7 Saturday
December 2024
2024 December 7
1446 Joumada II 5

ദാഹാര്‍ത്തമായ ഒട്ടകത്തെപ്പോലെ

ടി പി എം റാഫി


പുറമേക്ക് പ്രക്ഷുബ്ധമല്ലാത്ത, ഇണചേരല്‍ കാലത്തൊഴികെ ഒട്ടുമിക്കപ്പോഴും ശാന്തപ്രകൃതിയുള്ള സസ്തനിയാണ് ഒട്ടകം. ഒരറബിയുടെ ഭാവപരിച്ഛേദം ഒട്ടകത്തില്‍ കണ്ടെത്താനാവും. ‘ജമല്‍’ എന്ന അറബി വാക്കില്‍ നിന്നാണ് ‘ക്യാമല്‍’ ഉണ്ടായത്. പ്രധാനമായും അറേബ്യന്‍, ബാക്ട്രിയന്‍ എന്നീ രണ്ടു സ്പീഷീസുകളുണ്ട് ഇവയ്ക്ക്.
മരുഭൂമിയിലെ ദുര്‍ഘടമായ ദീര്‍ഘയാത്രയ്ക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ഇവയുടെ ശരീരഘടന. ‘മരുഭൂമിയിലെ കപ്പല്‍’ എന്ന പേര് ഈ സാധുമൃഗത്തിനു കിട്ടിയതും അതുകൊണ്ടുതന്നെ. കുതിരയും മറ്റും സഞ്ചരിക്കുന്നതുപോലെയല്ല ഒട്ടകങ്ങളുടെ നടത്തം. കുതിര നടക്കുമ്പോള്‍ മുന്നിലെ വലതുകാലിനൊപ്പം പിന്നിലെ ഇടതുകാലാണ് മുന്നോട്ടായുന്നത്. എന്നാല്‍ ഒട്ടകമാകട്ടെ, മുന്‍വശത്തെ വലതുകാലിനോടൊപ്പം പിന്‍വശത്തെ വലതുകാലാണ് വെക്കുന്നത്.
തുടര്‍ന്ന് മുന്‍വശത്തെ ഇടതുകാലും പിന്‍വശത്തെ ഇടതുകാലും എന്ന ക്രമത്തില്‍. 18 മണിക്കൂര്‍ തുടര്‍ച്ചയായി നടക്കാന്‍ ഒട്ടകത്തിന് ഒരു പ്രയാസവുമില്ല. കണ്ടാല്‍ തോന്നില്ലെങ്കിലും, ഒട്ടകത്തിന് മണിക്കൂറില്‍ 70-75 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ സാധിക്കും. അറബ് നാടുകളില്‍ ഇവയുടെ ഓട്ടപ്പന്തയങ്ങള്‍ പതിവു കാഴ്ചയാണ്. യൂറോപ്പില്‍ ആദ്യമായി ഒട്ടകങ്ങളുടെ ഓട്ടപ്പന്തയം നടത്തിയത് 1997ല്‍ ബെര്‍ലിന്‍ നഗരത്തിലായിരുന്നുവത്രേ.
ഇഷ്ടാനുസരണം അടയ്ക്കാനും തുറക്കാനും കഴിയുന്ന മൂക്കാണ് ഇവയുടെ മറ്റൊരു സവിശേഷത. ശ്വാസകോശത്തെ, സവാരിക്കിടയില്‍ മണല്‍ കയറാതെ രക്ഷിക്കുന്നതിന് ഇതു സഹായകമാണ്. സാധാരണ സസ്തനികള്‍ക്ക് 20 ശതമാനം ജലനഷ്ടം സംഭവിച്ചാല്‍ ജീവന്‍ അപകടത്തിലാവുമെങ്കില്‍, ഒട്ടകത്തിന് 40 ശതമാനം ജലനഷ്ടമുണ്ടായാലും വലിയ പ്രശ്‌നമുണ്ടാവില്ല.
ഒട്ടകത്തിന്റെ ശരീരത്തിലെ മുഴുവന്‍ കൊഴുപ്പും നിക്ഷേപിക്കപ്പെടുന്നത് പൂഞ്ഞയിലാണ്. ധാരാളം ആഹാരം ലഭിക്കുമ്പോള്‍ പൂഞ്ഞ തടിച്ചുകൊഴുക്കും. ഈ കൊഴുപ്പ് പ്രയോജനപ്പെടുത്തി പ്രതികൂല സാഹചര്യങ്ങളില്‍ ഇവ ജീവിക്കുന്നു. ജലം കിട്ടാതെ വരുമ്പോഴും ഈ കൊഴുപ്പ് ശിഥിലീകരിച്ച് ഹൈഡ്രജന്‍ ആറ്റങ്ങള്‍ സ്വതന്ത്രമാക്കുന്നു. ഇത് ശ്വസനവായുവിലെ ഓക്‌സിജനുമായി സംയോജിപ്പിച്ച് കോശങ്ങളിലെ ജലനഷ്ടം പരിഹരിക്കുന്നു.
ഒട്ടകങ്ങളുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ രൂപം ദീര്‍ഘവൃത്താകൃതിയിലാണ്. അകത്തേക്ക് അല്‍പം കോണ്‍കേവായി കുഴിഞ്ഞിരിക്കുന്നുമുണ്ട്. രക്താണുക്കളുടെ ഈ പ്രത്യേക ആകൃതി രക്തത്തിന്റെ ലവണസാന്ദ്രത(ഓസ്‌മോളാരിറ്റി)യില്‍ വരുന്ന വലിയ മാറ്റങ്ങളെ നേരിടാന്‍ പ്രയോജനപ്പെടുന്നു.
