കോണ്‍ഗ്രസും പാര്‍ട്ടി കോണ്‍ഗ്രസും
കേരളത്തിലെ ഭരണകക്ഷിയായ സി പി എമ്മിന്റെ 23-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചിരിക്കുകയാണ്. രാഷ്ട്രീയപരവും ഭരണഘടനാപരവുമായ നിരവധി വെല്ലുവിളികള്‍ നേരിടുന്ന സമകാലിക സാഹചര്യത്തില്‍ ബി ജെ പി ഇതര പാര്‍ട്ടികളുടെ ഏതൊരു മുന്നേറ്റത്തിനും പ്രസക്തിയുണ്ട്. സി പി എമ്മിനെ സംബന്ധിച്ചേടത്തോളം പാര്‍ട്ടി കോണ്‍ഗ്രസ് എന്നാല്‍ സംഘടനാപരമായ നിര്‍ണായകമായ സംഭവമാണ്. പല പാര്‍ട്ടി കോണ്‍ഗ്രസിലെയും പ്രമേയങ്ങളും തീരുമാനങ്ങളുമാണ് പിന്നീടുള്ള പാര്‍ട്ടിയുടെ ഗതി നിര്‍ണയിച്ചതെന്ന് നമുക്ക് കാണാവുന്നതാണ്. അതേസമയം, പല തീരുമാനങ്ങളും പ്രായോഗിക തലത്തില്‍ പരാജയപ്പെടുന്നതിനും അതുവഴി പാര്‍ട്ടിയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുന്ന വിധത്തിലേക്ക് പോവുന്നതായും കാണാറുണ്ട്.
ദേശീയ രാഷ്ട്രീയം ഏറെ ചര്‍ച്ചയാകേണ്ടുന്ന ഒരു വേദിയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. എന്നാല്‍, നിരാശാജനകമായ വാര്‍ത്തകളാണ് സമ്മേളനത്തിന്റെ പേരില്‍ മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ടത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള വെല്ലുവിളിയും കോണ്‍ഗ്രസിലെ ഉള്‍പ്പോരുകള്‍ക്കിടയില്‍ പക്ഷം പിടിക്കുകയും ചെയ്യുന്ന അജണ്ടകളാണ് കാര്യമായി കണ്ണൂരില്‍ നടന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ വി തോമസ് സമ്മേളനത്തിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുക്കുന്നതാണ് പ്രധാന തലക്കെട്ടുകളായി നിറഞ്ഞത്. അസമയത്ത് കെ വി തോമസിന് ലഭിച്ച മാധ്യമശ്രദ്ധ ഒരുപക്ഷെ, അദ്ദേഹത്തിന് ഗുണം ചെയ്‌തേക്കാം. കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് വിവാദമാക്കിയതില്‍ വലിയ പങ്ക് കോണ്‍ഗ്രസിന് തന്നെയാണ്.
ദേശീയ തലത്തില്‍ മതേതര ഐക്യമുന്നണി രൂപീകരിക്കപ്പെടണം എന്നഭിപ്രായമുള്ള കോണ്‍ഗ്രസിന് ബി ജെ പി ഇതര പാര്‍ട്ടികളുടെ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ വിമുഖത തോന്നേണ്ട കാര്യമില്ല. അതിന് മുന്നിട്ടിറങ്ങാനുള്ള ബാധ്യതയും ബി ജെ പി ഇതര കക്ഷികളെയെല്ലാം ഒരുമിച്ച് നിര്‍ത്താനുള്ള രാഷ്ട്രീയ പരിജ്ഞാനവും കോണ്‍ഗ്രസിനുണ്ട്. എന്നാല്‍, ഒട്ടും പ്രായോഗികമോ സൈദ്ധാന്തികമോ അല്ലാത്ത വിധം വൈകാരിക തലത്തില്‍ മാത്രമാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഈ വിഷയത്തെ സമീപിച്ചത്. കേരളത്തിലെ സി പി എം ഇതിനെ ഒരവസരമാക്കി എടുത്ത്, കോണ്‍ഗ്രസിനകത്ത് വിള്ളലുണ്ടാക്കാന്‍ സാധിക്കുമോ എന്ന ചാണക്യതന്ത്രം പ്രയോഗിച്ചപ്പോള്‍, കോണ്‍ഗ്രസ് അത് തിരിച്ചറിയുകയും അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസും പാര്‍ട്ടി കോണ്‍ഗ്രസും ഒരുപോലെ രാഷ്ട്രീയ പാപ്പരത്തം പ്രകടമാക്കി.
