29 Friday
March 2024
2024 March 29
1445 Ramadân 19

ചികിത്സയും പ്രവാചക വചനങ്ങളും: കരിഞ്ചീരകം സര്‍വരോഗ സംഹാരിയോ?

ഡോ. പി എം മുസ്തഫ കൊച്ചിന്‍


സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുത്തിബ്ബ് എന്ന അധ്യായത്തില്‍ ബാബുല്‍ ഹബ്ബത്തിസ്സൗദാഖ് എന്ന ശീര്‍ഷകത്തില്‍ 5688ാം നമ്പറായും സ്വഹീഹു മുസ്‌ലിമിലെ കിതാബുസ്സലാം എന്ന അധ്യായത്തില്‍ ബാബുത്തദാവീബില്‍ ഹബ്ബത്തിസ്സൗതാഉ് എന്ന ശീര്‍ഷകത്തില്‍ 2215ാം നമ്പറായും തിര്‍മിദിയിലെ കിതാബുത്തിബ്ബ് എന്ന അധ്യായത്തില്‍ ബാബു മാജാഅ ഫില്‍ ഹബ്ബത്തിസ്സദാഉ് എന്ന ശീര്‍ഷകത്തില്‍ 2041ാം നമ്പറായും അബൂഹുറൈറ(റ)യില്‍ നിന്നും ‘ഫില്‍ഹബ്ബത്തിസ്സൗദാഇ ശിരാഉന്‍ മിന്‍ കുല്ലി ദാഇന്‍ ഇല്ല സ്സാം’ എന്ന കരിഞ്ചീരക ഹദീസ് നിവേദനം ചെയ്യപ്പെട്ടു വന്നിട്ടുണ്ട്.
കോവിഡ് 19 കാലത്ത് കൊറോണാ വൈറസിനെ പ്രതിരോധിക്കാനും, കോവിഡ് പകര്‍ച്ച വ്യാധിക്ക് പ്രതിവിധിയാക്കാനുമുള്ള വെമ്പലില്‍ കരിഞ്ചീരക നബിവചനത്തെ താഴെ കൊടുക്കുന്ന ആശയത്തില്‍ മൊഴിമാറ്റം നടത്താറുണ്ട്.
‘കരിഞ്ചീരകത്തില്‍ മരണമല്ലാത്ത സര്‍വ രോഗങ്ങള്‍ക്കും പ്രതിവിധിയുണ്ട്’.ഈ ഹദീസ് പരിഭാഷ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ പലപ്പോഴും പല സംശയങ്ങളും നമ്മിലുദിച്ചേക്കാം.
കരിഞ്ചീരകം സകലരോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലിയും മറുമരുന്നുമാണോ? മരണം രോഗങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുമോ? കരിഞ്ചീരക ചികിത്സ സുന്നത്തായ ചികിത്സാ രീതിയോ? കരിഞ്ചീരകം രോഗങ്ങള്‍ക്കാകമാനം ശമനൗഷധമെങ്കില്‍ ഇതര ചികിത്സകളുടെയോ ഔഷധങ്ങളുടെയോ ആവശ്യമെന്ത്? ശിഫാഅ് എന്നതിന് ഒറ്റമൂലി എന്നാണോ അര്‍ഥം? ദാഅ് എന്നാല്‍ മഹാമാരികളായ പകര്‍ച്ച വ്യാധികളാണോ?
ഇങ്ങനെ നിരവധി ചോദ്യങ്ങളും സംശയങ്ങളും നമുക്ക് മുമ്പില്‍ അവശേഷിപ്പിക്കുന്നുണ്ട് ഈ നബിവചന വിവര്‍ത്തനം. ഉറവിട ഭാഷയായ അറബിയില്‍ നിന്നും ലക്ഷ്യഭാഷയായ അനറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ വക്രീകരണം വരാന്‍ കാരണങ്ങള്‍ പലതാണ്.
