ഭയവിഹ്വലതയില്‍ നീലിച്ചുപോകുന്ന മുഖങ്ങള്‍
ടി പി എം റാഫി
കടുത്ത ഭയമോ ആശങ്കയോ അനുഭവപ്പെടുമ്പോള്‍ നമ്മുടെ മുഖവര്‍ണവും ഭാവവും എന്തായിരിക്കും? ശരീരം ഈ അവസ്ഥയെ ചെറുക്കാനും അതില്‍ നിന്നു രക്ഷപ്പെടാനും വേണ്ടി ഒട്ടേറെ പ്രതിപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു കാണാം. ആദ്യം അഡ്രിനാലിന്‍ പോലുള്ള സ്‌ട്രെസ് ഹോര്‍മോണുകള്‍ രക്തത്തിലേക്കു പടച്ചുവിടുന്നു.
പിന്നീട് ചര്‍മത്തിന്റെയും കണ്ണുകളുടെയും നിറമാറ്റങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ഫിസിയോളജിക്കല്‍ പരിവര്‍ത്തനങ്ങള്‍ അരങ്ങേറും. ശരീരത്തിന്റെ സ്വയംപ്രതിരോധ തന്ത്രമാണത്. ഭയവിഹ്വലതയില്‍ മുഖത്തും കണ്ണുകളിലും ചുണ്ടുകളിലും നീലിമ പടരുന്നതിനെ ശാസ്ത്രം ‘സയനോസിസ്’ (cyanosis) എന്നു വിളിക്കുന്നു. നീല (cyan) എന്നര്‍ഥം വരുന്ന ര്യമിീ െഎന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഈ പേരുണ്ടായത്.
രക്തത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ കുറയുമ്പോഴാണ് സയനോസിസ് അനുഭവപ്പെടുന്നത്. ഇത് ഡീഓക്‌സിജനേറ്റഡ് ഹീമോഗ്ലോബിന്റെ ഉയര്‍ന്ന സാന്ദ്രതയിലേക്ക് നയിക്കുന്നു. ചുവന്ന രക്താണുക്കള്‍ക്ക് വേണ്ടത്ര ഓക്‌സിജന്‍ വഹിച്ചുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണിത്. ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്ന ധര്‍മം ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിനാണ് നിര്‍വഹിക്കുന്നത്. സാധാരണ സാഹചര്യത്തില്‍, ഓക്‌സിജന്‍ അടങ്ങിയ രക്തം തിളക്കമുള്ള ചുവപ്പുനിറത്തിലായിരിക്കും. അതേസമയം, ഡീഓക്‌സിജനേറ്റഡ് രക്തം ഇരുണ്ടിരിക്കും. രക്തത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ഗണ്യമായി കുറയുമ്പോള്‍ അതിന്റെ നിറം നീലയായി മാറുന്നു. ഇത് ചര്‍മത്തിന് നീലനിറം പകരുന്നു.
ചുണ്ടുകള്‍, കവിളുകള്‍, കണ്ണുകള്‍, ചെവികള്‍, നഖങ്ങള്‍ എന്നിവ പോലുള്ള നേര്‍ത്ത ചര്‍മമുള്ള ശരീരഭാഗങ്ങളിലാണ് സയനോസിസ് കൂടുതല്‍ പ്രകടമായി കാണുന്നത്. ഈ ചര്‍മങ്ങളില്‍ ശരീരത്തിനു നിറം നല്‍കുന്ന പിഗ്‌മെന്റായ മെലാനിന്‍ കുറവാണ്. അതുകൊണ്ടാണ് അവിടങ്ങളില്‍ കൂടുതല്‍ നീലനിറമായി തോന്നുന്നത്.
വിശുദ്ധ ഖുര്‍ആനില്‍ അന്ത്യനാളിന്റെ ഭയാനകതയും ഭീകരതയും വരച്ചുകാട്ടുന്ന ഒട്ടേറെ വചനങ്ങളുണ്ട്. ചുവടെ ചേര്‍ത്ത വചനം, കുറ്റവാളികള്‍ കൊടുംപേടി നിമിത്തം സയനോസിസ് ബാധിച്ചവരായിപ്പോകുന്നത് ചിത്രീകരിക്കുന്നത് കാണുക: ”ആ മഹാഭേരി മുഴങ്ങുന്ന നാള്‍. അപരാധികളെ നീലവര്‍ണമുള്ളവരായിക്കൊണ്ട് നാം ഒരുമിച്ചുകൂട്ടുന്നതാണ്” (20:102).
