29 Friday
March 2024
2024 March 29
1445 Ramadân 19

കൊളീജിയം പരിസരത്തെ അഖില്‍ ഖുറേഷിയും വിക്ടോറിയ ഗൗരിയും

ടി ടി എ റസാഖ്


ജനാധിപത്യ ഇന്ത്യയുടെ മൂന്നു നെടുംതൂണുകളില്‍ ഒന്നാണല്ലോ കോടതികള്‍. ഇന്ത്യന്‍ പൗരന്റെ അവസാനത്തെ അത്താണിയും കോടതികള്‍ തന്നെ. എന്നാല്‍ ഇന്നു മാറിവരുന്ന അധികാര കേന്ദ്രങ്ങള്‍ നീതിന്യായ വ്യവസ്ഥയില്‍ ഇടപെടുന്നു എന്ന ആരോപണങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയാധികാര കേന്ദ്രങ്ങള്‍ക്കെതിരേ ഭരണഘടനാധിഷ്ഠിതമായ നിലപാട് കോടതികള്‍ സ്വീകരിച്ചാല്‍ മാത്രമേ ജനാധിപത്യത്തിന് നിലനില്‍ക്കാന്‍ കഴിയൂ എന്ന് പ്രസിദ്ധ അഭിഭാഷകന്‍ കാളീശ്വരം രാജ് ഈയിടെ നടത്തിയ നിരീക്ഷണങ്ങളും ഇത്തരം ചില സമകാലിക സാഹചര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
ന്യായാധിപന്‍മാരുടെ നിയമനവും സ്ഥലംമാറ്റങ്ങളും തീരുമാനിക്കുന്ന ചീഫ് ജസ്റ്റിസും നാലു മുതിര്‍ന്ന ജഡ്ജിമാരും ഉള്‍പ്പെടുന്ന കൊളീജിയവുമായി ബന്ധപ്പെട്ടുണ്ടായ രണ്ടു വിവാദ തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായം ഏറെ പ്രസക്തമാണ്. ഇതില്‍ ആദ്യത്തേത്, 2018 മുതല്‍ ഗുജറാത്തില്‍ നിന്നാരംഭിച്ച് 2022 മാര്‍ച്ച് 7ന് സര്‍വീസില്‍ നിന്നു വിരമിക്കുന്നതു വരെ ഭരണകൂട വേട്ടയാടലിനു വിധേയനായ ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ന്യായാധിപന്‍മാരില്‍ ഒരാളായ അഖില്‍ അബ്ദുല്‍ ഹമീദ് ഖുറേഷിയുടെ കഥ. രണ്ടാമത്തേത് 2023 ഫെബ്രുവരി 7ന് ചെന്നൈ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ബിജെപി മഹിളാ മോര്‍ച്ചയുടെ മുന്‍ മെമ്പര്‍ കൂടിയായിരുന്ന ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയുടെ കഥ. ഇതില്‍ ആദ്യത്തേത് ചര്‍ച്ചകളൊക്കെ നടന്ന് നാം മറന്നുതുടങ്ങിയ വിഷയമാണെങ്കില്‍, രണ്ടാമത്തേത് അവസാന റൗണ്ട് മാധ്യമ ചര്‍ച്ചകളുടെ തിരക്കിലാണെന്നു പറയാം. ഇവ തമ്മിലെന്ത് എന്നത് ജനാധിപത്യ സമൂഹത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു ചര്‍ച്ചയാണ്.
ഇവിടെ, ജസ്റ്റിസ് ഖുറേഷി വിവാദവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പൂര്‍വ ദൃശ്യങ്ങള്‍ ഓര്‍മിക്കുന്നത് നന്നായിരിക്കും. 2004 മുതല്‍ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന ജസ്റ്റിസ് ഖുറേഷിയുടെ സ്വഭാവമഹിമയിലും നൈപുണിയിലും കാര്യക്ഷമതയിലും അഭിഭാഷകരും ന്യായാധിപരും ഏകാഭിപ്രായക്കാരായിരുന്നു. മുന്‍ അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ, ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക സമിതി പ്രസിഡന്റ് അസിം പാണ്ഡെ, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും ലോ കമ്മീഷന്‍ മുന്‍ അധ്യക്ഷനുമായ ജസ്റ്റിസ് എ പി ഷാ തുടങ്ങി അദ്ദേഹത്തെ അറിയുന്ന നിയമരംഗത്തെ അതികായന്‍മാര്‍ പലരും അദ്ദേഹത്തിന്റെ സംഭാവനകളെ വാഴ്ത്തിപ്പറഞ്ഞതായി കാണാം.
