17 Wednesday
April 2024
2024 April 17
1445 Chawwâl 8

ഭരണഘടനയെ നിലംപരിശാക്കരുത് എന്നാണ് ഇപ്പോഴും പറയാനുള്ളത്‌

വി കെ ജാബിര്‍


ബിജെ പി അധികാരത്തില്‍ വന്നതിനു ശേഷം ഭൂരിപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കുന്നതിനു വേണ്ടി ന്യൂനപക്ഷങ്ങളെ പല നിലയിലും അടിച്ചമര്‍ത്തുന്നതും കൊള്ള നടത്തുന്നതും വേണ്ടി വന്നാല്‍ തല്ലിക്കൊല്ലുന്നതും ഒറ്റപ്പെട്ട സംഭവം അല്ലാതായിരിക്കുന്നു. നരേന്ദ്ര മോദി ഭരണത്തിലേറി അധികകാലം കഴിയുന്നതിനു മുമ്പാണ് സ്വന്തം അടുക്കളയിലെ ഫ്രിഡ്ജില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് അടിച്ചുകൊല്ലപ്പെട്ടത്. ട്രെയിനില്‍ യാത്ര ചെയ്ത ഒരു യുവാവും ഇതുപോലൊരു കൊലപാതകത്തിന് ഇരയായി. ഒറ്റപ്പെട്ട സംഭവമാണെന്നു ന്യായീകരിച്ച് അക്രമികള്‍ക്കെതിരെ ഭരണകൂടങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കുകയോ നിയമവാഴ്ച ഉറപ്പുവരുത്തുകയോ ചെയ്തില്ലെന്നതാണ് വിഷയത്തിന്റെ ഗൗരവവും ആശങ്കയും വര്‍ധിപ്പിക്കുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ വന്നതോടെ സംഘപരിവാറിന്റെ തീവ്ര ഗ്രൂപ്പുകള്‍ ചെയ്തിരുന്ന കാര്യം നേരിട്ട് സര്‍ക്കാരിനു തന്നെ ചെയ്യാം എന്നായിരിക്കുന്നു. ഇഷ്ടമില്ലാത്തവരുടെ വീടുകളും കടകളും ദുര്‍ബലമായ ന്യായങ്ങള്‍ നിരത്തി നിയമം പാലിക്കാതെ തച്ചു തകര്‍ക്കുന്നത് ആള്‍ക്കൂട്ടമല്ല, ഭരണകൂടമായി മാറി.
പൊടുന്നനെയായിരുന്നു കശ്മീര്‍ സംബന്ധിച്ച നിയമം രാജ്യസഭയിലൂടെ ലോക്‌സഭയിലെത്തി ഭൂരിപക്ഷത്തിന്റെ ബലത്തില്‍ പാസാക്കിയെടുത്തത്. കശ്മീരി പണ്ഡിറ്റുകളുടെ രക്ഷയ്ക്ക് വേണ്ടിയാണ് അതു ചെയ്തതെന്നാണ് ന്യായീകരണം പറഞ്ഞതെങ്കിലും ഇന്ന് പണ്ഡിറ്റുകള്‍ അവിടെ നിന്ന് കൂട്ടപലായനം ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്. കശ്മീര്‍ സംസ്ഥാനമല്ലാതാവുകയും 370-ാം വകുപ്പ് എടുത്തുകളയുകയും ചെയ്തത് ഭരണഘടനയെ പോലും നോക്കുകുത്തിയാക്കിയായിരുന്നു. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതും സമാനമായ നടപടിയായിരുന്നു.
ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്ര സ്വഭാവം പതിയെ റദ്ദു ചെയ്തുകൊണ്ടിരിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി ബി ഐയും ഭരണകക്ഷിയുടെ ഏറ്റവും വിശ്വസ്തരായ ഘടക കക്ഷികളെ പോലെയായെന്ന വിമര്‍ശനം ഉയരുന്നതു വഴി ആ സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്കുണ്ടാക്കിയ കോട്ടം എത്രമാത്രം വലുതാണ്.