അമാനി മൗലവി ഈ വചനത്തിന്റെ വ്യാഖ്യാനത്തില്‍, ”കുറ്റവാളികളെ നീലക്കണ്ണന്മാരായിക്കൊണ്ട് നാം ഒരുമിച്ചുകൂട്ടുന്നതാണ്” എന്നുകൂടി വിശദീകരിച്ചത്, സയനോസിസിന്റെ ആധിക്യം കണ്ണുകളില്‍ കൂടുതല്‍ പ്രകടമാവുന്ന അവസ്ഥാവിശേഷം നമ്മെ ഓര്‍മപ്പെടുത്തുന്നു.
ഹൈപ്പോക്‌സിയ
ഇതേപോലെ, ഓക്‌സിജന്റെ അളവ് കുറയുന്നതുകൊണ്ട് ശരീരത്തിനു സംഭവിക്കുന്ന മറ്റു പലതരം അവസ്ഥാന്തരങ്ങളും ഖുര്‍ആന്‍ മറ്റു പല സന്ദര്‍ഭങ്ങളിലായി എടുത്തുകാട്ടുന്നുണ്ട്. ഭൂമിയുടെ ഉയര്‍ന്ന വിതാനങ്ങളില്‍ അന്തരീക്ഷ മര്‍ദം കുറവായിരിക്കുമല്ലോ. അന്തരീക്ഷത്തില്‍ ഒട്ടേറെ വാതകങ്ങളുണ്ട്. ഇതില്‍ 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്‌സിജനുമാണ്. സമുദ്രനിരപ്പിലും ഉയര്‍ന്ന വിതാനങ്ങളിലും ഈ അനുപാതം തുല്യമായിരിക്കും. എന്നിരുന്നാലും, ഉയര്‍ന്ന വിതാനങ്ങളില്‍ വായുമര്‍ദം കുറവായതിനാല്‍ തന്മാത്രകള്‍ പരന്നുകിടക്കും. അതുകൊണ്ടുതന്നെ മര്‍ദം കുറഞ്ഞ മേഖലയില്‍ വെച്ച് നമ്മള്‍ ശ്വസിക്കുമ്പോള്‍ സ്വാഭാവികമായും ഓക്‌സിജന്‍ തന്മാത്രകള്‍ ശ്വാസകോശത്തിലെത്തുന്നത് കുറയും. ശരീരകോശങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിലെ അപര്യാപ്തതയെയാണ് ഹൈപ്പോക്‌സിയ (Hypoxia) എന്നു വിളിക്കുന്നത്.
കഴുത്തിന്റെ രണ്ടു വശങ്ങളിലൂടെയും മസ്തിഷ്‌കത്തിലേക്ക് രക്തം എത്തിക്കുന്ന ഒരു ജോഡി ധമനികളാണ് കരോട്ടിഡ് ധമനികള്‍. ഇവയിലെ കരോട്ടിഡ് ബോഡി എന്നറിയപ്പെടുന്ന കോശസഞ്ചയം രക്തത്തില്‍ ഓക്‌സിജന്‍ കുറഞ്ഞുപോകുന്നത് നിരീക്ഷിച്ചു മനസ്സിലാക്കി മസ്‌കിഷ്‌കത്തിലേക്ക് അപകട സാധ്യതയുണ്ടെന്ന് സന്ദേശമയക്കുന്നു. ഈ സന്ദേശത്തിന്റെ പ്രതികരണമെന്നോണം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും മസ്തിഷ്‌കം ജാഗ്രതാ നിര്‍ദേശം നല്‍കുന്നു. ശ്വാസകോശം അതിലെ ആല്‍വിയോളുകള്‍ ചുരുക്കുകയും ശ്വസനനിരക്ക് കൂട്ടുകയും ചെയ്യുന്നു. അതുപോലെ ഹൃദയമിടിപ്പും കൂട്ടുന്നു. കൈകളിലെയും പാദങ്ങളിലെയും ഉപരിതല ബ്ലഡ് വെസലുകള്‍ വികസിപ്പിക്കുന്നു. അവിടങ്ങളിലേക്കുള്ള ഓക്‌സിജന്‍ സപ്ലൈ കുറയുന്നതു കാരണം ശരീരം നീലവര്‍ണമാകുന്നു.
