14 Sunday
April 2024
2024 April 14
1445 Chawwâl 5

മൗലാനാ വഹീദുദ്ദീന്‍ഖാന്‍ പത്മവിഭൂഷന്‍ നേടുന്ന ഇന്ത്യന്‍ പണ്ഡിതരത്‌നം

എം എസ് ഷൈജു

വര്‍ത്തമാനകാല മുസ്‌ലിം ലോകത്തെ ഖ്യാതിയാര്‍ന്ന നാമധേയമാണ് മൗലാനാ വഹീദുദ്ദീന്‍ ഖാന്‍. യോജിപ്പുകളും വിയോജിപ്പുകളും തുറന്ന് പറയാനും സ്വന്തം വീക്ഷണബോധ്യങ്ങള്‍ സധൈര്യം പ്രഖ്യാപിക്കാനും അദ്ദേഹം കാണിക്കുന്ന തന്റേടവും തുറന്ന മനസ്സുമാണ് വഹീദുദ്ദീന്‍ ഖാന്‍ എന്ന ഇസ്്‌ലാമിക പണ്ഡിതനെ എല്ലാകാലത്തും വ്യതിരിക്തനാക്കി നിര്‍ത്തുന്നത്. മുസ്‌ലിം ലോകത്തിന്റെ വീക്ഷണ വൈജാത്യങ്ങള്‍ക്കിടയില്‍ തന്റെ യുക്തിസഹവും പ്രായോഗികവുമായ നിലപാട് പ്രഖ്യാപനങ്ങള്‍ കൊണ്ടും കാഴ്ചപ്പാടുകള്‍ കൊണ്ടും അനുവാചകരെയും വിമര്‍ശകരെയും ഒരുപോലെ സമ്പാദിച്ചിട്ടുള്ള വൈജ്ഞാനിക പ്രതിഭയാണ് മൗലാനാ വഹീദുദ്ദീന്‍ ഖാന്‍.
രാജ്യം 72ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ആദരവിന്റെയും ഖ്യാതിയുടെയും പരമകാഷ്ടയിലേക്ക് അദ്ദേഹത്തെ എടുത്തുയര്‍ത്തുകയാണ്. ഇന്ത്യ ഒരു സിവിലിയന് നല്‍കി ആദരിക്കാനായി വിശിഷ്ടമായി കാത്തുവെക്കുന്ന അതിന്റെ ഏറ്റവും സവിശേഷമായ ‘പത്മവിഭൂഷന്‍’ എന്ന പരമപ്രധാനമായ ബഹുമാന സ്ഥാനം നല്‍കിയാണ് മൗലാനാ വഹീദുദ്ദീന്‍ഖാന്‍ എന്ന മുസ്്‌ലിം വൈജ്ഞാനിക പ്രതിഭയെ ആദരിച്ചിരിക്കുന്നത്.
കേരളത്തിന് ഒട്ടും അന്യനല്ല മൗലാനാ വഹീദുദ്ദീന്‍ഖാന്‍. അദ്ദേഹത്തിന്റെ ഒട്ടേറെ ഗ്രന്ഥങ്ങളും മറ്റ് രചനകളും മലയാളത്തിലേക്ക് വിവിധ പ്രസാധനാലയങ്ങളും ആനുകാലികങ്ങളും മൊഴിമാറ്റിയിട്ടുണ്ട്. രാജ്യം നേരിട്ട പല പ്രതിസന്ധി ഘട്ടങ്ങളിലും പ്രത്യുല്‍പന്നമതിത്വത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ഇസ്‌ലാമിക പണ്ഡിതനാണദ്ദേഹം. താപസസമാനമായ ജീവിതം നയിക്കുന്ന, ഭൗതിക സുഖങ്ങള്‍ക്ക് പിന്നാലെ പായാത്ത ജ്ഞാന യോഗിയെന്നാണ് മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ പരിചയപ്പെടുത്തപ്പെടാറുള്ളത്. സംഘര്‍ഷങ്ങളില്ലാത്ത സാമൂഹിക ജീവിതം എന്നതാണ് മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള വേദസങ്കല്പം എന്ന് ഉറച്ച് വിശ്വസിക്കുന്ന ആള്‍കൂടിയാണ് അദ്ദേഹം.