ആള്‍ക്കൂട്ട കൊലകള്‍ പോലെ നിയമം കൈയിലെടുക്കുന്ന നീക്കങ്ങളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സമീപനങ്ങളാണ് കൊലപാതകങ്ങളെക്കാള്‍ ഭയാനകമാകുന്നത്. നിയമവിരുദ്ധമെന്നു മുദ്ര കുത്തി വീടുകളും കെട്ടിടങ്ങളും പൊളിക്കാന്‍ അതിവേഗം നടപടി സ്വീകരിക്കുന്ന, പാര്‍ലമെന്റില്‍ നിയമങ്ങള്‍ ചുട്ടെടുക്കുന്ന സര്‍ക്കാര്‍ രാജ്യത്തിനും അതിന്റെ പാരമ്പര്യത്തിനും പരിക്കേല്‍ക്കുന്ന കാര്യങ്ങള്‍ അറിഞ്ഞ മട്ടു പോലും കാണിക്കാതിരിക്കുന്നു. സര്‍ക്കാരിന്റെ പക്ഷപാതപൂര്‍ണമായ നയം ലോകാടിസ്ഥാനത്തില്‍ ചോദ്യം ചെയ്യപ്പെടുമ്പോഴും മൗനം തുടരുകയാണ് സര്‍ക്കാര്‍.
ബി ജെ പി വക്താവായിരുന്ന നൂപുര്‍ ശര്‍മയും പാര്‍ട്ടിയുടെ പ്രമുഖ നേതാവ് നവീന്‍ ജിന്‍ഡാലും മുഹമ്മദ് നബിക്കെതിരായി നടത്തിയ ഹീനമായ പരാമര്‍ശങ്ങള്‍ രാജ്യത്തിനകത്തും പുറത്തും വലിയ ആശങ്കകളും പ്രതിഷേധങ്ങളും സൃഷ്ടിച്ചതാണ്. എന്നാല്‍, വിഷയത്തില്‍ ഗൗരവമുള്ള ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരിക്കുമ്പോള്‍ കേന്ദ്ര ഭരണത്തിനെതിരെ അവിശ്വാസം വര്‍ധിക്കാതെ വഴിയില്ലല്ലോ.
കോടികളുടെ സാമ്പത്തിക ക്രമക്കേടു നടത്തിയവര്‍ രാജ്യം വിട്ട് വിദേശങ്ങളില്‍ സുഖവാസം നടത്തുന്നത് അതിശക്തമെന്നവകാശപ്പെടുന്ന, അഴിമതിയോടു സന്ധിയില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മൂക്കിനു താഴെയാണ്. അതേസമയം, സര്‍ക്കാരിനെതിരായ നിലപാടെടുക്കുന്ന രാഷ്ട്രീയക്കാരുടെയോ ബിസിനസുകാരുടെയോ ഓഫീസിലും വീടുകളിലും ഇ ഡി നിരങ്ങിക്കൊണ്ടിരിക്കുകയാണ്. പല കേസുകളും പിന്നീട് എങ്ങുമെത്താറില്ലെങ്കിലും പുകമറ തീര്‍ക്കാനും നിശ്ശബ്ദമാക്കാനും റെയ്ഡും മറ്റു നടപടികളും കൊണ്ടു സാധിക്കുമല്ലോ.

കോടതി നടപടികള്‍
കശ്മീരിന് പ്രത്യേക പദവി നല്‍കിവന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുമുള്ള കേസുകള്‍ മൂന്നു വര്‍ഷമായി സുപ്രിം കോടതിയുടെ മുന്നിലാണ്. ഈ കേസുകള്‍ ഇതുവരെ കേള്‍ക്കാന്‍ തയ്യാറായിട്ടില്ലെന്നത് എത്ര മാത്രം ഗൗരവതരമാണെന്ന് സി പി എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി ഈയിടെ ചൂണ്ടിക്കാട്ടുകയുണ്ടായി.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട സാകിയ ജാഫ്‌രിയുടെ ഹരജി തള്ളിയ സുപ്രിം കോടതി നടപടിയേക്കാള്‍, ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ പരമോന്നത കോടതി നടത്തിയ പരാമര്‍ശം നീതി തേടുന്ന മനുഷ്യരില്‍ എന്തുമാത്രം ആശങ്കയും ഉത്കണ്ഠയുമാണ് സമ്മാനിച്ചത്. സുപ്രിം കോടതി പരാമര്‍ശത്തിനു പിന്നാലെ സാമൂഹിക പ്രവര്‍ത്തകരും മുന്‍ പൊലീസ് ഉദ്യോഗസ്ഥരുമായ ടീസ്റ്റ സെറ്റില്‍വാദിനും ആര്‍ ബി ശ്രീകുമാറിനും സഞ്ജീവ് ഭട്ടിനുമെതിരെ അമ്പരപ്പിക്കുന്ന വേഗത്തിലാണ് ബി ജെ പി സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഭരണകൂടത്തിന്റെ കണ്ണിലെ കരടായ സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പ്രതികാര നടപടിക്കു വഴി സുഗമമാക്കിയ സാഹചര്യം എന്താണെന്ന് ഏതു സാധാരണക്കാരനും മനസ്സിലാക്കാവുന്നതേയുള്ളൂ.
