7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

ലാഭക്കൊതി വിദ്യാഭ്യാസത്തിന്റെ സദ്ഫലങ്ങള്‍ ഇല്ലാതാക്കുന്നു

സി ടി അബ്ദുറഹീം / ഹാറൂന്‍ കക്കാട്


വൈജ്ഞാനിക വിപ്ലവത്തിനായി ഒരു പുരുഷായുസ്സ് പൂര്‍ണമായും സമര്‍പ്പിച്ച സാത്വികനാണ് സി ടി എന്ന രണ്ടക്ഷരത്തില്‍ വിഖ്യാതനായ ചേന്ദമംഗല്ലൂരിലെ ചെട്ടിയാന്‍തൊടിക അബ്ദുറഹീം എന്ന എഴുപത്തിയെട്ടുകാരന്‍. ‘നിങ്ങളുടെ പ്രവര്‍ത്തനങ്ങളും അനന്തര ഫലങ്ങളും നാം രേഖപ്പെടുത്തിവെക്കും’ എന്ന് വിശുദ്ധ ഖുര്‍ആനിലെ യാസീന്‍ അധ്യായത്തിലെ 12-ാം വചനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിപുലമായ അര്‍ഥതലങ്ങളുള്ള ഒരു സൂക്തമാണിത്. ഈ ലോകത്ത് ഓരോ മനുഷ്യനും ചെയ്തുതീര്‍ക്കുന്ന കര്‍മങ്ങളുടെ അനന്തര ഫലങ്ങള്‍ നാം വിഭാവന ചെയ്യുന്നതിലും എത്രയോ അപ്പുറത്തായിരിക്കും.
ദയാപുരത്തിന്റെ സാക്ഷാത്കാരത്തിലും പ്രയോഗവത്കരണത്തിലും പുരോഗതിയിലും സി ടി വഹിച്ച വിസ്മയകരമായ ഭാഗധേയം വാക്കുകള്‍ക്ക് അതീതമാണ്. ആ മഹത്തായ സുകൃതങ്ങളുടെ അനന്തര ഫലങ്ങള്‍ ഇന്ന് രാജ്യാതിര്‍ത്തികളും കടന്ന് വ്യത്യസ്ത മേഖലകളില്‍ ഒരുപാട് പേര്‍ക്ക് കണ്‍കുളിര്‍മയേകുന്നതിന് കാലം സാക്ഷിയായിരിക്കുന്നു.
1945-ല്‍ കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂരില്‍ കോമുക്കുട്ടിയുടെയും ഉമ്മയ്യയുടെയും മകനായാണ് സി ടി അബ്ദുറഹീമിന്റെ ജനനം. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളജ്, ദോഹ റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം ഖത്തര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ സാര്‍ജന്റ്, കുറ്റ്യാടി ഇസ്‌ലാമിയാ കോളജ് അധ്യാപകന്‍, പ്രബോധനം വാരികയുടെ പത്രാധിപ സമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി ദയാപുരം സ്ഥാപനങ്ങളുടെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്നു. ദയാപുരം മാനവിക വിചാരവേദിയുടെ സെക്രട്ടറിയാണ്.
ഇന്ത്യാ ചരിത്രത്തിന്റെ രണ്ടു മുഖങ്ങള്‍, മതവും യുക്തിവാദവും, മതം: തത്വവും പ്രയോഗവും, സ്വാതന്ത്ര്യസമരം: നഷ്ടപ്പെട്ട താളുകള്‍, മതേതരത്വവും ഇന്ത്യന്‍ മുസ്‌ലിംകളും, ഇസ്‌ലാമും ഇടമറുകും, പ്രവാചകന്മാര്‍, ശരീഅത്ത് ചര്‍ച്ചകള്‍, കുളമ്പടികള്‍ (വിവര്‍ത്തനം), ഒരു മലയാളി മുസ്‌ലിമിന്റെ വേറിട്ട ചിന്തകള്‍, മുസ്‌ലിം ഭീകരവാദത്തിന്റെ തായ്‌വേരുകള്‍, ആത്മഗീതം (കവിത), ഖുര്‍ആന്‍ പരിചയം, ചേന്ദമംഗല്ലൂര്‍: ഓര്‍മയും ആലോചനയും, ഖത്തര്‍ കാലം: പ്രവാസത്തിന്റെ ഓര്‍മക്കുറിപ്പുകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഭാര്യ: ആസിയ. നബീല, അബ്ദുല്ല ബാസിം, മലീഹ, ആദില്‍, അബ്ദുല്‍അസീസ്, മുഹമ്മദ് നഹര്‍ എന്നിവരാണ് മക്കള്‍.