ഗാന്ധിയന്‍ ആശയങ്ങളെ ഖുര്‍ആനിക നിലപാടുകളുമായി സമഞ്ജസപ്പെടുത്തിക്കൊണ്ടുള്ള ഒരു സവിശേഷമായ ശൈലിയാണ് ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്കായി അദ്ദേഹം എപ്പോഴും നിര്‍ദേശിക്കാറുള്ളത്. അദ്ദേഹത്തിന്റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും മനുഷ്യ ജീവിതത്തിന് അവ നല്‍കിയിട്ടുള്ള സംഭാവനകളും കണക്കിലെടുത്തുകൊണ്ട് 2009ല്‍ ലോകത്തെ സ്വാധീനശക്തിയുള്ള 500 മുസ്‌ലിം വ്യക്തിത്വങ്ങളുടെ പട്ടികയില്‍ അദ്ദേഹത്തെയും കൂടി ഉള്‍പ്പെടുത്തിയാണ് വാഷിംഗ്ടണ്‍ ഡി സിയിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റി വഹീദുദ്ദീന്‍ഖാനെ ആദരിച്ചിട്ടുള്ളത്. നാഷണല്‍ സിറ്റിസണ്‍ അവാര്‍ഡ്, രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ് ഉള്‍പ്പെടെയുള്ള അനേകം ദേശീയവും അന്തര്‍ദേശീയവുമായ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1925ല്‍ ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് അദ്ദേഹം ജനിക്കുന്നത്. അനാഥ ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. മറ്റ് സഹോദരങ്ങള്‍ ഭൗതികമായ പഠനമേഖലകള്‍ തെരഞ്ഞെടുത്തപ്പോള്‍ മതവിജ്ഞാനീയങ്ങളില്‍ ഉപരിപഠനം നടത്താനും വേദവഴികളില്‍ കൂടുതല്‍ വിജ്ഞാനങ്ങള്‍ തിരയാനുമാണ് അദ്ദേഹം തീരുമാനമെടുത്തത്.
സറാറയിലെ പരമ്പരാഗത മതപാഠശാലയില്‍ നിന്നാരംഭിച്ച മതപഠനവും വേദവായനകളും വിജ്ഞാന വഴിയിലെ ഒരു മഹാപ്രമാണത്തിലേക്കാണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്. ആധുനിക ലോകത്തില്‍ വ്യത്യസ്തങ്ങളായ വിഷയങ്ങളില്‍ ഇസ്‌ലാം എന്ത് സമീപനങ്ങളാണ് സ്വീകരിക്കേണ്ടത് എന്നതില്‍ അദ്ദേഹം പുലര്‍ത്തിയ നിലപാടുകള്‍ പലപ്പോഴും നിലവിലെ ബോധ്യങ്ങളോടും സമീപനങ്ങളോടും സമരസപ്പെടുന്നതായിരുന്നില്ല. റൈറ്റ്‌സ് ഓഫ് വുമണ്‍ ഇന്‍ ഇസ്‌ലാം, ദി കണ്‍സെപ്റ്റ് ഓഫ് ജിഹാദ്, ഹൈജാക്കിംഗ് എ ക്രൈം എന്നീ തലക്കെട്ടുകളില്‍ വഹീദുദ്ദീന്‍ഖാന്‍ നടത്തിയ രചനകള്‍ വിഷയ വ്യക്തത കൊണ്ടും ആശയ ഗാംഭീര്യത കൊണ്ടും ആഗോള മുസ്‌ലിം പണ്ഡിതര്‍ക്കും ചിന്തകര്‍ക്കുമിടയില്‍ പുതിയ ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വഴി തുറക്കുന്നവയായിരുന്നു. ഒപ്പം, അവ പരമ്പരാഗതമായി നിലനില്‍ക്കുന്ന മതധാരണകളുമായി സമരമുഖങ്ങള്‍ തുറക്കുകയും ചെയ്തു. വഹീദുദ്ദീന്‍ഖാന്‍ ഉയര്‍ത്തിയ വീക്ഷണങ്ങളുടെയും നിലപാടുകളുടെയും മതസാധ്യതയെ ചൊല്ലി രാജ്യത്തെ യാഥാസ്ഥിതിക മതനേതൃത്വം വഹീദുദ്ദീന്‍ഖാനെതിരെ പരസ്യ വിമര്‍ശനങ്ങളുയര്‍ത്തി.
