മനസംസ്‌കരണത്തിലൂന്നിയ ഖുര്‍ആനിന്റെ ശിക്ഷണം
സി കെ റജീഷ്
ത്വാബിഉകളില്‍ പ്രമുഖനാണ് ഉര്‍വത്ബ്‌നു സുബൈര്‍(റ). അദ്ദേഹത്തിന് മദീനയില്‍ ഈത്തപ്പനകള്‍ കൊണ്ട് സമൃദ്ധമായ ഒരു തോട്ടമുണ്ടായിരുന്നു. അതിന്റെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. ഇടതൂര്‍ന്ന വൃക്ഷലതാദികള്‍ അതിന്റെ മനോഹാരിതക്ക് മാറ്റ് കൂട്ടുന്നു. കുലച്ചു നില്‍ക്കുന്ന ഈത്തപ്പനകള്‍ മുടങ്ങാതെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കുന്ന ഈ തോട്ടത്തിനരികില്‍ ഉര്‍വ ഇടക്കിടക്ക് വന്ന് നില്‍ക്കും. നാല്‍ക്കാലികള്‍ കടന്നുകയറിയോ, കുട്ടികള്‍ കുസൃതി കാട്ടിയോ തോട്ടത്തിലെ വിള നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതായി അദ്ദേഹം മനസ്സിലാക്കി. പഴങ്ങള്‍ പാകമാകുന്നത് വരെ അവയെ സംരക്ഷിക്കാന്‍ ഒരു മതില്‍ കെട്ടി തിരിച്ചു. ഫലം കൊയ്‌തെടുക്കാനാവുമ്പോള്‍ മതിലുകള്‍ അദ്ദേഹം തകര്‍ക്കും. നാല്‍ക്കാലികളും ജനങ്ങളും ഒക്കെ യഥേഷ്ടം തോട്ടത്തില്‍ കടന്ന് ആവശ്യമുള്ളത് തിന്നും. ആവശ്യക്കാര്‍ പറ്റിച്ച് കൊണ്ടുപോകുകയും ചെയ്യും. യാതൊരു പരിഭവവുമില്ലാതെ ഉടമ അതെല്ലാം നോക്കിനില്‍ക്കും. തോട്ടത്തില്‍ പ്രവേശിക്കുമ്പോഴേക്കും ഉര്‍വയുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് സൂറത്തുകഹ്ഫില്‍ പരാമര്‍ശിക്കപ്പെട്ട തോട്ടക്കാരന്റെ കഥയാണ്. ദൈവികാനുഗ്രഹമായി കിട്ടിയ ആ വിളവെല്ലാം അനശ്വര വിഭവങ്ങളാണെന്ന് പോലും ചിന്തിച്ചുപോയ ആ തോട്ടക്കാരന്റെ പതനവും ഖുര്‍ആന്‍ (18:46) പറഞ്ഞുതരുന്നു. അതുകൊണ്ട് ഉര്‍വ പഴുത്ത് പാകമായി നില്‍ക്കുന്ന ഈത്തപ്പഴങ്ങള്‍ പറിച്ചെടുക്കാന്‍ തന്റെ തോട്ടത്തിലേക്ക് കയറുമ്പോള്‍ സൂറത്ത് കഹ്ഫിലെ 39-ാം വചനം ആവര്‍ത്തിച്ച് ഉരുവിടുമായിരുന്നു.