പുതിയ അധ്യയന വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചാത്തമംഗലത്തിനടുത്ത ദയാപുരം കാമ്പസില്‍ വെച്ച് സി ടി അബ്ദുറഹീം ശബാബിനോട് മനസ്സു തുറക്കുന്നു:

? വീണ്ടുമൊരു അധ്യയന വര്‍ഷം ആഗതമായിരിക്കുന്നു. നിര്‍മിത ബുദ്ധിയുടെ ഇക്കാലത്ത് താങ്കളുടെ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാമോ?
വിദ്യാഭ്യാസം ഏതു കാലത്തും മാനവിക മൂല്യങ്ങളുടെ സമഗ്രമായ വികാസത്തിന് ഉപയുക്തമായി വര്‍ത്തിക്കേണ്ടതാണ്. ജനക്ഷേമത്തിന്റെയും അതിരുകളില്ലാത്ത നന്മകളുടെയും അടിസ്ഥാനപരമായ പ്രചോദന ഘടകമായി വിദ്യാഭ്യാസം മാറണം. ഈയിടെയായി ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി. ‘ചാറ്റ് ജിപിടി’ എന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതികരംഗത്തുണ്ടാകുന്ന ഏതൊരു വികാസത്തെപ്പറ്റിയും അപകടമുണ്ടാക്കുമോ, ദുരുപയോഗം ചെയ്യപ്പെടുമോ തുടങ്ങിയ സംശയങ്ങള്‍ എപ്പോഴും ഉണ്ടാകാറുണ്ട്. നിര്‍മിത ബുദ്ധി മേഖലയിലെ മാറ്റങ്ങള്‍ പ്രത്യേകിച്ചും കൂടുതല്‍ ഭയാശങ്കകള്‍ക്ക് കാരണമാകാം. ഒന്നിനെയും കൃത്യമായി മനസ്സിലാക്കുന്നതിനു മുമ്പേ നിഷേധിക്കുന്ന പ്രവണത ഒരിക്കലും ശരിയല്ല. കമ്പ്യൂട്ടര്‍ ഈ രംഗത്ത് നമുക്കു മുമ്പിലുള്ള ഒരു ഉദാഹരണമാണ്.
പുതിയ സംവിധാനങ്ങളിലെ ഉപയോഗപ്പെടുത്താവുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളണം. ഉപദ്രവരഹിതമായി അവ എങ്ങനെ ഉപയോഗിക്കാം എന്ന് തിരിച്ചറിയണം. ഒറ്റയടിക്ക് ഒരു കാര്യത്തെ തള്ളിപ്പറയുന്നതിനു പകരം അപകടങ്ങളെ മറികടന്ന് ഉപയോഗപ്പെടുത്താവുന്ന മേഖലകള്‍ ഉണ്ടോ എന്നു വിവേചിച്ചറിയുന്നതാണ് കരണീയം. പലരും നിര്‍മിത ബുദ്ധിക്കെതിരെ ഇപ്പോള്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. നാം പഠിച്ചുവരുന്ന ഒരു വിഷയമാണിത്. യഥാര്‍ഥ വസ്തുതകള്‍ കൃത്യമായി അറിഞ്ഞു വിലയിരുത്തേണ്ടതാണ്. ഏത് പ്രതിസന്ധികളുടെ കാലഘട്ടമായിരുന്നാലും, സാങ്കേതികവിദ്യകള്‍ എത്രമേല്‍ വികാസം പ്രാപിച്ചാലും വിദ്യാര്‍ഥികളെ മൂല്യബോധമുള്ളവരായി രൂപാന്തരപ്പെടുത്തുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ സംരംഭങ്ങള്‍ പ്രധാന പങ്കുവഹിക്കുക തന്നെ വേണം.

? കേരളത്തിന്റെ വൈജ്ഞാനിക ഭൂപടത്തില്‍ ദയാപുരം മോഡല്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളില്‍ ദയാപുരം സൃഷ്ടിച്ച വിപ്ലവത്തിന്റെ നാള്‍വഴികളിലേക്ക് തിരിഞ്ഞുനോക്കാമോ?