സ്ത്രീകളും സമൂഹവുമെന്ന വിഷത്തിലും മതത്തിന്റെ ആധുനികത എന്ന വിഷയത്തിലും ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്്‌ലിംകള്‍ പുലര്‍ത്തേണ്ട നിലപാടുകള്‍ എന്ന വിഷയത്തിലും വഹീദുദ്ദീന്‍ ഖാന്‍ മുന്നോട്ടുവെച്ച വീക്ഷണങ്ങളും സമീപനങ്ങളുമായിരുന്നു പൊതുവെ പരമ്പരാഗതവും യാഥാസ്ഥിതികവുമായ നിലപാടുകാരെ ചൊടിപ്പിച്ചത്. വൈകാരികത എന്ന ആശയത്തില്‍ അദ്ദേഹം വിശ്വസിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ രചനകളും സമീപനങ്ങളും ബോധ്യപ്പെടുത്തുന്നത്. വൈജ്ഞാനികത, പ്രായോഗികത എന്നീ ആശയങ്ങള്‍ക്കാണ് വൈകാരികത എന്ന ആശയത്തേക്കാള്‍ അദ്ദേഹം പ്രാമുഖ്യം കൊടുത്തത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് രൂപപ്പെട്ട പല വൈകാരിക സമീപനങ്ങള്‍ക്കുമൊപ്പം അദ്ദേഹം നിലയുറപ്പിച്ചില്ല. ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷം രാജ്യത്ത് രൂപപ്പെട്ടുവന്ന ചില വൈകാരികമായ മുന്നേറ്റങ്ങളെ എതിര്‍ത്തതിന്റെ പേരിലാണ് വഹീദുദ്ദീന്‍ ഖാന്‍ മുസ്‌ലിം രാഷ്ട്രീയ മുഖ്യധാരക്ക് അപ്രിയനാകുന്നത്.
സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഹിംസാത്മകതകളോട് ഇന്ത്യന്‍ മുസ്്‌ലിംകള്‍ എങ്ങനെ പ്രതികരിക്കണമെന്നതില്‍ വഹീദുദ്ദീന്‍ഖാന്‍ മുഖ്യധാരയില്‍ നിന്ന് വ്യത്യസ്തമായ ഒരു സമീപനമാണ് പുലര്‍ത്തിയത്. ഹിംസാത്മകതയുടെ വഴിയിലേക്ക് നീങ്ങാതെ ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ തടഞ്ഞുനിര്‍ത്തുന്നതില്‍ മൗലാനാ വഹീദുദ്ദീന്‍ഖാനും അദ്ദേഹത്തിന്റെ സമീപനങ്ങള്‍ക്കും വലിയ പങ്കുണ്ട് എന്നാണ് കരുതപ്പെടുന്നത്. സാമൂഹിക ജീവിതത്തിലെ സമാധാനം എന്നതാണ് മതത്തിന്റെ സാമൂഹികമായ അന്തസത്ത എന്ന് വിശ്വസിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കുകയും ചെയ്ത ഒരു പണ്ഡിതന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നിലപാടിനെയാണ് അന്ന് രാജ്യം കണ്ടത്.
