6 Wednesday
November 2024
2024 November 6
1446 Joumada I 4

കോവിഡ് കാല വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍


സകല മേഖലകളും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരിയുടെ കാലമാണിത്. വരുമാനം, തൊഴില്‍, കൃഷി, മറ്റ് ജീവിതോപാധികള്‍ തുടങ്ങി എല്ലാ മേഖലകളും. സര്‍ഗാത്മക ഒത്തുചേരലുകള്‍ക്ക് പോലും കടിഞ്ഞാണിടപ്പെട്ട കാലം. അക്കൂട്ടത്തില്‍ ഏറ്റവും പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത് സമകാലിക വിദ്യാഭ്യാസ മേഖലയാണ്. അതിനെ അര്‍ഹിച്ച ഗൗരവത്തോടെ കാണാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നാം ശ്രദ്ധയൂന്നേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം ഒരു തലമുറയോടുതന്നെ ചെയ്യുന്ന ദ്രോഹമായി അത് മാറും.
നേരത്തെതന്നെ പരിമിതികള്‍ നേരിടുന്നതായിരുന്നു നമ്മുടെ വിദ്യാഭ്യാസ രീതികള്‍. സാങ്കേതിക വിദ്യയുടെ വികാസത്തിനൊത്ത് വളര്‍ച്ച കൈവരിച്ചിട്ടില്ലാത്ത, പൂര്‍ണമായും പരമ്പരാഗത രീതികളെ മാത്രം ആശ്രയിച്ചു നിലനിന്നിരുന്ന പാഠ്യരീതികളും പാഠ്യ പദ്ധതികളും. കോവിഡിന്റെ വരവ് കൂടിയായതോടെ ഈ പരിമിതി പാരമ്യത്തിലെത്തുകയായിരുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്ന ബദല്‍ മാര്‍ഗത്തെ ആശ്രയിക്കുന്നുണ്ടെങ്കിലും ഇതിന്റെ സാര്‍വ്വത്രികത ഇപ്പോഴും വ്യക്തതയില്ലാത്ത ഒന്നാണ്.
കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള വിദ്യാഭ്യാസ മേഖലയിലെ അടച്ചിടല്‍ ഒന്നര വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇക്കാലയളവത്രയും തുടര്‍ച്ചയായി അടച്ചിടപ്പെട്ടതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമായിരിക്കാം. വാക്‌സിനേഷന്‍ പുരോഗതിക്കനുസരിച്ച് കോളജുകളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും പ്രഫഷണല്‍ കോളജുകളും തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍. എന്നാല്‍ ഇഴഞ്ഞുനീങ്ങുന്ന വാക്‌സിനേഷന്‍ കാലത്ത് ഇത് എന്ന് സാധ്യമാകും എന്ന് ഇപ്പോഴും പറയാറായിട്ടില്ല. 2021 മാര്‍ച്ചിന് മുമ്പായി സ്‌കൂള്‍ കൂട്ടികളിലെ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതായത് കോവിഡ് അടച്ചിടല്‍ രണ്ടു വര്‍ഷം പൂര്‍ത്തിയായാലും നമ്മുടെ വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഏറിയും കുറഞ്ഞും നിലനില്‍ക്കുമെന്ന് ചുരുക്കം.
അധ്യാപകന്‍ പഠിച്ചത് എന്തോ, അത് അതേപടി വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുന്ന പരമ്പരാഗത വിദ്യാഭ്യാസ രീതി തന്നെയാണ് നമ്മുടെ അടിസ്ഥാനപരമായ പ്രശ്‌നം. പരിസ്ഥിതിയില്‍ നിന്ന് നേരിട്ടറിഞ്ഞ് കാര്യങ്ങളെ പഠിക്കുന്ന രീതി കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രയോഗവല്‍ക്കരിച്ചിട്ടുണ്ടെങ്കിലും അത് തൊലിപ്പുറത്ത് മാത്രമാണ്. അധ്യാപകന്‍ തന്നെയാണ് ഇവിടെ ഇപ്പോഴും അവസാന വാക്ക്. അതുകൊണ്ടുതന്നെ അധ്യാപകന്റെ പരിമിതി വിദ്യാര്‍ഥിയുടെ കൂടി പരിമിതിയായി മറുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച സിലബസിനകത്ത് മാത്രമാണ് ഇപ്പോഴും പഠനം പരമിതപ്പെടുന്നത്. ഇത് സാധ്യതകളിലേക്കുള്ള വാതിലുകള്‍ അടച്ചിടലാണ്. കാലം ഇവിടെ നിന്നെല്ലാം