ഖത്തറിലെ പ്രമുഖ പണ്ഡിതനും മതകാര്യവകുപ്പു മേധാവിയുമായിരുന്ന ശൈഖ് അബ്ദുല്ല ഇബ്‌റാഹീം അന്‍സാരിയുമായുള്ള എന്റെ ബന്ധമാണ് ദയാപുരത്തിന് രാസത്വരകമായി വര്‍ത്തിച്ചത്. മലപ്പുറം കോട്ടക്കലില്‍ ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ ആദ്യത്തെ അറബിയാണ് അദ്ദേഹം. 1975ല്‍ ഖത്തര്‍ പോലീസില്‍ ജോലി ചെയ്തിരുന്ന ഞാന്‍ അദ്ദേഹത്തിന്റെ പരിഭാഷകനായാണ് കൂടെ വന്നത്. ചികിത്സ കഴിഞ്ഞു ശൈഖ് തിരിച്ചുപോവുമ്പോഴേക്ക് ഞങ്ങള്‍ക്കിടയില്‍ വലിയ ആത്മബന്ധം രൂപപ്പെട്ടിരുന്നു. പിന്നീട് ശൈഖ് അന്‍സാരിയുടെ ഇടപെടലിനെ തുടര്‍ന്ന് ഞാന്‍ പ്രവാസജീവിതം അവസാനിപ്പിക്കുകയും കുറ്റ്യാടി കോളജില്‍ അധ്യാപകനാവുകയും ചെയ്തു. പല കാരണങ്ങളാല്‍ ജമാഅത്തെ ഇസ്‌ലാമിയുമായി പൂര്‍ണമായും എനിക്ക് അകലേണ്ടിവന്ന കാലമായിരുന്നു ഇത്. ഖത്തറില്‍ നിന്ന് യാത്ര ചോദിച്ചു മടങ്ങുമ്പോള്‍ ശൈഖ് അന്‍സാരിയുടെ മകന്‍ അബ്ദുല്‍അസീസ് അന്‍സാരിയോട് ഞാന്‍ പറഞ്ഞിരുന്നു, താങ്കളുടെ പിതാവിന്റെ പേരില്‍ ഞാന്‍ കേരളത്തില്‍ ഒരു വിദ്യാഭ്യാസ കേന്ദ്രം തുടങ്ങുമെന്ന്. എന്റെ കൈ പിടിച്ച് സര്‍വ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞത് വലിയ പ്രചോദനമായി മാറി.
എന്റെ പിതാവ് നാട്ടില്‍ നടത്തിയിരുന്ന ഏകാധ്യാപക കേന്ദ്രമായ ഓത്തുപള്ളിക്കൂടം ഒരു വൈജ്ഞാനിക കേന്ദ്രം സ്ഥാപിക്കുന്നതിന് ഊര്‍ജം പകര്‍ന്ന മറ്റൊരു ഘടകമാണ്. ഇങ്ങനെ ഒരു ആലോചനയ്ക്ക് പ്രേരണയായത് 1967-70 കാലഘട്ടത്തില്‍ അനാഥശാലകളുമായി ബന്ധപ്പെട്ട അനുഭവമാണ്. മിക്കവാറും എല്ലാ അനാഥശാലകളിലും അന്ന് പലതരത്തിലുള്ള വിവേചനങ്ങള്‍ ഉണ്ടായിരുന്നു.
അനാഥശാലകള്‍ പലതും പഴയ തറവാട്ടുകാരുടെ കീഴിലായിരുന്നു; നടത്തിപ്പും പഴയ മട്ടില്‍. ഗള്‍ഫ് കൊണ്ടുവന്ന സാമ്പത്തിക അഭിവൃദ്ധിയും അതിന്റെ രീതികളും അനാഥശാലകളെ സ്വാധീനിച്ചുതുടങ്ങിയിട്ടുണ്ടായിരുന്നില്ല. അനാഥക്കുട്ടികള്‍ക്ക് തുല്യതാബോധവും അതിനു യോജിച്ച താമസവും ഭക്ഷണവും വേഷവും നല്‍കുന്ന ഒരു കേന്ദ്രമായിരുന്നു എന്റെ സങ്കല്‍പം. എല്ലാ മതത്തിലും ഉള്‍പ്പെട്ട അനാഥക്കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്ന ഒരു അനാഥശാലയായിരുന്നു ലക്ഷ്യം.
ഇസ്‌ലാം മതത്തെ ആത്മീയ-ധാര്‍മിക സ്രോതസ്സായി കാണുകയും അതിന്റെ മാനവികമായ തലം സമൂഹത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനം എന്ന നിലയ്ക്ക് ‘അല്‍ ഇസ്‌ലാം ചാരിറ്റബിള്‍ ട്രസ്റ്റ്’ രൂപീകരിച്ചു. 1983 ഡിസംബര്‍ 27ന് പള്ളിക്കും അനാഥശാലയ്ക്കും ശൈഖ് അന്‍സാരി തറക്കല്ലിട്ടു. ആ തണല്‍ പിന്നീട് നാലു വര്‍ഷമേ ഞങ്ങള്‍ക്ക് കിട്ടിയുള്ളൂ. 1989ല്‍ ലണ്ടനിലെ ആശുപത്രിയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു.