എന്നാല്‍ മുസ്്‌ലിം വൈകാരികതയെ ഉത്തേജിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ നിലപാടുകള്‍ ഒട്ടും സ്വീകാര്യമായിരുന്നില്ല. വഹീദുദ്ദീന്‍ഖാനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ആരംഭിക്കുന്നത് അവിടം മുതലാണ്. സമാധാനം എന്ന ആശയമുയര്‍ത്തിക്കൊണ്ട് സ്വാമി ചിദാനന്ദ്, ആചാര്യ മുനി സുശീല്‍കുമാര്‍ തുടങ്ങിയ ഹൈന്ദവ സന്യാസിമാര്‍ക്കൊപ്പം അദ്ദേഹം ഉത്തരേന്ത്യ മുഴുവന്‍ പര്യടനം നടത്തി. രാജ്യത്ത് സമാധാനാന്തരീക്ഷം മടക്കിക്കൊണ്ടുവരുന്നതിലും കലാപസാഹചര്യങ്ങള്‍ അവസാനിപ്പിക്കുന്നതിലും ഈ യാത്ര വലിയ സഹായകമായി എന്ന് പിന്നീട് പല റിപ്പോര്‍ട്ടുകളിലും പ്രത്യേകം പരാമര്‍ശങ്ങളുണ്ടായി.
മൗലാനാ വഹീദുദ്ദീന്‍ഖാന്‍ ഉയര്‍ത്തിയ മറ്റൊരു പ്രധാനമായ വിമര്‍ശനം മതത്തിന്റെ രാഷ്ട്രീയ ഭാഷ്യങ്ങളോടായിരുന്നു. 1940 കളില്‍ മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുമായി അദ്ദേഹം നടത്തിയ വൈജ്ഞാനിക കലഹം ഇന്ത്യയിലെ ഇസ്്‌ലാമിസ്റ്റുകള്‍ക്ക് അദ്ദേഹം അപ്രിയനാകുന്നതില്‍ മുഖ്യകാരണമായി. മൗദൂദിയുടെ രാഷ്ട്രീയ ഇസ്‌ലാം കാഴ്ചപ്പാട് ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്ക് ഉണ്ടാക്കാന്‍ പോകുന്ന അപകടങ്ങളെക്കുറിച്ചും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും തികഞ്ഞ ദീര്‍ഘ ദര്‍ശിത്വത്തോടെയും ഉള്‍ക്കാഴ്ചയോടെയുമാണ് വഹീദുദ്ദീന്‍ഖാന്‍ സംസാരിച്ചത്. തന്റെ രചനകളിലൂടെ മൗദൂദി ഉയര്‍ത്തിയ ആശയങ്ങളുമായി അദ്ദേഹം പ്രതിരോധിക്കുകയും കലഹിക്കുകയും ചെയ്തു. രാഷ്ട്രീയം, നേതൃത്വം എന്നീ തലങ്ങളിലേക്ക് മതത്തെ ചുരുക്കുന്ന ഒരു കാഴ്ചപ്പാടാണ് മൗദൂദിയുടേതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സര്‍വതല സ്പര്‍ശിയായതും സമഗ്രമായതെന്നും അവകാശപ്പെട്ടു കൊണ്ട് മൗദൂദി ഉയര്‍ത്തുന്ന മതത്തിന്റെ വ്യാഖ്യാനം അധികാരം, നേതൃത്വം, രാഷ്ട്രീയം, സൈനികം എന്നീ തലങ്ങളിലേക്ക് മാത്രമായി എങ്ങനെയാണ് ചുരുക്കപ്പെട്ട് പോകുന്നതെന്നും മതം ഒരു മിലിറ്ററി മുവ്‌മെന്റ് മാത്രമായി ചുരുങ്ങുമ്പോള്‍ അതിന് സംഭവിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ എന്തായിരിക്കുമെന്നും അദ്ദേഹം വിവരിച്ചു. മതത്തിന്റെ ജ്ഞാനതലങ്ങളെയും ചിന്താപരവും ആധ്യാത്മികപരവുമായ തലങ്ങളെയും കണ്ടെത്തുന്നതില്‍ മൗലാനാ മൗദൂദി എങ്ങനെ പരാജയപ്പെടുന്നുവെന്നും ബോധ്യപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. പ്രകോപനങ്ങള്‍ക്കും ഹിംസാത്മകതയ്ക്കും വഴിപ്പെടാതെ ഇന്ത്യന്‍ സാഹചര്യത്തില്‍ മതത്തിന്റെ പ്രബോധനം എങ്ങനെയായിരിക്കണമെന്ന അദ്ദേഹത്തിന്റെ വൈജ്ഞാനിക കാഴ്ചപ്പാടുകളുടെ സമന്വയമാണ് ഇന്ത്യന്‍ മുസ്്‌ലിംകള്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകം.