‘നീ നിന്റെ തോട്ടത്തില്‍ കടന്ന സമയത്ത്, ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ. അല്ലാഹുവെകൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല എന്ന് നിനക്ക് പറഞ്ഞുകൂടായിരുന്നോ? (18:39)
ഉദാരതയുടെ ഉത്തമ ഉദാഹരണമായിരുന്ന ഉര്‍വത്ബ്‌നു സുബൈറി(റ)ന്റെ മനസ്സില്‍ അത്രമേല്‍ ആഴത്തില്‍ വിശുദ്ധ ഖുര്‍ആന്‍ സ്വാധീനിച്ചിരുന്നു. പഠിച്ചറിഞ്ഞ കാര്യങ്ങളെ പ്രാവര്‍ത്തികമാക്കാന്‍ ആവേശം കാണിച്ചുകൊണ്ട് ഉര്‍വ(റ) വിശുദ്ധ ഖുര്‍ആനുമായി ഹൃദയബന്ധം സദാ നിലനിര്‍ത്തി. അറിവിനെ കര്‍മമായി പരിവര്‍ത്തിപ്പിക്കാന്‍ മാത്സര്യബുദ്ധി കാണിച്ചിരുന്ന പൂര്‍വികരായ സച്ചരിതര്‍ വിശുദ്ധ ഖുര്‍ആനിലെ വചനങ്ങളെ നെഞ്ചിലേറ്റിയവരായിരുന്നു.
വിശുദ്ധ ഖുര്‍ആനായിരുന്നു അവരുടെ ജീവിതത്തിന്റെ വഴിയും വെളിച്ചവും. ഖുര്‍ആനിന്റെ ശിക്ഷണ വലയത്തില്‍ ജീവിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ വഴികാണിച്ചുകൊണ്ടേയിരിക്കും. ആധി കൂടുമ്പോള്‍ പോലും ആശ്വാസത്തിന്റെ തുരുത്ത് വേദവായനയിലൂടെ അനുഭവിച്ചവരാണവര്‍.
എന്നാല്‍ ഖുര്‍ആന്‍ പഠനത്തില്‍ ശ്രദ്ധിക്കുകയും ഒരു വേള ഖുര്‍ആന്‍ സൃഷ്ടിച്ച വിപ്ലവത്തെക്കുറിച്ച് വാചാലരാവുകയും ചെയ്യുന്നവര്‍ വരെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന സംസ്‌കരണ വഴിയിലേക്ക് വരാത്തതിന് കാരണമെന്താണ്? ഖുര്‍ആന്‍ അവരുടെ ജീവിതത്തെ സ്വാധീനിക്കാത്ത വിധം അവര്‍ പെരുമാറാന്‍ കാരണമെന്താണ്? താബിഉകളില്‍ പ്രമുഖനായ ഹസന്‍ ബസ്വരി ഇതിന് മറുപടി നല്‍കുന്നത് ഇപ്രകാരമാണ്.
‘ഖുര്‍ആന്‍ വചനങ്ങള്‍ നാവ് കൊണ്ട് മൊഴിയുന്നവരുടെ പോലും മനസ്സ് വേണ്ടത്ര സംസ്‌ക്കരിക്കപ്പെടാതെ പോകുന്നത്, ഉള്ളുണര്‍ത്തിക്കൊണ്ടുള്ള ഖുര്‍ആന്‍ വായനയുടെ അഭാവമാണ്. ഓരോ വചനം ഓതുമ്പോഴും കരുണാവാരിധിയായ റബ്ബ് തന്റെ മനസ്സിനോടും ബുദ്ധിയോടും ആണ് സംവദിക്കുന്നതെന്ന് ചിന്തിക്കണം. അപ്പോള്‍ സ്വന്തം ജീവിതത്തില്‍ ചിലത് തിരിച്ചറിയാനും മറ്റു ചിലത് തിരുത്താനുമുണ്ടെന്ന് ഓരോ വായനയും നമ്മെ ബോധ്യപ്പെടുത്തുന്നു. ഖുര്‍ആനിലെ കല്പനകളും വിരോധങ്ങളും ശാസനകളും ഉപദേശങ്ങളും സംസ്‌കരണത്തിന്റെ സംശുദ്ധ ജീവിതപാത നമ്മുടെ മുമ്പില്‍ വരച്ച് കാണിച്ചുതരണമെങ്കില്‍ സ്വന്തം ജീവിത പരിസരവുമായി ചേര്‍ത്തുവെച്ച് ഖുര്‍ആനിക വായന നടത്തണം. ഇവ്വിധം ഖുര്‍ആനിന്റെ പഠിതാവാകുന്നവര്‍ക്ക് ശിക്ഷണത്തിന്റെ മൂല്യസ്രോതസ്സായി അത് അവരുടെ മനം കവരുക തന്നെ ചെയ്യും.