ഞങ്ങള്‍ സ്ഥാപനം തുടങ്ങുമ്പോള്‍ 11 മക്കള്‍ മാത്രമേ അനാഥശാലയില്‍ ഉണ്ടായിരുന്നുള്ളൂ. ഇവിടെ ദയാപുരം ശ്രമിച്ചത് ഒരു ആശയം അവതരിപ്പിക്കാനാണ്. സമൂഹത്തിലെ എല്ലാവര്‍ക്കും, (മാതാപിതാക്കളും ബന്ധുബലവും ഉണ്ടെങ്കിലും ഇല്ലെങ്കിലും) പോഷകങ്ങള്‍ അടങ്ങുന്ന ഭക്ഷണം, ചികിത്സ, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവ അവരുടെ അവകാശമാണ്. ഈ ആശയം പ്രവൃത്തിയിലൂടെ കാണിക്കുന്നതുവഴി അനാഥശാലകള്‍ക്ക് ഉണ്ടാകേണ്ട രീതികളെ സംബന്ധിച്ച കാഴ്ചപ്പാട് അവതരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം.
ഈ ആശയത്തിന്റെ അടിപ്പടവ് അവകാശബോധമാണ്. അനാഥ സംരക്ഷണമെന്ന കാരുണ്യപ്രവൃത്തിയില്‍ നിന്ന് അനാഥ ശാക്തീകരണമെന്ന സാമൂഹിക വികസനപദ്ധതിയിലേക്ക് നാം മാറേണ്ടതുണ്ട് എന്ന ബോധം. അനാഥക്കുട്ടികളില്‍ അവകാശബോധമുണര്‍ത്തുന്ന രീതിയില്‍ നിയമങ്ങള്‍ ഉണ്ടാക്കാനും ശ്രദ്ധിച്ചിരുന്നു. ദയാപുരം അന്‍സാരി അനാഥശാലയില്‍ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തോടൊപ്പം വേഷത്തിലോ ഭക്ഷണത്തിലോ താമസത്തിലോ യാതൊരു വിവേചനവുമില്ലാത്ത രീതിയാണ് സ്വീകരിച്ചത്. അനാഥശാലയില്‍ 100 അന്തേവാസികളെ താമസിപ്പിക്കാനായിരുന്നു ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതി. ചെലവുകളും നിര്‍മാണ പ്രവര്‍ത്തനങ്ങളും കഴിഞ്ഞാല്‍ അത്രയും പേരെ മാത്രമേ ആദ്യത്തെ 20 വര്‍ഷത്തില്‍ ഓരോ വര്‍ഷവും പഠിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.
ആദ്യത്തെ പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ കേന്ദ്രത്തിലെ സ്‌കൂളും നഴ്‌സറിയും നൂറോളം അനാഥ-അഗതി വിദ്യാര്‍ഥികളുടെ ജീവിതച്ചെലവും വിദ്യാഭ്യാസച്ചെലവും കഴിച്ചും ചെറിയ അളവില്‍ മിച്ചം പിടിച്ചുതുടങ്ങി. ഈ മിച്ചത്തില്‍ നിന്ന് അടുത്ത പത്തു വര്‍ഷം കെട്ടിടങ്ങള്‍ ഉണ്ടാക്കി ഇന്‍ഫ്രാസ്ട്രക്ചര്‍ തയ്യാറാക്കി. ആദ്യത്തെ 20 വര്‍ഷങ്ങള്‍ക്കു ശേഷം മിച്ചം വരുന്ന പണം ദരിദ്ര-പിന്നാക്ക വിഭാഗങ്ങള്‍ക്കായി കൂടുതലായി ഉപയോഗിച്ചു.