യു പിയിലും ഡല്‍ഹിയിലും മധ്യപ്രദേശിലും നടന്നുകൊണ്ടിരിക്കുന്ന ബുള്‍ഡോസര്‍ രാജ് തടയണമെന്ന അടിയന്തര ഹരജിയോട് സുപ്രിം കോടതി സ്വീകരിച്ച നിലപാടും നീതി തേടുന്നവരെ നിരാശരാക്കുന്നതായിരുന്നു. പൊതുവായി എന്ത് ഉത്തരവാണ് തങ്ങള്‍ ഇറക്കുകയെന്നും അങ്ങനെ ചെയ്താല്‍ നിയമപ്രകാരം നടപടി എടുക്കുന്നതില്‍ നിന്ന് മുനിസിപ്പല്‍ അധികാരികളെ തടയലാകില്ലേ എന്നുമായിരുന്നു കോടതിയുടെ മറുചോദ്യം. ചിലരുടെ മാത്രം വീടുകളും കടകളും ഓഫീസുകളും നിയമാനുസൃതമല്ലാതെ ഇടിച്ചു നിരപ്പാക്കപ്പെടുന്നതിനേക്കാള്‍ കോടതിയുടെ ആശങ്ക മുനിസിപ്പല്‍ അധികൃതരുടെ അധികാരമാണ്.
എന്നാല്‍, വീടുകള്‍ തകര്‍ത്തുകളഞ്ഞാലും ഭരണഘടന നിലംപരിശാക്കരുതെന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ പ്രതികരണം രാജ്യം ഏറ്റവും ശ്രദ്ധിച്ച ഒന്നായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരുടെ വീടുകളും കെട്ടിടങ്ങളും തകര്‍ക്കുന്ന ബുള്‍ഡോസര്‍ രാജ് തടയണമെന്ന ആവശ്യം സുപ്രിം കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു ജംഇയ്യത്തിന്റെ പ്രതികരണം.
രാജ്യത്തിന്റെ ഭരണഘടനയും നിയമവാഴ്ചയും ഉയര്‍ത്തിപ്പിടിക്കാനാണ് സുപ്രിം കോടതിയെ സമീപിച്ചതെന്നും കോടതിയില്‍ തെളിയിക്കപ്പെടാത്ത കുറ്റത്തിനാണ് സര്‍ക്കാര്‍ ശിക്ഷ നടപ്പാക്കുന്നതെന്നും വീടുകള്‍ പൊളിക്കുന്നതിനെക്കാള്‍ ആശങ്ക രാജ്യത്തിന്റെ ഭരണഘടന നിലംപരിശാക്കുന്നതിലാണെന്നും ജംഇയ്യത്ത് പ്രസിഡന്റ് മൗലാനാ മഹ്മൂദ് മദനി വ്യക്തമാക്കി. അതിനുള്ള നിയമപോരാട്ടവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ചുരുക്കിപ്പറഞ്ഞാല്‍, കോടതികള്‍ ഏതു തരത്തിലാണ് വിധി പ്രസ്താവിക്കുകയെന്ന് കോടതികള്‍ക്കു മാത്രമേ പറയാനാകൂ എന്നതായി സ്ഥിതി. നിഷേധിക്കപ്പെടുന്നവന് നീതി എവിടെ നിന്ന് ലഭിക്കുമെന്നോ സുതാര്യമായ നിയമവാഴ്ച എങ്ങനെ ഉറപ്പാക്കപ്പെടുമെന്നോ വ്യക്തതയില്ലാത്ത, ആശങ്കയുടെ കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അവിശ്വാസവും ഭയവുമാണ് പടര്‍ന്നുപിടിക്കുന്നത്.
