24 Tuesday
December 2024
2024 December 24
1446 Joumada II 22

കോണ്‍ഗ്രസ് പാഠം പഠിക്കുമോ?


ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. തദ്സ്ഥാനത്ത് പണിതീര്‍ത്ത രാമക്ഷേത്രം ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ്, അയോധ്യയില്‍ രാമക്ഷേത്രവും അയോധ്യക്ക് പുറത്ത് മസ്ജിദും പണിയാന്‍ തീരുമാനമാകുന്നത്. കോടതിവിധി ഉണ്ടെന്നത് സാങ്കേതികമായി പറയുമ്പോഴും അയോധ്യയുടെ രാഷ്ട്രീയം ഏത് തരത്തിലുള്ളതാണെന്ന് ഏതൊരാള്‍ക്കും സാമാന്യമായി അറിയുന്നതാണ്. അതിനാല്‍ തന്നെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ അത് ഒരു രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമാണ് എന്ന് തിരിച്ചറിയാനാകണം. അത്തരമൊരു പരിപാടിയില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് തീര്‍ച്ചപ്പെടുത്തി പറയാന്‍ കോണ്‍ഗ്രസ് അശക്തമാവുന്നത് ശുഭസൂചനയല്ല.
ഇന്ത്യയില്‍ രാമജന്മഭൂമി രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കള്‍ ഹിന്ദുത്വരാഷ്ട്രീയമാണ്. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയ ഈ അവസ്ഥയെ ചെപ്പടിവിദ്യകൊണ്ട് അഭിമുഖീകരിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടതില്ല. പല തരത്തിലുള്ള ജനവിഭാഗങ്ങളാല്‍ അക്ഷരാര്‍ഥത്തില്‍ ബഹുസ്വരമാണ് കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര രംഗം. മുകള്‍ തട്ട് മുതല്‍ ബൂത്ത് തലം വരെ ഒരൊറ്റ പ്രത്യയശാസ്ത്ര ചരടില്‍ കോണ്‍ഗ്രസിനെ ബന്ധിപ്പിക്കാനാവില്ല. എന്നാല്‍, ഈ വൈവിധ്യങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനെ ഒരു ദേശീയ പാര്‍ട്ടിയായി നിലനിര്‍ത്തുന്നത് അതിന്റെ ഭരണഘടനയോടുള്ള ആഭിമുഖ്യമാണ്. ഈ ഭരണഘടനാ മൂല്യത്തെ മുന്‍നിര്‍ത്തി മാത്രം തീരുമാനമെടുത്താല്‍ തന്നെ വലിയൊരു ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ്സിനെ തേടിയെത്തും.
മതവും രാഷ്ട്രീയും കൃത്യമായി വേര്‍തിരിക്കുകയും, ഭരണകൂടത്തിന് മതമില്ല എന്നത് അടിസ്ഥാന ശിലയായി വര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ഭരണഘടനയാണ് നമ്മുടെ രാജ്യത്തിനുള്ളത്. ചരിത്രവും പാരമ്പര്യവും ആവോളമുള്ള ഒരു പാര്‍ട്ടിക്ക് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിലെ ഭരണഘടനാ മൂല്യം എന്താണെന്ന് പറഞ്ഞുകൊടുക്കേണ്ടതില്ല. ഭരണകൂടം മതകാര്യങ്ങളില്‍ ഇടപെടേണ്ടതില്ല എന്ന് അസന്ദിഗ്ധമായി വിളിച്ചുപറയാന്‍ കോണ്‍ഗ്രസ്സിന് സാധിക്കണം.
