18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

ഈ സമ്മേളനം ചരിത്രം സൃഷ്ടിക്കും

ബി പി എ ഗഫൂര്‍


ഇസ്‌ലാഹി കേരളം കരിപ്പൂരില്‍ സമ്മേളിക്കുന്നു. യാഥാസ്ഥിതികര്‍ ഇരുള്‍ പരത്തിയ ഇസ്‌ലാഹി നവോത്ഥാന വീഥിയില്‍ വേദവെളിച്ചം പരത്തി ഇരുട്ടകറ്റാനുള്ള തീവ്രശ്രമം അതിന്റെ ലക്ഷ്യത്തിലേക്കു കുതിച്ചു കൊണ്ടിരിക്കുന്നത് കണ്‍കുളിര്‍ക്കെ കാണാനും കേള്‍ക്കാനും അനുഭവിക്കാനും ഇസ്‌ലാഹി ആദര്‍ശ സ്‌നേഹികള്‍ കരിപ്പൂരിലെ വിശാലമായ വെളിച്ചം നഗറില്‍ ഒരുമിച്ചു കൂടുന്നത് ചരിത്രത്തില്‍ തുല്യതയില്ലാത്ത അനുഭൂതിയായി മാറുമെന്നതില്‍ സംശയമില്ല.
ഒട്ടേറെ പ്രതിസന്ധികള്‍ക്കു മുന്നിലും ആദര്‍ശ വിശുദ്ധിയും സമുദായ പ്രതിബദ്ധതയുമുള്ള ഏതാനും ഇസ്ലാഹീ പ്രവര്‍ത്തകര്‍ ഈ സംഘത്തോടൊപ്പം മുന്നോട്ടു നീങ്ങി. പല ആക്ഷേപങ്ങളും നേരിട്ടെങ്കിലും ചോരയിറ്റുന്ന നിറകണ്ണുകളുമായി അവര്‍ പോരാട്ടം തുടരാനുള്ള ആലോചനകളില്‍ മുഴുകിയതിന്റെ ഫലമാണ് ഈ സമ്മേളനം. പ്രമാണങ്ങളുടെ അക്ഷര വായനയില്‍ പുനരാനയിക്കപ്പെടുന്ന അന്ധവിശ്വാസങ്ങള്‍ കൊണ്ട് കേരളത്തിലെ ഇസ്ലാഹീ നവോത്ഥാന നായകര്‍ പടുത്തുയര്‍ത്തിയ മുജാഹിദ് പ്രസ്ഥാനം യാഥാസ്ഥിതികതയുടെ ഇരുളടഞ്ഞ അവസ്ഥയില്‍ അപഹാസ്യമാക്കപ്പെടുന്നത് അവര്‍ക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.
ആദര്‍ശ പ്രതിബദ്ധതയും ജീവിത വിശുദ്ധിയും പ്രമാണബദ്ധതയും കൈമുതലാക്കി കാലിയായ മടിശ്ശീലയും സംതൃപ്തമായ മനസ്സുമായി കൂരിരുട്ടിലെ മിന്നാമിനുങ്ങിന്‍ വെട്ടം കണക്കെ അവര്‍ പ്രകാശം പരത്തിത്തുടങ്ങി. അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തില്‍ ആത്മാര്‍ഥതയോടെ ഇറങ്ങിത്തിരിച്ചാല്‍ അല്ലാഹുവിന്റെ സഹായത്തെക്കുറിച്ച് നിരാശപ്പെടേണ്ടി വരില്ലെന്നതിന്റെ വ്യക്തമായ അനുഭവങ്ങളാണ് പിന്നീടങ്ങോട്ടുണ്ടായത്. വലിയ പ്രമാണിമാരുടെയൊന്നും പിന്‍ബലമില്ലാതെ ദൈവസഹായം മാത്രം പ്രതീക്ഷിച്ച് ഉറച്ച കാല്‍വെപ്പുമായി മര്‍കസുദ്ദഅ്‌വയില്‍ നിന്നും ഇസ്ലാഹിന്റെ വീണ്ടെടുപ്പിനുള്ള സന്ദേശം കിട്ടിയപ്പോള്‍ അപ്രതീക്ഷിതമായ പ്രതികരണങ്ങളാണ് നാലു ഭാഗത്തു നിന്നുമുണ്ടായത്. ആദര്‍ശത്തെ നെഞ്ചോടു ചേര്‍ത്തുവെച്ച നിസ്വാര്‍ഥരായ ഇസ്ലാഹി ആദര്‍ശ ബന്ധുക്കള്‍ ശാഖകളിലും മഹല്ലുകളിലും ജില്ലകളിലും ഗതിവേഗം സംഘടിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വയും യുവജന- വിദ്യാര്‍ഥി- വനിതാ വിഭാഗങ്ങളും കര്‍മനിരതമായി. ശാഖ മുതല്‍ സംസ്ഥാന തലം വരെ പൂര്‍വോപരി ശക്തമായി ഇസ്ലാഹീ ആദര്‍ശ പ്രബോധന രംഗത്ത് സജീവമായി. ഘടകങ്ങളെല്ലാം പുനസ്സംഘടിപ്പിക്കപ്പെട്ടു. സംഘടനക്കകത്ത് ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും നസ്വീഹത്തും പ്രായോഗികമായതോടെ പ്രവര്‍ത്തകര്‍ ആത്മവിശ്വാസത്തോടെ രംഗത്തിറങ്ങി.
