16 Wednesday
June 2021
2021 June 16
1442 Dhoul-Qida 5

കോവിഡിന്റെ വ്യാപനവും അധികാരികളുടെ നിസ്സംഗതയും

2020 ആദ്യത്തിലാണ്. ചൈനയിലെ വുഹാനെ പ്രേതനഗരമാക്കിയ കോവിഡ് 19 എന്ന മഹാമാരി രാജ്യാതിര്‍ത്തിക്കപ്പുറത്തേക്ക് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയ കാലം. അമേരിക്കയിലും ബ്രിട്ടനിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ മൂന്ന് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും സെക്കണ്ടറി വ്യാപനത്തിലേക്ക് കടക്കാതെ പ്രതിരോധിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം. ഇന്ത്യയിലും ചുരുക്കം ചില കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാവരും വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍. മലേഷ്യയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. ഡല്‍ഹി നിസാമുദ്ദീനില്‍ മതസമ്മേളനം നടക്കുന്നു. മലേഷ്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിസാമുദ്ദീനിലുണ്ട്. ഇന്ത്യ അടക്കം നിയന്ത്രണങ്ങള്‍ കടുപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിനു പിന്നാലെ മുന്നറിയിപ്പില്ലാതെ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നു. വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നു. മതസമ്മേളനത്തിനെത്തിയ പലരും നിസാമുദ്ദീന്‍ മര്‍ക്കസില്‍ കുടുങ്ങി. തൊട്ടു പിന്നാലെ സംഘ്പരിവാര്‍ തങ്ങളുടെ ഫാസിസ്റ്റ് അജണ്ട പുറത്തെടുത്തു. നിസാമുദ്ദീന്‍ സമ്മേളനത്തിനു വന്നവര്‍ രാജ്യത്ത് കോവിഡ് പരത്തുന്നുവെന്നായിരുന്നു ആരോപണം. സമ്മേളന സ്ഥലത്തുനിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിയവരെ കണ്ടെത്താന്‍ ബ്രഹ്മാണ്ട ദൗത്യങ്ങള്‍ പ്രഖ്യാപിക്കുന്നു. ഒറ്റപ്പെടുത്തി വേട്ടയാടുന്നു. ഒരു സമുദായത്തെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തി മാധ്യമങ്ങള്‍ പോലും കഥകള്‍ മെനയുന്നു. വിചാരണ നടത്തുന്നു. ഇവയെല്ലാം നടന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. എന്തിന് ഇവയെല്ലാം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു എന്നല്ലേ. കാര്യമുണ്ട്.
കോവിഡ് 19 എന്ന മഹാമാരി ലോകത്തിന്റെ നെറുകെയില്‍ ഇപ്പോഴും ഭീഷണിയുടെ വാളുയര്‍ത്തിത്തന്നെ നില്‍ക്കുന്നു. രോഗവ്യാപനം കുറയുകയും വാക്‌സിന്‍ കണ്ടെത്തുകയും ചെയ്തത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന സാഹചര്യം. കോവിഡ് നിയന്ത്രണങ്ങൡ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഇളവു നല്‍കിയിട്ടുണ്ടെങ്കിലും മാസ് ഗാതറിങിന് ഉള്‍പ്പെടെ വിലക്ക് തുടരുന്നു. പരിമിതമായ അളവില്‍ ആളുകള്‍ സംഘം ചേരുന്നതിനു പോലും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന കര്‍ശന വ്യവസ്ഥ നിലനില്‍ക്കുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കുംഭമേളക്കായി ലക്ഷങ്ങള്‍ ഒരുമിച്ചു കൂടിയത്. സാമൂഹിക അകലമില്ല, മാസ്‌കില്ല, പരിസര ശുചിത്വം ഉറപ്പാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. മഹാമാരിയുടെ ബോംബു വര്‍ഷമായിരിക്കും കാത്തിരിക്കുന്നതെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പുകളെ പുച്ഛിച്ചു തള്ളി ഭരണകൂടത്തിന്റെ തണലിലും സഹായത്തിലുമായിരുന്നു ഈ നിയമലംഘനം. ഹരിദ്വാറിലെ 13 അഖാഡകളിലായി 48 ലക്ഷം പേരാണ് ഇത്തവണ സംഗമിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. ഏപ്രില്‍ 12, 14, 27 എന്നീ ദിവസങ്ങളിലെ ഷാഹി സ്‌നാന്‍ (ഗംഗയില്‍ മുങ്ങിനിവരുന്നത്) ആണ് പ്രധാന കര്‍മം.
