7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

കൊളോണിയല്‍ ആഖ്യാനങ്ങളും മതേതര ബദലും

സി കെ അബ്ദുല്‍അസീസ്‌


ആഎസ് എസ് രൂപീകരിക്കപ്പെട്ട കാലഘട്ടത്തില്‍ മുസ്‌ലിംകളെയും കമ്മ്യൂണിസ്റ്റുകാരെയുമാണ് മുഖ്യശത്രുക്കളായി വിശേഷിപ്പിച്ചതെങ്കിലും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ വിവിധ ജാതി-മതസ്ഥരായ സാധാരണക്കാരുടെ സാമൂഹിക ജീവിതത്തില്‍ സുസ്ഥിരമായി നിലനിന്നിരുന്ന സഹവര്‍ത്തിത്വത്തെയും സാഹോദര്യ ഭാവനകളെയും നിര്‍മാര്‍ജനം ചെയ്യുകയെന്നതിനായിരുന്നു ആര്‍ എസ് എസ് സൈദ്ധാന്തികര്‍ പരമപ്രാധാന്യം നല്‍കിയത്. ഹിന്ദു ദേശീയതക്കും ഹിന്ദുത്വയ്ക്കുമിടയില്‍ കൊളോണിയല്‍ കാലത്തുണ്ടായിരുന്ന ആശയപരമായ അന്തരങ്ങള്‍ സ്വാതന്ത്ര്യാന്തരകാലത്തും അതേപടി നിലനിന്നുപോന്നുവെന്ന് സങ്കല്‍പിക്കാനാവില്ല. ഹിന്ദു മതവിശ്വാസവുമായി ബന്ധപ്പെട്ട മിത്തുകളും ആചാരങ്ങളും ധര്‍മാദര്‍ശങ്ങളും ഉപയോഗിച്ചുകൊണ്ടാണ് സംഘ്പരിവാറിന്റെ ‘പൊളിറ്റിക്കല്‍ റിലീജിയന്‍’ സ്വാതന്ത്ര്യാനന്തരകാലത്ത് ശക്തി പ്രാപിച്ചത്. ആര്‍ എസ് എസിനെ ഹൈന്ദവ സാംസ്‌കാരിക പൈതൃകങ്ങളുടെ കാവല്‍ക്കാരായി കണക്കാക്കുന്ന ഒരു ഔദ്യോഗിക പരിപ്രേക്ഷ്യവും പില്‍ക്കാലത്ത് മതേതര രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യാപകമായിത്തീര്‍ന്നു. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഹിന്ദു മതവിശ്വാസവും ഹിന്ദുത്വയും തമ്മിലുള്ള അന്തരങ്ങളെക്കുറിച്ചുള്ള ആശയപരമായ സംവാദങ്ങള്‍ക്കല്ല പിന്നീട് പ്രാധാന്യം ലഭിച്ചത്. അതിന്റെ സ്ഥാനത്ത് ‘ഹിന്ദു വോട്ടുകള്‍’ എന്ന പുതിയൊരു പ്രതീകം ഉയര്‍ന്നുവരുകയാണുണ്ടായത്. മതേതര രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിരവധിയാണ്. എന്നാല്‍ അതിനേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നത് ദേശീയതലത്തിലും സാര്‍വദേശീയതലത്തിലും മതേതര ജനാധിപത്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സൈദ്ധാന്തിക പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ്.
ഇന്ത്യന്‍ ദേശീയത രൂപമെടുക്കുന്ന 19-ാം നൂറ്റാണ്ടിലും അതിന്റെ വികാസഘട്ടമായ സ്വാതന്ത്ര്യസമരകാലത്തും ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം ജനതകളുടെ ചരിത്രപരവും വംശപരവും മതപരവുമായ സ്വഭാവസവിശേഷതകളെക്കുറിച്ച് ഓറിയന്റലിസ്റ്റുകളും ബ്രിട്ടീഷ് ഭരണകൂടവും അവരുടെ ഭരണസൗകര്യത്തിനും കൊളോണിയല്‍ താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണത്തിനും വേണ്ടി പടച്ചുണ്ടാക്കിയ ആശയങ്ങളില്‍ പലതിനെയും സ്വാംശീകരിച്ചുകൊണ്ടാണ് ഹിന്ദു ദേശീയതയും മുസ്‌ലിം ദേശീയതയും മതേതര ദേശീയതയും രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളായി നിലവില്‍ വന്നത്.
