15 Saturday
March 2025
2025 March 15
1446 Ramadân 15

ഹൈക്കോടതി നിരീക്ഷണം കണ്ണുതുറപ്പിക്കണം


കേരളത്തില്‍ വിവാഹമോചന കേസുകള്‍ വര്‍ധിക്കുന്നുവെന്നും ലിവിംങ് ടുഗെദര്‍ ബന്ധങ്ങളിലു ണ്ടാകുന്ന വര്‍ധന ആശങ്കയുണ്ടാക്കുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. ഒരു വിവാഹമോചന കേസിന്റെ അപ്പീല്‍ പരിഗണിക്കവെയാണ് ഒട്ടേറെ സുപ്രധാനമായ അഭിപ്രായങ്ങള്‍ വിധിപ്രസ്താവത്തില്‍ പങ്കുവെച്ചത്. 2015ല്‍ പുറത്തുവിട്ട സ്ഥിതിവിവരക്കണക്ക് അനുസരിച്ച് കേരളമാണ് വിവാഹമോചന കേസുകളില്‍ ഒന്നാം സ്ഥാനത്തുള്ളത്. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങളിലെ കുടുംബകോടതി ഡാറ്റ അനുസരിച്ച് കേരളത്തില്‍ ഓരോ മണിക്കൂറിലും 5 വിവാഹമോചനങ്ങളാണ് നടക്കുന്നത്.
ഓരോ ദിവസവും 130 വിവാഹമോചനങ്ങ ള്‍ നടക്കുന്നുവെന്നാണ് കണക്ക്. വിവാഹിതരാവുന്ന സ്ത്രീ പുരുഷന്മാരുടെ കണക്കുമായി താരതമ്യം ചെയ്ത് കൃത്യമായ വിവാഹമോചന നിരക്ക് കണ്ടെത്താന്‍ ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ പ്രയാസമാണ്. എന്നിരുന്നാലും, ലഭ്യമായ കണക്കനുസരിച്ച് കേരളത്തി ല്‍ വിവാഹമോചനം സാര്‍വത്രികമായിരിക്കുന്നുവെന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. വിവിധ സാമൂഹിക പഠനങ്ങളും ഗവേഷണ ലേഖനങ്ങളും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്.
വിവാഹത്തെ ഒരു ബാധ്യതയായി കാണുകയും ആസ്വാദനം മാത്രം ലക്ഷ്യമാക്കിയുള്ള ലിവിംങ് ടുഗെദര്‍ ബന്ധങ്ങളില്‍ താല്‍പര്യം കൂടുകയും ചെയ്യുന്നുവെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പരമ്പരാഗത രീതിയനുസരിച്ചുള്ള വിവാഹവും കുടുംബജീവിതവും ഒരേസമയം ആസ്വാദനവും ഉത്തരവാദിത്തവും ഉള്ളടങ്ങിയിട്ടുള്ളതാണ്. ഇതില്‍ ആസ്വാദനത്തെ മാത്രം അടര്‍ത്തിയെടുത്ത് ജീവിതം കെട്ടിപ്പടുക്കാ നാവില്ല. അങ്ങനെ സാധ്യമാകുമോ എന്ന പരീക്ഷണമാണ് നിശ്ചിത കാലത്തേക്കുള്ള ബന്ധങ്ങളില്‍ ഉണ്ടാകുന്നത്. ഇത് പുരുഷകാമനകള്‍ക്ക് മാത്രം സൗകര്യം ലഭിക്കുകയും സ്ത്രീകള്‍ക്ക് ആജീവനാന്തം ആഘാതം മാത്രമായി മാറുകയും ചെയ്യുന്നുവെന്നതാണ് യാഥാര്‍ഥ്യം. ലിവിംങ് ടുഗെദര്‍ ബന്ധങ്ങള്‍ വ്യാപകമായ പാശ്ചാത്യ നാടുകളില്‍ ഗാ ര്‍ഹിക പീഡനത്തിന്റെ തോത് വര്‍ധിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്യൂ റിസര്‍ച്ച് സെന്ററിന്റെ 2019ലെ പഠനമനുസരിച്ച് വിവാഹം ചെയ്ത് ജീവിക്കുന്നവരിലും ലിവിംങ് ടുഗെദര്‍ ബന്ധങ്ങളിലും നിലനില്‍ക്കുന്ന വിശ്വാസ്യത, സ്‌നേഹം, കരുണ തുടങ്ങിയ വൈകാരികാംശങ്ങളുടെ തോത് വ്യത്യസ്തമാണ്. സാമ്പ്രദായിക വിവാഹിതരുടെ ഇടയിലാണ് ഈ വികാരങ്ങളൊക്കെ കൂടുതല്‍ പ്രായോഗികമാവുന്നത്.
