2 Monday
December 2024
2024 December 2
1446 Joumada II 0

ഭരണഘടനയുടെ അടിസ്ഥാന ഘടനാസിദ്ധാന്തം

ഫാലി എസ് നരിമാന്‍


ഭരണഘടനയുടെ അടിസ്ഥാന ഘടന ലംഘിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഏതാനും ദിവസങ്ങളായി മാധ്യമങ്ങള്‍ സുപ്രീം കോടതിയുടെ ബെഞ്ചിനു മുമ്പാകെയുള്ള നടപടികള്‍ വിശ്വസ്തതയോടെ റിപ്പോര്‍ട്ട് ചെയ്യുന്നു. വാദം പൂര്‍ത്തിയായ ശേഷം ജഡ്ജിമാര്‍ തീരുമാനമെടുക്കും. എന്നാല്‍ അതിനിടയില്‍, ഭരണഘടനയുടെ ‘അടിസ്ഥാന ഘടന’ രൂപപ്പെട്ടതിന്റെ പശ്ചാത്തലം അറിയണം.
വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവുകള്‍ മാത്രമല്ല, ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ഏതെങ്കിലും ഭാഗം ലംഘിക്കുന്ന നിയമങ്ങളെയും അസാധുവാക്കാന്‍ നമ്മുടെ ഭരണഘടനയ്ക്കു കീഴില്‍ കോടതിക്ക് അധികാരമുണ്ട്. എന്നാല്‍ പ്രത്യേക ഭൂരിപക്ഷത്തോടെ പാസാക്കിയ ഭരണഘടനാ ഭേദഗതികളുടെ സാധുതയെക്കുറിച്ച് തീരുമാനമെടുക്കാന്‍ അവര്‍ക്ക് അധികാരമുണ്ടോ എന്ന കാര്യത്തില്‍, ആര്‍ട്ടിക്കിള്‍ 368ല്‍ നിര്‍ദേശിച്ചിരിക്കുന്ന നടപടിക്രമം പിന്തുടരുകയാണ് ചെയ്യുന്നത്. ഇത്തരം സാഹചര്യത്തില്‍ ഭരണഘടന മൗനം പാലിക്കുകയാണ്.
1989 വരെ, എല്ലാ തെരഞ്ഞെടുപ്പുകളിലും ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി സ്ഥിരമായി അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍, ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണഘടനയില്‍ ന്യായാധിപന്മാര്‍ നിയമഭേദഗതിക്ക് ചില സാധ്യതകള്‍ തേടി, എങ്കിലും ആ പരിശ്രമം നിഷ്ഫലമായി. 1951ല്‍ അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിന്റെ തീരുമാനത്തില്‍ അവര്‍ അത് സമ്മതിക്കുകയും ചെയ്തു. 14 വര്‍ഷങ്ങള്‍ക്കു ശേഷം അഞ്ച് ജഡ്ജിമാരുടെ മറ്റൊരു ബെഞ്ച് വീണ്ടും നിയമഭേദഗതിക്ക് സാധ്യതയില്ലെന്നു വ്യക്തമാക്കി. എന്നാല്‍ ഇത്തവണ കുറച്ച് സംശയകരമായ അഭിപ്രായമാണ് അറിയാന്‍ കഴിഞ്ഞത്. ആത്യന്തികമായി, 1973ല്‍ കേശവാനന്ദ ഭാരതി കേസില്‍, 13 ജഡ്ജിമാരുടെ ഒരു വലിയ ബെഞ്ച് ഏറ്റവും കൂടുതല്‍ നേരം വാദങ്ങള്‍ കേട്ടു. ‘ഈ രാജ്യത്തിന്റെ ഭാവിയുടെ മാത്രമല്ല, ജനാധിപത്യത്തിന്റെ തന്നെ ഭാവിയെ തന്നെയും ബാധിച്ചേക്കാവുന്ന ഭീഷണമായ നിമിഷം’ എന്നാണത് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
പിന്നീട് ഭിന്നാഭിപ്രായമുള്ള ഒരു വിധി വരികയുണ്ടായി. 7:6 ഭൂരിപക്ഷത്തിലാണ് ആ വിധി പാസായത്. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കാതെയാണെങ്കില്‍ മൗലികാവകാശങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആര്‍ട്ടിക്കിളുകളും പാര്‍ലമെന്റിനു ഭേദഗതി വരുത്താം എന്നായിരുന്നു ആ വിധിയുടെ സത്ത.
