24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

അനുസ്മരണം :എം മുഹമ്മദ് കുട്ടി മുന്‍ഷി

തിരൂരങ്ങാടി: കെ എന്‍ എം (സി ഡി ടവര്‍) മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറിയും മുസ്ലിംലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റുമായ എം മുഹമ്മദ് കുട്ടി മുന്‍ഷി (70) നിര്യാതനായി. ഇസ്ലാഹി പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും പതിറ്റാണ്ടുകളായി നിറഞ്ഞ് നിന്ന മുന്‍ഷിയുടെ വിയോഗം വലിയ നഷ്ടമാണ് ഈ മേഖലകളില്‍ ഉണ്ടാക്കിയത്. ഐ എസ് എമ്മിലൂടെയും യൂത്ത്ലീഗിലൂടെയും പൊതുരംഗത്ത് സജീവമായ അദ്ദേഹത്തിന്‍റെ നേതൃപാടവവും പക്വമായ ഇടപെടലുകളും ഏറെ ശ്രദ്ധേയമായിരുന്നു. പാലത്തിങ്ങല്‍ എ എം എല്‍ പി സ്കൂളില്‍ നിന്ന് അറബി അധ്യാപകനായി വിരമിച്ച മുഹമ്മദ് കുട്ടി മുന്‍ഷി കെ എ ടി എഫ് ജില്ലാ വൈസ് പ്രസിഡന്‍റ്, തിരൂരങ്ങാടി പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്‍റ്, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ ബ്ലോക്ക് വൈസ് പ്രസിഡന്‍റ്, പാലത്തിങ്ങല്‍ മസ്ജിദുല്‍ ഹിലാല്‍ ജനറല്‍ സെക്രട്ടറി, മദ്യ നിര്‍മ്മാര്‍ജന സമിതി ഭാരവാഹി, താലൂക്ക് വികസന സമിതി അംഗം, താലൂക്ക് ആശുപത്രി എച്ച് എം സി അംഗം, മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി തുടങ്ങി ഒട്ടേറെ സ്ഥനങ്ങള്‍ വഹിച്ചിട്ടുണ്ട്. ആദര്‍ശ രംഗത്ത് വിട്ടുവീഴ്ച ചെയ്യാതെയുള്ള പൊതുപ്രവര്‍ത്തനത്തിന് മികച്ച മാതൃകയായിരുന്നു മുന്‍ഷി. എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തി എന്ന നിലയില്‍ താന്‍ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ എതിര്‍ പക്ഷത്തുള്ള സംഘടനകളോടും വ്യക്തികളോടും ആശയവിനിമയത്തിന് ഉപയോഗപ്പെടുത്താറുള്ള ഒരു പാലം കൂടിയായിരുന്നു മുന്‍ഷി. സൈനബ മാടമ്പാട്ട്(താനാളൂര്‍) ആണ് ഭാര്യ. മക്കള്‍: ഷനീബ്, സീനത്തുന്നീസ, നുസൈബ, സുഫൈറ. മരുമക്കള്‍: അനീസ് തിരൂര്‍, ഷറഫുദ്ദീന്‍ വി സി പുളിക്കല്‍, ഷൗകത്തലി പുത്തൂര്‍ പള്ളിക്കല്‍, നസ്റീന്‍ തിരൂരങ്ങാടി. നാഥാ അദ്ദേഹത്തിനു നീ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ. (ആമീന്‍)
എം എ ചെമ്മാട്

Back to Top