ആ കുട്ടികളുടെ എണ്ണം ആദ്യം ഇരട്ടിയാക്കി; പിന്നീട് മൂന്നിരട്ടിയാക്കി. അങ്ങനെ അതൊരു സ്വയംപര്യാപ്തമായ സാമ്പത്തിക സംവിധാനമായി. 90 ശതമാനം കുട്ടികള്‍ ഫീസ് കൊടുത്തു പഠിക്കുമ്പോള്‍ ബാക്കി വരുന്ന പണം കൊണ്ടാണ് 10 ശതമാനം പാവപ്പെട്ടവരെ പഠിപ്പിക്കുന്നത്. അനാഥശാലയില്‍ കുട്ടികളെ ചേര്‍ക്കുന്ന രീതി ദയാപുരത്ത് പതുക്കെ ഇല്ലാതായി. അര്‍ഹരായ കുട്ടികളെ അവരുടെ വീട്ടില്‍ത്തന്നെ നിര്‍ത്തി ആവശ്യമായ എല്ലാ പിന്തുണയും കൊടുത്തു പഠിപ്പിക്കുന്ന രീതി ആരംഭിച്ചു. 2019ല്‍ അനാഥശാലയുടെ രജിസ്‌ട്രേഷന്‍ ഒഴിവാക്കി സ്‌കോളര്‍ഷിപ്പ് പദ്ധതിയായി മാറ്റി. ‘ശൈഖ് അന്‍സാരി ഫൗണ്ടേഷന്‍’ എന്ന പുതിയ പദ്ധതിയുണ്ടാക്കി അനാഥശാലയെയും അഡോപ്ഷന്‍ സ്‌കീമിനെയും ലയിപ്പിച്ചു.

ഭക്ഷണമോ മരുന്നോ വിദ്യാഭ്യാസമോ കൊടുക്കുകയല്ല ഏറ്റവും പ്രധാനം. അത് എല്ലാവര്‍ക്കും ഉണ്ടാവുക നമ്മുടെ ധാര്‍മികമായ ഉത്തരവാദിത്തമാണെന്ന ആശയം പ്രചരിപ്പിക്കുകയാണ്. ആ ആശയത്തെ പ്രായോഗികമായി കാണിച്ചുകൊടുക്കാന്‍ മാത്രമാണ് കേന്ദ്രം എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
മഹാത്മാ ഗാന്ധിയും അംബേദ്കറും മൗലാനാ അബുല്‍കലാം ആസാദും ജവഹര്‍ലാല്‍ നെഹ്‌റുവും രൂപം കൊടുത്ത ജനാധിപത്യം, സമത്വം, മതേതരത്വം എന്നിവയുടെ സമന്വയമായ ഇന്ത്യ എന്ന ആശയം വളരെ മനോഹരമാണ്. അത്തരമൊരു റിപ്പബ്ലിക് ഇത്രയും അസമത്വങ്ങള്‍ നിലനില്‍ക്കുന്ന ഒരു ഭൂമിശാസ്ത്ര പ്രദേശത്തു സ്ഥാപിച്ചെടുക്കണമെങ്കില്‍ സര്‍ക്കാരോ നിയമമോ വിചാരിച്ചാല്‍ മതിയാവില്ല. നമ്മള്‍ ഓരോരുത്തരും നമ്മുടെ ചുറ്റുപാടുകളില്‍ ഈ ആശയം സമൂര്‍ത്തമായി വളര്‍ത്തിയെടുക്കണം. ഒരു കൂട്ടായ്മ നടത്തിയ അങ്ങനെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ദയാപുരത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. എം എന്‍ വിജയന്‍ മാഷ് പറഞ്ഞപോലെ, ‘ആദ്യത്തെ നിഘണ്ടു ഉണ്ടാക്കാന്‍ 30 വര്‍ഷം വേണമെങ്കില്‍ രണ്ടാമത്തേത് ഉണ്ടാക്കാന്‍ 30 ദിവസം മതി’ എന്നതാണ് സ്ഥാപനങ്ങളുടെ നിര്‍മാണത്തിലുള്ള അനുഭവം.
ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം രാഷ്ട്രങ്ങളില്‍ ദയാപുരത്തിന്റെ സന്തതികള്‍ ഉയര്‍ന്ന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട്, സങ്കുചിതത്വവും വര്‍ഗീയതയുമില്ലാതെ, മാനവികതയുടെ പര്യായമായാണ് അവരുടെയെല്ലാം ജീവിതം എന്നത് ഞങ്ങളെ സന്തോഷിപ്പിക്കുന്നു. ഇവിടത്തെ ഓരോ പൂര്‍വവിദ്യാര്‍ഥിയും തലമുറകള്‍ക്ക് കൈമാറുന്നത് രാജ്യത്തിന്റെ അഖണ്ഡതയുടെയും മതേതര മൂല്യങ്ങളുടെയും സൗഹാര്‍ദത്തിന്റെയും വലിയ സന്ദേശങ്ങളാണ്.

? വിദ്യാഭ്യാസം കച്ചവടവത്കരിക്കപ്പെട്ട ഒരു കാലഘട്ടം. നിയമനത്തിനും അഡ്മിഷനും കോഴ വാങ്ങുന്ന സമ്പ്രദായം നമ്മുടെ നാട്ടില്‍ വ്യാപകമാണ്. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ എങ്ങനെയെല്ലാം ഇത് ബാധിക്കും?
