7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

കമ്മ്യൂണിസത്തെ നേരിടുന്നതില്‍ സമസ്തക്ക് ആശയക്കുഴപ്പമോ?

നാദിര്‍ ജമാല്‍


മുഹമ്മദലി ജിന്നയെ മുസ്‌ലിംലീഗിലേക്ക് അടുപ്പിക്കാന്‍ ഇടയായ സംഭവങ്ങളില്‍ ഒന്ന് അദ്ദേഹം ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അവതരിപ്പിച്ച വഖഫ് ബില്ല് ആയിരുന്നു. അദ്ദേഹത്തിന്റെ ലീഗ് പ്രവേശനം പിന്നീടങ്ങോട്ട് ഒട്ടേറെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുവെന്നതാണ് ചരിത്രം.
ചരിത്രം കറങ്ങിത്തിരിഞ്ഞ് ഇന്നെത്തി നില്‍ക്കുമ്പോള്‍; കേരള നിയമസഭയില്‍ വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥ നിയമനരീതി മാറ്റുന്ന ബില്‍ പാസാകുന്നതോടെ അത് കേരളത്തിലെ രാഷ്ട്രീയ രംഗത്തും ചലനങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. എന്നാല്‍ രാഷ്ട്രീയ വിവാദങ്ങള്‍ മാറ്റിവച്ചാല്‍ പോലും പ്രസക്തമായ ഒട്ടേറെ ചോദ്യങ്ങള്‍ ഈ വിവാദം ഉയര്‍ത്തുന്നുണ്ട്. ഒന്ന്, വഖഫ് സ്വത്തുക്കളുടെ കാര്യത്തില്‍ മാത്രമുള്ള കമ്മ്യൂണിസ്റ്റ് ആശങ്ക അത്ര നിഷ്‌കളങ്കമാണോ എന്നതാണ്. മറ്റൊന്ന്, കമ്മ്യൂണിസത്തെ ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ നേരിടുന്നതില്‍ സമസ്തക്ക് ആശയകുഴപ്പം ഉണ്ടോ എന്ന സംശയം ബലപ്പെടുകയാണ്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവുമായുള്ള സമസ്തയുടെ എന്‍ഗേജ്‌മെന്റിന്റെ നാള്‍വഴികള്‍ പ്രത്യേകം പരിശോധിക്കേണ്ടതാണ്. അത് കേവലം അടവ് നയം മാത്രമെന്ന നിലയിലുള്ള രാഷ്ട്രീയ നിലപാടില്‍ നിന്ന് മാറി, അടിസ്ഥാനപരമായ ചില ബോധ്യങ്ങളെ കൂടി ബാധിക്കുന്നതാണ്. സമസ്തയും സമസ്തയുടെ പ്രസിദ്ധീകരണങ്ങളും എടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ബന്ധിതമായ നിലപാടുകളെല്ലാം വിവാദം സൃഷ്ടിക്കുന്ന സാഹചര്യമുണ്ടാവുന്നു. അത് കേവലം, ലീഗ് രാഷ്ട്രീയത്തോട് സമസ്ത അകലുന്നു എന്ന തരത്തിലുള്ള ഉപരിപ്ലവ വായനകളില്‍ ഒതുക്കാന്‍ കഴിയുന്നതല്ല. ലീഗിനോട് ഏറ്റവും അടുത്തുകിടക്കുന്ന മതസംഘടനകളില്‍ പ്രബലമായത് എന്ന നിലയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനും വിസിബിലിറ്റി നേടാനും കാരണമായേക്കാം. എന്നാല്‍ കാര്യങ്ങളുടെ കിടപ്പ് അത്ര ലളിതമാണോ? മതനിരാസ പ്രത്യയശാസ്ത്രത്തിനെതിരായ മതപ്രബോധനവും ബോധവത്കരണവും കഴിഞ്ഞ കാലങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍, ഇപ്പോള്‍ മാത്രം വിവാദപരമാവുന്നത് എങ്ങനെയാണ്?
