1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഞെരുക്കത്തിന്റെ കൂടെ എളുപ്പമുണ്ട്

സി കെ റജീഷ്

ഒരിക്കല്‍ എബ്രഹാം ലിങ്കണ്‍ ഗ്രാമത്തിലുള്ള ഒരു കര്‍ഷകനെ സന്ദര്‍ശിച്ചു. ഏറെ സന്തോഷത്തോടെയായിരുന്നു കര്‍ഷകന്‍ അതിഥിയെ സ്വീകരിച്ചത്. അയാളുടെ വീട്ടില്‍ ഒരു കിഴവന്‍ കുതിരയുണ്ടായിരുന്നു. ലിങ്കണ്‍ ആ കുതിരയുടെ അടുത്തേക്ക് വന്നു. അതിന്റെ പുറത്ത് ഒരു വലിയ ഈച്ച ഇരിക്കുന്നുണ്ട്. അത് കുതിരയെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കുതിരക്ക് ഉപദ്രവമാകുന്ന ഈച്ചയെ ഓടിക്കാന്‍ ലിങ്കണ്‍ കൈ നീട്ടി. അപ്പോള്‍ കര്‍ഷകന്‍ അദ്ദേഹത്തെ തടഞ്ഞുകൊണ്ട് പറഞ്ഞു: ”അരുത്, ഈ കിഴവന്‍ കുതിരയെ ചലനക്ഷമമാക്കുന്നത് ആ ഈച്ച ഒന്നു മാത്രമാണ്”. കര്‍ഷകന്റെ വാക്കുകള്‍ എബ്രഹാം ലിങ്കനെ ഏറെ ചിന്തിപ്പിച്ചു.
ഇരുട്ടും വെളിച്ചവും പോലെ കയറ്റിറക്കങ്ങള്‍ ഈ ജീവിതത്തിന്റെ സ്വാഭാവികതയാണ്. കല്ലും മുള്ളും ചവിട്ടിക്കയറിയവരാണ് പര്‍വതത്തെ പ്രാപിച്ചവര്‍. അല്ലാത്തവരെല്ലാം താഴ്‌വര കൊണ്ട് യാത്ര അവസാനിപ്പിച്ചവരാണ്. പ്രതിസന്ധിയുടെ കനല്‍വഴികള്‍ താണ്ടി കടന്നവര്‍ പ്രതീക്ഷയുടെ തുരുത്തിനെ പ്രയോജനപ്പെടുത്തിയവരാണ്. സ്വന്തം ജീവിതഗതിയെതന്നെ തിരിച്ചറിഞ്ഞ് തിരുത്താനുള്ള ഉള്‍പ്രേരണയാണത്. പരിഹരിക്കാനാകാത്തവിധം വലുതല്ല ഒരു പ്രതിസന്ധിയും. മുന്‍ധാരണകള്‍കൊണ്ടുമാത്രം എല്ലാ പ്രതിസന്ധികളില്‍ നിന്നും പോംവഴിയുണ്ടാവില്ല. മുന്‍കൂട്ടി പ്രവചിച്ച് പരിശീലിച്ചതുകൊണ്ടല്ല ഒരു കളിയും വിജയിക്കുന്നത.് സയമോചിതമായി ഇടപെട്ട് സാഹചര്യത്തെ പ്രയോജനപ്പെടുത്താനുള്ള ഉള്‍ക്കരുത്താണ് വേണ്ടത്.
ഒരേ താളത്തില്‍ എപ്പോഴും ഒഴുകിനീങ്ങുന്ന ഒന്നല്ല നമ്മുടെ ജീവിതം. സുഖദു:ഖ സമ്മിശ്രമായ അവസ്ഥാന്തരങ്ങളിലൂടെ നാം കടന്നുപോയേ പറ്റൂ. കാറ്റും കോളും വന്ന് സമുദ്രം ഇളകിമറിയുമ്പോള്‍ കപ്പല്‍ യാത്രികരുടെ നെഞ്ചിടിപ്പ് കൂടാറുണ്ട്. എന്നാല്‍ ഇളം കാറ്റിന്റെ കുളിര്‍മയില്‍ തടാകംപോലെ സമുദ്രം ശാന്തമായാല്‍ കൂടെ യാത്രികരുടെ മനസ്സും ശാന്തമാകും.
പ്രതിസന്ധികളില്‍ നിന്ന് പ്രതീക്ഷകളിലേക്ക് വഴിമാറാവുന്നതാണ് നമ്മുടെ ജീവിതയാത്ര. ആപത്തുകള്‍ക്ക് അല്പായുസ്സേയുള്ളൂവെന്ന് മനസ്സിലുറപ്പിച്ച് നോക്കൂ. ആശങ്കകളെല്ലാം ആശകള്‍ക്ക് വഴിമാറുന്ന അത്ഭുതമായിരിക്കും അപ്പോള്‍ ജീവിതത്തില്‍ സംഭവിക്കുന്നത്. തീര്‍ച്ചയായും ക്ലേശം സഹിക്കേണ്ട നിലയിലാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. (90:4). അതോടൊപ്പം ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കുമെന്നതും അല്ലാഹു നല്‍കുന്ന സുവാര്‍ത്തയാണ്. (94:5)
എവറസ്റ്റ് കീഴടക്കിയ ടെന്‍സിങ് എന്ന പര്‍വതാരോഹണ വിദഗ്ധന്റെ ജീവിത കഥ ഓര്‍മവരുന്നു. കിഴക്കേ നേപ്പാൡല കുഗ്രാമത്തിലാണ് ടെന്‍സിങ് ജനിച്ചത്. ദാരിദ്ര്യത്തിന്റെ ദുരിതം പേറിയുള്ള ജീവിതം കൊണ്ട് അദ്ദേഹം പൊറുതിമുട്ടി. കൗമാരപ്രായത്തില്‍ വീട് വിട്ടിറങ്ങി. അലച്ചിലിനൊടുവില്‍ എത്തിപ്പെട്ടത് വിദഗ്ധരായ പര്‍വതാരോഹകരുടെ സംഘത്തിലാണ്. കഷ്ടപ്പാടിന്റെ നോവുണ്ടെങ്കിലും കഠിനാധ്വാനത്തില്‍ നിന്ന് ടെന്‍സിങ് പിന്മാറിയില്ല. നിരന്തരപരിശീലനത്തിലൂടെ പര്‍വതാരോഹണത്തില്‍ വൈദഗ്ധ്യം നേടി. എവറസ്റ്റ് കൊടുമുടി കീഴടക്കിയ പര്‍വതാരോഹകന്‍ എന്ന ഖ്യാതിക്ക് അദ്ദേഹം അര്‍ഹനായി.
പ്രതിസന്ധികളില്‍ മനംനൊന്ത് പിന്‍വാങ്ങുന്നവര്‍ക്ക് പരാജയം സമ്മതിക്കേണ്ടിവരും. പ്രശ്‌നങ്ങളെ അതിജീവിക്കുന്നവരാണ് വികാസത്തിന്റെ വിജയപാതമെരുക്കിയെടുക്കുന്നത്. പ്രസിദ്ധമായ ഇംഗ്ലീഷ് പഴമൊഴി ഇങ്ങനെയാണ്: ”ശാന്തമായ സമുദ്രം ഒരിക്കലും വിദഗ്ധനായ നാവികനെ സൃഷ്ടിക്കുന്നില്ല”

Back to Top