ഹൈക്കോടതി ജഡ്ജിയായിരിക്കെ അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷായെ സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ട ജഡ്ജിയാണ് ഖുറേഷി. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന് ഗുജറാത്തില്‍ ലോകായുക്തയെ നിയമിച്ച ഗവര്‍ണറുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ആ തീരുമാനം ശരിവെക്കുകയും ചെയ്തയാളാണ് ജസ്റ്റിസ് ഖുറേഷി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നീതി കിട്ടാതെപോയ ഇരകളെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. നീതിനിര്‍വഹണരംഗത്തെ സക്രിയമായ ഇത്തരം ഇടപെടലുകളാണ് അദ്ദേഹം അര്‍ഹിക്കുന്ന പദവികളും ആദരവും നഷ്ടപ്പെടാന്‍ കാരണമായത്.
സീനിയോറിറ്റി ലിസ്റ്റില്‍ ഏറ്റവും മുതിര്‍ന്ന ന്യായാധിപന്‍ എന്ന നിലയ്ക്ക് 2018-ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസാവാനുള്ള യോഗ്യത അദ്ദേഹത്തിനായിരുന്നു. എന്നാല്‍ തല്‍സമയം അദ്ദേഹം ബോംബെ ഹൈക്കോടതിയിലേക്ക് അഞ്ചാം സ്ഥാനക്കാരനായി സ്ഥലം മാറ്റപ്പെടുകയാണുണ്ടായത്. എല്ലാ കീഴ്‌വഴക്കങ്ങളും മറികടന്ന ഈ സ്ഥലംമാറ്റ ഉത്തരവിനെതിരെ ഗുജറാത്ത് ഹൈക്കോടതിയിലെ ആയിരത്തിലധികം അഭിഭാഷകര്‍ ഒറ്റക്കെട്ടായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുകയുണ്ടായി. ശക്തമായ പ്രതിഷേധങ്ങളുടെ ഫലമായി കൊളീജിയം അദ്ദേഹത്തെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തു.
എന്നാല്‍ നാലു മാസം ഈ ഫയലിനു മുകളില്‍ ഇരുന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ഈ നിയമനത്തിന് അംഗീകാരം നല്‍കിയില്ല. തുടര്‍ന്ന് ‘മനഃപൂര്‍വമായ നിഷ്‌ക്രിയത്വ’ത്തിനെതിരെ ഫാലി എസ് നരിമാന്‍ അടക്കമുള്ള മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ കോടതികളിലൊന്നായ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹത്തെ ശുപാര്‍ശ ചെയ്ത കൊളീജിയം നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അയച്ച രണ്ടു വിയോജനക്കുറിപ്പുകളുടെ ഫലമായി, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കൊളീജിയം അദ്ദേഹത്തെ രാജ്യത്തെ ഏറ്റവും ചെറിയ കോടതികളിലൊന്നായ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി മാറ്റി നിയമിക്കുകയാണുണ്ടായത്. നിയമപരമായി കൊളീജിയത്തിന് അവരുടെ മുന്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാമായിരുന്നു. (കേന്ദ്ര സര്‍ക്കാര്‍ വിയോജിച്ചിട്ടും സ്വവര്‍ഗാനുരാഗം ആരോപിക്കപ്പെട്ട സൗരഭ് കൃപാലിനെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത് ഉദാഹരണം).
