28 Thursday
March 2024
2024 March 28
1445 Ramadân 18

കോവിഡ് അനന്തരം കൂട്ട ആത്മഹത്യയിലേക്ക് തിരിയുന്ന ജപ്പാന്‍

അഞ്ജലി അനില്‍കുമാര്‍


ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നില്‍പ്പോലും മുട്ടുമടക്കാത്ത ജപ്പാന് കാലിടറുകയാണ്. രാജ്യത്ത് ഉയര്‍ന്നു വരുന്ന ആത്മഹത്യാ നിരക്കാണ് ജപ്പാനുമേല്‍ ഭീതിയുടെ കരിനിഴല്‍ പടര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം 2020 ല്‍ 20,919 പേരാണ് ജപ്പാനില്‍ ആത്മഹത്യ ചെയ്തത്. ഒക്ടോബറിലെ മാത്രം കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1765 ആണ്. അതേസമയം സ്വയം ജീവനെടുത്തത് 2158 പേരും. ഇതില്‍ ബഹുഭൂരിപക്ഷവും നാല്‍പ്പതുവയസില്‍ താഴെ പ്രായമുള്ള സ്ത്രീകളാണ്. കോവിഡ് പ്രതിസന്ധിമൂലമുണ്ടായിട്ടുള്ള മാനസിക സമ്മര്‍ദവും പിരിമുറുക്കങ്ങളുമാകാം സ്ത്രീകളെ ആത്മഹത്യയിലേക്കു തള്ളിവിടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ഏകാന്തതയ്ക്കായി ഒരു മന്ത്രി
ഉയര്‍ന്നു വരുന്ന ആത്മഹത്യാ നിരക്ക് കണക്കിലെടുത്ത് ഏകാന്തതയും മാനസിക സമ്മര്‍ദവും അനുഭവിക്കുന്നവര്‍ക്കു തണലാകാന്‍ പുതിയ മന്ത്രാലയത്തിന് രൂപം നല്‍കിയിരിക്കുകയാണ് ജപ്പാന്‍. റ്റെറ്റ്‌സുഷി സകാമോട്ടോയെ ജപ്പാന്റെ ഏകാന്തതാ മന്ത്രി (മിനിസ്റ്റര്‍ ഓഫ് ലോണ്‍ലിനസ്) യായി പ്രധാനമന്ത്രി യോഷിഹിതെ സുഗ നിയമിച്ചു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് 14.5 ശതമാനം ഉയര്‍ന്നപ്പോള്‍ പുരുഷന്മാരുടേത് ഒരു ശതമാനം കുറഞ്ഞിട്ടുണ്ട്. 2020 ല്‍ 6976 സ്ത്രീകളാണ് ജപ്പാനില്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പുരുഷന്മാരെക്കാളേറെ ഏകാന്തതയാല്‍ വേട്ടയാടപ്പെടുന്നത് സ്ത്രീകളാണെന്നും ആത്മഹത്യാ നിരക്കിലെ ഈ വര്‍ധന വിരല്‍ ചൂണ്ടുന്നതും ഇതേ വിഷയത്തിലേക്കാണെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.


എന്തുകൊണ്ട് സ്ത്രീകള്‍ ?
2020 ന്റെ ആരംഭത്തില്‍ കുറഞ്ഞുവന്ന ആത്മഹത്യാനിരക്ക് ജൂലൈ മുതല്‍ മുകളിലേക്കു നീങ്ങിത്തുടങ്ങി. ഇതിനു പിന്നിലെ പ്രധാന വില്ലന്‍ കോവിഡ് തന്നെയെന്ന് നിസ്സംശയം പറയാം. എല്ലാവരെയും തളര്‍ത്തിയും തകര്‍ത്തുമാണ് ഒക്ടോബര്‍ കടന്നുപോയത്. ഒക്ടോബറില്‍ മാത്രം ആത്മഹത്യ ചെയ്തവരുടെ എണ്ണം 2,158 ആണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിമാസ മരണനിരക്കാണിത്. ഇതില്‍ 851 പേര്‍ സ്ത്രീകളാണ്. 2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ സ്ത്രീകളുടെ മരണനിരക്ക് 82.6 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ആത്മഹത്യ ചെയ്തവരില്‍ സ്ത്രീകള്‍ മാത്രമല്ല കൗമാരക്കാരായ കുട്ടികളും ഉള്‍പ്പെടുന്നു എന്നത് തീര്‍ച്ചയായും ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. ”കോവിഡിന്റെ പരിണതഫലമായുണ്ടായ സാമ്പത്തിക ഞെരുക്കം, തൊഴില്‍ നഷ്ടം, മാനസിക സമ്മര്‍ദം തുടങ്ങിയവയാണ് മുതിര്‍ന്നവരിലെ ആത്മഹത്യക്കും ആത്മഹത്യാപ്രേരണയ്ക്കും കാരണമെന്ന് പഠനങ്ങള്‍ പറയുന്നു. അതേസമയം വിദ്യാലയങ്ങള്‍ അടച്ചുപൂട്ടിയതോടെ വീടിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നതും വീടിനുള്ളിലെ പ്രതികൂല സാഹചര്യങ്ങളുമാണ് കൗമാരക്കാര്‍ക്ക് വെല്ലുവിളിയാകുന്നത്.” ടോക്കിയോ വാസേദ സര്‍വകലാശാലയിലെ പ്രഫസറായ മിഷികോ ഉഏദ പറയുന്നു. ജപ്പാനിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏപ്രില്‍ മുതല്‍ ഓണ്‍ലൈന്‍ പഠന സംവിധാനത്തിലേക്കു മാറി. കൗമാരക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം 30 ശതമാനത്തോളം വിദ്യാര്‍ഥികള്‍ കടന്നു പോകുന്നത് മുതിര്‍ന്നവര്‍ അനുഭവിക്കുന്ന അതേ മനസിക സമ്മര്‍ദത്തിലൂടെയാണ്.


