30 Thursday
March 2023
2023 March 30
1444 Ramadân 8

സി എന്‍ സഹൃദയനായ പണ്ഡിതന്‍

ഹാറൂന്‍ കക്കാട്‌


വൈജ്ഞാനിക കേരളത്തിന്റെ അവിസ്മരണീയ നാമമാണ് സി എന്‍ അഹ്മദ് മൗലവി. ഇസ്ലാമിക പണ്ഡിതന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, ഗ്രന്ഥകാരന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജീവിതമായിരുന്നു മൗലവിയുടേത്. 1905-ല്‍ മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് ചേറൂരില്‍ നാത്താന്‍കോടന്‍ ഹസന്‍കുട്ടിയുടെയും അഴുവത്ത് ഖദീജയുടെയും മകനായാണ് സി എന്‍ അഹ്മദ് മൗലവിയുടെ ജനനം. ദാരിദ്ര്യത്തിന്റെ ബാല്യകാലം! ചെറുപ്രായത്തില്‍ തന്നെ പിതാവിന്റെ വിയോഗം ജീവിതം കൂടുതല്‍ പ്രയാസകരമാക്കി. പിതാവ് മരിച്ചപ്പോള്‍ സ്‌കൂള്‍ പഠനം നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് ജ്യേഷ്ഠന്‍ കുഞ്ഞാലന്‍ മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ന്നെങ്കിലും സാമ്പത്തിക വിഷമം കാരണം പഠനം നിര്‍ത്തി കൃഷിയില്‍ വ്യാപൃതനായി. തുടര്‍ന്നു പഠിക്കാനുളള ആഗ്രഹത്താല്‍ വീണ്ടും പള്ളി ദര്‍സിലെത്തി. ദര്‍സ് പഠനം കഴിഞ്ഞ് മദ്രാസ് ജമാലിയ്യ കോളജില്‍ ചേര്‍ന്നു. ജമാലിയ്യയാണ് സി എന്നിന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചത്.
അവിടത്തെ പഠന സമ്പ്രദായം ആധുനികമായിരുന്നു. സ്ഥാപനത്തിന്റെ മാനേജിംഗ് ട്രസ്റ്റി ആയിരുന്ന ജമാല്‍ മുഹമ്മദ് പുരോഗമനാശയക്കാരനായിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ പണ്ഡിതന്മാര്‍ അക്കാലത്ത് കോളജില്‍ എത്തിയിരുന്നു. അല്ലാമാ ഇഖ്ബാല്‍, അബുല്‍ കലാം ആസാദ്, സയ്യിദ് സുലൈമാന്‍ നദ്വി, മര്‍മഡ്യൂക്ക് പിക്താള്‍ തുടങ്ങിയവരെ കേള്‍ക്കാനും കാണാനും സി എന്നിന് അവസരം ലഭിച്ചു. ഇവരുടെ ആശയങ്ങളും ചിന്തകളും മൗലവിയില്‍ സ്വാധീനം ചെലുത്തി. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് കോളേജ് സന്ദര്‍ശിച്ച സന്ദര്‍ഭം അദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിഞ്ഞത് സി എന്നിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി. കോണ്‍ഗ്രസ്സുകാരനായ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ മൗലവി ആകൃഷ്ടനായി.
പുരോഗമന ആശയം വെച്ചു പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ കണ്ടെത്താന്‍ നടത്തിയ ടെസ്റ്റില്‍ സി എന്‍ പരാജയപ്പെട്ടു. അത് ജമാലിയാ കോളജില്‍ പഠനം തുടരുക പ്രയാസകരമാക്കി. പിന്നീട് പൂനെയിലും മുംബൈയിലും ജോലിയും പഠനവുമായി ഒരു വര്‍ഷം ചെലവഴിച്ചു. 1928-ല്‍ വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്തില്‍ ചേര്‍ന്നു. 1930-ല്‍ അവിടുന്ന് എം എഫ് ബി ബിരുദം നേടി. 1931-ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയുടെ അഫ്ദലുല്‍ ഉലമാ പരീക്ഷ പാസ്സായി. 1931-ല്‍ മലപ്പുറം ട്രൈനിംഗ് സ്‌കൂളില്‍ റിലീജിയസ് ഇന്‍സ്ട്രക്ടറായി സി എന്‍ നിയമിതനായി. കേരളത്തിലെ ഏക മുസ്ലിം ട്രൈനിംഗ് സ്‌കൂളായിരുന്നു അത്.