കേരളം നിശ്ചലമായ കോവിഡ് കാലത്തു പോലും മറ്റേതൊരു സംഘടനയേക്കാളും കര്‍മനിരതമായി. മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഇസ്‌ലാഹി ആദര്‍ശ ബന്ധുക്കളെ കോര്‍ത്തിണക്കാന്‍ എല്ലാ ഘടകങ്ങള്‍ക്കും സാധിച്ചു. എന്നിട്ടും അവഗണനകളുണ്ടായിരുന്നു. കുറ്റപ്പെടുത്തലുകളില്‍ നെഞ്ചകം പിളര്‍ക്കുമ്പോഴും ഇസ്ലാഹി കേരളം മര്‍കസുദ്ദഅ്‌വ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നു എന്ന ആത്മവിശ്വാസം ആത്മനിര്‍വൃതി നല്കുന്നതായിരുന്നു.
വക്കം മൗലവിയുടെയും കെ എം മൗലവിയുടെയും എന്‍ വി അബ്ദുസ്സലാം മൗലവിയുടെയും കെ പി മുഹമ്മദ് മൗലവിയുടെയുമെല്ലാം പാത പിന്തുടര്‍ന്ന് മുസ്‌ലിം സമുദായത്തിന്റെ വിശ്വാസപരവും ആചാരപരവും സാമൂഹ്യപരവും സാംസ്‌കാരികവും രാഷ്ട്രീയപരവുമായ എല്ലാ മേഖലകളിലും സമുദ്ധാരണത്തിനുതകുന്ന വൈവിധ്യമാര്‍ന്ന കര്‍മ പദ്ധതികളുമായി ചുരുങ്ങിയ കാലത്തിനിടക്ക് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഇസ്‌ലാഹി നവോത്ഥാന മുന്നേറ്റത്തിന്റെ നേതൃനിരയിലെത്തിയിരിക്കുന്നു.
ഇസ്‌ലാഹിന്റെ വിവിധങ്ങളായ തലങ്ങളെ കോര്‍ത്തിണക്കി കേരള ജംഇയ്യത്തുല്‍ ഉലമ, കെ എന്‍ എം മര്‍കസുദ്ദഅ്‌വ, ഐ എസ് എം, എം ജി എം, എം എസ് എം, ഐ ജി എം എന്നീ ഘടകങ്ങള്‍ കൂട്ടുത്തരവാദിത്വത്തോടെ പരസ്പര ആദരവും അംഗീകാരവും നല്കി ചേര്‍ത്തുപിടിച്ചു മുന്നേറുമ്പോള്‍ സമൂഹവും സമുദായവും നിറഞ്ഞ മനസ്സോടെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നു എന്നതിന്റെ ബഹിര്‍ പ്രകടനമാണ് കരിപ്പൂരില്‍ നടക്കാന്‍ പോകുന്നത്.
ശ്രദ്ധേയമായ
സമ്മേളനം
വിശുദ്ധ ഖുര്‍ആനിനെ അവഗണിച്ചതാണ് സകല പ്രശ്‌നങ്ങളുടെയും അടിസ്ഥാനമെന്നിരിക്കെ വിശ്വമാനവികതയ്ക്ക് വേദവെളിച്ചമെന്ന മഹത്തായ സന്ദേശമാണ് ഈ മഹാസമ്മേളനം സമൂഹത്തിനു മുമ്പില്‍ സമര്‍പ്പിച്ചത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനും വര്‍ഗീയതക്കും ഭീകരവാദത്തിനുമെതിരെ വിശുദ്ധ ഖുര്‍ആനിന്റെ വിശ്വമാനവിക സന്ദേശം കേരളക്കരയിലങ്ങോളമിങ്ങോളം ഈ സമ്മേളനത്തിന്റെ മുന്നോടിയായി ജനലക്ഷങ്ങളിലേക്കെത്തിച്ചു എന്നത് തന്നെയാണ് ഈ സമ്മേളനത്തിന്റെ വിജയം.