ഹൈറേഞ്ചുകളിലെ താഴ്ന്ന മര്‍ദം പലപ്പോഴും ഹൈപ്പോക്‌സിയയിലേക്ക് നയിക്കാറുണ്ട്. ആകാശാരോഹകര്‍ക്കും ഇത് അനുഭവപ്പെടാറുണ്ട്. ശ്വാസകോശത്തിലെ സൂക്ഷ്മനാളികളാണ് ബ്രോഞ്ചിയോളുകള്‍. ഇവയുടെ അറ്റത്തെ ചെറു വായുസഞ്ചികളാണ് ആല്‍വിയോളുകള്‍. പ്രാണവായു കുറയുമ്പോള്‍ ശ്വാസകോശത്തിലെ നേര്‍ത്ത നാളികളും സഞ്ചികളും ചുരുങ്ങിപ്പോകുന്നു. ഇതിനെയാണ് എച്ച്പിവി (Hypoxic Pulmonary Vaso constriction) എന്നു പറയുന്നത്. ശ്വാസതടസ്സം, വേഗത്തിലുള്ള ശ്വസനം, നെഞ്ചിടുക്കം, ആശയക്കുഴപ്പം, സയനോസിസ് (ചര്‍മനീലിമ) തുടങ്ങിയവ ഹൈപ്പോക്‌സിയയുടെ ലക്ഷണങ്ങളാണ്.
ഉയര്‍ന്ന വിതാനങ്ങളില്‍ അനുഭവപ്പെടുന്ന ഹൈപ്പോക്‌സിയ എന്ന പ്രതിഭാസം, ബഹിരാകാശയാത്ര മനുഷ്യന്‍ സാധിച്ചെടുക്കുന്നതിനു വളരെ മുമ്പുതന്നെ ഖുര്‍ആന്‍ ചിത്രീകരിക്കുന്നത് നമ്മില്‍ വിസ്മയമുണര്‍ത്താതിരിക്കില്ല: ”നേര്‍വഴിയിലേക്കു നയിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ ഹൃദയത്തെ ഇസ്‌ലാമിലേക്ക് അവന്‍ തുറന്നുകൊടുക്കുന്നതാണ്. നേര്‍വഴിയിലാക്കാത്തവരുടെ ഹൃദയം ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നു- അന്തരീക്ഷത്തിലൂടെ കയറിപ്പോകുന്നവന്റേതുപോലെ” (6:125).
ശരീരത്തിന്റെ വെറും രണ്ടു ശതമാനം മാത്രം ഭാരമുള്ള മസ്തിഷ്‌കത്തിന്, ഉള്ളോട്ടെടുക്കുന്ന ഓക്‌സിജന്റെ 20 ശതമാനം ആവശ്യമുണ്ട്. മസ്തിഷ്‌കത്തിലേക്ക് വേണ്ടത്ര ഓക്‌സിജന്‍ കിട്ടാത്ത അവസ്ഥയാണ് മസ്തിഷ്‌ക ഹൈപ്പോക്‌സിയ. ഓക്‌സിജന്‍ സപ്ലൈ പൂര്‍ണമായും നിലയ്ക്കുമ്പോള്‍ അതിനെ ‘ബ്രെയിന്‍ അനോക്‌സിയ’ എന്നാണ് പറയുക. ഇതു മരണത്തിലേക്കെത്തിക്കും. പക്ഷേ, ഭീതിയില്‍, ഓക്‌സിജന്‍ ഭാഗികമായി നിലയ്ക്കുമ്പോള്‍ ശരീരം ചില ചെറുലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. ഓര്‍മ നഷ്ടപ്പെടല്‍, ചലനശേഷി നഷ്ടപ്പെടല്‍, കാലുകള്‍ ശരിക്കും എടുത്തുവെക്കാന്‍ കഴിയാതെ അവ പിണഞ്ഞുപോകല്‍, കണ്ണ് ഇരുട്ടടക്കല്‍ അങ്ങനെ പലതും.
അന്ത്യനാളില്‍ ഭയചകിതരാവുന്നവരെ ഖുര്‍ആന്‍ മറ്റിടങ്ങളില്‍ ചിത്രീകരിക്കുമ്പോള്‍ മസ്തിഷ്‌ക ഹൈപ്പോക്‌സിയയുടെ ലക്ഷണങ്ങള്‍ എടുത്തുകാട്ടാന്‍ വിട്ടുപോകുന്നില്ല: ”കണങ്കാല്‍ കണങ്കാലുമായി കൂട്ടിപ്പിണയുകയും ചെയ്താല്‍. അന്ന് നിന്റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചുകൊണ്ടുപോകുന്നത്” (75:29,30). ”ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം കണ്ണുകാണാത്തവനെപ്പോലെ എഴുന്നേല്‍പിച്ചുകൊണ്ടുവരുന്നതാണ്” (20:124).