കോഴ എല്ലാ അര്‍ഥത്തിലും അനീതിയുടെ പ്രതീകമാണല്ലോ. കോഴയിലൂടെ നിയമനം നല്‍കുക വഴി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നത് തീര്‍ച്ചയാണ്.
നമ്മുടെ നാട്ടില്‍ ധാരാളം പ്രസ്ഥാനങ്ങളും വിവിധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹിക ശാക്തീകരണം മുഖ്യലക്ഷ്യമായി കാണുന്നവരാണ് എല്ലാവരും. എന്നാ ല്‍ വിദ്യാഭ്യാസത്തിന്റെ യഥാ ര്‍ഥ ലക്ഷ്യത്തില്‍ നിന്ന് വഴിമാറി കച്ചവട താത്പര്യമാണ് പലരേയും നയിക്കുന്നത്. സ്ഥാപനങ്ങളുടെ യഥാര്‍ഥ ദൗത്യം നിര്‍വഹിക്കാതെ ആശയാദര്‍ശങ്ങളില്‍ നിന്ന് അകലുന്ന അവസ്ഥ നിലനില്‍ക്കുന്നു. പൂര്‍വികര്‍ നീതിപൂര്‍വം നടത്തിയിരുന്ന സ്ഥാപനങ്ങളുടെ പിന്‍തലമുറക്കാര്‍ പലരും ഇവയെ ദുരുപയോഗം ചെയ്യുന്നത് എന്തുമാത്രം സങ്കടകരമാണ്.
വിദ്യാഭ്യാസ മേഖലയിലെ തരംതാഴ്ന്ന എല്ലാ പ്രവണതകള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്ന കാവലാളുകള്‍ ഉണ്ടാവണം. ഇത്തരം വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുകയും വഴിതെറ്റുന്നത് തടയുകയും വേണം. വിമര്‍ശനാത്മകവും ആരോഗ്യകരവുമായ സഹകരണം എല്ലാ വിഭാഗം സംഘടനകളില്‍ നിന്നും നിര്‍ബന്ധമായും ഈ വിഷയത്തില്‍ ഉണ്ടാവണം.
ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നീതിയില്‍ അധിഷ്ഠിതമായ യഥാര്‍ഥ സന്ദേശങ്ങള്‍ വ്യക്തമാവുകയും അത് നിലനില്‍ക്കുകയും വേണം. അത് ഏതൊരു ഘട്ടത്തിലും നഷ്ടപ്പെടാന്‍ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരില്‍ ഈ ബോധവും ദൃഢനിശ്ചയവും നിലനില്‍ക്കുകയും പൊതുസമൂഹത്തിന് ഇക്കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്.
ചാരിറ്റി ലക്ഷ്യമാക്കിയുള്ള സ്ഥാപനങ്ങള്‍ പോലും കോഴ വാങ്ങുന്നു എന്നു വരുമ്പോള്‍ അത് വിദ്യാഭ്യാസത്തിന്റെ വിശുദ്ധിയെയാണ് പ്രതികൂലമായി ബാധിക്കുക. കോഴ സംസ്‌കാരം നിലനില്‍ക്കുന്ന ഒരു സ്ഥാപനത്തിലെ വിദ്യാര്‍ഥികളുടെ മനസ്സില്‍ രൂപപ്പെടുന്ന മനോഭാവങ്ങള്‍ എല്ലാ അര്‍ഥത്തിലും മോശമായിരിക്കും. സേവന മനോഭാവവും കച്ചവട തല്‍പരതയും തമ്മിലുള്ള അന്തരം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരമൊരു പശ്ചാത്തലത്തില്‍ ചാരിറ്റി സ്ഥാപനങ്ങള്‍ ലക്ഷ്യവിശുദ്ധി നിലനിര്‍ത്താതെ പാവപ്പെട്ടവരില്‍ നിന്നു പോലും കോഴ വാങ്ങുന്നതിനെതിരെ സമൂഹത്തില്‍ ഒരു പ്രതികരണം പോലും ഉണ്ടാവുന്നില്ല.