സ്വതന്ത്ര ശബ്ദങ്ങള്‍ക്കു
നേരെയുള്ള കൈയേറ്റം

സ്വതന്ത്ര ശബ്ദങ്ങള്‍ക്കു നേരെയുള്ള ഭരണകൂട ഭീകരത രാജ്യം ഇന്നുവരെ സാക്ഷിയായിട്ടില്ലാത്ത വിധം മാരകമായ തോതിലാണ്. ദേശവിരുദ്ധര്‍, അര്‍ബന്‍ നക്‌സല്‍ തുടങ്ങി പ്രകോപനപരവും അങ്ങേയറ്റം ദുരുപദിഷ്ടവുമായ പ്രയോഗങ്ങളാണ് ഭരണകൂടം ഇവര്‍ക്കു ചാര്‍ത്തിക്കൊടുക്കുന്നത്. ഭരണകൂടത്തിന്റെ കടുത്ത നടപടികള്‍ കൊണ്ട് നിശ്ശബ്ദരാക്കപ്പെട്ടവര്‍ എത്രയാണ്!
സഞ്ചരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഗ്രീന്‍പീസിന്റെ പ്രിയാ പിള്ള, ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ആകര്‍ പട്ടേല്‍, ആദിവാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ തടവിലാക്കപ്പെട്ട സുധാ ഭരദ്വാജ്, ജയിലില്‍ കിടന്നു മരിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ, ആനന്ദ് തെല്‍തുംബ്‌ഡെ തുടങ്ങി നിരവധി പേരുകള്‍ ഓര്‍മകളില്‍ നിന്നു മായ്ക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പ്രതിഷേധവും പ്രതിരോധവും മഹാ അപരാധമായിക്കൊണ്ടിരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. നരേന്ദ്ര ധബോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും ഗൗരി ലങ്കേഷും തുടങ്ങി എണ്ണമറ്റ മനുഷ്യര്‍ ഒളിഞ്ഞും തെളിഞ്ഞും കൊല ചെയ്യപ്പെട്ടത് ഇന്ത്യയില്‍ ജനകീയമായിക്കഴിഞ്ഞ ഫാസിസ്റ്റ് ഉന്മാദങ്ങളുടെ ബാക്കിപത്രമായിരുന്നു.
സര്‍ക്കാരിനെതിരെ ചൂണ്ടുവിരലുയര്‍ത്തുന്ന പൊതുസമൂഹത്തെ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ഭരണകൂട ദൗത്യം മനുഷ്യവിരുദ്ധ- വര്‍ഗീയ ജനക്കൂട്ടത്തിന് സൗകര്യപ്രദമായ തണലൊരുക്കുകയാണ്. എതിര്‍ക്കുന്നവരുടെ അറസ്റ്റുകളില്‍ ആര്‍പ്പുവിളിക്കുന്ന, തങ്ങളുടെ പ്രിയപ്പെട്ട അധികാരികളുടെ പേരില്‍ പുരണ്ടുകിടന്നിരുന്ന കറ ‘മാറിയ’തില്‍ അത്യാഹ്ലാദം പ്രകടിപ്പിക്കുന്ന ഒരു വലിയ ആള്‍ക്കൂട്ടം ഇവിടെ രൂപംകൊണ്ടുകഴിഞ്ഞിട്ടുണ്ട്.
നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെ രാജ്യത്ത് ജനാധിപത്യ സംവാദത്തിനുള്ള ഇടത്തിന് ഇരുമ്പുമറയിട്ടെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് ഒരഭിമുഖത്തില്‍ പറയുന്നുണ്ട്. നരേന്ദ്രമോദി ആര്‍ എസ് എസ് പ്രചാരകനായിരുന്നതിനാല്‍ എങ്ങനെ പ്രൊപ്പഗണ്ട നടപ്പാക്കണമെന്ന് വ്യക്തമായറിയാം. മാധ്യമങ്ങളെ എങ്ങനെ നിയന്ത്രിക്കണമെന്നും വരുതിയിലാക്കണമെന്നും മോദിക്ക് വശമുണ്ട്.
സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാത്ത മാധ്യമങ്ങളെ സി ബി ഐയെയും ഇ ഡിയെയും ഉപയോഗിച്ച് നേരിടുന്ന രീതിയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റേതെന്നും ദ ക്യൂ എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തില്‍ ജോസി ജോസഫ് പറഞ്ഞിരുന്നു. വിയോജിപ്പുകളെ കൊന്നുകളയുക, തടങ്കലിലാക്കുക, ഭയപ്പെടുത്തി നിശ്ശബ്ദമാക്കുക തുടങ്ങിയവയെല്ലാം പഴക്കമുള്ള ഫാസിസ്റ്റ് തന്ത്രങ്ങള്‍ തന്നെയാണ്. പൊതു ഇടങ്ങളില്‍ മാത്രമല്ല പാര്‍ലമെന്റില്‍ പോലും നിരവധി വാക്കുകള്‍ക്കു വിലക്കു വന്നിരിക്കുന്നു. പ്ലക്കാര്‍ഡുകളും നോട്ടീസുകളും പ്രദര്‍ശിപ്പിക്കരുത്. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം പാടില്ല. എതിര്‍പ്പിന്റെ ആദ്യാക്ഷരമുയരേണ്ട പാര്‍ലമെന്റുകള്‍ സ്തുതി പാടുന്നവരുടെ മന്ദിരമാകാനാണ് പുതിയ ഉത്തരവുകള്‍.
എതിര്‍പ്പുയര്‍ത്തിയും പ്രതിഷേധിച്ചും സമരം ചെയ്തുമാണ് രാജ്യം ഇന്നത്തെ അവസ്ഥയിലേക്കെത്തിയതെന്ന് ഭരണവര്‍ഗം സൗകര്യപൂര്‍വം മറക്കുന്നു. മനുഷ്യാവകാശങ്ങളെ ഹനിച്ച അടിയന്തരാവസ്ഥയെ നിശിതമായി എതിര്‍ത്തവരാണ്, തങ്ങളുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നത്. ദ്വിമുഖം എന്നും ഏകാധിപത്യ ഭരണ സംവിധാനങ്ങളുടെ സവിശേഷതയാണ്. അംബേദ്കറെ ആദരിക്കുമെന്നു പ്രഖ്യാപിക്കുമ്പോഴും ഭരണഘടനയെ തള്ളിപ്പറയുന്നവരെയും ഗാന്ധി ഘാതകനെ മഹത്വവത്കരിക്കുന്നവരെയും തള്ളാതിരിക്കാനും ഇവര്‍ ജാഗ്രത കാണിക്കും. രാഷ്ട്രീയമായി ലഭിച്ച ഭൂരിപക്ഷം വര്‍ഗീയ ഭൂരിപക്ഷത്തിന്റെ കൊടിയ ലക്ഷണങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുമ്പോഴും ഉത്തരവാദപ്പെട്ടവരുടെ ഘനീഭവിച്ച മൗനമാണ് മറുപടി.
ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ഭരണഘടന വകവെച്ചു കൊടുത്തു, പൗരാണിക ഇന്ത്യയുടെ രാഷ്ട്രീയ സ്വത്വം ഭരണഘടനയ്ക്കില്ല, ഹിന്ദു മോഡല്‍ ഓഫ് സ്‌റ്റേറ്റ് മുന്നോട്ട് വയ്ക്കുന്നില്ല എന്നീ വിമര്‍ശനങ്ങള്‍ ഭരണഘടനാ രൂപീകരണ വേളയില്‍ തന്നെ ഹിന്ദുത്വ ആശയം മുന്നോട്ടുവയ്ക്കുന്നവര്‍ ഉയര്‍ത്തിയിരുന്നതാണ്. ബി ആര്‍ അംബേദ്കറോടുള്ള ജാതി ഹിന്ദുക്കളുടെ വെറുപ്പിന്റെ പുറത്തുയരുന്ന അഭിപ്രായപ്രകടനങ്ങളായി അക്കാലത്തു തന്നെ അതു വിലയിരുത്തപ്പെടുകയും ചെയ്തു. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്ന, ജന്മിത്ത വാഴ്ചയ്ക്കു തടയിടുന്ന, ഹിന്ദുരാഷ്ട്രമെന്ന ആശയം മുന്നോട്ടുവയ്ക്കാത്ത ഒരു ഭരണഘടനയും നിയമസംവിധാനവും ഒരു ദലിതന്‍ മുന്നോട്ടുവച്ചതായിരുന്നു ഇന്ത്യയിലെ ജാതിപ്രമാണിമാരുടെ ആധി. അതിനായി അവര്‍ പൊട്ടിച്ച പൊയ്‌വെടികള്‍ ആയിരുന്നു ഭരണഘടനയ്‌ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍.