മൗലാനാ മൗദൂദിയുടെ അനുയായികളെപ്പോലെതന്നെ വഹീദുദ്ദീന്‍ഖാനോട് ശത്രുതാപരമായ അകല്‍ച്ച പുലര്‍ത്തിയ മറ്റൊരു വിഭാഗമാണ് ഇന്ത്യയിലെ യാഥാസ്ഥിതിക മതധാരയും അതിന്റെ നേതാക്കളും. സ്ത്രീകളുടെ അവകാശങ്ങള്‍ അവരുടെ സാമൂഹ്യപദവി, അവയുമായി ബന്ധപ്പെട്ട വേദതാല്പര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളായിരുന്നു ഉത്തരേന്ത്യന്‍ യാഥാസ്ഥിതിക മതനേതൃത്വത്തിന് വഹീദുദ്ദീന്‍ഖാനോട് താല്പര്യമില്ലായ്മ ഉണ്ടാകുവാനുള്ള മുഖ്യ കാരണങ്ങളിലൊന്ന്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും രചനകളും അവരെ പലപ്പോഴും പ്രകോപിപ്പിച്ചു. വിശുദ്ധ ഖുര്‍ആനിന് അദ്ദേഹം രചിച്ച ലളിതവും എന്നാല്‍ ആധുനിക ആശയങ്ങളെ ഖുര്‍ആനിന്റെ സമീപന രീതിശാസ്ത്രവുമായി ജ്ഞാന വിന്യാസങ്ങള്‍ നടത്തിക്കൊണ്ടുള്ളതുമായ ഒരു സമകാലിക വ്യാഖ്യാനം ഇന്ത്യക്കകത്തും പുറത്തുമായി ഒട്ടേറെ വായനക്കാരെ സമ്പാദിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ രൂപപ്പെട്ടുവരുന്ന സംഘ്പരിവാര്‍ ആധിപത്യത്തെ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത് എന്ന വിഷയത്തില്‍ പലരും അദ്ദേഹത്തോട് വിയോജിച്ചിട്ടുണ്ട്. ആ വിഷയത്തില്‍ ഇന്ത്യയിലെ വിവിധ മുസ്്‌ലിം നേതൃത്വങ്ങള്‍ പുലര്‍ത്തുന്ന നിലപാടുകള്‍ തന്നെ വ്യത്യസ്തമാണ്. സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ആശയങ്ങളും അവരുടെ നിലപാടുകളും മുസ്്‌ലിം വിരുദ്ധവും മാനവിക വിരുദ്ധവുമാണ് എന്നതില്‍ മാത്രമാണ് അഭിപ്രായ ഐക്യമുള്ളത്. പല കക്ഷികളും ഈ വിഷത്തില്‍ പരസ്പര വിമര്‍ശനം നടത്തുന്നവരുമാണ്. എന്നിരിക്കെ, മൗലാനാ വഹീദുദ്ദീന്‍ഖാന്‍ മാത്രം അദ്ദേഹത്തിന്റെ നിലപാടുകള്‍കൊണ്ട് വിമര്‍ശന വിധേയമാകുന്നതില്‍ ഒരു സാംഗത്യവുമില്ല.