ഹിന്ദുക്കള്‍ ഭീരുക്കളും ശാരീരികമായി ദുര്‍ബലരുമാണ്; മുസ്‌ലിംകള്‍ അക്രമാസക്തരും ബലിഷ്ഠരുമാണ്, സവര്‍ണര്‍ ബുദ്ധിശാലികളാണ്; ആദിവാസികളും ദലിതരും താരതമ്യേന ബൗദ്ധികശേഷി കുറഞ്ഞവരുമാണ് എന്നിത്യാദി നരവംശശാസ്ത്ര വര്‍ഗീകരണം മുതല്‍ ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും മതസഹിഷ്ണുതയോടെയുള്ള കാഴ്ചപ്പാടിനെയും ബ്രിട്ടീഷ് ഭരണം തരംതിരിക്കുകയുണ്ടായി. ഓറിയന്റലിസ്റ്റുകളും ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളും നടത്തിയ ഈ ആശയപരമായ അതിക്രമങ്ങളെക്കുറിച്ച് പ്രമുഖ ഡച്ച് ആന്ത്രോപോളജിസ്റ്റ് പീറ്റര്‍ വാന്‍ ഡേവീര്‍ (Peter Van Der Veer, Indian Nationalism: Hindus and Muslims in India, 1994, p. 67) പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്:
”ആധുനികതയെ കുറിച്ച് പാശ്ചാത്യ ധൈഷണിക മണ്ഡലത്തില്‍ നടന്ന സംവാദങ്ങളുടെ ഭാഗമായി മതത്തിന്റെ സാര്‍വലൗകികതയെ സംബന്ധിച്ചുള്ള വിചിന്തനങ്ങളില്‍ നിന്നാണ് മതസഹിഷ്ണുതയെന്ന ആശയം ആവിഷ്‌കരിക്കപ്പെടുന്നത്. എല്ലാ സമൂഹങ്ങളിലും നിലനില്‍ക്കുന്ന സ്വാഭാവിക മതരൂപങ്ങള്‍ക്ക് സാര്‍വലൗകികമായ ഒരു നിര്‍വചനം നല്‍കാന്‍ 17-ാം നൂറ്റാണ്ടില്‍ യൂറോപ്പ് നടത്തിയ ശ്രമങ്ങളുടെ ഫലമായി റോമന്‍ കത്തോലിക്കാ സഭയുടെ ഐക്യവും ആധികാരികതയും ശിഥിലീകരിക്കപ്പെട്ടുവെങ്കിലും ആധുനിക ദേശരാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട പുതിയ സംവാദങ്ങളും പ്രയോഗങ്ങളും അത് ഉയര്‍ത്തിക്കൊണ്ടുവരുകയുണ്ടായി. അങ്ങനെ മതസഹിഷ്ണുതയുടെ പ്രയോഗമൂല്യത്തിനു പ്രാധാന്യം വര്‍ധിക്കുകയും യൂറോപ്പിലെ മതസ്ഥാപനങ്ങള്‍ അരികുവത്കരിക്കപ്പെടുകയും ചെയ്തു. അതോടൊപ്പം മതവിഭാഗങ്ങള്‍ക്കിടയില്‍ നടമാടിയിരുന്ന ഹിംസയുടെ സ്ഥാനത്ത് രാഷ്ട്രങ്ങള്‍ക്കിടയിലെ ഹിംസ നിലവില്‍ വന്നു.
മതസഹിഷ്ണുതയുടെ പ്രയോഗമൂല്യത്തെ യൂറോപ്യന്‍ കൊളോണിയലിസം ഉപയുക്തമാക്കിയത് കീഴടക്കപ്പെട്ട ജനതകളെ ആധുനിക ലോകക്രമവുമായി ഉദ്ഗ്രഥിപ്പിക്കാനുള്ള ഉപാധിയായിട്ടാണ്. ഈ ആശയങ്ങള്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ബാധകമാക്കിയപ്പോള്‍, പാശ്ചാത്യ ക്രിസ്ത്യാനിയുടെ മുന്‍കാല ശത്രുക്കളായ മുസ്‌ലിംകളെ മതഭ്രാന്തരും അന്യമതവിരോധികളുമായി മുദ്രകുത്തുകയും ഹിന്ദുക്കളെ സഹിഷ്ണുത വെച്ചുപുലര്‍ത്തുന്നവരായി കണക്കാക്കുകയും ചെയ്തു. അതോടൊപ്പം മുസ്‌ലിംകള്‍ ഹിന്ദു ഇന്ത്യ ഭരിച്ചത് എന്തുകൊണ്ടാണെന്നും ഹിന്ദുക്കളെ ബ്രിട്ടീഷ് ഭരണം സംരക്ഷിക്കേണ്ടത് എന്തുകൊണ്ടാണെന്നും ഈ മുദ്രകുത്തലില്‍ വിശദീകരിക്കുന്നു.”

ആശയങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള ഓറിയന്റലിസ്റ്റുകളുടെ നിഗമനങ്ങളില്‍ ഹിന്ദുയിസത്തിന് സഹിഷ്ണുതയുടെ മതമെന്ന പ്രത്യേകത കല്‍പിക്കുന്നതിനും വൈവിധ്യമാര്‍ന്ന ഹൈന്ദവ പാരമ്പര്യത്തിന്റെ ചരിത്രത്തില്‍ സാംഗത്യമില്ലെന്നാണ് പീറ്റര്‍ വാന്‍ ഡേവീര്‍ വാദിക്കുന്നത്.
മതങ്ങളുടെ ചരിത്രത്തില്‍ സഹിഷ്ണുതയുടെയും അസഹിഷ്ണുതയുടെയും ഹിംസയുടെയും അഹിംസയുടെയുമെല്ലാം വ്യത്യസ്ത ചിന്താധാരകള്‍ വ്യത്യസ്ത ചരിത്രഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മതസംഹിതകളില്‍ ഉള്ളടങ്ങിയ ആശയങ്ങളേക്കാള്‍ അവ ബന്ധപ്പെട്ടിരിക്കുന്നത് നിര്‍ദിഷ്ട ചരിത്രഘട്ടങ്ങളില്‍ ഈ ആശയങ്ങളും അതിന്റെ പ്രയോക്താക്കളും സ്ഥിതി ചെയ്തിരുന്ന സമൂഹങ്ങളിലെ അധികാരബന്ധങ്ങളുമായാണ്. ഇന്ത്യന്‍ മുസ്‌ലിംകളെ മതസഹിഷ്ണുതയുടെ എതിര്‍പക്ഷമായി ചിത്രീകരിച്ച് ‘കൊളോണിയല്‍ ബോധങ്ങളെ’ ഹിന്ദു ദേശീയവാദികള്‍ സാമൂഹികവത്കരിച്ചതിന്റെ ചരിത്ര ദൃഷ്ടാന്തങ്ങള്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ നിരവധിയാണ്. ഹിന്ദുക്കളെയും മുസ്‌ലിംകളെയും പരസ്പരം പൊരുത്തമില്ലാത്തവരായി ചിത്രീകരിച്ച കൊളോണിയല്‍ ബോധനങ്ങള്‍ ഒരു പരിധി വരെയെങ്കിലും ചോദ്യം ചെയ്യപ്പെടുന്നത് ദേശീയ രാഷ്ട്രീയത്തില്‍ ഗാന്ധിജിയുടെ ആഗമനത്തോടെയാണ്.
ഗാന്ധിയന്‍ രാഷ്ട്രീയവും ഹിന്ദു-മുസ്‌ലിം ഐക്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പങ്ങളും പ്രയോഗങ്ങളും, മുസ്‌ലിംകളെ അന്യമതവിരോധികളായി സവിശേഷവത്കരിക്കുന്ന കൊളോണിയല്‍ ആശയങ്ങള്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വം കൈയടക്കുന്നതിനെ ഫലപ്രദമായി ചെറുത്തുനിന്നുവെന്നത് ഒരു ചരിത്ര യാഥാര്‍ഥ്യമാണ്. പക്ഷേ, ഇന്ത്യാ വിഭജനവും തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളും ഈ കൊളോണിയല്‍ ആശയത്തെ സ്വതന്ത്ര ഇന്ത്യയുടെ മതേതര സങ്കല്‍പത്തിന്റെ ഉള്ളറകളില്‍ കുടിയിരുത്തുകയാണുണ്ടായത്. ഇന്ത്യന്‍ മതേതര വ്യവസ്ഥയില്‍ മുസ്‌ലിംകള്‍ അനുഭവിച്ചുപോരുന്ന അവകാശനിഷേധങ്ങളിലും മുസ്‌ലിം പ്രശ്‌നങ്ങളുടെ ‘ബഹിഷ്‌കരണ’ങ്ങളിലും ഈ കൊളോണിയല്‍ ബോധനങ്ങളുടെ ചരിത്രപരമായ സാന്നിധ്യമുണ്ട്. സാര്‍വദേശീയതലത്തില്‍ മുസ്‌ലിം പ്രശ്‌നം, അതിനു മുമ്പുണ്ടായിരുന്ന ജൂത പ്രശ്‌നം പോലെ ദേശീയ-സാര്‍വദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടാണ് സ്ഥിതി ചെയ്യുന്നത്.