വീടിനുള്ളിലെ അരക്ഷിതാവസ്ഥ
”പതിനഞ്ചാം വയസിലാണ് എന്റെ ജീവിതം മാറിയത്. സഹോദരനില്‍ നിന്നുള്ള പീഡനം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആരോടും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ. അങ്ങനെ ഞാന്‍ വീടുവിട്ടിറങ്ങി. എന്നാല്‍ ഒറ്റപ്പെടല്‍ എത്ര ഭീകരമായ അവസ്ഥയാണെന്ന് ഞാനറിഞ്ഞു. ഒടുവില്‍ എന്റെ മുന്നില്‍ ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാതെയായി.” ഒരു പതിനഞ്ചുകാരിയുടെ വാക്കുകളാണിത്. ജുന്‍ താഷിബാന എന്ന നാല്‍പതുകാരി നടത്തുന്ന ബോണ്ട് പ്രോജക്ട് എന്ന സ്ഥാപനത്തിന്റെ സംരക്ഷണത്തിലാണ് ആ കുട്ടി ഇപ്പോള്‍. ആത്മഹത്യാ മനോഭാവം, മാനസിക സമ്മര്‍ദം, വിഷാദം തുടങ്ങിയ അവസ്ഥകളിലൂടെ കടന്നു പോകുന്ന സ്ത്രീകളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ജുന്‍ താഷിബാന ബോണ്ട് പ്രോജക്ടിന് രൂപം നല്‍കിയത്.
”തീര്‍ത്തും നിസ്സഹായാവസ്ഥയിലൂടെ കടന്നു പോകുന്ന സ്ത്രീകളുടെ മനസ് ആര്‍ക്കും പ്രവചിക്കാനാവില്ല. അവരുടെ ഉള്ളിലെ പ്രശ്‌നങ്ങളോ വേദനയോ മറ്റുള്ളവരോടു പറയാന്‍ പലപ്പോഴും അവര്‍ക്കു കഴിഞ്ഞെന്നു വരില്ല. ഇവിടെ അവര്‍ക്കാവശ്യം അവരെ കേട്ടിരിക്കാനൊരാളാണ്. അതുതന്നെയാണ് ബോണ്ട് പ്രോജക്ടിലൂടെ ഞങ്ങള്‍ ചെയ്യുന്നതും.” താഷിബാന പറഞ്ഞു.
പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരുടെ അവസ്ഥ വഷളാക്കുകയാണ് കോവിഡ് ചെയ്തത്. സ്വന്തം വീടിനുള്ളില്‍പ്പോലും ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കു മുന്നിലേക്ക് ആത്മഹത്യചെയ്യാനുള്ള കാരണങ്ങള്‍ എറിഞ്ഞുകൊടുക്കുകയായിരുന്നു കോവിഡ് കാലം.
ജപ്പാനില്‍ ഇതാദ്യം
വിവിധ പ്രതിസന്ധികളിലൂടെ ജപ്പാന്‍ കടന്നുപോയപ്പോഴെല്ലാം അതു ബാധിച്ചത് പുരുഷന്മാരെയാണ്. അക്കാലങ്ങളിലെല്ലാം പുഷന്മാരുടെ ആത്മഹത്യാനിരക്ക് വളരെ കൂടുതലായിരുന്നു എന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ കോവിഡ് കാലത്ത് സ്ഥിതി ആകെ മാറി. സ്ത്രീകളുടെ ആത്മഹത്യാനിരക്ക് ഇത്രയേറെ ഉയരുന്നത് ജപ്പാനില്‍ ഇതാദ്യമായാണ്. സ്ത്രീകള്‍ പ്രധാനമായും ജോലി ചെയ്യുന്ന വിനോദ സഞ്ചാരം, ഭക്ഷ്യോത്പന്നം, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളെയാണ് കോവിഡ് പ്രതികൂലമായി ബാധിച്ചത്. ഇതിന്റെ ഫലമായി നിരവധി സ്ത്രീകള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു. കണക്കുകള്‍ പ്രകാരം ജപ്പാനില്‍ വലിയൊരു വിഭാഗം സ്ത്രീകള്‍ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ഇവരില്‍ പലര്‍ക്കും സ്ഥിരമായ വരുമാനവുമില്ല. കോവിഡ് കാലത്ത് ജോലികൂടി നഷ്ടമാകുന്നത് ഇവരിലെ സമ്മര്‍ദം കൂട്ടുകയും ആത്മഹത്യപോലുള്ള മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

