22 Wednesday
September 2021
2021 September 22
1443 Safar 14

കോണ്‍വിവെന്‍സിയ ബഹുവൈജ്ഞാനികതയുടെ ആശയപരിസരം

ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍


എട്ടാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍ ഭരണം നടത്തിയിരുന്ന വിസിഗോത്ത് ഭരണത്തിന് അറുതിവരുത്തി അറബികള്‍ കീഴടക്കുകയും ദമസ്‌കസില്‍ നിന്ന് രക്ഷപ്പെട്ട അമവീ നേതാക്കള്‍ പിന്നീട് ഭരണം നടത്തുകയും ചെയ്ത കാലഘട്ടത്തെയാണ് മുസ്‌ലിം സ്‌പെയിന്‍ എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. മുസ്‌ലിം ഭരണം നിലനിന്നിരുന്ന ഭൂവിഭാഗത്തെ പൊതുവില്‍ അന്‍ഡുലുസ് എന്നാണ് വിളിച്ചിരുന്നത്. പതിനഞ്ചാം നൂറ്റാണ്ട് വരെ വിവിധ രാജവംശങ്ങളുടെ കീഴില്‍ നിലനിന്നിരുന്ന ഈ ഭരണകാലത്തെ സാമൂഹികമായി അടയാളപ്പെടുത്തുന്ന സംജ്ഞയാണ് കോണ്‍വിവെന്‍സിയ. തആയുഷ് (സഹവര്‍ത്തിത്വം) എന്ന അറബി പദത്തിന്റെ സ്പാനിഷ് വിവര്‍ത്തനമാണ് ഈ പദം.
മധ്യകാല സ്‌പെയിനില്‍ നിലനിന്നിരുന്ന സാമൂഹിക സഹവര്‍ത്തിത്തത്തെയാണ് കോണ്‍വിവെന്‍സിയ കൊണ്ട് അര്‍ഥമാക്കുന്നത്. മുസ്‌ലിംകളും ജൂതരും ക്രൈസ്തവരും പരസ്പര സഹകരണത്തോടെ ജീവിത വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു മാതൃകാഘട്ടം എന്ന നിലക്കാണ് സാമൂഹിക ശാസ്ത്രജ്ഞര്‍ ഇതിനെ കാണുന്നത്. എന്നാല്‍ ഇത് ചരിത്രപരമായി നിലനില്‍ക്കുന്നതല്ലെന്നും സൈദ്ധാന്തിക തലത്തില്‍ മാത്രം ഉണ്ടായിരുന്ന ഒന്നാണെന്നും വിമര്‍ശനമുണ്ട്. എട്ട് മുതല്‍ പതിനഞ്ച് വരെയുള്ള നൂറ്റാണ്ടില്‍ മുസ്‌ലിം ഭരണത്തിന്റെ തുടക്കത്തിലും പതനകാലത്തും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും സംഘട്ടനങ്ങളും യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട് എന്നതാണ് ഈ വിമര്‍ശനത്തിന്റെ കാരണം. എന്നിരുന്നാലും വിവിധ സാമൂഹിക മതവിഭാഗങ്ങളുടെ കൊള്ളകൊടുക്കലിനും ബഹുസ്വരമായ ജീവിത സംസ്‌കാരത്തിനും ഭരണ സുസ്ഥിരത ലഭിച്ച മധ്യകാല സ്‌പെയിന്‍ സാക്ഷ്യം വഹിച്ചിരുന്നു.
അറബിവത്കരിക്കപ്പെട്ട ജൂതരും ക്രൈസ്തവരും അന്‍ഡുലുസില്‍ ഉണ്ടായിരുന്നു. മൊസാറബ് എന്നാണ് അവര്‍ വിളിക്കപ്പെട്ടിരുന്നത്. ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയോ മുസ്‌ലിംകളോ അല്ലാത്ത, അതേസമയം അറബികളായ മുസ്‌ലിംകളോട് സഹകരിച്ച് ജീവിക്കുകയും ചെയ്തിരുന്ന ആളുകളെയാണ് ഇങ്ങനെ വിളിച്ചിരുന്നത്. അവര്‍ അറബി ഭാഷ പഠിക്കുകയും മുസ്‌ലിം സംസ്‌കാരത്തെ മനസ്സിലാക്കുകയും ഭരണകാര്യങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു. അക്കാലത്ത് നിലനിന്നിരുന്ന ക്രൈസ്തവ സാമ്രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ മുസ്‌ലിം സ്‌പെയിനിലെ നഗരങ്ങളിലെ ജീവിത നിലവാരം ഉയര്‍ന്ന തരത്തിലായിരുന്നു.