ഒരുപാട് പുരോഗമിച്ചിട്ടുണ്ട്. ഇന്ന് അധ്യാപകന്‍ വിദ്യാര്‍ത്ഥിക്ക് വഴികാട്ടി മാത്രമാണ്. സിലബസ് പഠനത്തിനുള്ള കേവല മാര്‍ഗരേഖയും. എന്തു പഠിക്കണം, എത്ര അളവില്‍ പഠിക്കണം, ഏതറ്റംവരെ പഠനം പോകാം എന്നെല്ലാം തീരുമാനിക്കുന്നത് വിദ്യാര്‍ത്ഥി തന്നെയാണ്. ഓണ്‍ലൈന്‍ അടക്കമുള്ള മാധ്യമങ്ങള്‍ ഈ രംഗത്ത് വിദ്യാര്‍ത്ഥിക്ക് മുന്നില്‍ തുറന്നിടുന്നത് അനന്തമായ സാധ്യതകളാണ്. ഡിജിറ്റല്‍ ക്ലാസുകള്‍ എന്ന് കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകളെ വിശേഷിപ്പിക്കുന്നുണ്ട്. പൂര്‍ണമായും അര്‍ഥശൂന്യമാണത്. ഡിജിറ്റല്‍ ക്ലാസുകള്‍ എന്നത് ഈ സങ്കല്‍പ്പങ്ങള്‍്‌ക്കെല്ലാം അപ്പുറത്താണ്. ഓഫ്‌ലൈന്‍ പഠന രീതിയുടെ അതേ മാതൃകയില്‍ ഒരു സ്‌ക്രീന്‍ പ്രതലത്തില്‍ അധ്യാപകര്‍ നടത്തുന്ന കസര്‍ത്തുകളെയാണ് നാം ഡിജിറ്റല്‍ പഠനമായി വിശേഷിപ്പിക്കുന്നത്. ഒരു വിഷയത്തിന്റെ സകല മേഖലകളേയും സ്പര്‍ശിക്കുന്ന, നേരിട്ടെന്നപോലെ കണ്‍മുന്നില്‍ കണ്ടും അനുഭവിച്ചും അറിയാന്‍ സഹായിക്കുന്ന, അറിവിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങാന്‍ വിദ്യാര്‍ഥിക്ക് അവസരം ഒരുക്കുന്ന, പരിമിതികളില്ലാത്ത അറിവിന്റെ അക്ഷയഖനികളാണ് ഡിജിറ്റല്‍ ക്ലാസ് മുറികള്‍. ഇവിടെ അധ്യാപകന്‍ ഒരു ഗൈഡ് മാത്രമാണ്. വിദ്യാര്‍ഥി സ്വായത്തമാക്കുന്ന അറിവുകളില്‍ തന്റേതായ പരിമിതിയില്‍ നിന്നുകൊണ്ട് ശരിതെറ്റുകളെ വേര്‍തിരിച്ചുകൊടുക്കാന്‍ സഹായിക്കുന്ന ഒരാള്‍ മാത്രം. ആ സാധ്യതകളുടെ ഒരംശം പോലും നമുക്ക് ഇതുവരെ കൈവരിക്കാനായിട്ടില്ല. ഇത് കോവിഡ് കാലത്തിന്റെ മാത്രം ചിന്തകളല്ല. യഥാര്‍ത്ഥത്തില്‍ കോവിഡിനും എത്രയോ മുമ്പ് തുടങ്ങേണ്ടിയിരുന്നതായിരുന്നു. ഫിസിക്കല്‍ ക്ലാസ് മുറികള്‍ എന്നതു തന്നെ സങ്കല്‍പം മാത്രമായി ഒതുങ്ങാന്‍ പോകുന്ന കാലമാണ് നമ്മെ കാത്തിരിക്കുന്നത്. അമേരിക്കയിലേയോ ബ്രിട്ടനിലേയോ ജര്‍മ്മനിയിലേയോ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കേരളത്തിലെ കൊച്ചു ഗ്രാമത്തിലിരുന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമെല്ലാം കരസ്ഥമാക്കാന്‍ കഴിയുന്ന സാധ്യതകളുടെ അനന്ത വിഹായസ്സിലേക്ക് വാതിലുകള്‍ തുറക്കുന്ന കാലം. അതിനെ കൈയെത്തിപ്പിടിക്കാന്‍ നമുക്ക് കഴിയണം. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനരീതികളെ ആ ദിശയിലേക്ക് വഴിതിരിച്ചുവിടണം. ഒപ്പം നിര്‍ബന്ധിത സാര്‍വ്വത്രിക വിദ്യാഭ്യാസമെന്ന മഹത്തായസങ്കല്‍പ്പമാണ് ഓണ്‍ലൈന്‍ പഠനകാലത്ത് ഏറ്റവും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നത്. മുഖ്യധാരയില്‍ നിന്ന് ഓരംചേര്‍ത്തു നിര്‍ത്തപ്പെട്ട അനേകം മനുഷ്യരുണ്ട്. ആദിവാസികള്‍, ദളിതുകള്‍, സാമ്പത്തിക വെല്ലുവിളി നേരിടുന്നവര്‍, ശാരീരിക പരിമിതികളുള്ളവര്‍…., അങ്ങനെ ഒരുപാടു പേര്‍. അത്തരക്കാര്‍ കൂടുതല്‍ തിരസ്‌കൃതരാക്കപ്പെടും എന്നതാണ് കോവിഡ് കാലത്തെ വിദ്യാഭ്യാസം ഉയര്‍ത്തുന്ന വലിയ വെല്ലുവിളി. അതിനെ മറികടക്കാന്‍ കഴിയണം. മുന്‍ഗണനാ ക്രമം നിശ്ചയിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ഫിസിക്കല്‍ പഠനസൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുകയാണ് ഇതിനെ മറികടക്കുന്നതിനുള്ള പ്രധാന പോംവഴി.

Back to Top