ജാതിഹിന്ദുക്കളുടെയും ജാതിമേലാളന്മാരുടെയും അരാഷ്ട്രീയ- വര്‍ഗീയ പരാമര്‍ശമാണ് കേരളത്തില്‍ നിന്ന് ഈയിടെ രാജിവെച്ച മന്ത്രി സജി ചെറിയാനും ഏറ്റുപറഞ്ഞതെന്നാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. കാലാനുസൃത മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഭരണഘടനയ്ക്ക് നേരെ ഭാരതീയമല്ലെന്ന വാദം ഉന്നയിക്കുന്നത് ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ ഫാഷിസ്റ്റ് ശക്തികള്‍ക്ക് വലിയ ഊര്‍ജം പകരുന്ന പ്രസ്താവന തന്നെയായിരുന്നു. ബി ജെ പിയുടെ കേന്ദ്രമന്ത്രി ആയിരുന്ന ആനന്ദ്കുമാര്‍ ഹെഗ്‌ഡെയെ പോലെയുള്ളവര്‍ പറഞ്ഞതും, ഈ ഭരണഘടന മാറ്റാനായിരുന്നു. മോദി സര്‍ക്കാരിനെ മുന്‍നിര്‍ത്തി ബി ജെ പി ദേശീയ നേതാക്കള്‍ പറയുന്നതിനു സമാനമായി കേരളത്തിന്റെ മുന്‍ സാംസ്‌കാരിക മന്ത്രിയും ഭരണഘടന ശരിയല്ല എന്നു പറയുന്നതിന്റെ രാഷ്ട്രീയത്തിന് ഒരു വശപ്പിശകു കാണാനാകും.
ഭരണഘടനയും ജനാധിപത്യവും ഇനി പഠിക്കേണ്ടെന്നാണ് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് ചില ഭാഗങ്ങള്‍ വെട്ടിമാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. പകരം വര്‍ഗീയ താല്‍പര്യങ്ങളോടെയുള്ള പാഠഭാഗങ്ങളാണ് തിരുകിക്കയറ്റിയത്. മുന്‍ വര്‍ഷങ്ങളിലും പലപാഠഭാഗങ്ങള്‍ നീക്കം ചെയ്‌തെങ്കിലും ഇത്തവണ സാമൂഹികശാസ്ത്ര പാഠങ്ങളാണ് കൂടുതലും വെട്ടിമാറ്റിയത്. സ്വാതന്ത്ര്യദിന അവധി റദ്ദാക്കിയെന്നതാണ് ആദിത്യനാഥിന്റെ യു പിയില്‍ നിന്നു വരുന്ന പുതിയ വാര്‍ത്ത.

പരിഹാരം ഭരണഘടനയോ?
രാജ്യം, അതിലെ നല്ലൊരു ജനവിഭാഗത്തിനു മുന്നില്‍ അതിഗുരുതരമായ സാഹചര്യം സൃഷ്ടിച്ചും ജനാധിപത്യവും മതേതരത്വവും വികലമാക്കിയും മുന്നോട്ടു നീങ്ങുമ്പോള്‍ എന്താണ് പരിഹാരം എന്ന ചോദ്യമുയരുന്നു. ഭരണഘടന അതിരൂക്ഷമായി ആക്രമിക്കപ്പെടുകയും അത് മാറ്റിയെഴുതണം എന്ന മുറവിളി ഉയരുകയുമാണ്. സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവരില്‍ നിന്നുതന്നെ പടിയിറക്കാനുള്ള ത്വര പ്രകടമാകുമ്പാള്‍, ഈ രാജ്യത്തെ ഏതൊരു പൗരന്റെയും അനിവാര്യമായ കര്‍ത്തവ്യമായി ഭരണഘടനാ സംരക്ഷണം മാറുന്നു.