കേരള മുസ്ലിംകള്‍ക്കായുള്ള ഒന്നാമത്തെ ഹൈസ്‌കൂള്‍ മലപ്പുറത്ത് ആരംഭിച്ചപ്പോള്‍ സി എന്‍ അവിടെ അധ്യാപകനായി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നിയ മൗലവി ഫാറൂഖ് കോളേജ്, റൗദത്തുല്‍ ഉലൂം അറബികോളേജ് എന്നിവ സ്ഥാപിക്കുന്നതില്‍ അബുസ്സബാഹ് മൗലവിയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1964-ല്‍ സി എന്‍ നേതൃത്വം നല്‍കി ഈസ്റ്റ് ഏറനാടന്‍ എഡുക്കേഷന്‍ സൊസൈറ്റി രൂപീകരിച്ചു. കിഴക്കന്‍ ഏറനാട്ടില്‍ ഒരു ആധുനിക കലാലയം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. പാലക്കാട് മുതല്‍ മമ്പാട് വരെയുള്ള പല പ്രമുഖരേയും കണ്ടു ചര്‍ച്ച നടത്തിയെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല. അവസാനം മമ്പാട് അത്തന്‍ മോയിന്‍ അധികാരി കോളജ് തുടങ്ങാന്‍ 30 ഏക്കര്‍ സ്ഥലം നല്‍കാമെന്നേറ്റു. സി എന്നും അധികാരിയും എം കെ ഹാജിയും കോളജിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നേറി. 1965-ല്‍ മമ്പാട് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് സ്ഥാപിതമായി. 1969-ല്‍ കോളജ് മുസ്ലിം എഡുക്കേഷന്‍ സൊസൈറ്റിയെ (എം ഇ എസ്) ഏല്‍പിക്കുന്നതു വരെ കോളേജിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കിയത് സി എന്‍ ആയിരുന്നു.
ഇടക്കാലത്ത് അധ്യാപക ജോലി ഉപേക്ഷിച്ച സി എന്‍ കൃഷി മേഖലയിലേക്കും സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്കും തിരിഞ്ഞിരുന്നു. 1949 ഡിസംബറില്‍ കരുവാരക്കുണ്ടില്‍ നിന്ന് ‘അന്‍സാരി’ മാസികയുടെ പ്രസിദ്ധീകരണം തുടങ്ങി. പത്രാധിപരും പണം പിരിവുകാരനും കറസ്പോണ്ടന്റും റാപ്പറൊട്ടിക്കുന്നവനുമൊക്കെ മൗലവി തന്നെയായിരുന്നു. പുരോഗമന സ്വഭാവമുള്ള ലേഖനങ്ങളും ചിന്തകളും ഉള്‍ക്കൊള്ളുന്നത് കൊണ്ട് കേരള മുസ്ലിംകളില്‍ അത് മതിപ്പുളവാക്കി. പതിനാല് ലക്കങ്ങള്‍ പുറത്തിറക്കി. സാമ്പത്തിക പ്രയാസം കാരണം പിന്നീട് മാസിക നിലച്ചു. ‘അന്‍സാരി’യില്‍ അദ്ദേഹം എഴുതിയിരുന്ന ഖുര്‍ആന്‍ പംക്തിക്ക് വലിയ സ്വീകാര്യത ഉണ്ടായി. ഖുര്‍ആന്റെ ഉള്ളടക്കത്തെക്കുറിച്ച് മലയാളികള്‍ക്ക് മാതൃഭാഷയിലൂടെ അറിവു ലഭിച്ചപ്പോള്‍ പലരും മൗലവിയോട് ഖുര്‍ആന്റെ വിവര്‍ത്തനവും വ്യാഖ്യാനവും എഴുതണമെന്ന് ആവശ്യപ്പെട്ടു. പെരുമ്പാവൂര്‍ സ്വദേശി മജീദ് മരക്കാര്‍ സാഹിബ് പരിഭാഷ പ്രസിദ്ധീകരിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കാമെന്നേറ്റതോടെ മൗലവി പരിഭാഷാ പ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ത്യയുടെ വിവിധ കാലങ്ങളിലെ ഒട്ടനവധി ഗ്രന്ഥാലയങ്ങള്‍ സന്ദര്‍ശിച്ചു. പണ്ഡിതന്മാരോട് ചര്‍ച്ച നടത്തി. അറബി, ഉര്‍ദു, ഇംഗ്ലീഷ്, തമിഴ്, പേര്‍ഷ്യന്‍ ഭാഷകളിലുള്ള 22 തഫ്സീറുകള്‍ അദ്ദേഹം ശേഖരിച്ചു. വിശുദ്ധ ഖുര്‍ആന്റെ മലയാള പരിഭാഷക്കായി സി എന്‍ ജീവിതത്തിലെ നല്ലൊരു ഭാഗം സമര്‍പ്പിച്ചു. ഖുര്‍ആനിനെ മലയാളത്തിലാക്കാനുള്ള ശ്രമം മതവിരുദ്ധമായിപ്പോലും ചിത്രീകരിക്കപ്പെട്ടു. ആ ശ്രമം വിജയം കണ്ടു. 1953-ല്‍ ഖുര്‍ആന്‍ മലയാള പരിഭാഷയുടെ ഒന്നാം വാള്യവും 1963ല്‍ അവസാനഭാഗവും യാഥാര്‍ഥ്യമായി.
