്‍ അല്ലാഹുവിന് വഴിപ്പെട്ട് ജീവിച്ചവര്‍ അനുഭവിക്കാന്‍ പോകുന്ന നിര്‍ഭയമായ അവസ്ഥയാണെന്ന് അതുമായി ബന്ധപ്പെട്ട പഠനത്തില്‍ കാണാം.
മനുഷ്യാരംഭം മുതല്‍ ലോകാവസാനം വരെ ജീവിച്ച മുഴുവന്‍ ആളുകളെയും ഒരുമിച്ചുകൂട്ടി വിചാരണ ചെയ്യപ്പെടുന്ന ഘട്ടം. ഓരോ വ്യക്തിക്കും തന്റെ ബലഹീനതയും ദൗര്‍ബല്യവും കഴിവുകേടുകളും നിസ്സഹായതയും ബോധ്യപ്പെടുന്ന ഏറ്റവും ഭീതിദമായ രംഗമെന്നു പറയുന്നത് അല്ലാഹു വിവരിച്ചതു പ്രകാരം മഹ്ശറയിലെ വിചാരണാവേളയാണ്. അത്തരമൊരു ഘട്ടത്തില്‍ അല്ലാഹുവിനെ വഴിപ്പെട്ടു ജീവിച്ചവര്‍ പോലും സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും ആളുകളെ വേര്‍തിരിക്കുന്ന സ്വാഭാവികമായ ആ പ്രക്രിയയിലൂടെ കടന്നുപോകേണ്ടവരാണ്. അതിനു വേണ്ടി കാത്തിരിക്കുന്ന ആ നിര്‍ണായക ഘട്ടത്തില്‍ അല്ലാഹുവിനു വഴിപ്പെട്ടു ജീവിച്ചവര്‍ക്കു വേണ്ടി പ്രത്യേകമായ ഒരു അശരീരിയുണ്ടാകുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. അവിടെ അവര്‍ക്ക് ലഭിക്കുന്ന സവിശേഷമായ ഒരവസ്ഥയെയാണ്, ഭയവും ദുഃഖവും ബാധിക്കുകയില്ല എന്ന് പറയുമ്പോള്‍ മനസ്സിലാക്കേണ്ടത്.