കമ്മ്യൂണിസത്തിനെതിരെ സമസ്ത കാമ്പയിന്‍ നടത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ സപ്തംബറില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അത് നിഷേധിക്കുന്ന പ്രവണതയാണ് സമസ്തയുടെ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായത്. ‘ലൈറ്റ് ഓഫ് മിഹ്‌റാബ്’ എന്ന പ്രമേയത്തില്‍ ക്യാമ്പയിന്‍ നടത്താനാണ് അന്ന് തീരുമാനിച്ചിരുന്നത്. കമ്മ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്ന് കാമ്പയിന്‍ വിശദീകരിച്ചുകൊണ്ട് സമസ്ത നേതാവ് ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി ലേഖനം എഴുതുകയും ചെയ്തു. സ്വതന്ത്ര ലൈംഗികതയെ കമ്മ്യൂണിസ്റ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇക്കഴിഞ്ഞ മെയ് ഏഴിന് കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി സംഘടന അന്തര്‍ദേശീയ സ്വയംഭോഗ ദിനം ആചരിച്ചത് ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം മുഖപത്രത്തില്‍ എഴുതി.
എന്നാല്‍ സമസ്ത കമ്മ്യൂണിസത്തിന് എതിരെ ക്യാമ്പയിന്‍ നടത്തുന്നത് ലീഗിന് തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തിന്റെ ഫലമാണെന്നും ലീഗ് നിര്‍വഹിക്കേണ്ട രാഷ്ട്രീയ ദൗത്യം സമസ്ത ചെയ്യുന്നുവെന്നും ആക്ഷേപം ഉണ്ടായി. പക്ഷേ, സമസ്ത നിര്‍വഹിക്കുന്നത് അതിന്റെ മതപരമായ ഉത്തരവാദിത്തമാണെന്നും കമ്മ്യൂണിസത്തെ പ്രത്യയശാസ്ത്രപരമായി എതിര്‍ക്കുക എന്നുള്ളത് വിശ്വാസിയുടെ പ്രബോധന ബാധ്യതയാണെന്നും വിലയിരുത്തി. ഡോ. ബഹാഉദ്ദീന്‍ നദ്‌വി അക്കാര്യത്തില്‍ ആശങ്കകള്‍ ഇല്ലാത്ത നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഈ പ്രത്യയശാസ്ത്ര സ്ഥൈര്യവും നിലപാടും സോഷ്യല്‍ മീഡിയയിലെ ചില അണികളുടെ ഭാഗത്തുനിന്നും ചില നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത് വസ്തുതയാണ്.
വഖഫ് വിവാദത്തില്‍ വെള്ളിയാഴ്ച മഹല്ലില്‍ ബോധവത്കരിക്കുന്നതില്‍ നിന്ന് സമസ്ത പിന്‍വാങ്ങിയതിന് അവരുടേതായ ന്യായങ്ങള്‍ ഉണ്ടാകും. അതിനെ നിരാകരിക്കുന്നില്ല. എന്നാല്‍ ആ പിന്മാറ്റം വഴി കമ്മ്യൂണിസത്തിന് മുസ്‌ലിം സമുദായത്തില്‍ സ്വീകാര്യത ഉണ്ടാക്കി കൊടുക്കാനുള്ള ചില നീക്കുപോക്കുകളും ബാലന്‍സിംഗ് നിലപാടും പിന്നീട് ചില നേതാക്കളുടെ പ്രസ്താവനയില്‍ നിന്നുണ്ടായി. അപ്പോള്‍, വെള്ളിയാഴ്ചയിലെ ബോധവത്കരണത്തില്‍ നിന്ന് പിന്‍വാങ്ങിയത് സദുദ്ദേശപരമായിരുന്നില്ല എന്നതാണ് തെളിയുന്നത്.