അറബി ഭാഷയിലും അതിന്റെ ഭാഷാ നിയമങ്ങളിലുമുള്ള കൃത്യതക്കുറവ്, ഹദീസ് പ്രസ്താവനകളെ ലിപികളില്‍ മാത്രം മനസ്സിലാക്കുന്ന അക്ഷരപൂജ, ഹദീസ് വാചകങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുക്കല്‍, പ്രവാചക വൈദ്യവാദമെന്ന ഓമനപ്പേരില്‍ ഗ്രീക്ക് വൈദ്യത്തെ കച്ചവട താല്പര്യത്തിനുപയോഗിക്കല്‍, നബിവൈദ്യ (തിബ്ബുന്നൂബവീ)ത്തെ സുന്നത്തായ വൈദ്യമാക്കാനുള്ള ശ്രമം.
കരിഞ്ചീരക വാക്യത്തില്‍ നബി(സ) ഉദ്ദേശിച്ച യഥാര്‍ഥ അര്‍ഥം അറിയാനും നിജസ്ഥിതി ബോധ്യപ്പെടാനും ഈ പ്രവാചക വചനത്തെ ശരിക്കും അപഗ്രഥിക്കേണ്ടതുണ്ട്. ‘ഒരു അധര്‍മകാരി വല്ല പ്രസ്താവനയുമായി നിങ്ങളുടെ അടുക്കല്‍ വന്നാല്‍ അതിന്റെ നിജസ്ഥിതി നിങ്ങള്‍ വിശകലനം ചെയ്യണം'(49: 6) എന്നതാണ് ആപത്ത് വരാതിരിക്കാനും ഖേദിക്കാതിരിക്കാനും ഉത്തമമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്.

അനുഗ്രഹത്തിന്റെ ധാന്യം
അനുഗ്രഹത്തിന്റെ ധാന്യം (ഹബ്ബതുല്‍ ബറക) എന്ന അപരനാമമുള്ള ഒരിനം ജീരകമാണ് കരിഞ്ചീരകം(Black cumin seed). നിജെല്ലാ സറ്റൈഫാ എന്ന ശാസ്ത്ര നാമമുളള ഇതിന് അറബിയില്‍ അല്‍ഹബ്ബത്തുസ്സൗദാഉ് (കറുത്തധാന്യം) എന്ന് പറയുന്നു. ഇന്ത്യയില്‍ പഞ്ചാബ് സംസ്ഥാനത്തില്‍ ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന ഇതിന്റെ ജന്മനാട് ഇറ്റലിയോ ഈജിപ്‌തോ തുര്‍ക്കിയോ ആണ്.
ഗ്രീക്ക്(യൂനാനി), വൈദ്യശാസ്ത്രജ്ഞനായ പെഡാനിയസ് ഡിയോസ്‌കോരിഡെസ് (40-90 എഡി) തന്റെ ഓണ്‍ മെഡിക്കല്‍ മെറ്റീരിയലിലും ഇബിന്‍ സീനാ(980-1037 എഡി) തന്റെ അല്‍ഖാനൂന്‍ ഫിത്തിബ്ബിലും കരിഞ്ചീരകത്തിന്റെ ഉപയോഗത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അല്‍ബിറൂനി (973 – 1050) ഇബിന്‍ ഖയ്യാമില്‍ ജൗസിയ്യാ (1292-1350), ദാവൂദുല്‍ അന്‍താകീ(1543-1599) എന്നീ വിശാരദന്മാരും കരിഞ്ചീരകത്തെ പരാമര്‍ശിച്ചവരാണ്.
ശരീരത്തിലെ കോശങ്ങളുടെ ഓക്‌സീകരണത്തിന്നെതിരെ പ്രവര്‍ത്തിക്കാന്‍ കരിഞ്ചീരകത്തിന് ശേഷിയുണ്ടെന്ന് ലണ്ടനിലെ ഫാര്‍മക്കോളജി റിസര്‍ച്ച് ലബോറട്ടറിയിലെ 1995ലെ പരീക്ഷണത്തിലും, ബംഗ്ലാദേശിെല ധാക്കാ സര്‍വകലാശാല ഫാര്‍മസി വിഭാഗം നടത്തിയ പഠനത്തിലും തെളിഞ്ഞിട്ടുണ്ട്.