മൃദുഹിന്ദുത്വം എന്ന ഓമനപ്പേരില്‍ നടക്കുന്ന ഹിന്ദുത്വ വികാരങ്ങളോടുള്ള അനുഭാവപൂര്‍ണ്ണമായ നിലപാട് കോണ്‍ഗ്രസ്സിനെ അശക്തമാക്കും. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിലും അപരിഹാര്യമാംവിധം സങ്കീര്‍ണമാകുന്നതിലും അന്നത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനുള്ള പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍, അന്നത്തെ മൃദുഹിന്ദുത്വ സമീപനം കൊണ്ട് രാഷ്ട്രീയമായി നേട്ടം കൊയ്തത് സംഘപരിവാര ശക്തികളാണ്. രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ രാഷ്ട്രീയ ആത്മഹത്യക്ക് നിന്നുകൊടുക്കണോ എന്ന് കോണ്‍ഗ്രസ് തീരുമാനിക്കണം.
കോണ്‍ഗ്രസ്സ് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് പോകുമോ എന്ന കാര്യത്തില്‍ ഇതുവരെ തീര്‍ച്ചയില്ല. കൃത്യമായ തീരുമാനം പറയാന്‍ സാധിക്കാത്തത് കോണ്‍ഗ്രസ്സിലെ ‘ഹിന്ദുവോട്ടുകള്‍’ ചോര്‍ന്നുപോകുമോ എന്ന ഭയമാണ്. അക്കാര്യം കൊണ്ട് കോണ്‍ഗ്രസ്സിലെ ‘മുസ്‌ലിം വോട്ടുകള്‍’ ചോര്‍ന്നുപോകുമോ എന്ന് കോണ്‍ഗ്രസ്സ് ഭയക്കേണ്ടതില്ല. കാരണം, ബാബരി മസ്ജിദ് തല്‍സ്ഥാനത്ത് പുനര്‍നിര്‍മിക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെ, ഉദ്ഘാടനത്തിന് പോയതുകൊണ്ട് മാത്രം മുസ്‌ലിം വികാരം വ്രണപ്പെടാന്‍ വെമ്പി നില്‍ക്കുകയല്ല. പക്ഷെ, ഇന്ത്യയിലെ മതേതര മനസ്സുകളുടെ വികാരവും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന കോടിക്കണക്കിന് മതവിശ്വാസികളുടെ പ്രതീക്ഷകളെയും നോവിക്കാന്‍ അത് കാരണമാകും. ആ മതവിശ്വാസികളില്‍ മുസ്‌ലിംകള്‍ മാത്രമല്ല, രാമന്റെ അനുയായികളായ യഥാര്‍ഥ ഹിന്ദുമതവിശ്വാസികളും ഉള്‍പ്പെടുന്നുണ്ട്. ബാബരി ധ്വംസനം ഇന്ത്യയുടെ മതേതര മനസ്സിനേറ്റ മുറിവാണ്. അതില്‍ വേദനിക്കുന്ന, മതമില്ലാത്തവരും മതമുള്ളവരുമായ എല്ലാ മതേതര കക്ഷികളും മതത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്ന ഒരു ചടങ്ങില്‍ നിന്ന് മാറിനില്‍ക്കുക സ്വാഭാവികമാണ്. അത് ഒരേ സമയം മതേതര മൂല്യബോധവും ഭരണഘടനാ ധാര്‍മികതയുമാണ് പ്രതിഫലിപ്പിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ പരീക്ഷണങ്ങള്‍ പാര്‍ട്ടിയുടെ ആകര്‍ഷണം വിശാലമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെങ്കിലും, മതേതരത്വത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും അടിസ്ഥാന തത്വങ്ങളെ നേര്‍പ്പിക്കാനാണ് അത് കാരണമാകുന്നത്.
മൃദുഹിന്ദുത്വ എന്ന തന്ത്രം ക്ഷണികമായ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ ഉണ്ടാക്കിയേക്കാം, പക്ഷേ ബഹുസ്വരതയുടെ കോട്ടയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ സ്വത്വത്തെ വിട്ടുവീഴ്ച ചെയ്യുന്നതിന് വലിയ വില കൊടുക്കേണ്ടിവരും. കോണ്‍ഗ്രസിന്റെ ചരിത്രപരമായ പാരമ്പര്യവുമായി ഒത്തുനോക്കുമ്പോള്‍ ഇതൊരു തന്ത്രപരമായ ചൂതാട്ടം മാത്രമാണ്. ആധുനികവും മതേതരവുമായ ഇന്ത്യയെ രൂപപ്പെടുത്തുന്നതിലും മതസഹിഷ്ണുതയുടെയും സാമൂഹിക സൗഹാര്‍ദത്തിന്റെയും ഒരു ഭൂമിക ജീവസുറ്റതാക്കി നിലനിര്‍ത്തുന്നതിലും കാര്യമായി പങ്കുവഹിക്കാന്‍ സാധിക്കുക കോണ്‍ഗ്രസ്സിനാണ്. ആ പാഠം കോണ്‍ഗസ്സ് മറക്കരുത്.

Back to Top