കേവലം ഒരു സമ്മേളന പ്രമേയമെന്നതിലുപരി പ്രമേയത്തിന്റെ അന്തസ്സത്ത പ്രായോഗികമാക്കുകയെന്ന കാര്യത്തില്‍ സംഘാടക സമിതി പ്രത്യേകം ശ്രദ്ധ ചെലുത്തി. വിശുദ്ധ ഖുര്‍ആനിന്റെ 30 ജുസ്ഉകളും വിഷയാധിഷ്ഠിതമായി ചര്‍ച്ച ചെയ്യാന്‍ സമ്മേളനത്തിനു മുമ്പേ പത്തു ദിവസങ്ങളിലായി പ്രത്യേകം വേദിയൊരുക്കിയത് എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും ഒരു മാതൃകയാണ്. സമ്മേളനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ദി മെസേജ് സയന്‍സ് എക്‌സിബിഷന്‍, കാര്‍ഷിക മേള, കിഡ്‌സ് പോര്‍ട്ട്, യുവത ബുക്സ്റ്റാള്‍ജിയ തുടങ്ങിയവയല്ലാം മുജാഹിദ് സമ്മേളന ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായങ്ങളായി മാറും.
മുജാഹിദ് സംസ്ഥാന സമ്മേളന ചരിത്രത്തിലെ ഏറ്റവും ജന പങ്കാളിത്തമുള്ളതും വിപുലവും വിശാലവും ശാസ്ത്രീയവുമായ സൗകര്യങ്ങളുമുള്ള സമ്മേളനമായിരിക്കും കരിപ്പൂര്‍ വെളിച്ചം നഗറില്‍ നടക്കാന്‍ പോകുന്നത്.
2024 ഫെബ്രുവരി 15-ന് വ്യാഴാഴ്ച വൈകീട്ട് 3.30-ന് പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും. ദേശീയ അന്തര്‍ദേശീയ പ്രശസ്തരായ പണ്ഡിതന്മാരും വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന പരമ്പരാഗത ശൈലിയില്‍ നിന്നും വ്യത്യസ്തമായി നൂതന രീതിയില്‍ ആവിഷ്‌കരിച്ച ഉദ്ഘാടന സമ്മേളനം ഏറെ ശ്രദ്ധേയമായിരിക്കും.
വൈകീട്ട് 6.30-ന് മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളിയെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും ഗൗരവതരമായ ചര്‍ച്ച നടക്കും. ദേശീയ രാഷ്ട്രീയത്തിലെ ഉന്നതസ്ഥാനീയരും സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രഗത്ഭരും എഴുത്തുകാരും ചര്‍ച്ചയില്‍ പങ്കെടുക്കും.
രണ്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ 10ന് മൈത്രി സമ്മേളനം നടക്കും. സമ്മേളന പ്രമേയം ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വമാനവികതയെക്കുറിച്ച് വ്യത്യസ്ത മതവിഭാഗങ്ങളിലെ പണ്ഡിതരും തലയെടുപ്പുള്ള രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും മൈത്രീ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കും. വ്യത്യസ്ത മതവിശ്വാസികള്‍ ഒന്നിച്ചിരുന്ന് സൗഹൃദം പങ്കുവെക്കുന്ന മൈത്രീസംഗമം സമ്മേളന ചരിത്രത്തിലെ പുത്തനധ്യായമായിരിക്കും. തുടര്‍ന്ന് വിശാലമായ പന്തലില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന ജുമുഅ നടക്കും. മൈത്രീ സമ്മേളനത്തിനെത്തുന്ന സഹോദര സമുദായാംഗങ്ങള്‍ക്ക് ജുമുഅ വീക്ഷിക്കാന്‍ പ്രത്യേകം സൗകര്യം ചെയ്യും.
