കരയുന്നതില്‍ കാര്യമുണ്ട്
ഡോ. മന്‍സൂര്‍ ഒതായി
സന്തോഷവും സങ്കടവും ജീവിതത്തിന്റെ ഭാഗമാണ്. സുഖമുള്ളപ്പോള്‍ സന്തോഷിക്കുകയും ദുഃഖവേളയില്‍ സങ്കടപ്പെടുകയും ചെയ്യുന്നവരാണ് മനുഷ്യര്‍. സങ്കടങ്ങളെ ഉള്ളില്‍ ഒതുക്കുന്നവരും കരഞ്ഞും പറഞ്ഞും അത് പ്രകടിപ്പിക്കുന്നവരുമുണ്ട്. കരച്ചിലിനെ ഒരു അപായസൂചനയായാണ് നാം കാണാറുള്ളത്. തൊട്ടരികില്‍ ഒരാള്‍ കരയുന്നത് കാണുമ്പോള്‍ ഏതൊരാളും ചോദിക്കാറുണ്ട്, എന്തു പറ്റി? പ്രിയമുള്ളവര്‍ സങ്കടപ്പെട്ട് കരയുന്നത് കാണുമ്പോള്‍ അരികിലെത്തി ആശ്വസിപ്പിക്കുന്നവരാണ് നമ്മള്‍. കരയുന്നതിനെ ദൗര്‍ബല്യമായും പോരായ്മയായും തെറ്റിദ്ധരിച്ചിരിക്കുകയാണ് പലരും. കരച്ചില്‍ കാര്യം നേടാനുള്ള മാര്‍ഗമായി കാണുന്നവരുമുണ്ട്. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നാണല്ലോ ചൊല്ല്.
എന്നാല്‍ കരച്ചില്‍ അങ്ങനെ കൊച്ചായി കാണേണ്ട കാര്യമല്ല. ദുഃഖവും സങ്കടവുമുള്ള സന്ദര്‍ഭങ്ങളില്‍ കരയുന്നത് മനസ്സിനും ശരീരത്തിനും ഗുണകരമാണെന്നാണ് ശാസ്ത്രം പറയുന്നത്. മനോവിഷമവും സംഘര്‍ഷങ്ങളും മായ്ച്ചുകളയാനുള്ള ഔഷധമായിട്ടാണ് മനഃശാസ്ത്രം കരച്ചിലിനെ വിശേഷിപ്പിക്കുന്നത് (crying is an important saftey valve) ഉള്ളില്‍ ഉരുണ്ടുകൂടുന്ന സംഘര്‍ഷങ്ങള്‍ പുറംതള്ളാനുള്ള സുരക്ഷാ മാര്‍ഗം. മറ്റുള്ളവരുമായുള്ള വൈകാരിക അടുപ്പം വര്‍ധിപ്പിക്കാന്‍ കരച്ചില്‍ സഹായകമാവും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അനുകമ്പയും പിന്തുണയും നേടി മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഉപകരിക്കുന്ന കാര്യമാണ് കരയല്‍.
എന്നിട്ടും കരച്ചില്‍ ഭീരുത്വമായി കരുതുന്നു ചിലര്‍. മറ്റുള്ളവരുടെ മുന്നില്‍വെച്ച് കരയുന്നത് കുറച്ചിലല്ലേ എന്നു ചിന്തിക്കുന്നവരുമുണ്ട്. കരയുന്നത് പൗരുഷത്തിനു ചേര്‍ന്നതല്ലെന്നു വിചാരിക്കുന്നവരുമുണ്ട്. ആണൊരുത്തന്‍ സങ്കടം പിടിച്ചുനിര്‍ത്താനാവാതെ കരഞ്ഞുപോയാല്‍ ‘പെണ്ണുങ്ങളെപ്പോലെ കരയുന്നോ” എന്ന് പരിഹസിക്കാനും ആളുകളുണ്ട്. ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും മുമ്പില്‍ ധൈര്യം സംഭരിച്ച് സങ്കടം മുഴുവന്‍ ഉള്ളിലൊതുക്കി കരച്ചിലൊതുക്കുന്നവരെയും കാണാം. എനിക്കൊന്ന് കരയാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് ആത്മഗതം ചെയ്യുന്നവരാണിവര്‍.
പരീക്ഷണങ്ങളും പ്രതിസന്ധികളും ഇല്ലാതെ മനുഷ്യ ജീവിതമില്ലല്ലോ. ദൈവദൂതന്മാരുടെ ജീവിതം വായിക്കുമ്പോള്‍ അവിടെയുമുണ്ട് നിരവധി പ്രതിസന്ധികള്‍. ജീവിതത്തില്‍ ഏറെ സങ്കടങ്ങള്‍ അനുഭവിച്ച വ്യക്തിയായിരുന്നു മുഹമ്മദ് നബി(സ). എന്നാല്‍ ദുഃഖവേളയില്‍ ഒരിക്കല്‍ പോലും അദ്ദേഹം സ്വന്തത്തെ പഴിച്ചില്ല. സാഹചര്യത്തെ കുറ്റപ്പെടുത്തിയുമില്ല. വികാരസാന്ദ്രമായ സന്ദര്‍ഭങ്ങളില്‍ അവിടത്തെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിട്ടുണ്ട്. മകന്‍ ഇബ്‌റാഹീമിന്റെ വേര്‍പാടില്‍ സങ്കടപ്പെട്ട തിരുനബി കരയുന്നത് കണ്ട് പ്രസിദ്ധ അനുചരന്‍ അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് ചോദിക്കുന്നു: ”പ്രവാചകരേ, അങ്ങ് കരയുകയോ?” റസൂല്‍ പറഞ്ഞു: ”ഇത് കാരുണ്യമാണ്. കണ്ണുകള്‍ കണ്ണീര്‍ വാര്‍ക്കും, ഹൃദയം വിതുമ്പും, എങ്കിലും റബ്ബിന് ഇഷ്ടമില്ലാത്ത യാതൊന്നും നാം പറയില്ല” (ബുഖാരി, മുസ്‌ലിം).
ദുഃഖവേളകളില്‍ കരയുന്നത് ഒരു ന്യൂനതയല്ലെന്നും അത് മനുഷ്യസഹജമാണെന്നുമാണ് ഈ വചനത്തിന്റെ പൊരുള്‍. മനുഷ്യ ഹൃദയത്തില്‍ സ്രഷ്ടാവ് കനിഞ്ഞേകിയ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമാണ് കരച്ചില്‍. എങ്കിലും സങ്കടകരമായ സന്ദര്‍ഭങ്ങളില്‍ ക്ഷമ കൈവെടിയരുതെന്നും റസൂല്‍ ഓര്‍മിപ്പിക്കുന്നു.