ആദ്യ രണ്ടു വിശുദ്ധ സ്‌നാനങ്ങളും ഏപ്രില്‍ 12നും 14നുമായി പൂര്‍ത്തിയായി. അതും യാതൊരു കോവിഡ് പ്രോട്ടോകോളും പാലിക്കാതെ. ജനസഞ്ചയം ഒരേ സമയം മാസ്‌ക് ധരിക്കാതെ, സാമൂഹിക അകലമില്ലാതെ ഗംഗാതീരത്ത് മണിക്കൂറുകള്‍ തമ്പടിച്ച് സ്‌നാനം ചെയ്ത് അസ്തമയം കണ്ട് കൂടാരങ്ങളിലേക്ക് മടങ്ങി. അപ്പോഴേക്കും ഏപ്രില്‍ 11 മുതല്‍ 15 വരെ അഞ്ചു ദിവസം കൊണ്ട് നടത്തിയ ആന്റിജന്‍, ആര്‍ ടി പി സി ആര്‍ ടെസ്റ്റുകള്‍ വഴി 2000ത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞിരുന്നു. രാജ്യവ്യാപകമായി വിമര്‍ശനം ഉയര്‍ന്നു തുടങ്ങിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ കണ്ണു തുറന്നത്. കുംഭമേള പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പിന്നാലെ അഖാഡകള്‍ മൂന്നാം ഘട്ട ഗംഗാസ്‌നാനം ഉപേക്ഷിച്ചു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കുംഭമേളക്കെത്തിയ ലക്ഷങ്ങള്‍ സ്വന്തം നാടുകളിലേക്ക് വണ്ടിപിടിച്ചു. ആരേയും ട്രേസ് ചെയ്യേണ്ട, ക്വാറന്റൈനില്‍ ആക്കേണ്ട. എത്ര പേരിലേക്ക് രോഗം പടര്‍ന്നുവെന്നോ, ഇവര്‍ തിരിച്ചെത്തുന്ന എത്ര പ്രദേശങ്ങളില്‍ മഹാമാരിയുടെ വ്യാപനമുണ്ടാകുമെന്നോ ഒരു നിശ്ചയവുമില്ല. ഏറ്റവും അത്ഭുതം തോന്നുന്നത് ഗുരുതരവും ബോധപൂര്‍വവുമായ ഈ അലംഭാവം ഭരണകൂടത്തെ തെല്ലും ആശങ്കപ്പെടുത്തുന്നില്ല എന്നതാണ്. മാനവരാശി മുഴുവന്‍ പകച്ചുനില്‍ക്കുന്ന മഹാമാരിയുടെ പ്രതിസന്ധിയെ എത്ര ലാഘവത്തോടെയും നിരുത്തരവാദപരവുമായാണ് കണ്ടത്. നിസാമുദ്ദീനില്‍ നിന്ന് ഹരിദ്വാറിലേക്ക് മോദി ഭരണകൂടം കാണുന്ന അകലമായിരിക്കാം കോവിഡിനേക്കാള്‍ ഇന്ത്യ എന്ന മതേതര രാജ്യം നേരിടാനിരിക്കുന്ന ഏറ്റവും വലിയ അപകടം.
കോവിഡിന്റെ രണ്ടാം വരവില്‍ രാജ്യത്തിന് ശ്വാസം മുട്ടിക്കൊണ്ടിരിക്കുകയാണ്. പ്രതിദിന രോഗസ്ഥിരീകരണം രണ്ടര ലക്ഷത്തിനും മൂന്നു ലക്ഷത്തിനുമിടയിലാണ്. മഹാരാഷ്ട്രയും ഡല്‍ഹിയും യു പിയും ചത്തീസ്ഗഡും ഹരിയാനയും തൊട്ട് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ആസ്പത്രി ബെഡുകള്‍ നിറഞ്ഞു കവിഞ്ഞും ഐ സി യു സൗകര്യമില്ലാതെയും ഓക്‌സിജന്‍ ദൗര്‍ലഭ്യവും കാരണം ഡല്‍ഹി അടക്കം ഇതിനകം തന്നെ കേന്ദ്രസഹായം തേടിക്കഴിഞ്ഞു.
കുംഭമേള കഴിഞ്ഞ് തിരിച്ചെത്തുന്നവര്‍ കൂടിയാകുന്നതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സ്ഥിതി എന്താകുമെന്ന് കണ്ടറിയണം. വലിയ വിലയായിരിക്കും ഈ അനാസ്ഥക്ക് നല്‍കേണ്ടി വരികയെന്ന കാര്യത്തില്‍ സംശയമില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x