1997ല്‍ സുഊദിയിലെ റിയാദ് മെഡിക്കല്‍ റിസര്‍ച്ച് മേധാവിയായിരുന്ന ഡോ. ഹഖ് നടത്തിയ ഗവേഷണ പഠനത്തില്‍ എയിഡ്‌സ് രോഗികളുടെ പ്രതിരോധ കോശങ്ങള്‍ക്ക് ശക്തി പകരാന്‍ കരിഞ്ചീരകത്തിന് കഴിയുമെന്ന് കണ്ടെത്തിയിരുന്നു. കിംഗ് സുഊദ് മൈക്രോ ബയോളജി യൂനിറ്റിലെ ഗവേഷകന്‍ ചര്‍മ രോഗത്തിന് ശമനം നല്‍കാന്‍ കരിഞ്ചീരകത്തിന് കഴിവുണ്ടൈന്നും കണ്ടുപിടിച്ചിരുന്നു.

കരിഞ്ചീരകം ഒറ്റമൂലിയോ?
ചികിത്സയ്ക്ക് അറബി ഭാഷയില്‍ ശിഫാഅ്, ദവാഅ്, ഇലാജ്, തിബ്ബ്, തിര്‍യാഖ്, ഇയാദാ തുടങ്ങിയ വാക്കുകളുണ്ട്. ശിഫാഅ് എന്ന പദം ഖുര്‍ആനിലും ഹദീസിലും വന്നിട്ടുണ്ട്. ശിഫാഇന് ഒറ്റമൂലിയെന്നോ മറുമരുന്നെന്നോ പ്രതിരോധ ഔഷധമെന്നോ അര്‍ഥമില്ല. ശിഫാഅ് എന്നതിന് രോഗശാന്തി, രോഗശമനം എന്നൊക്കെ അര്‍ഥം നല്‍കാം.
മറുമരുന്നിന് തിര്‍യാഖ് എന്നും ഒറ്റമൂലിക്ക് അദ്ദവാഉ ശ്ശാഫീ എന്നും പ്രതിരോധ ഔഷധത്തിന് തത്ഈം എന്നുമാണ് അറബിയില്‍ പറഞ്ഞു വരുന്നത്. ഇലാജ്, പ്രതിവിധി, ചികിത്സ എന്നീ അര്‍ഥങ്ങളിലും ദവാഉ്, ഔഷധം, ശമനൗഷധം എന്നീ അര്‍ഥങ്ങളിലും തിബ്ബ്, വൈദ്യം, മരുന്ന് എന്നീ അര്‍ഥങ്ങളിലും ഇയാദാ, ശുശ്രൂഷ എന്ന അര്‍ഥത്തിലും അറബിയില്‍ പ്രയോഗിച്ചു വരുന്നു.

ദാഉ് സാംക്രമിക രോഗമോ?
അസുഖങ്ങള്‍ക്ക് അറബിയില്‍ മറദ്, സഖം, ദാഅ്, ഇല്ലത്ത് എന്നീ പദങ്ങളുണ്ട്. മറദ്, സഖം ഖുര്‍ആനില്‍ വന്ന പദങ്ങളാണ്. എന്നാല്‍ കരിഞ്ചീരക ഹദീസില്‍ സുഖക്കേടിനെ സൂചിപ്പിക്കാന്‍ ദാഅ് എന്ന വാക്കാണ് പ്രയോഗിച്ചിട്ടുള്ളത്. ദാഇന് സാംക്രമിക രോഗം, എന്നോ മഹാമാരി എന്നോ പകര്‍ച്ചവ്യാധി എന്നോ അര്‍ഥമില്ല.
ദാഅ് എന്നതിന് ദീനം, രോഗം എന്നൊക്കെ പരിഭാഷ നല്‍കാം. സഖം എന്നത് അസുഖം, സുഖക്കേട് എന്നീ അര്‍ഥങ്ങളിലും മറദ് എന്നത് മാരി, വ്യാധി എന്നീ അര്‍ഥങ്ങളിലും ഇല്ലത്ത് എന്നത് അനാരോഗ്യം എന്ന അര്‍ഥത്തിലും അറബിയില്‍ ഉപയോഗിച്ചു വരുന്നു. ഇല്ലത്ത് എന്ന അറബി പദം ഇംഗ്ലീഷിലെത്തിയപ്പോള്‍ ഇല്ലും(ILL) മരീദ് എന്ന അറബി വാക്ക് മലയാളത്തിലെത്തിയപ്പോള്‍ മാരിയുമായി മാറി എന്ന ഭാഷാ കൗതുകം കൂട്ടത്തില്‍ സൂചിപ്പിക്കട്ട.