പ്രഥമമായി ‘സഹീഹുല്‍ ബുഖാരി’ മലയാളത്തില്‍ ഇറക്കിയത് സി എന്നാണ്. കലാരൂപങ്ങളും കവിതകളുമൊക്കെ ഇസ്ലാമിനെതിരാണെന്ന് പ്രചാരത്തിലുള്ള കാലത്താണ് അതൊന്നും ഇസ്ലാമിനെതിരല്ല, മറിച്ച് അവ ഇസ്ലാമിന് അനുകൂലമായി ഉപയോഗപ്പെടുത്തണമെന്ന വാദം അദ്ദേഹം മുമ്പോട്ടുവെച്ചത്. സഹീഹുല്‍ ബുഖാരിയുടെ ആമുഖത്തില്‍ അത് തുറന്നെഴുതാന്‍ അദ്ദേഹം ധൈര്യം കാണിക്കുകയും ചെയ്തു.
ഇസ്ലാമിലെ ധനവിതരണ പദ്ധതി, ഇസ്ലാം ഒരു സമഗ്രപഠനം, സ്വഹീഹുല്‍ ബുഖാരി പരിഭാഷയും വ്യാഖ്യാനവും, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം (കെ കെ മുഹമ്മദ് അബ്ദുല്‍കരീമുമായി ചേര്‍ന്ന്), ഖുര്‍ആന്‍ എന്ത്? എന്തിന്?, ഖുര്‍ആന്‍ ഇന്‍ഡക്സ്, ഖുര്‍ആന്‍ മൂലസിദ്ധാന്തങ്ങള്‍, ഖുര്‍ആന്‍ ക്രോഡീകരണം, അഞ്ചുനേരത്തെ നമസ്‌കാരം ഖുര്‍ആനില്‍, യസ്സര്‍നല്‍ ഖുര്‍ആന്‍ തുടങ്ങിയവ മൗലവി എഴുതിയ കൃതികളാണ്. 1959 മുതല്‍ 1964 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകള്‍ മാനിച്ച് 1989-ല്‍ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് നല്‍കി ആദരിച്ചു. പൊതുസമൂഹത്തില്‍ ഖുര്‍ആനും ഹദീസും ഇസ്ലാമികാധ്യാപനങ്ങളും സുപരിചതമാക്കിയതില്‍ വലിയ പങ്ക് സി എന്‍ അഹമദ് മൗലവിയുടേതാണ്.
കോഴിക്കോട് കേന്ദ്രീകരിച്ചാണ് മൗലവി ജീവിതം ഏറെയും ചിലവഴിച്ചത്. ഒരു വാടകവീട്, ഒരു മുറിയും അടുക്കളയും പരിമിതമായ സൗകര്യവും. അവിടെയാണ് ഒരു വലിയ പണ്ഡിതന്‍ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയത്. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം ഒരു വീട് സ്വന്തമാക്കുന്നത്. അതീവ ലളിതവും വിനയം നിറഞ്ഞതുമായിരുന്നു മൗലവിയുടെ വ്യക്തിത്വവും ജീവിതവും. മൗലവിയുടെ ഉടുപ്പും ഇരിപ്പും നടപ്പുമൊക്കെ അങ്ങനെയായിരുന്നു. ഒരു പണ്ഡിതന്‍ എത്രത്തോളം വിനയാന്വിതനും വിജ്ഞാനദാഹിയും ലാളിത്യത്തിന്റെ ഉടമയുമാകണം എന്ന് ജീവിതത്തിലൂടെ തെളിയിച്ച മഹാനായിരുന്നു സി എന്‍ അഹ്മദ് മൗലവി. 1993 ഏപ്രില്‍ 27-ന് 88-ാം വയസ്സില്‍ സി എന്‍ അഹമദ് മൗലവി കോഴിക്കോട്ട് നിര്യാതനായി. ഭൗതിക ശരീരം എടത്തനാട്ടുകര ദാറുസ്സലാം മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x