ലീഗിനെതിരെ സമസ്തയിലെ ഏതെങ്കിലും നേതാക്കളുടെ ഭാഗത്തുനിന്ന് പ്രസ്താവന ഉണ്ടാകുമ്പോള്‍ അത് ലളിതമായി കാണുകയും സ്വാഭാവികതയായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. അതേസമയം, കമ്മ്യൂണിസത്തിന് എതിരെ പ്രസ്താവന ഉണ്ടാകുമ്പോള്‍, അത് തിരുത്താനുള്ള വേഗതയും വ്യഗ്രതയും ഉത്തരവാദപ്പെട്ട നേതാക്കളില്‍ നിന്നുണ്ടാവുന്നു എന്നത് ഗൗരവതരമായ സാഹചര്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അത് കേവലം കക്ഷിരാഷ്ട്രീയ താത്പര്യത്തിന് പുറത്തായിരുന്നെങ്കില്‍ അങ്ങനെ തന്നെ പ്രഖ്യാപിച്ച് പോവുന്നതാണ് നല്ലത്. അതിന്റെ പേരില്‍ മതവിരുദ്ധമായ ഒരു പ്രത്യയശാസ്ത്രത്തെ വെള്ള പൂശാനുള്ള അവസരം ഉണ്ടാകരുതല്ലോ.
സമസ്ത ലീഗിനോടും മുജാഹിദ് പ്രസ്ഥാനത്തോടും സ്വീകരിക്കുന്ന നിലപാടിന്റെ പേരില്‍ പഴയ കാലത്തും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. സമസ്തയുടെ പിളര്‍പ്പിന്റെ ഘട്ടത്തില്‍ അത്തരം ചര്‍ച്ചകള്‍ സജീവമായിരുന്നു. സമസ്തയുടെ മതപരമായ വ്യാഖ്യാനങ്ങളില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ കൂടി കടന്നുവരുമ്പോള്‍ അത് പ്രശ്‌നമാവുക സ്വാഭാവികമാണ്. കമ്മ്യൂണിസത്തെയല്ല, ‘വഹാബിസ’ത്തെയാണ് പ്രതിരോധിക്കേണ്ടത് എന്ന വാദം അക്കാലത്തും ഉയര്‍ന്നിരുന്നു. ലീഗിനെ ‘വഹാബി’ ലീഗ് എന്നാക്ഷേപിക്കുന്നതും പുതിയ കാര്യമല്ല. എന്നാല്‍, അത്തരം വാദങ്ങളുടെ മറപിടിച്ച് കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും ഉദാരതാവാദങ്ങളെയും ലളിതവത്കരിച്ച് മുസ്‌ലിം സമുദായത്തിലേക്ക് കപ്പല്‍ കയറി വരുന്നതായാണ് ഇപ്പോള്‍ കാണുന്നത്. അതുകൊണ്ട് തന്നെ, സമസ്തയിലെ തന്നെ പണ്ഡിതര്‍ കമ്മ്യൂണിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ സാമൂഹിക പ്രസക്തി വര്‍ധിച്ചു വരികയാണ്.
ശരീഅത്ത് വിവാദ കാലത്തെ പോലെ, പുത്തന്‍വാദികള്‍ മാത്രം ആക്രമിക്കപ്പെടേണ്ടവരാണ്, അല്ലാത്ത ആശയധാരകളൊന്നും അപകടമില്ലാത്തതാണ് എന്ന ബോധത്തിലേക്ക് സമസ്തയിലെ അംഗങ്ങള്‍ പോകുന്നത് സമസ്തയുടെ തന്നെ അടിത്തറയെ കാര്‍ന്നുതിന്നുന്നതായി മാറും. കാരണം, മതനിരാസ അജണ്ടകള്‍ക്ക് പുത്തന്‍വാദികളെന്നോ പാരമ്പര്യവാദികളെന്നോ വ്യത്യാസമില്ല, അത് മതബോധം എന്ന പ്രാഥമിക സ്വഭാവത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നതാണ്.