കരിഞ്ചീരകം
പ്രതിരോധമോ?

കൊറോണ വൈറസിനാല്‍ പകരുന്ന ഒരു സാംക്രമിക രോഗമാണ് കോവിഡ് 19. പകര്‍ച്ച വ്യാധികള്‍ക്ക് പ്രതിരോധ മരുന്ന് ആയി കരിഞ്ചീരകം കഴിച്ചു കൊള്ളുക എന്ന് പ്രവാചകന്‍(സ) അനുയായികളോട് നിര്‍ദേശിച്ചിട്ടില്ല. ‘എവിടെയങ്കിലും പ്ലേഗ്(താഗൂന്‍) പടര്‍ന്നതായി കേട്ടാല്‍ അവിടേക്ക് നിങ്ങള്‍ പോവരുത്. നിങ്ങള്‍ നിവസിക്കുന്ന നാട്ടില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചാല്‍ അവിടെ നിന്ന് നിങ്ങള്‍ ഓടിപ്പോവുകയും അരുത്’ എന്ന് നബി(സ) പറഞ്ഞതില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ സാമൂഹിക അകലം (അല്‍മസാഫതുല്‍ ഇജ്തിമാഇയ്യ) കോറന്റയിന്‍ (അല്‍ഹജ്‌റുസ്സിഹിയ്യ) പോലുള്ള മുന്‍കരുതല്‍ നടപടിയിലേക്കുള്ള സൂചനകളാണുള്ളത്.

അഖില രോഗത്തിനും
കരിഞ്ചീരകം മതിയോ?

കരിഞ്ചീരക ഹദീസില്‍ പ്രയോഗിച്ചിട്ടുള്ള അറബിയിലെ കുല്ല് എന്ന പദത്തിന്നര്‍ഥം ഉദ്ദേശിക്കപ്പെടുന്ന ഗണത്തിലെ എല്ലാം എന്നും, ലക്ഷ്യം വെക്കുന്ന മേഖലയിലെ മുഴുവന്‍ എന്നും ആണ്. എന്നാല്‍ അഖിലം, സര്‍വം, സകലം എന്നീ അര്‍ഥം കൈവരണമെങ്കില്‍ ജമീഅ് എന്ന വാക്കും, ആകമാനം ആസകലം എന്നീ അര്‍ഥങ്ങള്‍ക്കാണെങ്കില്‍ കാഫ്ഫാ എന്ന പദവുമാണ് അറബിയില്‍ ഉപയോഗിക്കുന്നത്.
മുഹമ്മദ് നബി(സ)യുടെ നിയോഗത്തെ സംബന്ധിച്ചുള്ള രണ്ട് ഖുര്‍ആനിക പരാമര്‍ശങ്ങള്‍ പരിശോധിച്ചാല്‍ ജമീഅ്, കാഫ്ഫാ എന്നീ പ്രയോഗങ്ങള്‍ വ്യക്തമാകും.