‘നമ്മള്‍ ഭാരതത്തിലെ ജനങ്ങള്‍’ എന്നാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖ വാക്കുകള്‍. ഭാരതത്തെ പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയിലെ പൗരന്മാര്‍ പ്രഖ്യാപിക്കുന്നതാണ് ഭരണഘടനയുടെ ആമുഖം. തുല്യത, നീതി, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയുടെ അടിത്തറയില്‍ കെട്ടിയുയര്‍ത്തിയ ഭരണഘടന, വൈവിധ്യങ്ങളുള്ള ഇന്ത്യാ മഹാരാജ്യത്തെ ഒരുമിച്ച് ചേര്‍ക്കുന്ന സുദൃഢമായ കണ്ണിയാണ്. രാഷ്ട്രത്തിന്റെ സര്‍വനിയമങ്ങളും അധികാരങ്ങളും ഈ ഭരണഘടനയുടെയും അതിന്റെ മൂല്യങ്ങളുടെയും ചിട്ടവട്ടങ്ങള്‍ക്കകത്താണ് നിര്‍മിക്കപ്പെടുന്നത് അഥവാ നിര്‍മിക്കപ്പെടേണ്ടത്.
സര്‍വാധികാരത്തിന്റെയും ഉത്ഭവം പൗരന്മാരാണെന്ന് ഉദ്‌ഘോഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഏല്‍ക്കുന്ന ചെറിയ പരിക്കുപോലും രാജ്യത്തിന്റെ ഹൃദയത്തിനേല്‍ക്കുന്ന വലിയ ക്ഷതമാണ്. അതുതന്നെയാണ് ഈ സവിശേഷ കാലത്ത് ഭരണഘടനാസംരക്ഷണത്തെക്കുറിച്ച് ആവര്‍ത്തിച്ചു പറയേണ്ടതിന്റെ പ്രാധാന്യം.
ഭരണഘടന നിലവില്‍വന്ന് ഏഴ് പതിറ്റാണ്ടു പിന്നിടുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കൊടിയ വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നത്. അടിയന്തരാവസ്ഥ നടപ്പാക്കിയ എഴുപതുകളില്‍ ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും ധ്വംസിക്കപ്പെട്ടെങ്കിലും അന്നുപോലും ഭരണഘടനാസ്ഥാപനങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. ഇന്ന്, ഭരണഘടന തന്നെ ആവശ്യമില്ലെന്ന് മടിയില്ലാതെ പറയാന്‍ ഭരണവര്‍ഗം തയ്യാറാകുന്നു.
ഗാന്ധിജിക്കൊപ്പം ഗോഡ്‌സെയും ആദരിക്കപ്പെടുകയും പൂജിക്കപ്പെടുകയും ചെയ്യുന്ന വിധം പൊതുബോധം മാറിമറിയുന്നു. മതത്തെയും അധികാരത്തെയും വിദ്വേഷത്തെയും കൂട്ടിക്കലര്‍ത്തി, ഭിന്നതയുടെയും അസ്വസ്ഥതയുടെയും വിത്ത് വിതറി രാഷ്ട്രശരീരത്തെ കടന്നാക്രമിക്കുന്ന ശക്തികള്‍ക്ക് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തി മറുപടി പറയേണ്ട കാലമാണിത്.
സമകാലിക വെല്ലുവിളിയെ നേരിടാന്‍ ഭരണഘടനയെ സംരക്ഷിക്കേണ്ടതുണ്ട്, അതിന്റെ മൂല്യങ്ങള്‍ ആവര്‍ത്തിച്ചുറപ്പിച്ച് ഉറക്കെ പറയേണ്ടതുണ്ട്. അതിന്റെ ശില്‍പികളെ സ്മരിക്കേണ്ടതുമുണ്ട്. സമത്വം, നീതി, മതനിരപേക്ഷത, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയവ വെറും വാക്കുകളല്ല, ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ അനുനിമിഷം തുടിക്കേണ്ട സാന്നിധ്യമാണ്. അതേറ്റെടുക്കേണ്ടത് പൗരബോധമുള്ള ജനങ്ങളുടെ ബാധ്യതയാണ്. രാജ്യത്തിന്റെ പരമാധികാര സ്വത്വവും പൗരന്മാരുടെ അവകാശങ്ങളും ഭരണഘടന നല്‍കിയ ഉറപ്പുകളാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x