വൃത്തി വിശ്വാസത്തിന്റെ ഭാഗം
എം ടി അബ്ദുല്‍ഗഫൂര്‍
അബൂമാലിക് അല്‍ഹാരിഥ്ബ്‌നു ആസിം അല്‍അശ്അരി(റ) പറഞ്ഞു: നബി(സ) പറഞ്ഞിരിക്കുന്നു: വൃത്തി വിശ്വാസത്തിന്റെ ഭാഗമാകുന്നു. അല്‍ഹംദുലില്ലാഹ് എന്നത് തുലാസ് നിറയ്ക്കുന്നതാണ്. സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ് എന്നത് ആകാശഭൂമുകള്‍ക്കിടയിലുള്ളതിനെ നിറയ്ക്കുന്നതാകുന്നു. നമസ്‌കാരം വെളിച്ചമാകുന്നു, ഖുര്‍ആന്‍ നിനക്ക് അനുകൂലമോ പ്രതികൂലമോ ആയ തെളിവാകുന്നു. എല്ലാവരും പ്രഭാതത്തില്‍ ഇറങ്ങിത്തിരിക്കുകയും സ്വന്തത്തെ വില്‍ക്കുകയും ചെയ്യുന്നു. ചിലരതിനെ മോചിപ്പിക്കുകയും ചിലരതിനെ നാശത്തിലകപ്പെടുത്തുകയും ചെയ്യുന്നു. (മുസ്‌ലിം)
മനസും ശരീരവും എപ്പോഴും ശുദ്ധിയായിരിക്കുകയെന്നത് ഇസ്‌ലാമിന്റെ താല്‍പര്യമാണ്. ദിനേനയുള്ള അഞ്ചുനേരത്തെ നമസ്‌കാരത്തിന് മുന്നോടിയായി അംഗശുദ്ധി വരുത്തല്‍ അനിവാര്യമത്രെ. ശരീരത്തില്‍ നിന്നു മാലിന്യങ്ങളെ കഴുകിക്കളയാന്‍ തയ്യാറാവുന്ന ഒരു മനുഷ്യന്റെ വിശ്വാസത്തിന്നനുസരിച്ച് അവന്റെ മനസ്സിനെ അഴുക്കുകളില്‍നിന്ന് ശുദ്ധീകരിക്കാന്‍ കഴിഞ്ഞാല്‍ അതാണ് അവന്റെ വിജയത്തിന്റെ വഴി. വിശ്വാസത്തിന്റെ ഭാഗമെന്നും പാതിയൊന്നുമൊക്കെ ശുദ്ധിയെ പരിചയപ്പെടുത്തിയത് അതുകൊണ്ടാണ്.
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി സൂചകമായി അവന് സ്തുതികീര്‍ത്തനങ്ങളര്‍പ്പിക്കുന്നതിനും ന്യൂനതകളില്‍ നിന്നു മുക്തനായ അല്ലാഹുവിനെ വാഴ്ത്തുന്നതിനും മഹത്തായ പ്രതിഫലമാണ് വാഗ്ദാനം ചെയ്യുന്നത്. ഇഹലോകത്ത് ഒരാള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ തിട്ടപ്പെടുത്തുമ്പോള്‍ തസ്ബീഹിന്റെയും തഹ്‌മീദിന്റെയും വാക്കുകള്‍ മികച്ച സ്ഥാനത്ത് നില്‍ക്കും. ആകാശ ഭൂമികള്‍ നിറയുവോളം മഹത്തായ പുണ്യമായാണ് ആ വാക്കുകളെ പരിചയപ്പെടുത്തിയത്. ആരാധനകളില്‍ ശ്രേഷ്ഠമായ നമസ്‌കാരത്തെ പ്രകാശമെന്ന വിശേഷണം കൊണ്ട് അലംകൃതമാക്കിയിരിക്കുന്നു. തിന്മകളില്‍നിന്ന് മനുഷ്യനെ അകറ്റുന്ന, സന്മാര്‍ഗത്തിന്റെ പ്രകാശം പരത്തുന്ന പുണ്യകര്‍മമത്രെ നമസ്‌കാരം.
സാമ്പത്തികമായ ആരാധനയാണ് ദാനധര്‍മങ്ങള്‍. സമ്പത്തിനെ ശുദ്ധീകരിക്കുന്ന പ്രക്രിയകൂടിയാണത്. ധനത്തോടുള്ള അത്യാര്‍ത്തിയില്‍നിന്നും പിശുക്കില്‍നിന്നും അകന്നു നില്‍ക്കാനുള്ള പ്രേരണയാണ് ദാനം. ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളെ മറികടക്കാനും പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുപോകാനും ക്ഷമ നമ്മെ പഠിപ്പിക്കുന്നു. ആത്മധൈര്യവും ആത്മവിശ്വാസവും നേടിത്തരുന്ന ക്ഷമ ഇരുട്ടുകളെ വകഞ്ഞുമാറ്റി മുന്നേറാനുള്ള വെളിച്ചമത്രെ.
ജീവിത വിജയത്തിന് അനിവാര്യമായ എല്ലാ നിയമവിധികളും വ്യക്തമാക്കുകവഴി മനുഷ്യന് ദിശ നിര്‍ണയിച്ചുകൊടുക്കുകയാണ് ഖുര്‍ആന്‍. എല്ലാവിധ ഉല്‍കൃഷ്ടതകളെയും പരിചയപ്പെടുത്തുന്ന ആ വേദഗ്രന്ഥം ഏകാന്തതയില്‍ നമുക്ക് കൂട്ടും മനസ്സമാധാനവുമായിരിക്കും. ആ വേദഗ്രന്ഥത്തെ നെഞ്ചോടുചേര്‍ത്താല്‍ അന്ത്യദിനത്തില്‍ സൗഭാഗ്യമായിരിക്കും ഫലം. അതിന്റെ വഴിയില്‍നിന്ന് തിരിഞ്ഞുകളയുന്നവര്‍ക്ക് ദൗര്‍ഭാഗ്യവും. ദൈവസ്മരണയില്‍ നിത്യവും കഴിച്ചൂകൂട്ടി ജീവസന്ധാരണത്തില്‍ ഏര്‍പ്പെടുന്ന ഒരു വ്യക്തി സ്വശരീരത്തെയും മനസ്സിനെയും നരകത്തില്‍നിന്ന് മോചിപ്പിക്കുകയും ലാഭകരമായ കച്ചവടത്തിലേര്‍പ്പെടുകയും ചെയ്യുന്നു. പൈശാചിക പ്രേരണയാല്‍ ദേഹേഛപ്രകാരം ജീവിക്കുന്നവര്‍ സ്വന്തത്തെ നാശത്തിലകപ്പെടുത്തുന്ന നഷ്ടക്കച്ചവടത്തിലുമാണ്.