ഒരുവശത്ത് ഇത്തരം നീതിനിഷേധങ്ങളും സ്ഥലംമാറ്റങ്ങളും നടക്കുമ്പോള്‍ ഖുറേഷിയുടെ കാര്യത്തില്‍ തന്നെ കൊളീജിയം പരിസരത്ത് കൗതുകകരമായ മറ്റൊരു സംഭവം അരങ്ങേറുന്നുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു ജസ്റ്റിസ് ഖുറേഷി. സുപ്രീം കോടതിയില്‍ ഒഴിവു വന്ന ഒമ്പതു ജഡ്ജിമാരുടെ തസ്തികയിലേക്ക് പരിഗണിക്കപ്പെടേണ്ട ആദ്യ വ്യക്തികളില്‍ ഒരാള്‍ ഖുറേഷിയായിരിക്കണമെന്ന് കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ നിര്‍ബന്ധം പിടിച്ചു. എന്നാല്‍ ജസ്റ്റിസ് നരിമാന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ദിവസം വരെ കൊളീജിയം നടപടികളെടുക്കാതെ സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം തന്നെ മാസങ്ങളോളം നീട്ടിക്കൊണ്ടുപോവുകയാണുണ്ടായത്. (ദ ടെലഗ്രാഫ്, 19-08-21)
എന്നാല്‍ അദ്ദേഹം വിരമിച്ച ഉടനെത്തന്നെ ജസ്റ്റിസ് ഖുറേഷിയെ ഒഴിവാക്കി, ഭൂരിപക്ഷവും അദ്ദേഹത്തേക്കാള്‍ ജൂനിയറായ ഒമ്പതു പേരെ ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം ശുപാര്‍ശ ചെയ്യുകയാണുണ്ടായത്. എതിര്‍പ്പൊന്നും കൂടാതെ കേന്ദ്ര നിയമ വകുപ്പ് ശുപാര്‍ശ അംഗീകരിക്കുകയും ചെയ്തു.
ഇവിടെയാണ് ജസ്റ്റിസ് വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ചര്‍ച്ച സജീവമാവുന്നത്. ജസ്റ്റിസ് ഗൗരി ബി ജെ പി വനിതാ മോര്‍ച്ചയുടെ പ്രവര്‍ത്തക എന്നതിനപ്പുറം, മുസ്‌ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ നടത്തിയ കടുത്ത വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട വ്യക്തി കൂടിയാണ്. ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജിയായ അജിത് പ്രകാശ് ഷായുടെ അഭിപ്രായത്തില്‍ ”ജസ്റ്റിസ് ഗൗരിയുടെ നിയമന പ്രക്രിയ കൊളീജിയം സംവിധാനത്തിന്റെ തകര്‍ച്ചയുടെ പ്രതിഫലനമാണ് കാണിക്കുന്നത്” (livelaw.in, 18-02-23).
വിദ്വേഷ പ്രസംഗം ആരോപിക്കപ്പെട്ട വ്യക്തിയെ ജഡ്ജിയായി നിയമിക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടുവെങ്കിലും നിയമനം കോടതി ശരിവെക്കുകയാണുണ്ടായത്. അവര്‍ നടത്തിയ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി) യഥാസമയം നല്‍കിയിട്ടില്ല എന്ന കാരണമാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെട്ടത്. ”രാഷ്ട്രീയ-ഭരണ നിര്‍വാഹകര്‍ക്ക് ആവശ്യമുള്ളത് മാത്രം റിപ്പോര്‍ട്ടുകളായി നല്‍കുകയാണ് ഐബി” എന്നാണ് ജസ്റ്റിസ് ഗൗരിക്കെതിരെ പരാതി നല്‍കിയ മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് ഹരി പരന്തമന്‍ ആരോപിച്ചത്. ന്യായാധിപസ്ഥാനത്തേക്ക് കൊളീജിയം ശുപാര്‍ശ ചെയ്തിട്ടും കേന്ദ്ര ഗവണ്‍മെന്റ് അവഗണിച്ച അഡ്വ. ജോണ്‍ സത്യന്‍ അടക്കമുള്ളവരുടെ ഉദാഹരണങ്ങളും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.