സെലിബ്രിറ്റി ആത്മഹത്യകളുടെ സ്വാധീനം
2020 സെപ്റ്റംബര്‍ 27ന് ജപ്പാനിലെ പ്രമുഖ താരമായ യുകോ തക്യൂച്ചിയെ അവരുടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിന്നീട് ഇത് ആത്മഹത്യയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ആത്മഹത്യാ വാര്‍ത്ത വന്നതിനു തൊട്ടു പിന്നാലെയുള്ള പത്തു ദിവസങ്ങള്‍ക്കുള്ളില്‍ സ്വയം ജീവനൊടുക്കിയ സ്ത്രീകളുടെ എണ്ണം 207 ആണെന്ന് യസുയുകി ഷിമിസു എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. മരിച്ചവരില്‍ പലര്‍ക്കും യുകോ തക്യൂച്ചിയോടടുത്ത് പ്രായമുണ്ടായിരുന്നു എന്നതും നമ്മെ ആശങ്കപ്പെടുത്തും. സെലിബ്രിറ്റി ആത്മഹത്യകളും തൊട്ടടുത്ത ദിവസങ്ങളിലായി സംഭവിച്ച ആത്മഹത്യകളും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
മൂന്നാം ഘട്ട കോവിഡ് വ്യാപനത്തിലൂടെ കടന്നു പോകുന്ന ജപ്പാനില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചിരിക്കുകയാണ്. ഹോട്ടലുകളുടെയും റസ്റ്റാറന്റുകളുടെയുമെല്ലാം ഗേറ്റുകള്‍ക്ക് പൂട്ടു വീണു. വീണ്ടും വീണ്ടും ആളുകള്‍ തൊഴില്‍ നഷ്ടപ്പെട്ടു തെരുവിലേക്കിറങ്ങുന്നു.
കോവിഡ് വ്യാപനത്തിന്റെ തോതും നിയന്ത്രണങ്ങളും വളരെ കുറഞ്ഞു നില്‍ക്കുന്ന ജപ്പാനിലെ അവസ്ഥ ഇതാണെങ്കില്‍ മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ എത്രത്തോളം കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാകും കടന്നു പോകുന്നത്. മാനസിക സമ്മര്‍ദത്തിന് നമ്മുടെ ചുറ്റുപാടുകള്‍ വലിയൊരു പങ്കുവഹിക്കുന്നു. കോവിഡ് 19 വൈറസുകളെ ചെറുക്കാന്‍ സര്‍ക്കാരുകള്‍ കാണിക്കുന്ന കരുതല്‍ നമ്മുടെ ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും കാണിക്കേണ്ടതുണ്ട്.
ജപ്പാനിലെ കണക്കുകള്‍ നമുക്ക് നല്‍കുന്നത് ഒരു മുന്നറിയിപ്പാണ്. നമ്മുടെ സഹോദരങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്നതില്‍ നമുക്കെല്ലാവര്‍ക്കും പങ്കുണ്ടെന്ന് ഈ കണക്കുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഒപ്പമുള്ളവരോടു തുറന്നു സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് കാതോര്‍ക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പരസ്പരം താങ്ങും തണലുമായി നിന്നാല്‍ മാത്രമേ കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ജയിക്കാന്‍ സാധിക്കുകയുള്ളു എന്ന തിരിച്ചറിവിന് ഏറെ പ്രാധാന്യമുള്ള കാലം കൂടിയാണിപ്പോള്‍.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x