‘മുഹമ്മദി(സ)നെ മാനവര്‍ക്ക് ആകമാനം(കാഫ്ഫാ) സന്തോഷ വാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനും ആയ നിലയിലാണ് അല്ലാഹു അയച്ചിരിക്കുന്നത് (34:28). മുഹമ്മദ് നബി(സ) അഖില(ജമീഅ്) മനുഷ്യരിലേക്കുമുള്ള അല്ലാഹുവിന്റെ സന്ദേശവാഹകന്‍ ആകുന്നു’ (7 :158)
ആകാശഭൂമി ഒട്ടാകെ മനുഷ്യര്‍ക്കായി സൃഷ്ടിച്ചു എന്ന് പരാമര്‍ശിക്കുന്ന രണ്ട് ഖുര്‍ആനിക വാക്യങ്ങള്‍ പരിശോധിച്ചാല്‍ ‘ജമീഅ്’ന്റെ ഉപയോഗം ഒന്നുകൂടി വ്യക്തമായി മനസ്സിലാകും. അല്ലാഹുവാണ് മനുഷ്യര്‍ക്കായി ഭൂമിയിലുള്ള, സകലതും(ജമീഅ്) സൃഷ്ടിച്ചിരിക്കുന്നത്(2:29). ആകാശ ഭൂമിയിലുളളത് അഖിലവും അല്ലാഹു മനുഷ്യര്‍ക്കായി വിധേയമാക്കിയിരിക്കുന്നു.(45:13)
ആകാശ ഭൂമിയിലെ ഒന്നൊഴിയാതെ സര്‍വകാര്യങ്ങളും സകല വസ്തുക്കളും മനുഷ്യര്‍ക്കായാണ് സൃഷ്ടിച്ചതെന്നും മുഹമ്മദ് നബി(സ)യെ ഒന്നൊഴിയാതെ അഖില മനുഷ്യരിലേക്കുമായി നിയോഗിച്ചയച്ചതും അല്ലാഹുവാണ് എന്നതാണ് മേല്‍ 4 വാക്യങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്.
കരിഞ്ചീരക ഹദീസിലെ എല്ലാ രോഗത്തിനും (മിന്‍ കുല്ലി ദാഇന്‍) എന്നതിനെ കുല്ല് എന്ന വാക്ക് സവിശേഷ സാമാന്യവത്കരണം(ഉമൂം മഖ്‌സൂസ്) ആണ്. അപ്പോള്‍ കുല്ല് എന്നതിന്റെ അര്‍ഥം ഉദ്ദേശിക്കപ്പെടുന്ന ഗണത്തിലെ എല്ലാം എന്നാണ്. നിരുപാധിക സാമാന്യവത്ക്കരണത്തി(ഉമൂം മുത്‌ലഖ്)ന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ അറബിയില്‍ ജമീഅ് എന്ന പദമാണ് ഉപയോഗിക്കേണ്ടത്. അങ്ങനെയായിരുന്നുവെങ്കില്‍ മിന്‍ജമീഅ ദാഇന്‍ (സര്‍വ രോഗത്തിനും) എന്നാണ് വേണ്ടിയിരുന്നത്.
കുല്ല് (ഉദ്ദേശിക്കപ്പെടുന്ന വിഭാഗത്തിലെ എല്ലാം) എന്ന പദം വന്നിട്ടുള്ള രണ്ട് ഖുര്‍ആനിക സന്ദര്‍ഭങ്ങള്‍മാത്രം വിശകലനം ചെയ്താല്‍ ഈ കാര്യം വ്യക്തമാകും.
ബല്‍ഖീസ് എന്ന മഹതി സബഉകാരെ ഭരിക്കുന്നതായി ഉപ്പൂപ്പന്‍ (Hoopoe) പക്ഷി കണ്ടെത്തുകയുണ്ടായി. എല്ലാ കാര്യങ്ങളില്‍ നിന്നും (മിന്‍കുല്ലി ശൈഇന്‍) അവര്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട് (27 :23). ലോകത്തുള്ള സര്‍വ കാര്യങ്ങളില്‍ നിന്നും എന്ന അര്‍ഥമല്ല മിന്‍കുല്ലി ശൈഇന്‍ എന്നതിന്. മറിച്ച്, അവര്‍ക്കാവശ്യമുള്ള എല്ലാ കാര്യങ്ങളില്‍ നിന്നും എന്ന ആശയമാണ് പ്രദാനം ചെയ്യുന്നത്.