കൊര്‍ദോവ, ടോളെഡോ, അല്‍മേറിയ, ഗ്രാനഡ, മജോര്‍ക, സരഗോസ, മലാഗ, വലെന്‍സിയ തുടങ്ങിയവ പ്രധാന നഗരങ്ങളാണ്. നഗരങ്ങളിലെ സാമൂഹിക ജീവിതത്തില്‍ ഏതെങ്കിലും മതവിഭാഗങ്ങളെ അരികുവത്കരിക്കുകയോ കോളനികളിലാക്കുകയോ ചെയ്തിരുന്നില്ല. പ്രധാനപ്പെട്ട മൂന്ന് മതവിഭാഗങ്ങളും ഇടകലര്‍ന്നാണ് ജീവിച്ചിരുന്നത്. എന്നിരുന്നാലും ജൂതവിഭാഗങ്ങള്‍ ഏറെക്കുറെ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇത് മുസ്‌ലിം ഭരണത്തിലെ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത വിവേചനാവസ്ഥ ആയിരുന്നില്ല. മറിച്ച്, ജൂത ദേവാലയമായ സിനഗോഗില്‍ നിന്ന്, നടക്കാനുള്ള ദൂരം ഇത്രയേ ആകാവൂ എന്ന ജൂതമത വിശ്വാസ പ്രകാരമാണ് ജുത കോര്‍ണറുകള്‍ രൂപപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഒരു നഗരത്തിനുള്ളില്‍ മറ്റൊരു ജൂത നഗരം രൂപപ്പെട്ടിരുന്നു. സെവില്ല, ടറഗോണ, ലുസേന, ഗ്രാനഡ തുടങ്ങിയ നഗരങ്ങളില്‍ ഈ പ്രത്യേകത ഉണ്ടായിരുന്നു.
മധ്യകാല സ്‌പെയിനിലെ ബഹുസ്വര ജീവിതം ഒട്ടേറെ സാംസ്‌കാരിക സാമൂഹിക പ്രതിഫലനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ആധുനിക സ്‌പെയിനിന്റെ വാസ്തുകലാ ഭംഗിക്ക് ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഈ കാലത്തോടാണ്. ഗ്രാനഡയിലെ അല്‍ഹംറ കൊട്ടാരം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. മുസ്‌ലിം വാസ്തു ശൈലിയുടെ ഭാഗമായ മൊസൈക്, ചുവപ്പും വെള്ളയും കലര്‍ന്ന ചപയാകൃതികള്‍, ചെങ്കല്‍ കമാനങ്ങള്‍ തുടങ്ങിയവ സ്‌പെയിനിന് പരിചയപ്പെടുത്തിയത് അറബികളാണ്. ചെങ്കല്‍ കമാനങ്ങളും ചുമരിലെ കൊത്തുപണികളും ക്രിസ്ത്യന്‍ ചര്‍ച്ചുകളിലും ധാരാളമായി കാണാം. അറബി അക്ഷരങ്ങളോ റോമന്‍ ലിപിയോ ഉപയോഗിച്ച് ചര്‍ച്ചുകളുടെ മതിലുകള്‍ അലങ്കരിച്ചതായി കാണാം.