ഖുര്‍ആന്‍ ശിക്ഷണ ഗ്രന്ഥം
പോഷണത്തിലൂടെയും ശിക്ഷണത്തിലൂടെയും വളര്‍ച്ചയുടെയും വികാസത്തിന്റെയും പടവുകള്‍ ചവിട്ടിക്കയറാനുള്ള പ്രാപ്തി മനുഷ്യനുണ്ട്. സമയോചിതവും സമീകൃവുമായ പോഷണവും പരിശീലനവും അതിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും പരിപക്വതയിലേക്ക് നയിക്കുന്നു. വളര്‍ച്ച എന്നത് ശരീരത്തിനുണ്ടാകുന്ന അളവുപരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ വികാസം വ്യക്തിത്വത്തിന്റെ വിവിധ മേഖലകളില്‍ ജീവിതത്തിലുടനീളം നടക്കുന്ന മാറ്റങ്ങളാണ്. അനുസ്യൂതവും ക്രമീകൃതവുമായ ഈ മാറ്റത്തിന് സാമൂഹികവും വൈജ്ഞാനികവും വൈകാരികവും ഭാഷാപരവും ബുദ്ധിപരവുമായ തലങ്ങളുണ്ട്. ഉപകാരപ്രദമായ വിജ്ഞാനത്തിലൂടെയും ഉള്‍ക്കാഴ്ചയുള്ള ചിന്തയിലൂടെയും വ്യക്തിത്വവികാസത്തിനുതകുന്ന സംസ്‌കരണ മൂല്യങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ പകര്‍ന്നു നല്‍കുന്നത്. വിശ്വാസ ബന്ധിതമായുള്ള ഈ സംസ്‌കരണ പാഠങ്ങള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കണമെങ്കില്‍ ഉറ്റാലോചനയോട് കൂടിയ വായന വേണം. മനുഷ്യബുദ്ധിയോടും മനസ്സിനോടും ഒരേ സമയം സംവദിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ മനുഷ്യന്റെ വൈജ്ഞാനിക തലത്തെ പോഷിപ്പിക്കുന്ന ഉപകാരപ്രദമായ അറിവുകളും മാനസിക വൈകാരിക തലത്തെ സ്വാധീനിക്കുന്ന സ്വഭാവ സംസ്‌ക്കരണമൂല്യങ്ങളും പകര്‍ന്നുനല്‍കുന്നു. ഭാഷാസാഹിത്യത്തില്‍ പ്രാവീണ്യവും പാണ്ഡിത്യവുമുള്ളവര്‍ക്ക് അതിലെ പദവിന്യാസങ്ങളും ശൈലി പ്രയോഗങ്ങളും വര്‍ണനകളും അതീവ ഹൃദ്യമാകുകയും ചെയ്യുന്നു. ഓരോ ഖുര്‍ആന്‍ സൂക്തങ്ങളും മൂന്ന് തലത്തിലൂന്നിയ വായനയിലൂടെ പഠിതാവിനെ സ്വാധീനിക്കണമെന്ന് ഇമാം സുയൂത്വി ‘അല്‍ ഇത്ഖാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഒന്ന്, ഭാഷാസാഹിത്യ തലം (അല്‍ജാനിബല്ലുഗവിവല്‍അദബി). രണ്ട്, ബൗദ്ധിക വൈജ്ഞാനിക തലം (അല്‍ജാനിബുദ്ദിഹ്‌നിവല്‍ മഗ്‌റഫീ). മൂന്ന്, സംസ്‌ക്കരണ ശിക്ഷണതലം (അല്‍ജാനിബു ത്തര്‍ബവി) (അല്‍ ഇത്ഖാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍ 167). ഈ മൂന്ന് തലത്തിലൂന്നിയ ഖുര്‍ആന്‍ വായന പൂര്‍ണമാകണമെങ്കില്‍ ചിന്തയും ഉള്‍ക്കാഴ്ചയും അനിവാര്യമാണ്. മനുഷ്യരുടെ ബൗദ്ധിക വൈജ്ഞാനിക നിലവാരവും ഭാഷാസാഹിത്യത്തിലുള്ള പ്രാവീണ്യവുമൊക്കെ വ്യത്യസ്ത തോതിലായിരിക്കും. എങ്കിലും ഏതൊരാള്‍ക്കും ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് മനസ്സിനെ സംസ്‌ക്കരിക്കുന്ന മൂല്യങ്ങളെ മനസ്സിലാക്കിയെടുക്കാന്‍ പ്രയാസമേതുമുണ്ടായിരിക്കില്ല. പരിശുദ്ധ ഖുര്‍ആനിന്റെ അവതരണാരംഭം കുറിക്കപ്പെട്ട ആദ്യ സൂക്തം (96:1) ഭ്രൂണ ശാസ്ത്രജ്ഞന് ന്ല്‍കുന്ന വൈജ്ഞാനിക സൂചനകള്‍ ചിന്തയിലൂന്നിയ വായന മനുഷ്യശരീരത്തില്‍ നിന്ന് തുടങ്ങാനുള്ള ആഹ്വാനമാണ്. അത്യുദാരനെ വാഴ്ത്താനുള്ള സംസ്‌ക്കരണ തലത്തിലേക്ക് ഈ വായനയെത്തുമ്പോഴാണ് ഖുര്‍ആനിന്റെ അവതരണ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നത്. ഖുര്‍ആനില്‍ പരാമര്‍ശിച്ച ചരിത്രം, ശാസ്ത്രം, തത്വം, നിയമം തുടങ്ങിയവയിലുമെല്ലാമുള്ള സംസ്‌ക്കരണ പാഠങ്ങള്‍ നാം പ്രാവര്‍ത്തികമാക്കുമ്പോഴാണ് ഖുര്‍ആന്‍ സന്മാര്‍ഗവും (ഹുദാ), കാരുണ്യവും (റഹ്മത്ത്) ശമനൗഷധവും (ശിഫ) ഒക്കെയായി മാറുന്നത്.
സംസ്‌കരണ തലം
അല്ലാഹുവിന് മാത്രം ആരാധന നിര്‍വഹിക്കാനാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് അല്ലാഹു (51:56) ഉണര്‍ത്തുന്നു. സ്രഷ്ടാവിന് മാത്രം സമര്‍പ്പിക്കേണ്ട ഭക്തി, താഴ്മ, വിനയം, സ്്‌നേഹം എന്നിവയുടെ പാരമ്യതയാണ് ആരാധന കൊണ്ട് അര്‍ഥമാക്കുന്നത്. മനുഷ്യമനസ്സ് ഖുര്‍ആന്‍ പഠിപ്പിക്കുന്ന സംസ്‌ക്കരണത്തിന്റെ സമുന്നത ഭാവം കൈവരിക്കുമ്പോഴാണ് ഭക്തിയിലധിഷ്ഠിതമായി ജീവിതത്തിലൂടെ അല്ലാഹുവിലേക്ക് അടുക്കുന്നത്. ആരാധനയുടെ സമസ്ത ഭാവങ്ങളും