ഭേദഗതി ചെയ്യാനുള്ള അധികാരത്തിലെ പരിമിതികള്‍ വായിച്ചുകൊണ്ട്, സുപ്രീം കോടതി ഒരു പുതിയ മാതൃക സ്ഥാപിച്ചു. ഭൂരിപക്ഷ വീക്ഷണം നിശിതമായി വിമര്‍ശിക്കപ്പെട്ടു. അടിസ്ഥാന ഘടനാ സിദ്ധാന്തം നിര്‍ദേശിക്കുക വഴി ഒരു ഘട്ടത്തില്‍ ഭരണഘടനയുടെ കാവല്‍ക്കാര്‍ ഭരണഘടനയ്ക്കു മുകളിലുള്ള കാവല്‍ക്കാരായി മാറുമെന്ന് പറയപ്പെട്ടു. 1971ലെ പൊതുതെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ രാജ്യം വലിയ ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങുമായിരുന്നു. ഭാഗ്യവശാല്‍ വിധിയുടെ ഇടപെടല്‍ അതില്‍ വന്നുഭവിച്ചു. 1975 ജൂണ്‍ 12ന് രാജ് നാരായണ്‍ ഇന്ദിരാഗാന്ധിക്കെതിരെ നല്‍കിയ ഇലക്ഷന്‍ പെറ്റീഷനില്‍ ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിക്കൊണ്ടുള്ള വിധി വന്നു. അചിന്തനീയമായതാണ് സംഭവിച്ചത്. പ്രധാനമന്ത്രിപദത്തില്‍ ഇരിക്കുന്ന ഒരാള്‍ സ്ഥാനഭ്രഷ്ടയാക്കപ്പെട്ടു.
സുപ്രീം കോടതിയില്‍ ഇന്ദിരാഗാന്ധിയുടെ അപ്പീല്‍ പരിഗണനയിലിരിക്കെ തന്നെയാണ് 1975 ജൂണ്‍ 25ന് ഒരു ആഭ്യന്തര അടിയന്തരാവസ്ഥ നടപ്പാക്കുന്നത്. തുടര്‍ന്ന് അതേ വര്‍ഷം ആഗസ്തില്‍ പാര്‍ലമെന്റ് തിടുക്കപ്പെട്ട് 39ാം ഭേദഗതി പാസാക്കിയെടുത്തു. പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത ഒരു നിയമവും (നിലവിലുള്ള തിരഞ്ഞെടുപ്പ് നിയമമടക്കം) പ്രധാനമന്ത്രിപദത്തില്‍ ഇരിക്കുന്ന ഒരാള്‍ക്ക് ബാധകമല്ല എന്ന സ്ഥിതി അതുണ്ടാക്കി. അത്തരമൊരാളുടെ തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുകയില്ല എന്ന സ്ഥിതി വന്നു. എല്ലാ അര്‍ഥത്തിലും അത് വാലിഡ് ആണെന്നുവന്നു.
ഫലത്തില്‍, അന്നത്തെ തിരഞ്ഞെടുപ്പു നിയമങ്ങള്‍ പ്രകാരം ‘അഴിമതി പ്രയോഗ’ത്തിന് ശ്രീമതി ഗാന്ധിയെ കുറ്റക്കാരിയാക്കിയ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജഗ്‌മോഹന്‍ ലാല്‍ സിന്‍ഹയുടെ വിധി ഒരു ഭരണഘടനാ ഭേദഗതിയിലൂടെ മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍, കേശവാനന്ദ ഭാരതിക്കു ശേഷം അടിസ്ഥാന ഘടനാ സിദ്ധാന്തം മുന്നില്‍ വെച്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ ഗൂഢനീക്കത്തെ എതിര്‍ക്കുകയായിരുന്നു.
ഇന്ദിരാഗാന്ധി വേഴ്‌സസ് രാജ് നാരായണ്‍ (1975) കേസില്‍ പരമോന്നത കോടതിയുടെ ഭരണഘടനാ ബെഞ്ച് ഒരു കടുത്ത നിയമത്തിന്റെ നിര്‍ബന്ധപ്രകാരം വിളിച്ചുചേര്‍ക്കപ്പെട്ടു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഭരണഘടനയുടെ അടിസ്ഥാന ഘടകമാണെന്നും, ഭേദഗതി വരുത്താന്‍ കഴിയാത്ത വിധം മൗലികമാണെന്നും അത് തീര്‍പ്പു കല്‍പിച്ചു. അഞ്ചു ജഡ്ജിമാരും കേശവാനന്ദ ഭാരതി കേസില്‍ ഉണ്ടായിരുന്ന 13 പേരില്‍ നിന്നുള്ളവരായിരുന്നു.
ഈ തീരുമാനമാണ് ‘അടിസ്ഥാന ഘടനാ സിദ്ധാന്തം’ ഉറപ്പിക്കാന്‍ സഹായിച്ചത്. ഒരു ഭൂരിപക്ഷ ഭരണസംവിധാനത്തിന്റെ ദം്രഷ്ടയ്ക്കു മേല്‍ കോടതിയുടെ അധികാരം ഉറപ്പിക്കുന്നതില്‍ നിര്‍ണായകമായ ഒന്നായിരുന്നു ആ വിധി.
2007ല്‍, ഐ ആര്‍ കോയ്‌ലോ കേസിലൂടെ കേശവാനന്ദ ഭാരതിയിലെ ഭൂരിപക്ഷ വീക്ഷണത്തെ ആധികാരികമായി ഉറപ്പിക്കുകയും, അതിനു ശാശ്വതമായ ഭരണഘടനാ സാധുത നല്‍കുകയും ചെയ്തു. രാഷ്ട്രീയ നിര്‍ബന്ധം മൂലമാണ് അതു നിലനിന്നത്. കാരണം വളരെ കാലം ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. 2019 മുതല്‍ ഒറ്റകക്ഷി സൂപ്പര്‍ ഭൂരിപക്ഷ ഭരണത്തിലേക്കുള്ള തിരിച്ചുവരവിനു ശേഷം, അത് പല അവസരങ്ങളിലും വിജയകരമായി പ്രയോഗിക്കപ്പെടാത്തതിനാല്‍ മാത്രമാണ് ഇന്നും അത് പ്രാബല്യത്തില്‍ നിലനില്‍ക്കുന്നത്.
വിവ: റിഹാസ് പുലാമന്തോള്‍

Back to Top