ഗവണ്‍മെന്റില്‍ നിന്ന് ശമ്പളം പറ്റുന്ന മാനേജ്‌മെന്റ് സ്ഥാപനങ്ങളും അനീതിയുടെ വക്താക്കളായി കോഴ വാങ്ങുകയാണ്. ഗുണനിലവാരത്തെയും സ്ഥാപനത്തെയും നശിപ്പിക്കാന്‍ മാത്രമേ ഇത്തരം ചെയ്തികള്‍ ഉപകരിക്കുകയുള്ളൂ. വിദ്യാഭ്യാസ വിശുദ്ധിയെ തകര്‍ക്കുന്ന ഏത് പ്രവര്‍ത്തനങ്ങളും നിരാകരിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു പ്രത്യേകമായ ഒരു പഠനസംഘത്തെ നിയോഗിക്കാന്‍ നമ്മുടെ നാട്ടിലെ വിവിധ സംഘടനകള്‍ തയ്യാറാവണം. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ച് കണക്കെടുപ്പ് നടത്തുകയും കൃത്യമായി വിലയിരുത്തുകയും ചെയ്യുന്ന ഒരു ടീം വര്‍ക്ക് രൂപപ്പെടുത്തിയാല്‍ തീര്‍ച്ചയായും അത് വൈജ്ഞാനികരംഗത്ത് വലിയൊരു ഉണര്‍വ് നല്‍കും.
ഏതെങ്കിലും വിഭാഗത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിലല്ലാതെ സത്യസന്ധമായ ഒരു ഗവേഷണ-അന്വേഷണ വിഭാഗമായി ഈ ടീം നിലയുറപ്പിക്കണം. വേതനം വാങ്ങാതെത്തന്നെ സേവനമനുഷ്ഠിക്കാന്‍ തയ്യാറുള്ളവരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ പ്രതികരിക്കാനും ഈ ടീം വര്‍ക്കിലൂടെ സാധിക്കും. നിയമനത്തിനും പ്രവേശനത്തിനും കോഴ വാങ്ങുന്ന സംവിധാനങ്ങള്‍ക്കും മറ്റ് അനീതികള്‍ക്കുമെതിരെയുള്ള ഇത്തരമൊരു ടീമിന്റെ ഇടപെടലുകളിലൂടെ കേരളത്തിലെ വൈജ്ഞാനിക മേഖലയില്‍ നവജാഗരണം സൃഷ്ടിക്കാന്‍ കഴിയും.

? ആധുനിക ലോകത്ത് സജീവമായ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ താങ്കള്‍ എങ്ങനെ നിരീക്ഷിക്കുന്നു?
കഴിഞ്ഞ കൊറോണക്കാലത്താണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഒരുപാട് സാധ്യതകള്‍ നാം കാര്യമായി ഉപയോഗപ്പെടുത്തിയത്. ദയാപുരം സ്ഥാപനങ്ങളിലും ഇത് കാര്യക്ഷമമായി നടത്തിയിരുന്നു.
ഗുണഫലങ്ങള്‍ ഉണ്ടെങ്കിലും കാമ്പസ് ജീവിതം കുട്ടികള്‍ക്ക് നഷ്ടമാവുന്നു എന്നത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഒരു ന്യൂനതയാണ്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരസ്പര സമ്പര്‍ക്കങ്ങളും ഇടപഴകലുകളും ഇല്ലാതാവുന്നതുവഴി എമ്പാടും സാമൂഹിക-സാംസ്‌കാരിക വികാസങ്ങള്‍ രൂപപ്പെടുന്നതിനു തടസ്സമാവും. ഇതെല്ലാം ഓരോരുത്തരുടെയും വ്യക്തിത്വ രൂപീകരണത്തെ പ്രതികൂലമായി ബാധിക്കും.
ഒരു നിശ്ചിത കേന്ദ്രത്തില്‍ വന്നു പഠിക്കുന്ന രീതിയും വിദൂരത്തുനിന്ന് പഠിക്കുന്നതിന്റെയും ഗുണഫലങ്ങള്‍ വ്യത്യസ്തമാണ്. നിര്‍ബന്ധിത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ആശ്രയിക്കേണ്ടിവരുന്ന ചെറിയ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകിച്ചും രക്ഷിതാക്കളും സ്ഥാപനമേധാവികളും കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്.
? പുതുതലമുറയില്‍ പലരും വിദേശ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നു. ഇതിനെക്കുറിച്ച്?
ഇന്ന് കൂടുതല്‍ പേരും വിദേശ വിദ്യാഭ്യാസത്തില്‍ തല്‍പരരാണ്. സമാധാനപരമായ അന്തരീക്ഷത്തില്‍ വിദ്യ അഭ്യസിക്കാനും ജോലി ചെയ്യാനും സാധിക്കുന്നു എന്നതാണ് അത്തരമൊരു പശ്ചാത്തലം തെരഞ്ഞെടുക്കാന്‍ പുതുതലമുറയെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി പേര്‍ ഈ വഴി തെരഞ്ഞെടുത്തിട്ടുണ്ട്.