ആദ് സമുദായത്തിന് ശിക്ഷയായി ഭവിച്ച ആഞ്ഞുവീശുന്ന അത്യുഗ്രന്‍ കാറ്റ് അതിന്റെ സംരക്ഷകനായ അല്ലാഹുവിന്റെ കല്പനപ്രകാരം എല്ലാ വസ്തുക്കളെയും (കുല്ലി ശൈഇന്‍) സംഹരിച്ച് കളയുന്നു(46 : 25) എന്ന ഖുര്‍ആനിക സന്ദര്‍ഭത്തില്‍ വന്ന കുല്ല ശൈഇന്‍ എന്നതിന്, അവിടെയുണ്ടായിരുന്ന സകല വസ്തുക്കളെയും എന്ന ആശയമല്ല ഉള്ളത്. മറിച്ച് നാശം അര്‍ഹിക്കുന്ന എല്ലാ വസ്തുക്കളെയും എന്നാണ് അര്‍ഥം. ഈ വാക്യത്തിന്റെ ബാക്കി ഭാഗത്ത് വന്ന അങ്ങനെ ആദമിന്റെ താമസ സ്ഥലമല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയില്‍ ആയിത്തീര്‍ന്നു എന്നതില്‍ ഈ കാര്യം വ്യക്തമാണ്.

മരണം ഒരു രോഗമോ?
കരിഞ്ചീരക ഹദീസില്‍ രോഗ ഗണത്തില്‍ പെടാത്ത മരണത്തെ എന്തിന് ഇല്ല എന്ന അവ്യയം കൊണ്ട് ഒഴിച്ചു നിര്‍ത്തി എന്ന് വ്യക്തമാക്കാം. അറബി വ്യാകരണത്തില്‍ ഒഴിച്ച് നിര്‍ത്തല്‍, ഒഴിവാക്കല്‍ എന്ന രീതിക്ക് ഇസ്തിഥ്‌നാഅ് എന്ന സംജ്ഞയാണ് ഉപയോഗിക്കുന്നത്. ഈ ആവശ്യത്തിന് ഉപയോഗിക്കുന്ന ആറ് പദങ്ങളില്‍ ഒന്നാണ് ഇല്ലാ(except/without). മറ്റു വാക്കുകള്‍ നാമപദങ്ങളായ സിവായും ഗൈറായും ക്രിയാ പദങ്ങളായ ഹാശാ, ഖലാ, അദാ എന്നിവയുമാണ്. ഇസ്തിഥ്‌നാഇനെ മനസ്സിലാക്കാന്‍ അദാതുല്‍ ഇസ്തിഥ്‌നാ (exception tool), മുസ്തഥ്‌നാ മിന്‍ഹു(general term), മുസ്തഥ്‌നാ (the thing excepted) എന്നീ മൂന്ന് സാങ്കേതിക ശബ്ദാവലികള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഇല്ലാ എന്ന ഒഴിവാക്കല്‍ പദത്തിന് മുമ്പ് വരുന്ന പൊതു പദ(ഏതില്‍ നിന്നാണോ ഒഴിച്ചുനിര്‍ത്തുന്നത് അത്)ത്തിനാണ് മുസ്തഥ്‌നാ മിന്‍ഹു എന്ന് പറയുന്നത്. ഇല്ലായ്ക്ക് ശേഷം വരുന്ന പ്രത്യേക പദ(ഒഴിച്ചുനിര്‍ത്തുന്ന കാര്യം)ത്തിന്നാണ് മുസ്തഥ്‌നാ എന്ന് പറയുന്നത്. കരിഞ്ചീരക വചനത്തില്‍ എല്ലാ രോഗങ്ങളും(മിന്‍കുല്ലി ദാഇന്‍) എന്നത് മുസ്തഥ്‌നാ മിന്‍ഹുവും മരണം (സാം) എന്നത് മുസ്തഥ്‌നായും ആണ് ഇല്ലാ എന്നതാണ് ഇവിടെ അദാഉല്‍ ഇസ്തിഥ്‌നാഅ്.
