കോണ്‍ഗ്രസ് രാജ്യത്തിന്റെ പ്രതീക്ഷയാണ്

ദേശീയ രാഷ്ട്രീയത്തില്‍ ആര്‍ എസ് എസ് മുന്നോട്ടുവെക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന് ബദല്‍ ആരെന്ന ചര്‍ച്ച കേരളത്തില്‍ വീണ്ടും ചൂടുപിടിക്കുകയാണ്. ഉത്തര്‍പ്രദേശും പഞ്ചാബും അടക്കം അഞ്ചു സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ ഈ ചര്‍ച്ചകള്‍ക്ക് പ്രത്യേക പ്രസക്തിയുമുണ്ട്. എറണാകുളത്ത് നടന്ന പി ടി തോമസ് അനുസ്മരണ സമ്മേളനത്തില്‍ സി പി ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം തൊടുത്തുവിട്ട കാര്യമാത്ര പ്രസക്തവും രാഷ്ട്രീയ ഭിന്നിപ്പിനപ്പുറത്ത് ദേശീയ, മതേതരത്വ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നതുമായ ചില നിരീക്ഷണങ്ങളാണ് ഈ ചര്‍ച്ചകളെ ഒരിക്കല്‍ കൂടി സജീവമാക്കിയത്.
ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പിക്ക് ബദലാവാന്‍ ഇടതുപക്ഷത്തിനു കഴിയില്ലെന്നും അതുകൊണ്ടുതന്നെ വിശാലമായ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര ബദലിനു വേണ്ടി ശ്രമിക്കണമെന്നുമുള്ള ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍ പക്ഷേ സി പി എമ്മിന് അത്ര ദഹിച്ചിട്ടില്ല. ബി ജെ പിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന പ്രസ്താവനയുമായി പിണറായി വിജയന്‍ അടക്കമുള്ളവര്‍ നേരിട്ട് രംഗപ്രവേശം ചെയ്തതിന്റെ കാരണം ഇതാണ്.
കോണ്‍ഗ്രസ് ആണ് തങ്ങളേക്കാള്‍ വലിയ കക്ഷിയെന്ന് അംഗീകരിക്കല്‍ സ്വന്തം നിലനില്‍പ്പിനെ ദുര്‍ബലപ്പെടുത്തുമോ എന്ന ആശങ്ക സി പി എമ്മിനുണ്ടാകും. സി പി ഐക്കും ഇക്കാര്യത്തില്‍ ആശങ്ക ഇല്ലാതിരിക്കാന്‍ തരമില്ല. കാരണം രണ്ടു കക്ഷികളും കേരളത്തില്‍ മുഖ്യ രാഷ്ട്രീയ ശത്രുവായി കാണുന്നത് കോണ്‍ഗ്രസിനെയാണ്.
എന്നാല്‍ സ്വന്തം നിലനില്‍പ്പ് മതേതര ഇന്ത്യയുടെ നിലനില്‍പ്പിനെക്കൂടി ആശ്രയിച്ചു മാത്രമായിരിക്കുമെന്ന ബോധ്യം സി പി ഐ തിരിച്ചറിയുമ്പോള്‍ സി പി എമ്മിന് ഇല്ലാതെ പോകുന്നതാണ് ഏറ്റവും വേദനാജനകം. ബംഗാളില്‍ നിന്ന് ത്രിപുര വഴി കേരളത്തിലേക്ക് മാത്രമായി ചുരുങ്ങിയിട്ടും പഴയ ആനപ്പന്തിയുടെ വലുപ്പം പറഞ്ഞ് വീമ്പ് നടിക്കുന്നതിലെ അര്‍ഥശൂന്യത ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ഫാസിസം രാജ്യത്തെ അപ്പാടെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന് അവരെ സംബന്ധിച്ചിടത്തോളം പ്രധാനമായും ദുര്‍ബലപ്പെടേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് തകര്‍ന്നാല്‍ മറ്റു കക്ഷികളെ തകര്‍ക്കല്‍ ഒട്ടും ആയാസകരമല്ലെന്ന് ബി ജെ പിക്കും സംഘ്പരിവാറിനുമറിയാം.