നമ്മുടെ സ്ഥാപനങ്ങളുടെ ഗുണപരമായ തകര്‍ച്ചയും ഇതിനൊരു കാരണമാണല്ലോ. ഇത്തരക്കാര്‍ക്ക് നമ്മുടെ നാട്ടില്‍ വേണ്ടത്ര തൊഴില്‍ നല്‍കാന്‍ കഴിയുന്നില്ല. അതിന് വേണ്ട തരത്തില്‍ സ്ഥാപനങ്ങളും ഇവിടെയില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം അവിടെ ചെലവഴിക്കേണ്ടി വരുന്നുണ്ടെങ്കിലും അവര്‍ സംതൃപ്തരും സന്തോഷവാന്മാരുമാണ്. അവിടങ്ങളില്‍ അവര്‍ അഭിമുഖീകരിക്കുന്ന നിയമങ്ങളും നടപടിക്രമങ്ങളും വളരെ ഉദാരമാണ്. ഒരു കുട്ടി ജനിച്ചാല്‍ പൗരത്വം വരെ ലഭിക്കും വിധം കാര്യങ്ങള്‍ എളുപ്പമാണ്. ക്രിയാത്മകവും രചനാത്മകവുമായ ഗുണനിലവാരമുള്ള വൈജ്ഞാനിക മേഖലകളില്‍ എത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് അവര്‍ സാക്ഷ്യപ്പെടുത്തുന്നത്.
? വിദ്യാഭ്യാസ സിലബസുകള്‍ വര്‍ഗീയ ധ്രുവീകരണത്തിനും കാവിവത്കരണത്തിനും വിധേയമാവുന്ന ആനുകാലിക സാഹചര്യത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
ഏത് പ്രതികൂല സാഹചര്യത്തിലും ചരിത്രത്തോട് നീതി പുലര്‍ത്തുക എന്നത് പരമപ്രധാനമായ കാര്യമാണ്. ഒന്നിലും മായം ചേര്‍ക്കാതെ ഉള്ളത് അതുപോലെ പറയുക എന്നതാണ് മര്‍മം. ഏതെങ്കിലും കാര്യങ്ങളില്‍ സംശയങ്ങള്‍ ഉണ്ടെങ്കിലോ നിലവിലുള്ള ചരിത്രങ്ങള്‍ മാറ്റേണ്ടതുണ്ടെങ്കിലോ കൃത്യമായ ഗവേഷണങ്ങള്‍ നടത്തണം. തദടിസ്ഥാനത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അതിന് ഉപോദ്ബലകമായ തെളിവുകള്‍ ഹാജരാക്കണം. ഇതൊന്നുമില്ലാതെ സത്യസന്ധമായ ചരിത്രവസ്തുതകളെ മാറ്റുന്നതില്‍ ഒരു ന്യായീകരണവുമില്ല.

പച്ചയായ കളവുകള്‍ ശരിയായ ചരിത്രമാണെന്ന് പുതുതലമുറ മനസ്സിലാക്കാന്‍ ഇടവന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും നേരിടേണ്ടിവരുന്നത്. അധികാരവും രാഷ്ട്രീയ സ്വാധീനങ്ങളും ഉപയോഗിച്ച് ചരിത്രത്തെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ എല്ലാ കാലത്തും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. വര്‍ഗീയ ധ്രുവീകരണത്തിനു വേണ്ടി ചരിത്രത്തെ മാറ്റിമറിക്കുന്നത് തികച്ചും അനീതിയാണ്.
ഗവേഷണവും പഠനവും ബോധ്യപ്പെടുത്തലുകളും ഇല്ലാതെ ഏകപക്ഷീയമായി നിയമങ്ങള്‍ കൊണ്ടല്ല ചരിത്രത്തെ മാറ്റാന്‍ തുനിയേണ്ടത്. മാനവികതയുടെയും മതേതരത്വത്തിന്റെയും മതമൈത്രിയുടെയും ചരിതങ്ങളെ മാറോടണയ്ക്കാനാണ് നാം ഇന്ത്യക്കാര്‍ എന്നും മുമ്പില്‍ നില്‍ക്കേണ്ടത്. അതിന് വിഘാതമാവും വിധം ധ്രുവീകരണത്തിനും വിഭാഗീയതയ്ക്കും വഴി തുറക്കുന്ന പരിഷ്‌കാരങ്ങള്‍ക്കും സമീപനങ്ങള്‍ക്കും എതിരെ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്ന് ഞാന്‍ വിചാരിക്കുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x