മോദിയെ വിമര്‍ശിച്ച് ‘ദ ക്വിന്റി’ല്‍ ലേഖനം എഴുതിയതിന്റെ പേരിലാണത്രേ ജോണ്‍ സത്യന്‍ തഴയപ്പെട്ടത്. ജസ്റ്റിസ് ജയന്ത് പട്ടേല്‍, ജസ്റ്റിസ് മുരളീധര്‍ തുടങ്ങിയ പ്രശസ്തരായ ന്യായാധിപന്‍മാരും ഇത്തരം വിവേചനപരമായ നടപടികള്‍ മൂലം അര്‍ഹമായ പദവികളും അംഗീകാരവും ലഭിക്കാതെ പോയവരാണ്. ജേണലിസ്റ്റുകളും ആക്ടിവിസ്റ്റുകളുമടക്കം പൊതു രംഗത്തുള്ള പലരും നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ ജാമ്യം നിഷേധിക്കപ്പെട്ട് മാസങ്ങളോളം ജയിലില്‍ കിടക്കുന്ന സംഭവങ്ങള്‍ ഇതോടൊപ്പം ചേര്‍ത്തു വായിക്കുക. കൊളീജിയം നിയമനങ്ങള്‍ക്കെതിരേയുള്ള പരാതികള്‍ തള്ളപ്പെടുക സ്വാഭാവികമാണ്. കാരണം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍ക്കൊള്ളുന്ന കൊളീജിയം തീരുമാനത്തിനെതിരെ അതേ കോടതിയിലെ ജൂനിയര്‍ ജഡ്ജിമാര്‍ തന്നെ എതിര്‍ വിധി പ്രസ്താവിക്കുക എന്നത് തികച്ചും അസ്വാഭാവികമായ കാര്യമാണ്. കോടതി കക്ഷിയുടെ യോഗ്യത (എലിജിബിലിറ്റി) മാത്രമാണ് പരിഗണിച്ചത്, ഔചിത്യം (സ്യൂട്ടബിലിറ്റി) അല്ല. ഔചിത്യം തീരുമാനിക്കേണ്ടത് കൊളീജിയമാണ് എന്നതായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. കൊളീജിയത്തിന്റെ മുമ്പിലുള്ള ഐബി റിപ്പോര്‍ട്ടിലാകട്ടെ വ്യക്തിയെക്കുറിച്ചുള്ള പ്രതികൂല പരാമര്‍ശങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടുമില്ല.
ഈ വിധി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം-സര്‍ക്കാര്‍ നടപടിക്രമങ്ങളിലെ പോരായ്മകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. നീതിന്യായരംഗത്ത് ഏറെ ആദരിക്കപ്പെട്ട ജസ്റ്റിസ് ഖുറേഷിയുടെ നിയമനം ഗവണ്‍മെന്റ് ഇടപെട്ട് അട്ടിമറിച്ചുവെങ്കില്‍ ആരോപണവിധേയയായ വിക്ടോറിയ ഗൗരിയുടെ നിയമനം തിടുക്കത്തില്‍ അംഗീകരിക്കപ്പെടുകയാണ്. ഇത് നീതിന്യായ സംവിധാനങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെട്ടതിന്റെ ചില സൂചനകള്‍ നല്‍കുന്നുണ്ടോ? ജനാധിപത്യത്തിന്റെ ഭാവിയെയും അവശരുടെയും ന്യൂനപക്ഷങ്ങളുടെയും സങ്കടനിവൃത്തിയുമായി ബന്ധപ്പെട്ട നടപടികളെയും ഇതെങ്ങനെയാണ് ബാധിക്കാന്‍ പോവുന്നത്?
വിരമിച്ച ജഡ്ജിമാര്‍ക്ക് രാഷ്ട്രീയ പദവികള്‍ നല്‍കപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരം ചോദ്യങ്ങള്‍ സജീവ ചര്‍ച്ചയിലേക്ക് വരുന്നത്. ബാബരി മസ്ജിദ് തര്‍ക്കത്തില്‍ അഞ്ചംഗ ബെഞ്ചിനെ നയിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്ന് രാജ്യസഭാംഗമാണ്. ഇരുമുന്നണികളും ഇത്തരം നിയമനങ്ങള്‍ നടത്തിയതായി കാണാം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അഭിപ്രായത്തില്‍ ”ജുഡീഷ്യറിക്ക് ഏറ്റവും വലിയ ഭീഷണി അതിനകത്തുനിന്നു തന്നെയാണ്. വിരമിച്ചതിനു ശേഷം വേലയില്ലാതെ കൂലി കിട്ടാവുന്ന ഏതെങ്കിലും ഉയര്‍ന്ന പദവിക്കു വേണ്ടി മാറ്റക്കച്ചവടം നടത്തി ഒത്തുതീര്‍പ്പാക്കാവുന്നതല്ല നീതിന്യായവ്യവസ്ഥയുടെ സ്വതന്ത്രാധികാരം.”
ചുരുക്കത്തില്‍ ഇന്ത്യക്കാരന്റെ ഭക്ഷണവും വസ്ത്രവും മതപാരമ്പര്യങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും തുടങ്ങി നീതിനിര്‍വഹണത്തിന്റെ അവസാനത്തെ അത്താണിയായ ജുഡീഷ്യറി വരെ എത്തിനില്‍ക്കുന്ന ഭീഷണികളെ രാജ്യം തിരിച്ചറിയുന്നുണ്ട് എന്നാണീ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്.