ദമ്പതിമാര്‍ക്കിടയില്‍ പരസ്പരം ഉണ്ടായിട്ടുള്ള ശാരീരിക പീഡനങ്ങള്‍ സംബന്ധിച്ച കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ക്ലിനിക്കല്‍ റിപോര്‍ട്ടുകള്‍ പ്രകാരം, ലിവിംങ് ടുഗെദര്‍ ബന്ധങ്ങളിലാണ് ഗാര്‍ഹിക പീഡനം വ്യാപകമായിട്ടുള്ളത് എന്നാണ്. ഇണകളുടെ മാനസിക വ്യവഹാരങ്ങളെ മോണിറ്റര്‍ ചെയ്യാനോ ദാമ്പത്യത്തിന്റെ വൈകാരികാംശങ്ങളെ പ്രയോഗവത്കരിക്കാനോ സാധിക്കുന്ന കുടുംബസാഹചര്യം ഇത്തരം ബന്ധങ്ങളില്‍ ഉണ്ടാവുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇസ്‌ലാം ഉള്‍പ്പെടെയുള്ള മതങ്ങള്‍ മനുഷ്യബന്ധങ്ങളുടെ കാര്യത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള അതിരടയാളങ്ങളും ഉത്തരവാദിത്ത ബാധ്യതാ മാനദണ്ഡങ്ങളും പ്രസക്തമാണ്. ഇസ്‌ലാമിക പ്രമാണങ്ങള്‍ അക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മവും തെളിച്ചവുമുള്ള നിര്‍ദേശങ്ങളും നിയമങ്ങളുമാണ് നടപ്പാക്കിയിട്ടുള്ളത്. മനുഷ്യന്റെ വൈകാരിക-മാനസിക തലങ്ങളും കുടുംബജീവിതത്തിന്റെ കെട്ടുറപ്പും മുന്നില്‍ കണ്ടുകൊണ്ടാണ് ഇസ്‌ലാമിക നിയമങ്ങള്‍ രൂപപ്പെട്ടിട്ടുള്ളതെന്ന് നമുക്ക് വിലയിരുത്താനാവും. മനുഷ്യനെ സൃഷ്ടിച്ച ഒരു നാഥനില്‍ നിന്നുള്ള നിയമസംഹിതകള്‍ എന്ന നിലയ്ക്കുള്ള വസ്തുനിഷ്ഠവും ആത്മീയവുമായ മൂല്യങ്ങള്‍ കുടുംബ സംവിധാനത്തി ല്‍ ഉള്ളടങ്ങിയിട്ടുണ്ട്. ദമ്പതിമാര്‍ പരസ്പരം വസ്ത്രങ്ങളാകുന്നു എന്ന ഉപമ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ്.
വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നുവെന്നതാണ് കോടതിയുടെ മറ്റൊരു നിരീക്ഷണം. വിവാഹേതര ബന്ധങ്ങള്‍ ആസ്വദിക്കുന്നതിനു വേണ്ടി വിവാഹമോചനത്തിന് ശ്രമിക്കുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്. വിവാഹബന്ധത്തില്‍ കണിശത പുലര്‍ത്താനും വിവാഹേതര ബന്ധങ്ങളെ പൂര്‍ണമായി നിരാകരിക്കാനും ആഹ്വാനം ചെയ്യുന്നുവെന്നതാണ് മതങ്ങളുടെ പ്രത്യേകത. വിവാഹത്തിന് മുമ്പ് ഡേറ്റിംങ് ആപ്പുകളുടെ ഉപയോക്താക്കളായി മാറിയ ഒരു തലമുറ ഇവിടെ കടന്നുവരുന്നുണ്ട്. അവരെ സംബന്ധിച്ചേടത്തോളം വിവാഹവും കുടുംബവുമെല്ലാം അധികപ്പറ്റാണ്. എന്നാല്‍ ഈ രംഗത്തും ചൂഷണം ചെയ്യപ്പെടുന്നത് സ്ത്രീകളാണെന്ന് കാണാനാവും.
യാഥാര്‍ഥ്യബോധത്തോടെ പരിശോധിച്ചാല്‍ ഇത്തരം ഉദാരവാദവും വ്യക്തിവാദവുമെല്ലാം പുരുഷന്റെ സൗകര്യങ്ങള്‍ക്കും കാമനകള്‍ക്കും ആസ്വാദനത്തിനും അനുസരിച്ച് രൂപപ്പെടുത്തിയതാണെന്ന് കാണാനാവും. ഇതിനെ പുരോഗമനമെന്നും ഉദാത്തമെന്നും മുദ്രകുത്തി ഇറക്കുമതി ചെയ്യുമ്പോള്‍ സ്ത്രീ സമൂഹത്തെ ചൂഷണം ചെയ്യാവുന്ന ഒരു മാര്‍ഗം കൂടി രൂപപ്പെടുന്നുവെന്നതാണ് വാസ്തവം. ഇത് തിരിച്ചറിഞ്ഞ നിരവധി അനുഭവസ്ഥര്‍ പ്രതികരിക്കുന്നുണ്ടെന്നതാണ് പാശ്ചാത്യമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്തകളില്‍ നിന്ന് മനസ്സിലാവുന്നത്. അതിനാല്‍ തന്നെ തദ്‌വിഷയകമായി കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ സിവില്‍ സമൂഹം ഗൗരവകരമായി ഉള്‍ക്കൊള്ളണം.

Back to Top