ഉച്ചക്ക് 2-ന് പ്രമേയ സമ്മേളനം നടക്കും. സമ്മേളന പ്രമേയത്തിന്റെ സര്‍വതല സ്പര്‍ശിയായ ചര്‍ച്ച നടക്കും. വൈകീട്ട് 7-ന് യുവജന സമ്മേളനം നടക്കും. ധാര്‍മിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സമരോത്സുകമായ ആദര്‍ശ യൗവനം അടയാളപ്പെടുത്തുന്ന യുവതയുടെ മഹാ സംഗമമായിരിക്കും അത്. ആധുനിക യുവത അഭിമുഖീകരിക്കുന്ന സാമൂഹ്യവും സാമ്പത്തികവും തൊഴില്‍പരവുമായ പ്രശ്‌നങ്ങളും ആദര്‍ശ പ്രബോധന രംഗത്ത് യുവതയുടെ പങ്കാളിത്തം ഉറപ്പ് വരുത്താനുള്ള പദ്ധതികളും സമ്മേളനത്തില്‍ ചര്‍ച്ചയാവും.
ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ സമ്മേളനം നടക്കും. ശനിയാഴ്ച കാലത്ത് 9-ന് പ്രധാന പന്തലില്‍ ഖുര്‍ആന്‍- ഹദീസ് സമ്മേളനം നടക്കും. വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസിന്റെയും മൗലികതയും പ്രാമാണികതയും അവയോടുള്ള സമീപനത്തിന്റെ കൃത്യതയും രേഖപ്പെടുത്തുന്ന ഖുര്‍ആന്‍- ഹദീസ് സമ്മേളനത്തില്‍ പ്രമുഖരായ പണ്ഡിതര്‍ വിഷയമവതരിപ്പിക്കും. ഉച്ചക്ക് 1-മണിക്ക് പ്രധാന പന്തലില്‍ വിദ്യാര്‍ഥി സമ്മേളനം നടക്കും. ദൈവനിരാസവും നവ ലിബറല്‍ ചിന്താധാരയും കുത്തഴിഞ്ഞ ലൈംഗികതയും അരങ്ങുവാഴുന്ന വിദ്യാര്‍ഥി ലോകത്ത് ദൈവ വിശ്വാസത്തിലൂന്നിയ ധാര്‍മിക മുന്നേറ്റത്തിന് വഴിതെളിക്കുന്ന കര്‍മപരിപാടികള്‍ ചര്‍ച്ചക്കു വരും.
ഉച്ചക്ക് 3.30ന് വനിതാ സമ്മേളനം നടക്കും. മുസ്ലിം സ്ത്രീകളുടെ സര്‍വതോമുഖമായ മുന്നേറ്റത്തിനു വഴിവെക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വനിതാസംഗമമായിരിക്കുമത്. മദ്യം, മയക്കുമരുന്ന്, സ്ത്രീധനം, ധൂര്‍ത്ത് തുടങ്ങിയ സാമൂഹ്യ തിന്മകള്‍ സ്ത്രീ സമൂഹത്തിനുണ്ടാക്കുന്ന കെടുതികളും അവയ്ക്കുള്ള പരിഹാരങ്ങളും സമ്മേളനത്തിന്റെ ചര്‍ച്ചക്കു വരും. മുസ്ലിം സ്ത്രീകളെ സാമൂഹ്യ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തി ചൂഷണം ചെയ്യുന്ന പൗരോഹിത്യത്തിനെതിരെ സമ്മേളനം ശക്തമായി പ്രതികരിക്കും. വൈകീട്ട് ഏഴിന് ഉമ്മത്ത് സമ്മേളനം നടക്കും. പത്താം മുജാഹിദ് സമ്മേളനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സെഷനുകളിലൊന്നായ ഉമ്മത്ത് സമ്മേളനത്തില്‍ മുസ്ലിം സമുദായത്തിലെ വ്യത്യസ്ത സംഘടനകളിലെ പ്രമുഖര്‍ പങ്കെടുക്കും. ഫാസിസ്റ്റ് കാലത്ത് മുസ്ലിം സമുദായം നേരിടുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ഏകീകൃത നയനിലപാടുകള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ശേഷം സാംസ്‌കാരിക പരിപാടി നടക്കും. നേരും നന്‍മയും പ്രസരിപ്പിച്ച് സര്‍ഗപ്രതിഭകള്‍ അവതരിപ്പിക്കുന്ന വൈജ്ഞാനിക സര്‍ഗ വിരുന്ന് ഏറെ വ്യത്യസ്തമായ പരിപാടിയായിരിക്കും.