19-ാം നൂറ്റാണ്ടില്‍ യഹൂദി അരാജകവാദികളെ, ഭീകരായുധങ്ങള്‍ ഉപയോഗിച്ചുകൊണ്ട് രാജ്യാന്തരമായി പ്രവര്‍ത്തിക്കുകയും ഒരു ഭരണകൂടത്തെയും അംഗീകരിക്കാത്തതുമായ ആഗോള ഭീകരവാദത്തിന്റെ വക്താക്കളായിട്ടാണ് ഭയപ്പെട്ടിരുന്നത്. ഇപ്പോള്‍ അതിന്റെ സ്ഥാനത്ത് ഭരണകൂടത്തിന്റെ സുരക്ഷയ്ക്കു മാത്രമല്ല, ഭരണസമ്പ്രദായത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നവര്‍ മുസ്‌ലിം ഭീകരവാദികളാണ്. യൂറോപ്പിലെയും യു എസിലെയും രാഷ്ട്രീയ ദാര്‍ശനികര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ ഒരുപോലെ നടക്കുന്ന സംവാദങ്ങളില്‍ മുസ്‌ലിംകള്‍ പരാമര്‍ശിക്കപ്പെടുന്നത് മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നവരായിട്ടാണ്. മുസ്‌ലിംകളുടെ/ ഇസ്‌ലാമിന്റെ മതാനുഷ്ഠാനങ്ങള്‍ തന്നെ അവകാശങ്ങള്‍ക്കു നേരെ ഉയര്‍ന്നുവന്ന പ്രത്യേക തരം ഭീഷണിയായാണ് കരുതപ്പെടുന്നത്.
”അഭിപ്രായ സ്വാതന്ത്ര്യം, പത്ര സ്വാതന്ത്ര്യം, തുല്യത എന്നു തുടങ്ങി സന്തോഷകരമായ ജീവിതത്തിനു പോലും ഇസ്‌ലാം ഭീഷണി സൃഷ്ടിക്കുന്നു”- പാശ്ചാത്യ മതേതര ജനാധിപത്യ വ്യവസ്ഥയില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന വിവേചനങ്ങളെയും പ്രതിനിധാന ഹിംസയെയും വ്യക്തമായി വരച്ചുകാട്ടുന്നുണ്ട് അന്നെ നോര്‍ട്ടന്റെ (Anne Norton: On the Muslim Question, 2013, pp.5-6) ഈ വിവരണം. യൂറോപ്പിലെ മതേതര ജനാധിപത്യ വ്യവസ്ഥകള്‍ക്കുള്ളില്‍ ഇത്തരത്തിലൊരു മതപക്ഷം രൂപപ്പെടുകയും അത് മുസ്‌ലിം വിരുദ്ധമായ ഒരു സമീപനത്തില്‍ നങ്കൂരമിട്ടു നില്‍ക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രവണതയെയാണ് ഇതു തുറന്നുകാട്ടുന്നത്. ”പാശ്ചാത്യ മതേതരവാദം ഉദ്ഭവിച്ചത് മതത്തെ ഭരണകൂടത്തില്‍ നിന്ന് വേര്‍പെടുത്തുന്ന രാഷ്ട്രീയ പ്രക്രിയയില്‍ നിന്നാണെങ്കിലും ‘സെക്യുലറിസം’ എന്നു വിളിക്കപ്പെടുന്ന ചരിത്രപരമായ ഈ പ്രവര്‍ത്തനരീതി അവസാനിച്ചുകൊണ്ടിരിക്കുകയാണ്” എന്നാണ് വില്യം കൊണോലി നിരീക്ഷിക്കുന്നത്.
