3 Tuesday
December 2024
2024 December 3
1446 Joumada II 1

കോര്‍പറേഷന്‍ പുനസംഘടന മുസ്‌ലിം അവഗണന പൊറുപ്പിക്കാനാവില്ല – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ കോര്‍പറേഷനുകളും ബോര്‍ഡുകളും പുന:സംഘടിപ്പിക്കുമ്പോള്‍ മുസ്‌ലിം സമുദായത്തെ പാടെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ എന്‍ എ മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം വ്യക്തമാക്കി. നിയമസഭ, മന്ത്രി സഭാ ഭരണ തലത്തില്‍ മുസ്‌ലിം സമുദായത്തിന് ജനസംഖ്യാനുപാതിക പങ്ക് നല്‍കാന്‍ തയ്യാറാവാത്ത ഇടതു പക്ഷ നേതൃത്വം ഇപ്പോള്‍ കോര്‍പ്പറേഷന്‍ ബോര്‍ഡ് പുന:സംഘടനയിലും മുസ്‌ലിം അവഗണന തുടരുന്നത് പൊറുപ്പിക്കാവതല്ല. ന്യൂനപക്ഷാവകാശങ്ങള്‍ സിംഹഭാഗവും കയ്യടക്കി വെച്ചിരിക്കുന്ന മുന്നാക്ക വിഭാഗമായ ക്രൈസ്തവര്‍ക്ക് തന്നെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷനും തീറെഴുതി കൊടുക്കുന്നത് കടുത്ത അനീതിയാണ്.
ഗുരു ഗ്രാമില്‍ വെള്ളിയാഴ്ച പ്രാര്‍ഥന തടഞ്ഞ വര്‍ഗീയ ശക്തികള്‍ ഡല്‍ഹി കലാപത്തിന് കോപ്പു കൂട്ടിയ ഗോലീ മാരാ മുദ്രാവ്യാക്യമുയര്‍ത്തി രംഗത്ത് വന്നത് ആശങ്കാജനകമാണ്. ഡല്‍ഹി കലാപത്തിന്റെ സൂത്രധാരകനെന്ന് ആരോപിക്കപ്പെട്ട കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ തന്നെയാണ് ഗുരു ഗ്രാമിലും ഗോലീ മാരാ മുദ്രാവാക്യം മുഴങ്ങുന്നത് എന്നത് ഗൗരവമായി കാണണം. ഇനിയൊരു വര്‍ഗീയ കലാപമൊഴിവാക്കാന്‍ ഗുരുഗ്രാമില്‍ മതേതര കക്ഷികള്‍ അടിയന്തിരമായി ഇടപെടണം.
കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഹാജിമാരുള്ള കരിപ്പൂരിനെ ഹജ്ജ് എംബാര്‍ക്കേഷനില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. കരിപ്പൂരിനെ ഹജ്ജ് എംബാര്‍ക്കേഷനില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റെ ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ ജലീല്‍, പ്രൊഫ. കെ പി സകരിയ്യ, ഡോ. ജാബിര്‍ അമാനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, പി പി ഖാലിദ്, കെ പി മുഹമ്മദ് കല്‍പ്പറ്റ, ബി പി എ ഗഫൂര്‍, എം ടി മനാഫ് മാസ്റ്റര്‍, കെ എ സുബൈര്‍, കെ എം കുഞ്ഞമ്മദ് മദനി, കെ അബൂബക്കര്‍ മൗലവി, കെ പി അബ്ദുറഹ്മാന്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, ഡോ. അന്‍വര്‍ സാദത്ത്, അബ്ദുസ്സലാം പുത്തൂര്‍ പ്രസംഗിച്ചു. ബഷീര്‍ പട്‌ല, സഹീദ് കണ്ണൂര്‍, മുഹമ്മദ് സലീം അസ്ഹരി, ടി പി ഹുസൈന്‍ കോയ, പി മൂസക്കുട്ടി മദനി, മമ്മു കോട്ടക്കല്‍, വി ടി ഹംസ, സിറാജ് മദനി കൊടുങ്ങല്ലൂര്‍, കെ എം ഷാക്കിര്‍ മൗലവി, എ പി നൗഷാദ് ആലപ്പുഴ, കുഞ്ഞുമോന്‍ കരുനാഗപ്പള്ളി, ഷഫീഖ് ഫാറൂഖി കോട്ടയം, ഖാസിം മാസ്റ്റര്‍ കൊയിലാണ്ടി, ഉബൈദുല്ല മാസ്റ്റര്‍ പാലക്കാട്, സി വൈ സാദിഖ്, പി ടി അബ്ദുല്‍ മജീദ് സുല്ലമി, എം അബ്ദുല്‍ റഷീദ്, കെ അബ്ദുസ്സലാം മാസ്റ്റര്‍, അബ്ദുല്‍ ജബ്ബാര്‍ കുന്നംകുളം എന്നിവര്‍ ജില്ലാ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

Back to Top