ശനിയാഴ്ച കാലത്ത് 10-ന് ദേശീയ നവോത്ഥാന സമ്മേളനം ഓഡിറ്റോറിയത്തില്‍ നടക്കും. രാജ്യമൊട്ടുക്ക് നിന്നുമുള്ള സമാനമനസ്‌കരായ ഇസ്ലാഹി പണ്ഡിതന്‍മാരും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും. ശനിയാഴ്ച ഉച്ചക്ക് 2.30 ന് മാധ്യമ സമ്മേളനം പ്രത്യേക ഓഡിറ്റോറിയത്തില്‍ നടക്കും. രാജ്യത്തെ തന്നെ ഏറ്റവും തലയെടുപ്പുള്ള ശ്രദ്ധേയരായ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന മാധ്യമ സമ്മേളനം എന്തുകൊണ്ടും ശ്രദ്ധേയമായിരിക്കും. ശനിയാഴ്ച കാലത്ത് 9.30-ന് മറ്റൊരു ഓഡിറ്റോറിയത്തില്‍ പണ്ഡിത സമ്മേളനം നടക്കും. വര്‍ത്തമാനകാലത്തെ പണ്ഡിത ദൗത്യവും നിലപാടുകളും സമ്മേളനം വിശകലനം ചെയ്യും. ശനിയാഴ്ച 11.30-ന് ഫാമിലി സമ്മേളനവും 4 മണിക്ക് പ്രവാസി സമ്മേളനവും 4.30-ന് പ്രഫഷനല്‍സിനു വേണ്ടിയുള്ള പ്രത്യേക സമ്മേളനവും വിവിധ ഓഡിറ്റോറിയങ്ങളില്‍ നടക്കും. ശനിയാഴ്ച ഉച്ചക്ക് 1 ന് മനുഷ്യാവകാശം, വംശീയത, ഫാസിസം എന്നീ വിഷയങ്ങളെ ആധാരമാക്കി സിംപോസിയം നടക്കും.
സമാപന ദിവസമായ ഞായറാഴ്ച കാലത്ത് 9ന് പ്രധാന പന്തലില്‍ ആദര്‍ശ സമ്മേളനം നടക്കും. ഇസ്ലാഹി ആദര്‍ശത്തിന്റെ മൗലികതയും വ്യതിരിക്തതയും വ്യക്തമാക്കുന്ന പ്രഭാഷണങ്ങള്‍ സമ്മേളനത്തെ ധന്യമാക്കും. 9.30-ന് ഓഡിറ്റോറിയത്തില്‍ ദേശീയ ഭിന്നശേഷി സമ്മേളനം നടക്കും. ഉച്ചക്ക് 1-മണിക്ക് പ്രധാന പന്തലില്‍ കര്‍മശാസ്ത്ര പാനല്‍ ചര്‍ച്ച നടക്കും. മതത്തിന്റെ മൗലിക സന്ദേശങ്ങളും സമകാലിക പ്രശ്‌നങ്ങളും പഠനവിധേയമാക്കി വര്‍ത്തമാനകാല ചോദ്യങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കും വിധം ന്യൂനപക്ഷ കര്‍മശാസ്ത്രം ഈ സെഷന്‍ ചര്‍ച്ചയാക്കും.
ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രത്യേക ഓഡിറ്റോറിയങ്ങളിലായി മീറ്റ് ദി സ്‌കോളേഴ്‌സ്, കൗണ്‍സലിംഗ് കോര്‍ണര്‍, ഇസ്ലാമിക് നോളജ് ഹൗസ്, പ്രഫഷണല്‍സ് വര്‍ക്‌ഷോപ് തുടങ്ങിയ പരിപാടികളും നടക്കും. വിവിധ തൊഴില്‍ മേഖലയില്‍ നിന്നുള്ളവരുടെ ശില്‍പ്പശാല സമ്മേളനത്തിലെ വ്യത്യസ്തമായ ഒരു പരിപാടിയായിരിക്കും.
ഞായറാഴ്ച വൈകീട്ട് 4-ന് സമാപന സമ്മേളനം നടക്കും. കേരളത്തിലെ മുസ്ലിം നവോത്ഥാന മുന്നേറ്റത്തിന് ആദര്‍ശബന്ധിതമായ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതൃത്വം കേരളീയ പൊതു സമൂഹം അംഗീകരിച്ചു കഴിഞ്ഞതിന്റെ വ്യക്തമായ തെളിവായിരിക്കും സമാപന സമ്മേളനം. രാഷ്ട്രീയ – ഭരണ – സാമൂഹ്യ രംഗങ്ങളിലെ പ്രഗത്ഭര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x