ഏറ്റവും ഒടുവില്‍, ജിഫ്രി തങ്ങള്‍ക്കെതിരെ വധഭീഷണിയെന്ന വാര്‍ത്ത പുറത്തു വന്നപ്പോഴും ഇടതുപക്ഷ യുവജന സംഘടനയുടെ ചടുലവും വേഗതയുമാര്‍ന്ന പ്രതികരണം പുറത്തുവന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ അത്തരമൊരു വധഭീഷണി ഉണ്ടായില്ല എന്ന് ജിഫ്രി തങ്ങള്‍ തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പും ഛിദ്രതയും ഉണ്ടാക്കുക എന്നത് മാത്രമായിരുന്നു ഇടതുപക്ഷ യുവജന സംഘടന ആ പ്രസ്താവനയിലൂടെ ലക്ഷ്യമിട്ടത് എന്ന് തോന്നിപ്പോകുന്നു. സമസ്ത മലപ്പുറം ജില്ലാ പ്രമേയവും പിന്നീട് വിവാദമാകുന്ന സാഹചര്യമുണ്ടായി. അതില്‍ കമ്മ്യൂണിസത്തിനെതിരെ ജാഗ്രത പാലിക്കാനുള്ള നിര്‍ദേശം മാത്രം ചില മാധ്യമങ്ങള്‍ ഹൈലൈറ്റ് ചെയ്ത് കൊടുക്കുകയും മീഡിയവണ്‍ ജിഫ്രി തങ്ങളുടെ ഫോട്ടോ വെച്ച് പ്രസ്തുത പ്രമേയങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അതിനെത്തുടര്‍ന്ന്, ജിഫ്രി തങ്ങള്‍ തന്റെ അറിവോടെയും സമ്മതത്തോടെയും അല്ല പ്രസ്തുത പ്രമേയങ്ങളെന്ന് സുപ്രഭാതം ഓണ്‍ലൈനില്‍ വിശദീകരിക്കുകയുണ്ടായി. പ്രമേയത്തില്‍ പാരമ്പര്യത്തിലേക്ക് മടങ്ങാനുള്ള നിര്‍ദ്ദേശത്തിന് ചില മാധ്യമങ്ങള്‍ ഊന്നല്‍ നല്‍കിയില്ലെന്നതാണ് ഒരു വിഭാഗത്തിന്റെ പരാതി. ആ പരാതി മുഖവിലെക്കെടുത്താലും കമ്മ്യൂണിസത്തെ മുന്‍നിര്‍ത്തി ജാഗ്രത പാലിക്കാനുള്ള ആഹ്വാനം സമസ്ത പോലെയുള്ള ഒരു മതസംഘടനയില്‍ നിന്നുണ്ടാകുമ്പോള്‍ അതെങ്ങനെയാണ് വിവാദപരമാവുന്നത്? അത് വിവാദപരമാണെന്നും സമസ്ത രാഷ്ട്രീയം പറയുകയാണെന്നും വരുത്തിതീര്‍ത്ത് അത്തരം ചര്‍ച്ചകളെ വഴിതിരിച്ചുവിടേണ്ടത് ആരുടെ താത്പര്യമാണ്?
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മതനിരാസ അജണ്ടകളെ ഗൗരവത്തിലെടുക്കാതിരിക്കുകയും ലിബറല്‍ വാദങ്ങളുടെ പ്രചാരകരായി മാറുകയും ചെയ്യുന്നത് ഗുരുതരമായ സാമൂഹ്യദുരന്തമാണ് ക്ഷണിച്ചുവരുത്തുക. ഇത് തിരിച്ചറിഞ്ഞ് കൃത്യമായി പ്രതികരിക്കുന്ന പണ്ഡിതന്മാര്‍ വിവിധ മുസ്‌ലിം സംഘടനകളിലുണ്ട്. എന്നാല്‍, അവരുടെ ഓരോ ആശയ പ്രകാശനവും അഭിപ്രായ പ്രകടനവും വിവാദപരവും അനാവശ്യവുമാണെന്ന് പ്രചരിപ്പിക്കുന്നത് ഭൂഷണമല്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x