”മതേതരത്വം ഒരു തലത്തില്‍ ക്രൈസ്തവ സംസ്‌കാരത്തിന്റെ മൗലിക സ്വഭാവവുമായി ഗാഢബന്ധം നിലനിര്‍ത്തുകയും മറ്റൊരു തലത്തില്‍ ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ സ്വകാര്യ ജീവിതമേഖലയിലേക്ക് തള്ളിമാറ്റുന്നതില്‍ ഭാഗിക വിജയം കൈവരിക്കുകയും ചെയ്യുന്നു. ചരിത്രത്തെയും ധാര്‍മികതയെയും പൊതുജീവിതത്തെയും സംബന്ധിച്ച മുരടിച്ച സങ്കല്‍പങ്ങള്‍ പൊതുജീവിതത്തില്‍ സുദൃഢീകരിക്കപ്പെടുന്നു എന്നതാണ് ഇതിന്റെ അനന്തര ഫലം” (William Connolly, Why I am not a Secularist, 1999).
പാശ്ചാത്യ മതേതര സിദ്ധാന്തത്തില്‍ അമര്‍ന്നു കിടക്കുന്ന ഇത്തരം ദൗര്‍ബല്യങ്ങള്‍ കാരണം അതിന്റെ തന്നെ മഹത്തായ സംഭാവനയെന്ന് വിശേഷിപ്പിക്കാവുന്ന പൊതുസ്ഥലത്തിന്റെ രചനാത്മകതയ്ക്ക് വംശീയവും സാംസ്‌കാരികവുമായ പരിധികള്‍ കല്‍പിക്കപ്പെടുന്നുവെന്നാണ് വില്യം കൊണോലി വാദിക്കുന്നത്. നവലിബറല്‍ കാലഘട്ടത്തില്‍ യൂറോപ്യന്‍ മതേതര ജനാധിപത്യത്തിന്റെ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വംശീയതയുടെയും അന്യമതവിദ്വേഷത്തിന്റെയും പ്രകമ്പനങ്ങള്‍ മതേതര വ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുന്ന ഒരവസ്ഥയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. നവലിബറല്‍ മൂലധന ശക്തികളുടെ പിന്തുണയും ഇതിനുണ്ട്. നവലിബറല്‍ മുതലാളിത്തത്തിന്റെ ചൂഷണരീതി ഒരര്‍ഥത്തില്‍ കൊളോണിയല്‍ യുഗത്തിനു സമാനമാണ്. 18-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ കൊളോണിയലിസം ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് അടിമപ്പെടുത്തിയതെങ്കില്‍ നവലിബറല്‍ ചൂഷണം സ്വന്തം ജനതകളെത്തന്നെ കോളനികള്‍ക്ക് സമാനമാക്കിത്തീര്‍ത്തിരിക്കുന്നു. നവലിബറലിസവും കൊളോണിയലിസവും തമ്മില്‍ മൗലികമായി എന്തു വ്യത്യാസമാണുള്ളതെന്ന് സമീര്‍ അമീന്‍ ചോദിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
ഇതിനെതിരെ ഉയര്‍ന്നുവരുന്ന ബഹുജന രോഷത്തെയും, ഭരണകൂടത്തിനും ജനങ്ങള്‍ക്കുമിടയില്‍ മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന വര്‍ഗവൈരുധ്യങ്ങളെയും ഏഷ്യന്‍ കുടിയേറ്റക്കാരുടെ യൂറോപ്പിലെ സാന്നിധ്യമാണ് യൂറോപ്യന്‍ ജനത അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമെന്ന തരത്തില്‍ ചിത്രീകരിച്ചുകൊണ്ട് വഴിതിരിച്ചുവിടുന്നതിന്റെ ‘രാഷ്ട്രീയ മാതൃക’യാണ് വംശീയവിദ്വേഷങ്ങളുടെ രൂപത്തില്‍ യൂറോപ്പിലും അമേരിക്കയിലുമെല്ലാം തലപൊക്കിക്കൊണ്ടിരിക്കുന്നത്. മതേതര ജനാധിപത്യം സാര്‍വദേശീയമായി നേരിട്ടുകൊണ്ടിരിക്കുന്ന ഇത്തരം രാഷ്ട്രീയ പ്രതിസന്ധികളില്‍ നിന്ന് ഊര്‍ജം സംഭരിച്ചുകൊണ്ടാണ് നവലിബറല്‍ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം മതേതര ജനാധിപത്യത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.