കാരണം എത്രയൊക്കെ തള്ളിപ്പറഞ്ഞാലും ഇപ്പോഴും രാജ്യത്തെ 28 സംസ്ഥാനങ്ങളിലും ഒമ്പത് കേന്ദ്രഭരണ പ്രദേശങ്ങളിലും സ്വന്തമായി ഒരു റാലിക്ക് ആളെക്കൂട്ടാനെങ്കിലും കെല്‍പ്പുള്ള ഏക കക്ഷി കോണ്‍ഗ്രസ് മാത്രമാണ്. ആറ് ദശാബ്ദക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ ഇന്നത്തെ ദുര്‍ബലാവസ്ഥ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. എന്നാല്‍ ആ ദുര്‍ബലതക്കിടയിലും മൂന്നു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും മറ്റു മൂന്നു സംസ്ഥാനങ്ങളില്‍ കൂട്ടുകക്ഷി അടിസ്ഥാനത്തിലാണെങ്കില്‍ പോലും ഭരണത്തിലും ഉള്ള കക്ഷിയാണ് കോണ്‍ഗ്രസ്. എല്ലാറ്റിനുമപ്പുറം ഭിന്നതാല്‍പര്യങ്ങളെ മറികടന്ന് ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പിക്കെതിരെ മതേതര കക്ഷികളുടെ കൂട്ടായ്മ രൂപപ്പെടുത്താന്‍ തെല്ലെങ്കിലും ത്രാണിയുള്ളതും കോണ്‍ഗ്രസിനു മാത്രമാണ.് ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനും എ വിജയരാഘവനും അടക്കമുള്ളവര്‍ പിന്നെ ആര്‍ക്കാണ് ബദലാകാന്‍ കഴിയുക എന്നു കൂടി പറയേണ്ടിയിരിക്കുന്നു.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 545 സീറ്റുകളില്‍ ബി ജെ പി ജയിച്ചത് 308 സീറ്റിലാണ്. കോണ്‍ഗ്രസ് 52-ലും. ബി ജെ പിയുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ സീറ്റുനില ആറിലൊന്നേ വരുന്നുള്ളൂ എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ സി പി എം നേടിയത് കേവലം മൂന്നു സീറ്റ് മാത്രമാണ്. മൂന്നാം സ്ഥാനത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത് 22 സീറ്റാണ്. കോണ്‍ഗ്രസിന്റെ നേര്‍ പകുതി പോലും വരില്ല തൃണമൂലിന്റേത്. സി പി എമ്മിന്റേത് കോണ്‍ഗ്രസിന്റെ 18-ല്‍ ഒന്നു തികയില്ല.
ബി ജെ പിയുടെ ആകെ വോട്ടു വിഹിതം 37.30 ശതമാനമാണ്. കോണ്‍ഗ്രസിന്റേത് 19.46 ശതമാനം. മൂന്നാം സ്ഥാനത്തുള്ള തൃണമൂലിന്റെ വോട്ടുവിഹിതം 4.06 ശതമാനം മാത്രം. ഇപ്പറയുന്ന സി പി എമ്മിന്റേത് 1.75 ശതമാനം. സി പി ഐയുടേത് 0.58 ശതമാനം. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ആരെയാണ് ഇവര്‍ ബി ജെ പിക്ക് ബദലാകാന്‍ പ്രതീക്ഷിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള തൃണമൂലിനേയോ?അതോ സി പി എം നേതൃത്വം നല്‍കുന്ന വിശാല മതേതര മഹാസഖ്യം ബി ജെ പിക്കെതിരെ ബദലായി ഉയര്‍ന്നുവരുമെന്ന് ഇവര്‍ സ്വപ്‌നം കാണുന്നുണ്ടോ?
ദേശീയ രാഷ്ട്രീയത്തില്‍ നിലവിലെ സാഹചര്യത്തില്‍ ബി ജെ പിക്ക് ബദലാകാന്‍ കോണ്‍ഗ്രസ് മാത്രമേയൂള്ളൂ. അത് കോണ്‍ഗ്രസിന്റെ വലിയ കരുത്തൊന്നുമല്ല. സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന മതേതര കക്ഷികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും ബി ജെ പിക്ക് ബദല്‍ ഒരു പരീക്ഷണം നടത്താനും തെല്ലെങ്കിലും കെല്‍പ്പുള്ള പാര്‍ട്ടി എന്നതു കൊണ്ടു മാത്രമാണ്. വിശാല ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി അതിനൊപ്പം നില്‍ക്കുകയാണ് സി പി എം ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ സി പി ഐയുടെ ബോധ്യം തന്നെയാണ് സി പി എമ്മിനും ശരിയാവേണ്ടത്.