ഭക്ഷണവും വെള്ളവുമില്ലാതെ ദീര്‍ഘകാലം നിലനില്‍ക്കാന്‍ പാകത്തിലുള്ള വിസ്മയിപ്പിക്കുന്ന ഫിസിയോളജിക്കല്‍ അഡാപ്‌റ്റേഷനുകളുടെ ഒരു നീണ്ട പരമ്പര തന്നെ ഒട്ടകത്തിനുണ്ട്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയില്‍ പോലും ഇവയ്ക്ക് 10 ദിവസത്തിലൊരിക്കല്‍ മാത്രമേ വെള്ളം കുടിക്കേണ്ടതുള്ളൂ. ദാഹിച്ചു വലഞ്ഞ ഒട്ടകത്തിന്, വെറും മൂന്നു മിനിറ്റിനുള്ളില്‍ 200 ലിറ്റര്‍ വെള്ളം അകത്താക്കാന്‍ കഴിയും. ഏറ്റവും വേഗത്തില്‍ വെള്ളം കുടിക്കാന്‍ കഴിയുന്ന മൃഗമെന്ന ജന്തുശാസ്ത്ര റെക്കോര്‍ഡും ഒട്ടകത്തിനുണ്ട്.
”ഒട്ടകത്തെക്കുറിച്ച് അവര്‍ മനസ്സിലാക്കുന്നില്ലേ, അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്” (88:17) എന്ന വിശുദ്ധ ഖുര്‍ആന്റെ ചോദ്യം, അവയുടെ ഫിസിയോളജിക്കല്‍ അഡാപ്‌റ്റേഷനുകളെക്കുറിച്ച് ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
ഒട്ടകത്തെപ്പറ്റി ഖുര്‍ആനിലും ബൈബിളിലും ധാരാളം പരാമര്‍ശങ്ങള്‍ കാണാം. ഖുര്‍ആനിലെ ഗാശിയ 17, അന്‍ആം 144, യൂനുസ് 65, 72, ഹജ്ജ് 36 തുടങ്ങിയ സൂക്തങ്ങളില്‍, വ്യത്യസ്ത പര്യായപദങ്ങളില്‍ ഈ അനിതര സാധാരണമായ സസ്തനി കടന്നുവരുന്നുണ്ട്. ബൈബിളില്‍ മത്തായി 19:24, മാര്‍ക്കോസ് 10:25, ആവര്‍ത്തന പുസ്തകം 14:7, ലേവ്യ പുസ്തകം 11:4, ഉല്‍പത്തി 12:16 എന്നു തുടങ്ങി ഒട്ടേറെ വചനങ്ങളില്‍ ഒട്ടകം ഇടം നേടിയിട്ടുണ്ട്. ഒട്ടകത്തിന്റെ വൈവിധ്യമാര്‍ന്ന പ്രയോജനങ്ങളെക്കുറിച്ച് ജൂതമതത്തില്‍ ലെവിറ്റിക്കസ് കൃത്യമായി നിര്‍വചിക്കുന്നുണ്ട്.
ഒട്ടുമിക്ക വേദവചനങ്ങളിലും സവാരിക്കുള്ള മരുഭൂമിയിലെ പ്രധാന ഉപാധി എന്ന നിലയ്ക്കും ഭക്ഷണ-പാനീയ ആവശ്യങ്ങള്‍ക്കുള്ള അവയുടെ പ്രയോജനത്തെക്കുറിച്ചുമാണ് പരാമര്‍ശിക്കുന്നത്. സ്വാലിഹ് നബിയുടെ ചരിത്രാപഗ്രഥനരംഗത്തും ഒട്ടകം കടന്നുവരുന്നുണ്ട്. എന്നാല്‍ നരകത്തിലെ പാരവശ്യം ചിത്രീകരിക്കുന്ന ചുവടെ ചേര്‍ത്ത ഖുര്‍ആന്‍ വചനം ശ്രദ്ധിക്കൂ: ”അതിനു മീതെ തിളച്ചുമറിയുന്ന വെള്ളത്തില്‍ നിന്നു കുടിക്കുന്നവര്‍, ദാഹാര്‍ത്തമായ ഒട്ടകത്തിന്റെ കുടി” (56:54,55).
മുന്‍ചൊന്ന ഉപമയിലൂടെ ഒട്ടകത്തിന്റെ ജൈവശാസ്ത്രപരമായ സവിശേഷതകളിലേക്ക് വിരല്‍ ചൂണ്ടുന്നത് ഈ വചനം മാത്രമാണ്. ആകാരംകൊണ്ട് വലിയവരായ ആനകളെയും ശക്തിയുടെ പര്യായമായ കുതിരകളെയും വലിയ ചുമടെടുക്കുന്ന കഴുതകളെയും പ്രാചീന അറബികള്‍ക്ക് നല്ല പരിചയമുണ്ട്. എന്നാല്‍ വെള്ളം ഏറ്റവും വേഗത്തില്‍ വലിച്ചുകുടിക്കാന്‍ കഴിയുന്ന മൃഗം ഒട്ടകമാണെന്ന ഖുര്‍ആന്റെ വെളിപ്പെടുത്തല്‍ ശാസ്ത്ര ഗവേഷണമേഖലയില്‍ കൗതുകമായിത്തീരുന്നു.

Back to Top