ഇപ്രകാരം മുസ്‌ലിം പ്രശ്‌നത്തിന് സാര്‍വദേശീയതലത്തില്‍ ഇന്നു പല മാനങ്ങളും കൈവന്നിട്ടുണ്ടെങ്കിലും പാശ്ചാത്യ നാടുകളില്‍ വംശീയതക്കും വംശസംഘര്‍ഷ സിദ്ധാന്തങ്ങള്‍ക്കുമെതിരെ പ്രതികരിക്കാന്‍ തയ്യാറാവുന്നതാണ് ബഹുജനങ്ങളില്‍ അധികവും. ”പാശ്ചാത്യ രാജ്യങ്ങളിലെ തെരുവുകളില്‍ സാധാരണക്കാരായ മുസ്‌ലിംകളും ക്രിസ്ത്യാനികളും യഹൂദരും ഹിന്ദുക്കളും ബുദ്ധമതവിശ്വാസികളും നിരീശ്വരവാദികളും ഉള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം ഒത്തൊരുമയോടെയുള്ള ഒരു ജീവിതം വാര്‍ത്തെടുത്തുകൊണ്ടാണ് ഈ ചെറുത്തുനില്‍പ് സാധ്യമാക്കുന്നത്” (Anne Norton).
മതേതര ജനാധിപത്യത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ ദൗര്‍ബല്യങ്ങള്‍ എന്തുതന്നെയായാലും ജനകീയ പ്രതിരോധത്തിന്റെ പൊതുസ്ഥലങ്ങളെ പൂര്‍ണമായും ഭരണകൂട ഹിംസയ്ക്ക് വശംവദമാക്കാനോ വിധേയപ്പെടുത്താനോ അതിനു സാധിച്ചിട്ടില്ല എന്നാണിത് വ്യക്തമാക്കുന്നത്. ഈ സാധ്യതകളെല്ലാം അട്ടിമറിക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഹിന്ദുത്വ രാഷ്ട്രീയം പ്രതിനിധാന ഹിംസയുടെ ആക്രോശത്തിലൂടെ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ മതേതര രാഷ്ട്രീയം ഈ യാഥാര്‍ഥ്യം തിരിച്ചറിയാനും സൈദ്ധാന്തികമായും പ്രായോഗികമായും സ്വയം പരിഷ്‌കരിക്കാനും തയ്യാറാവാത്തപക്ഷം, പ്രതിനിധാന ഹിംസ അതിന്റെ ഏറ്റവും മാരകമായ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. മതന്യൂനപക്ഷങ്ങളെ ദേശവിരുദ്ധരും ഹിന്ദു വിരുദ്ധരുമായി സവിശേഷവത്കരിച്ചുകൊണ്ട് നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളും പ്രതീകാത്മക ഹിംസയും അക്രമത്തിനിരയാക്കപ്പെടുന്നവരിലും സവിശേഷ വത്കരണപ്രവണതകള്‍ അടിച്ചേല്പിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഹിന്ദുത്വത്തിന്റെ അക്രമങ്ങള്‍ക്കിരയാക്കപ്പെടുന്നവരില്‍ മതേതര രാഷ്ട്രീയത്തോടുള്ള വെറുപ്പും വിദ്വേഷവും വളര്‍ന്നു വരുന്നത് സ്വാഭാവികമാണെങ്കിലും ഒട്ടും ആശാസ്യകരമല്ലാത്തൊരു രാഷ്ട്രീയ പ്രവണതയാണത്.
മതേതര രാഷ്ട്രീയ വിമര്‍ശനം അര്‍ഹിക്കുന്നുണ്ടെന്നത് തീര്‍ച്ചയാണ്. മതേതര വിമര്‍ശനത്തിന്റെ ഏറ്റവും ശരിയായ രീതി രാഷ്ട്രീയ പ്രയോഗമാണ്. മര്‍ദിതരുടെ പക്ഷത്തു നിന്നു കൊണ്ടുള്ള മതേതരബദലുകള്‍ ഉയര്‍ന്നു വരാതെ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാനാവില്ല. ആത്യന്തികമായി മതേതര രാഷ്ട്രീയത്തിന്റെ തന്നെ ഉന്മൂലനത്തിലാണത് എത്തിച്ചേരുക. പ്രതിനിധാന ഹിംസയെ അപ്രതിരോധ്യമായി തുടര്‍ന്നുപോകാന്‍ അനുവദിച്ചാല്‍ ഉണ്ടാകുന്ന സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍, ഇത്തരത്തില്‍ പരിഹരിക്കാനാവാത്ത പ്രതിസന്ധികളിലേക്കാണ് ഇന്ത്യാ രാജ്യത്തെ കൊണ്ടെത്തിക്കുക.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x