കോണ്‍വിന്‍സിയ പുതുകാല ചോദ്യങ്ങള്‍ക്കുള്ള ചരിത്ര മാതൃക
ഫാസില്‍ ആലുക്കല്‍
മനുഷ്യന്‍ ലോകത്ത് നിരവധി കാര്യങ്ങള്‍ ആര്‍ജിക്കുന്നു എന്നത് കേവലമായ ഒരു പ്രവര്‍ത്തനമല്ല. ആര്‍ജിക്കുക, അതുവഴി ഉല്‍പ്പാദനക്ഷമമാവുക എന്നതാണ് ചരിത്രാരംഭം മുതല്‍ നിര്‍വഹിക്കപ്പെടുന്നത്. ചരിത്രത്തില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുകയും വര്‍ത്തമാനത്തില്‍ സജീവമാവുകയും ഭാവിയിലേക്കു വിഭവങ്ങള്‍ ശേഖരിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യരുടെ മൗലികമായ ധര്‍മം. ഇത്തരം സങ്കീര്‍ണമായ സഞ്ചാരത്തിന്റെ ആന്തരിക ഇന്ധനമായി പ്രാവര്‍ത്തിക്കുന്നത് ജ്ഞാനമാണ്. വിശുദ്ധ ഖുര്‍ആന്റെ പ്രാരംഭ സംസാരവും വിജ്ഞാനത്തെക്കുറിച്ചു പറഞ്ഞു കൊണ്ടായിരുന്നല്ലോ. ലോകം തേടിക്കൊണ്ടിരിക്കുന്നതും വിജ്ഞാനത്തിന്റെ പുതു വഴികളാണ്.
ഓരോ കാലഘട്ടത്തിലും വിജ്ഞാനത്തിന്റെ സമവാക്യങ്ങള്‍ വരച്ചിടപ്പെട്ടിട്ടുണ്ട്. അത്തരം ജ്ഞാന മാര്‍ഗങ്ങള്‍ കണ്ടെത്തിയവരാണ് വെളിച്ചം വിതറിയ മഹാ മനീഷികള്‍. സമാന്തരമായി ചരിത്രത്തിലെ ചില കാലഘട്ടങ്ങളുടെ വായനയിലൂടെ മാനവികമായ സാമൂഹിക പാഠങ്ങളും നമുക്ക് ശേഖരിക്കാന്‍ സാധിക്കും. ചരിത്ര കാലഘട്ടങ്ങളെക്കുറിച്ചു നമ്മള്‍ പഠിക്കുമ്പോള്‍ അതില്‍ രേഖപ്പെടുത്തപ്പെട്ട ചരിത്രങ്ങളുണ്ട്, വിസ്മരിക്കപ്പെട്ട ചരിത്രങ്ങളുമുണ്ട്, അതുപോലെ ഈ കാലഘട്ടത്തില്‍ തിരിച്ചു കൊണ്ടുവരേണ്ട ചരിത്രത്തിലെ ഘട്ടങ്ങളുമുണ്ട്. അതില്‍ പ്രധാനമാണ് സഹവര്‍ത്തിത്വത്തിന്റെ ചരിത്ര മാതൃകകള്‍. ആ ഒരു ദൗത്യത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്.
ഒരു സിദ്ധാന്തം മാത്രം ലോകത്തെ ഭരിക്കണം എന്നാണല്ലോ സാമ്രാജ്യത്വത്തിന്റെ അടിസ്ഥാന അജണ്ട. ലോകത്ത് തങ്ങള്‍ ചോദ്യം ചെയ്യപ്പെടാത്ത ഒരു ശക്തിയായി നിലനില്‍ക്കുമെന്ന് പാശ്ചാത്യ മാധ്യമങ്ങളും പ്രഘോഷിച്ചുകൊണ്ടിരിക്കുന്നു. അതിനെ ശരിവെക്കുന്ന ഫുകുയാമയുടെ സിദ്ധാന്തങ്ങളും നമുക്ക് കാണാം. സമന്വയങ്ങള്‍ക്കപ്പുറത്ത് റാഡിക്കല്‍ ചിന്താഗതിയാണ് സമകാലിക ലോകത്ത് വികസിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
ഇത്തരം ബോധങ്ങളെ ചോദ്യം ചെയ്യാന്‍ കഴിയുന്നവര്‍ക്കേ ബഹുസ്വരമായ സംസ്‌കൃതിയെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ആശയപരമായ സംവാദവും സംഘട്ടനവുമാണ് ഇത്തരം പശ്ചാത്തലത്തില്‍ രൂപപ്പെടുക. സാമൂഹിക നവീകരണത്തിന്റെ സാധ്യതകളാണ് ഇത്തരം സംഘട്ടനങ്ങളിലൂടെ രൂപപ്പെടുന്നത്. സങ്കുചിതമായ ചിന്തകളെ നമ്മള്‍ പ്രതിരോധിക്കേണ്ടത് ചരിത്രത്തിലെ സൗഹൃദ ധാരകളെ ജീവിപ്പിച്ചു കൊണ്ടാണ്. അത്തരം അന്വേഷണത്തില്‍ നിന്നാണ് എം എസ് എം ‘കോണ്‍വിവന്‍സിയ’ എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത്.
ചരിത്രാന്വേഷണങ്ങളാണ് പലപ്പോഴും പുതിയ അറിവുകളെ ലോകത്തിന് സമ്മാനിക്കുന്നത്, ചരിത്രകാരന്മാര്‍ തമസ്‌ക്കരിച്ച, പരിഗണനയിലേക്ക് കൊണ്ടുവരാന്‍ വിസമ്മതിച്ച സഹവര്‍ത്തിത്വത്തിന്റെ സമ്മോഹന കാലഘട്ടത്തെ നാം ഓര്‍ത്തെടുക്കുകയാണ്. ഈ സൗഹൃദ കാലം പരിമിതപ്പെട്ടുപോയി എന്ന തിരിച്ചറിവില്‍ നിന്ന് ആത്മീയവും സാംസ്‌കാരികവും, വൈജ്ഞാനികവുമായ വികസനങ്ങളുടെ ആകാശത്തിലേക്ക് എം എസ് എം ഈ ആശയത്തെ വികസ്വരമാക്കാന്‍ പരിശ്രമിക്കുകയാണ്.
സഹവര്‍ത്തിത്വത്തിന്റെ ചരിത്ര മാതൃകയായ ‘കോണ്‍വിവന്‍സിയ’ പുതുകാല ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി എന്നെന്നും ജ്വലിച്ചു നില്‍ക്കുമെന്ന് എം എസ് എം പ്രത്യാശിക്കുന്നു.