കേന്ദ്ര- സംസ്ഥാന ബന്ധങ്ങളാണ് സെമിനാറിലെ രാഷ്ട്രീയ വിഷയം. സെമിനാറിന്റെ രാഷ്ട്രീയത്തോട് കോണ്‍ഗ്രസിന് വിയോജിക്കേണ്ട കാര്യമില്ല. അവര്‍ക്ക് അവരുടെ നിലപാട് അവതരിപ്പിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുന്ന ജനാധിപത്യക്രമം സെമിനാറുകള്‍ക്ക് ഉണ്ടാകും. എന്നാല്‍, ഈ വിഷയം അവതരിപ്പിക്കാന്‍ സി പി എം ക്ഷണിച്ച കോണ്‍ഗ്രസ് പക്ഷ പ്രതിനിധികള്‍ ആരെന്നത് അത്ര നിഷ്‌കളങ്കമായ തീരുമാനം ആയിരുന്നില്ല. കേന്ദ്രത്തെ എതിര്‍ക്കുകയും അതേസമയം സില്‍വര്‍ലൈന്‍ അടക്കമുള്ള വികസന നയത്തോട് മമത പുലര്‍ത്തുകയും ചെയ്യുന്ന വ്യക്തികളെ മാത്രമാണ് സി പി എം ക്ഷണിച്ചത്. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ ഫെഡറല്‍ നീതിയെക്കുറിച്ച് സംസാരിക്കാന്‍ തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിച്ച പോലെ, കേരളത്തില്‍ നിന്നുള്ള മുന്‍കാല കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയാണ് യഥാര്‍ഥത്തില്‍ ക്ഷണിക്കേണ്ടിയിരുന്നത്. പക്ഷെ, അതുണ്ടായില്ല. അതോടൊപ്പം, കോണ്‍ഗ്രസിനകത്ത് ആഭ്യന്തരമായ വിള്ളലുകള്‍ വരുത്താന്‍ ഉതകുന്ന നേതാക്കളെ മാത്രം ടാര്‍ഗറ്റ് ചെയ്തുവെന്നത് ബി ജെ പി വിരുദ്ധ രാഷ്ട്രീയ ജാഗ്രതയുടെ നിറം കെടുത്തുന്നതാണ്. കാരണം, ബി ജെ പി പറയുന്നതും കോണ്‍ഗ്രസ് മുക്ത ഭാരതത്തെക്കുറിച്ചാണല്ലോ.
ദേശീയ അടിസ്ഥാനത്തില്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ ഐക്യനിര രൂപപ്പെടുക എന്നത് എല്ലാ ജനാധിപത്യസ്‌നേഹികളും ആഗ്രഹിക്കുന്ന കാര്യമാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം വിലയിരുത്തി കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മുന്നണി വേണ്ടതില്ല എന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ അഭിപ്രായം, ദേശീയ സാഹചര്യത്തെ ഒട്ടും പരിഗണിക്കാത്ത ഒന്നാണ്. ഇക്കാര്യത്തിലും തമിഴ്‌നാട് തന്നെയാണ് മാതൃക. കോണ്‍ഗ്രസും സി പി എമ്മും മറ്റ് പാര്‍ട്ടികളും ഉള്‍പ്പെടുന്ന ദേശീയ ബദല്‍ രാജ്യത്തിന് അനിവാര്യമാണ്. അതിലേക്ക് ചുവടുവെക്കാനുള്ള രാഷ്ട്രീയ വിശാലത സി പി എമ്മിനും കോണ്‍ഗ്രസിനും ഉണ്ടാവട്ടെ.