മുസ്‌ലിം പള്ളികള്‍ക്ക് സമീപം വ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നത് മധ്യകാലഘട്ടത്തിലെ പ്രത്യേകതയായിരുന്നു. മുസ്‌ലിം സ്‌പെയിനിലെ ബഹുസ്വര ജീവിതം വാണിജ്യരംഗത്തും സ്വാധീനമുണ്ടാക്കി. അക്കാലത്തെ പ്രധാന വരുമാന മാര്‍ഗമായ മത്സ്യബന്ധനത്തില്‍ മുസ്‌ലിംകള്‍ വ്യാപൃതരായപ്പോള്‍ അനുബന്ധ വ്യവസായങ്ങളും കയറ്റുമതിയും സജീവമാക്കിയത് ജൂതന്മാരാണ്. സ്‌പെയിനില്‍ ആദ്യകാലം മുതലേ നിലനിന്നുപോന്നിരുന്ന കാര്‍ഷിക രംഗത്ത് വിളവൈവിധ്യം കൊണ്ടുവന്നത് മുസ്‌ലിംകളാണ്. ഒലീവ്, ആപ്രിക്കോട്ട്, പേരയ്ക്ക, കോളിഫ്‌ളവര്‍ തുടങ്ങിയ ഒട്ടുമിക്ക കാര്‍ഷിക വിളകളും പഴങ്ങളും പച്ചക്കറികളും മാറി മാറി കൃഷി ചെയ്യുന്ന രീതിയും അറബികളാണ് പരിചയപ്പെടുത്തിയത്.
അന്‍ഡുലുസിലെ നഗരങ്ങളില്‍ ഉണ്ടായിരുന്ന ലൈബ്രറികളും വിവര്‍ത്തന കേന്ദ്രങ്ങളും ബുദ്ധിജീവികളുടെയും പണ്ഡിതരുടെയും സാഹിത്യകാരന്മാരുടെയും നിത്യസന്ദര്‍ശക കേന്ദ്രങ്ങളായിരുന്നു. വിവിധ ഖലീഫമാരും രാജാക്കന്മാരും അന്‍ഡുലുസിലെ വൈജ്ഞാനിക വളര്‍ച്ചക്ക് ഒട്ടേറെ സംഭാവന നല്‍കി. വിവിധ നാടുകളില്‍ നിന്നും പുസ്തകങ്ങള്‍ ഇവിടെയത്തിക്കുകയും വിവര്‍ത്തനം നടത്തുകയും ചെയ്തു. യൂറോപ്പില്‍ നിന്നുള്ള കൃതികള്‍ ഇങ്ങോട്ടും ഇവിടെ നിന്ന് യൂറോപ്പിലേക്കും കൈമാറ്റം ചെയ്തു. ഈ ക്രയവിക്രയങ്ങളില്‍ ജ്ഞാനസമ്പാദകരായ ജൂതന്മാരുടെയും ക്രൈസ്തവരുടെയും മുസ്‌ലിംകളുടെയും സംഭാവനകള്‍ കാണാം.
ഒരോ ലൈബ്രറിയിലും എഴുപതിലധികം പകര്‍ത്തെഴുത്തുകാര്‍ ഉണ്ടായിരുന്നു. ഖുര്‍ആന്‍, വൈദ്യശാസ്ത്രം, ഗോളശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള നിരവധി മൗലികമായ സംഭാവനകള്‍ക്കും വിവര്‍ത്തനങ്ങള്‍ക്കും വികാസ പരിണാമത്തിനും മധ്യകാല സ്‌പെയിന്‍ സാക്ഷ്യം വഹിച്ചു. ബഹുസ്വരമായ ജീവിതം പരിപോഷിപ്പിച്ച ബഹുസ്വരമായ വൈജ്ഞാനിക വിസ്‌ഫോടനമായിരുന്നു അക്കാലത്തിന്റെ പ്രത്യേകത. ഇന്നും സ്പാനിഷ് ഭാഷയില്‍ കാണുന്ന ‘അല്‍’ വെച്ച് ആരംഭിക്കുന്ന വാക്കുകള്‍ കോണ്‍വിവെന്‍സിയ എന്ന ചരിത്രപരമായ ആശയത്തെ ഓര്‍മിപ്പിക്കുന്നതാണ്. ബഹു അന്തര്‍ തിരശ്ചീന വൈജ്ഞാനിക വ്യവഹാരങ്ങള്‍ സാധ്യമാക്കുന്ന ബഹുതല സ്പര്‍ശിയായ ജ്ഞാനസമ്പാദനങ്ങള്‍ കോണ്‍വിവെന്‍സിയ എന്ന ആശയത്തെ സമകാലിക ലോകത്തും ജൈവികമായി നിലനിര്‍ത്തുന്നുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x