25 Wednesday
June 2025
2025 June 25
1446 Dhoul-Hijja 29

പുസ്തകങ്ങളെ പ്രണയിക്കൂ..

സി കെ റജീഷ്

.ദരിദ്ര കുടുംബത്തിലാണ് ഇമാം ഗസ്സാലി ജനിച്ചത്. രോമവസ്ത്രങ്ങള്‍ നെയ്ത് വില്‍ക്കലായിരുന്നു പിതാവിന്റെ തൊഴില്‍. ഭക്തനായ പിതാവ് മക്കളെ മതചിട്ടയില്‍ വളര്‍ത്തി. പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്നു ഇമാം ഗസ്സാലി. ജുര്‍ജാനിലെ ഒരു പാഠശാലയിലാണ് ഇമാം പഠിച്ചിരുന്നത്. ഇമാം അബൂനസ്ര്‍ ഇസ്മാഈലിയായിരുന്നു ഗുരു.
അദ്ദേഹത്തില്‍ നിന്ന് ലഭിച്ച പാഠകുറിപ്പുകളടങ്ങിയ പുസ്തക സഞ്ചിയുമായി നാട്ടിലേക്ക് ഗസ്സാലി മടങ്ങുകയാണ്. വഴിമധ്യേ കൊള്ളക്കാര്‍ അദ്ദേഹത്തെ പിടികൂടി. പുസ്തക സഞ്ചി തട്ടിപ്പറിച്ചു. ഇമാം അവരുടെ പിന്നാലെ കൂടി. പുസ്തക സഞ്ചി തിരികെ നല്കണമെന്ന് അപേക്ഷിച്ചു.
”ആ സഞ്ചിയിലുള്ള പുസ്തകങ്ങളാണ് എന്റെ സമ്പാദ്യം. അത് നേടാനാണ് ഞാന്‍ നാട് വിട്ടത്” എന്ന ഇമാമിന്റെ വാക്ക് കേട്ട്് അവര്‍ ചിരിച്ചു. പിന്നെ സഞ്ചി തിരിച്ചുകൊടുത്തു. നാട്ടിലെത്തിയ ഇമാം മൂന്ന് വര്‍ഷമെടുത്ത് ആ പുസ്തകങ്ങളിലുള്ള വിജ്ഞാനം നേടി.
വിജ്ഞാനത്തിന്റെ മഹാ സാഗരമായിരുന്നു ഇമാം ഗസ്സാലി. വിജ്ഞാന ദാഹികള്‍ക്ക് എപ്പോഴും ചങ്ങാത്തം പുസ്തകങ്ങളോടായിരിക്കും. അറിവിനെ ആയുധമാക്കിയവര്‍ക്ക് വായനയുടെ മധുരാനുഭൂതി നുകരാനാവും.
പ്രസിദ്ധ അറബ് സാഹിത്യകാരനായ ജാഹിസ് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ”പുസ്തകം നിന്നെ പുകഴ്ത്തി പറയാത്ത ചങ്ങാതിയും നിന്നെ മുഷിപ്പിക്കാത്ത സഹയാത്രികനും നിന്നോട് കുതന്ത്രം കാണിക്കാത്ത കൂട്ടുകാരനുമാണ്. അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്ക് പുസ്തകങ്ങള്‍ ആത്മമിത്രങ്ങളായിരിക്കും.”
”ഞാന്‍ സുഹൃത്തുക്കളുടെ അഭാവം പരിഹരിക്കുന്നത് പുസ്തകങ്ങളിലൂടെയാണ്” – എന്ന ഡോ. അംബേദ്കറുടെ പ്രസ്താവന പുസ്തകങ്ങളെ കൂട്ടുകാരനാക്കാനുള്ള ആഹ്വാനമാണ്.