ഒഴിച്ചുനിര്‍ത്തല്‍ രീതിയില്‍ രണ്ടും നമുക്കിവിടെ പരിചയപ്പെടേണ്ടതുണ്ട്. ഒന്നാമത്തേത്, ഇസ്തിഥ്‌നാഅ് മുത്തസില്‍ എന്ന സാധാരണ ഒഴിച്ചുനിര്‍ത്തല്‍ രീതിയാണ്. ഉദാഹരണത്തിന് നജഹത്തുല്ലാബു കുല്ലുഹും ഇല്ലാ മുസ്തഫാ (അര്‍ഥം: മുസ്തഫ ഒഴികെ എല്ലാ വിദ്യാര്‍ഥികളും വിജയിച്ചു) എന്ന വാക്യമെടുത്താല്‍ തുല്ലാബു കുല്ലുഹും(എല്ലാ വിദ്യാര്‍ഥികളും) എന്നതിനെ ഇല്ല ഉപയോഗിച്ച് മുസ്തഫാ എന്ന വിദ്യാര്‍ഥിയെ വിജയത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുന്നു. ഇവിടെ മുസ്തഥ്‌നാ മിന്‍ഹുവും മുസ്തഥ്‌നായും ഒരേ വര്‍ഗമാണ്. വിദ്യാര്‍ഥികളില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് മുസ്തഫാ. അപ്പോള്‍ ഇസ്തിഥ്‌നാഅ് മുത്തസില്‍. എന്നാല്‍ സാമാന്യവത്ക്കരണത്തി ല്‍ നിന്ന് പ്രത്യേകമായതിനെ ഒഴിച്ചുനിര്‍ത്തലാണ്.
രണ്ടാമത്തേത്, ഇസ്തിഥ്‌നാഅ് മുന്‍ഖതിഅ് (മുന്‍ഫസില്‍) എന്ന തരം ഒഴിവാക്കല്‍ രീതിയാണ്. ഇതാണ് കരിഞ്ചീരക ഹദീസില്‍ കാണാന്‍ കഴിയുന്നത്. ഉദാഹരണത്തിന്, വസലത്തുല്ലാബു ഇല്ലാ കുതുബഹും (വിദ്യാര്‍ഥികള്‍ എത്തിച്ചേര്‍ന്നു, പക്ഷെ അവരുടെ പുസ്തകങ്ങള്‍ എത്തിയില്ല)
ഇസ്തിസ്‌നാഅ് മുന്‍ഖതിഇല്‍ മുസ്തഥ്‌നാ എന്നത് മുസ്തഥ്‌നാ മിന്‍ഹുവിന്റെ ഗണത്തില്‍ ഉള്‍പ്പെടാത്തതായിരിക്കും. ഇവിടെ മുസ്തഥ്‌നാ മിന്‍ഹു വായ ത്വുല്ലാബിന്റെ വര്‍ഗത്തില്‍ പെടാത്തതാണ് മുസ്തഥ്‌നാ ആയ കുതുബ്. അതിനാല്‍ സാമാന്യവത്ക്കരണത്തിനു ശേഷമുള്ള പ്രത്യേകം ഒഴിച്ചു നിര്‍ത്തല്‍ ഇവിടെ നടക്കില്ല. ഒരു ഗണത്തില്‍ നിന്ന് ആ ഗണത്തിലോ വര്‍ഗത്തിലോ പെടാത്തതിനെ എങ്ങനെ ഒഴിച്ചുനിര്‍ത്താനാവും? അപ്പോള്‍ ഇവിടെ പുസ്തകങ്ങള്‍ ഒഴികെ എല്ലാ വിദ്യാര്‍ഥികളും വിജയിച്ചു എന്ന് പറയാവതല്ല.
ഈ വ്യാകരണ നിയമത്തിന് ഉപോല്‍ബലകമായ തെളിവുകള്‍ ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കാവുന്നതാണ്. ഇബ്‌ലീസ് ഒഴികെ മാലാഖമാര്‍ എല്ലാവരും ഒന്നടങ്കം പ്രണമിച്ചു (15: 30,31, 38:73,74) എന്ന ഖുര്‍ആനിക പ്രയോഗം ഇതിന് ഉദാഹരണമാണ്. മാലാഖമാര്‍ എന്ന മുസ്തഥ്‌നാ മിന്‍ഹു വര്‍ഗത്തില്‍ നിന്നും ജിന്ന് വര്‍ഗത്തില്‍ പെട്ട ഇബ്‌ലീസിനെ എങ്ങനെ മുസ്തഥ്‌നയായി ഒഴിവാക്കും. അപ്പോള്‍ ഇവിടെ ഇങ്ങനെയാണ് പരിഭാഷ നല്‍കേണ്ടത്. ‘മാലാഖ വര്‍ഗം അഖിലവും പ്രണമിച്ചു’ (38 :73,74, 15 : 30,31). പക്ഷേ ജിന്നു വര്‍ഗം പ്രണമിച്ചില്ല (18: 50)
ഇതുപോലെ ഇസ്തിഥ്‌നാഇന്റെ വാക്കായ ‘ഇല്ല’ വരികയും ‘ഒഴികെ’ എന്ന അര്‍ഥം നല്‍കേണ്ടതില്ലാത്തതുമായ രണ്ട് ഖുര്‍ആനിക സന്ദര്‍ഭങ്ങള്‍ കൂടി ഉദ്ധരിക്കാം. ‘ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും നിങ്ങളോട് ഞാന്‍ ചോദിക്കുന്നില്ല. പക്ഷെ വല്ലവനും തന്റെ സംരക്ഷകനിലേക്കുള്ള വഴി സ്വീകരിക്കണം എന്നുദ്ദേശിക്കുന്നുവെങ്കില്‍ അത് ഞാന്‍ പ്രതീക്ഷിക്കുന്നതാണ്’ (25: 57).
ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും നിങ്ങളോട് ഞാന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ അടുത്ത ബന്ധത്തിന്റെ പേരിലുള്ള സ്‌നേഹം ഞാന്‍ ആഗ്രഹിക്കുന്നുണ്ട്’ (45 : 23). ഇതിന് സമാനമായ ഉദാഹരണങ്ങള്‍ സുറത്തുന്നിസാഅ് 157ാം വചനത്തിലും ത്വാഹാ 2,3 വചനങ്ങളിലും കാണാവുന്നതാണ്.
ഇനി നാം കരിഞ്ചീരക ഹദീസിലേക്ക് വന്നാല്‍ കാര്യം വ്യക്തമാകും. രോഗങ്ങള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നതല്ല മരണം എന്നതിനാല്‍ ഈ ഹദീസിലെ ഇസ്തിഥ്‌നാഅ്(ഒഴിച്ചുനിര്‍ത്തല്‍) ഇസ്തിഥ്‌നാഅ് മുന്‍ഖതിഅ് ആണ്. അപ്പോള്‍ ‘ഇല്ല’ എന്നതിന് ഒഴികെ, അല്ലാതെ എന്നീ അര്‍ഥങ്ങള്‍ നല്‍കാവതല്ല. മറിച്ച്, പക്ഷെ, എന്നാല്‍ എന്നീ അര്‍ഥങ്ങളാണ് അവിടെ കരണീയമായിട്ടുള്ളത്. മരണം രോഗമല്ല, ജീവിതാന്ത്യമാണ് (7 :34)
എല്ലാ രോഗത്തിനും മരുന്നുണ്ട് എന്ന ഹദീസമുള്ളപ്പോള്‍ കരിഞ്ചീരകം മാത്രമാണ് അഖില രോഗങ്ങള്‍ക്കും സിദ്ധൗഷധം എന്ന വാദം എത്ര ബാലിശമാണ്. എന്റെ മേല്‍ ബോധപൂര്‍വം അസത്യം പറയുന്നവരുടെ ഇരിപ്പിടം നരകത്തിലാണെന്ന് മുതവാതിറായ ഹദീസിന്റെ താല്പര്യം ഉള്‍ക്കൊണ്ടാല്‍ പരിഭാഷയുടെ കുഴപ്പം കൊണ്ടും നബിവചനത്തെ വക്രീകരിക്കാന്‍ പാടില്ല എന്ന് മനസ്സിലാക്കാനാവും. അങ്ങനെയെങ്കില്‍ കരിഞ്ചീരക ഹദീസിന്റെ താല്പര്യം ഉള്‍ക്കൊണ്ട് ഇങ്ങനെ വിവര്‍ത്തനം നല്‍കാവുന്നതാണ്.
‘കരിഞ്ചീരകത്തിന്റെ വീര്യം ഉപയോഗപ്പെടുത്തി സുഖപ്പെടുത്താവുന്ന എല്ലാ രോഗങ്ങള്‍ക്കും അത് ശമനൗഷധമാണ്. എന്നാല്‍ മരണം എന്നത് ഒരു രോഗമല്ലാത്തതിനാല്‍ അതിന് പ്രതിവിധിയില്ല. അത് ഇഹലോകജീവിതാന്ത്യമാണ്’

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x