ഇത്തരമൊരു പരമപ്രധാനമായ ആദരവും അംഗീകാരവും നല്‍കി രാജ്യം ഒരു മുസ്്‌ലിം പണ്ഡിതനെ ആദരിക്കുമ്പോഴും പല മുസ്്‌ലിം മാധ്യമങ്ങളും സംഘങ്ങളും അതിനോട് പുലര്‍ത്തിയ നിസ്സംഗത പ്രത്യേകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവാദാത്മകമായ ഒരു നിലപാടിനെ വിമര്‍ശന വിധേയമായി സമീപിക്കുമ്പോഴും ഒരു മഹാപ്രതിഭയും പണ്ഡിതനുമായ ആള്‍ക്ക് ലഭിക്കുന്ന ആദരവിനെയും അംഗീകാരത്തെയും തമസ്‌കരിക്കാനായി ഒരു ത്വര ഉണ്ടാകുന്നെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. അത് നീതിയല്ലതാനും. മുസ്‌ലിം മാനേജ്‌മെന്റുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ പോലും ഈയൊരു വാര്‍ത്തയോട് ഋണാത്മകമായി പ്രതികരിക്കാന്‍ ശ്രമിച്ചുവെന്നത് കടുത്ത അനീതിയാണ്. വിയോജിക്കുന്നവരുടെ നേട്ടങ്ങളെയും അവര്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങളെയും മാനിക്കാനും അവയെ അംഗീകരിക്കാനും കൂടി ശീലിക്കുന്ന ആശയത്തിന്റെ പേരാണ് ജനാധിപത്യം.
മൗലാനാ വഹീദുദ്ദീന്‍ഖാന്‍ എന്ന പണ്ഡിതനോട് ഒരു തരത്തിലുമുള്ള വിധേയത്വവും പുലര്‍ത്തേണ്ടതില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ പൂര്‍ണമായിത്തന്നെ അംഗീകരിക്കപ്പെടണം എന്ന നിലപാടുകളും വേണ്ടതില്ല. പക്ഷേ, ജ്ഞാനാന്വേഷണത്തിന്റെയും വീക്ഷണ പ്രബുദ്ധതയുടെയും വിഷയത്തില്‍ അദ്ദേഹം നല്‍കുന്ന സംഭാവനകളെ വിസ്മരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. പ്രൗഢമായ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇസ്്‌ലാമിക വൈജ്ഞാനിക ശാഖയ്ക്ക് അദ്ദേഹം നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകളെ തമസ്‌കരിക്കാനും സാധിക്കില്ല. ഇസ്്‌ലാം എന്ന മതത്തെ, അതിന്റെ ആന്തരിക വൈവിധ്യങ്ങളെ പഠനോന്മുഖമായ രചനകളിലൂടെ സമകാലികമാക്കി നിര്‍ത്താനും അതിന്റെ ആന്തരിക രുചിയെയും ഗുണത്തെയും പരമാവധി പുറത്തേക്കൊഴുക്കി സര്‍ഗാത്മകമാക്കി നിര്‍ത്താനും ശ്രമിച്ച ഒരു മഹാപണ്ഡിതനെ രാജ്യം ‘പത്മവിഭൂഷന്‍’ നല്‍കി ആദരിക്കുമ്പോള്‍ മതത്തിന്റെ മാത്രമല്ല മാനവിക പക്ഷത്ത് നിലയുറപ്പിക്കുന്ന മുഴുവന്‍പേര്‍ക്കും അത് ആഹ്ലാദവും അഭിമാനവും പകര്‍ന്നു നല്‍കേണ്ടതുണ്ട്.

3.5 4 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x