വായന മനുഷ്യര്‍ക്ക് മാത്രം സാധ്യമാകുന്ന സിദ്ധിയാണ്. ശാരീരിക സുസ്ഥിതിക്ക് വ്യായാമം അനിവാര്യമാണ്. മനസ്സിന് സുസ്ഥിതിയും ധന്യതയും നല്കുന്ന വ്യായാമമുറയാണ് വായന. നമ്മള്‍ ചിന്തകളുടെ നിര്‍മിതിയാണെന്ന് പറയാറുണ്ട്. ചിന്തയുടെ ഇന്ധനമാണ് വായന. വായന ശോഷിച്ചാല്‍ ചിന്ത ചിതലരിക്കും. വായന പോഷിപ്പിക്കുന്നതിലൂടെ ചിന്തകളെ നവീകരിച്ച് കര്‍മങ്ങളെ വിശുദ്ധമാക്കാം. വായനയും ചിന്തയും കര്‍മങ്ങളും  ഉള്‍ച്ചേരുമ്പോഴാണ് വികാസത്തിലേക്കുള്ള വഴികള്‍ സുഗമമാകുന്നത്.
ഒരിക്കലൊരു തത്വാന്വേഷി പണ്ഡിതനെ തേടി മരുഭൂമിയിലെത്തി. അദ്ദേഹത്തിന് ഒരു സംശയമാണ് ചോദിക്കാനുണ്ടായിരുന്നത്.
വിശുദ്ധ ഗ്രന്ഥങ്ങളൊന്നും വായിക്കാതെ വിജനപ്രദേശത്ത് താങ്കള്‍ എന്തിനാണ്  ദീര്‍ഘനേരം ഇരിക്കുന്നത്? അദ്ദേഹം സ്‌നേഹത്തോടെ പറഞ്ഞു: ”വേദപുസ്തകത്തില്‍ വായിച്ചറിഞ്ഞതിനെ പൂര്‍ണതയിലെത്തിക്കാനുള്ള ചിന്താ പ്രക്രിയയിലാണ് ഞാന്‍. ആകാശം എന്റെ പുസ്തകമാണ്. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, കാറ്റ്, കിളികള്‍, പുല്‍ക്കൊടികള്‍, മണ്‍തരികള്‍, ഉറുമ്പുകള്‍, മലകള്‍, വൃക്ഷങ്ങള്‍ എല്ലാം എന്റെ പുസ്തകങ്ങളാണ്. എനിക്കവയിലെല്ലാം ഏത് സമയത്തും ദൈവമൊഴികള്‍ വായിക്കാനാവുന്നു.”
ഈ പ്രപഞ്ചമാണ് നമ്മുടെ പാഠശാല. വായനയും ചിന്തയും പ്രപഞ്ചത്തെ അറിയാനും പ്രപഞ്ചനാഥനിലേക്കടുക്കാനുമുള്ള ഉള്‍പ്രേരകമാവണം.
”പാഠപുസ്തകങ്ങള്‍ കൂടാതെ ഒരു ദിവസം എത്ര മണിക്കൂര്‍ നിങ്ങള്‍ വായിക്കുന്നുണ്ട്?” ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ അധ്യാപകന്റെ ഈ ചോദ്യത്തിന് കാര്യമായി മറുപടി പറയാനുണ്ടായിരുന്നില്ല. ഒരു മാസത്തിന് ശേഷം വായിച്ച പുസ്തകങ്ങളുടെ പേരെഴുതി നല്കാന്‍ പറഞ്ഞപ്പോഴാണ് ജീവിതത്തില്‍ ഒരു വായനാപദ്ധതി വേണമെന്ന ചിന്ത എന്നിലുണര്‍ത്തിയത്.
വിദ്യാഭ്യാസാവകാശത്തിനായി ധീരമായി പൊരുതിയ നോബല്‍ സമ്മാനത്തിനര്‍ഹയായ മലാല യൂസുഫ് സായിയുടെ വാക്കുകള്‍ ആവട്ടെ നമുക്കുള്ള പ്രചോദനം: ”പുസ്തകവും പേനയുമാണ് നമ്മുടെ ആയുധം. ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പുസ്തകത്തിനും ഒരു പേനയ്ക്കും ഈ ലോകത്തെ മാറ്റിമാറിക്കാനാകും.

Back to Top