ഇസ്രായേലില്‍ നിന്നുള്ള ഒരു വാര്‍ത്ത ഈ വായനയില്‍ പ്രസക്തമാണെന്നു തോന്നുന്നു. ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശ ഭരണസഖ്യം ഈയിടെയായി നീതിപീഠങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ചില നീക്കങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചില കോടതിവിധികളെ ദുര്‍ബലപ്പെടുത്താന്‍ കഴിയുംവിധം സെനറ്റ് ഭൂരിപക്ഷത്തിന്റെ മറവില്‍ നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണത്രേ ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹു. അഴിമതിക്കുറ്റങ്ങളില്‍ നിന്നു രക്ഷപ്പെടാനും അപൂര്‍വമായെങ്കിലും വരുന്ന ഫലസ്തീന്‍ അനുകൂല വിധിന്യായങ്ങളെ മറികടക്കാനുമുള്ള തന്ത്രമാണത്രേ ഇത്. (അല്‍ജസീറ 20-2-23)
ജുഡീഷ്യറിക്കെതിരേ എക്‌സിക്യൂട്ടീവ് നടത്തുന്ന ഇത്തരം കടന്നു കയറ്റങ്ങള്‍ക്കെതിരേ വമ്പിച്ച പ്രതിഷേധ സമരങ്ങളാണ് ഇസ്രായേലില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഫാഷിസ്റ്റ് നയങ്ങളുടെ സമാനതകളെ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്നു മാത്രം. ഏകാധിപത്യ രീതികളുടെ ഭാഗമായി ഇത്തരം നീക്കങ്ങള്‍ മറ്റു നാടുകളിലും അനുകരിക്കപ്പെടില്ലെന്നാരറിഞ്ഞു!
നീതിനിര്‍വഹണരംഗത്ത് സ്തുത്യര്‍ഹമായ സേവന പാരമ്പര്യം പ്രദര്‍ശിപ്പിച്ച വ്യക്തിയെ ‘നിഷേധാര്‍ഥകമായ ധാരണ’യുടെ (negative perception) പേരില്‍ നാടുനടത്തുകയും പദവികളില്‍ നിന്നു മാറ്റിനിര്‍ത്തുകയും ചെയ്യുമ്പോള്‍, പാര്‍ട്ടിബന്ധവും വിദ്വേഷപ്രസംഗവും തെളിയിക്കപ്പെട്ട വ്യക്തി ന്യായാധിപസ്ഥാനത്ത് അവരോധിക്കപ്പെടുന്നു. തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് ഖുറേഷി നടത്തിയ പ്രതികരണം പ്രസക്തമാണ്: ”എന്നെക്കുറിച്ചുള്ളതായി പറയപ്പെടുന്ന ‘നിഷേധാര്‍ഥകമായ ധാരണ’ എന്റെ സ്വതന്ത്ര നിലപാടുകളുടെ സാക്ഷ്യപത്രമാണ്… യാതൊരു ക്ഷതവുമേല്‍ക്കാത്ത ആത്മാഭിമാനവുമായിട്ടാണ് ഞാന്‍ പടിയിറങ്ങുന്നത്.”
കൂടെ ഗുജറാത്ത് കലാപത്തിന് ഉത്തരവാദികളായ വന്‍തോക്കുകള്‍ക്കെതിരെ ധീരമായ നടപടികള്‍ എടുത്ത, ഇന്ന് നിരന്തരം കേസും തടവുമായി കഴിയുന്ന സഞ്ജീവ് ഭട്ടിനെയും ആര്‍ ബി ശ്രീകുമാറിനെയും പോലുള്ള ഓഫീസര്‍മാരെയും നാം മറക്കാതിരിക്കുക. അതേസമയം, ഇത്തരം അനീതികള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാനും അവയെ പൊതുചര്‍ച്ചയില്‍ കൊണ്ടുവരാനും ജാതി-മതഭേദമില്ലാതെ രാജ്യത്തെ എഴുത്തുകാരും ബുദ്ധിജീവികളും നിയമജ്ഞരും മാത്രമല്ല, പൊതുസമൂഹവും രംഗത്തുവരുന്നു എന്നത് ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭോദര്‍ക്കമാണ്.
അവലംബം:
(1) indiatoday.in (7-2-23)
(2) livelaw.in (18-2-23)
(3) thewire.in (6-3-22)
(4) barandbench.com (12-3-22)
(5) The Hindu (9-2-23,16-2-23)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x