ഉള്‍ക്കൊണ്ട ജീവിതത്തിന് ഖുര്‍ആനിന്റെ ശിക്ഷണത്തില്‍ വിമലീകരിക്കപ്പെട്ട മനസ്സ് തെളിമയോടെ നിലനിര്‍ത്താനാവണം. പ്രപഞ്ചനാഥനില്‍ നിന്ന് വിശ്വസ്ത ആത്മാവായ ജിബ്‌രില്‍ മുഖേന വിശുദ്ധ ഖുര്‍ആന്‍ നബി(സ)യുടെ ഹൃദയത്തിലേക്കാണ് അവതരിച്ച് കിട്ടിയതെന്നാണ് (26:194) അല്ലാഹു വ്യക്തമാക്കിത്തരുന്നത്. വിശ്വാസവും സംസ്‌ക്കരണ ചിന്തയുമൊക്കെ ബീജാവാപം കൊള്ളേണ്ട മനസ്സിന്റെ തലത്തെ സ്പര്‍ശിച്ചുകൊണ്ടുള്ള വായനയാണ് ഖുര്‍ആന്‍ പഠനത്തില്‍ വേണ്ടത് എന്ന് ചുരുക്കം. അപ്പോള്‍ ഭക്തിയും വിനയവും സൂക്ഷ്മതയും ഖുര്‍ആനുമായി ഹൃദയ ബന്ധമുള്ളവരുടെ ജീവിത ശൈലിയായി മാറും. ഖുര്‍ആന്‍ മനസ്സില്‍ സ്വാധീനമുണ്ടാക്കിയില്ലെങ്കില്‍ ഭക്തി സ്പര്‍ശമില്ലാത്ത ജീവിതമായിരിക്കുമുണ്ടായിത്തീരുന്നത്. അബൂദര്‍ദ്ദാഅ്(റ) നിവേദനം. നബി(സ) പറഞ്ഞു. ഈ സമുദായത്തില്‍ നിന്ന് ആദ്യമായി ഉയര്‍ത്തപ്പെടുന്നത് ഭക്തിയാണ് (അത്തര്‍ഗീബ് വിത്തര്‍ഹീബ് 1:250).
മദീനയിലെത്തിയ സ്വഹാബികള്‍ക്ക് ജീവിത സൗകര്യങ്ങള്‍ അല്പം കിട്ടിയപ്പോള്‍ അവര്‍ക്കിടയില്‍ പ്രകടമായ അനാസ്ഥയെ അല്ലാഹു (57:16) ആക്ഷേപിക്കുന്നുണ്ട്. ദൈവ സ്മരണ നിലനിര്‍ത്തുന്ന വിധം ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് അവരുടെ മനസ്സ് വിനയപ്പെടാന്‍ സമയമായില്ലേ? എന്നാണ് അല്ലാഹു ചോദിക്കുന്നത്. ഖുര്‍ആനിന്റെ അവതരണം ഒരു പര്‍വതത്തിന്മേലാണ് സംഭവിച്ചതെങ്കില്‍ ആ പര്‍വതം വിനീതമാകുന്നതും ദൈവ ഭയത്തില്‍ പൊട്ടിപ്പിളരുന്നതും കാണാമായിരുന്നുവെന്ന് അല്ലാഹു (59:21) ഓര്‍മിപ്പിക്കുന്നതില്‍ ദൈവിക വചനങ്ങള്‍ ഭക്തിയിലധിഷ്ഠിതമായി നമ്മുടെ മനസ്സിനെ സംസ്‌ക്കരിച്ചെടുക്കേണ്ടതുണ്ടെന്ന് ഗ്രഹിക്കാന്‍ കഴിയും.
മനുഷ്യമനസ്സിന് സൂക്ഷ്മതയുടെയും (തഖ്‌വ) ദുഷ്ടതയുടെയും (ഫുജുര്‍) രണ്ട് ഭാവമുണ്ടെന്നാണ് ഖുര്‍ആന്‍ (91:8) പറയുന്നത്. സൂക്ഷ്മതാഭാവത്തെ പോഷിപ്പിച്ച് ദൈവിക മാര്‍ഗദര്‍ശത്തിലൂന്നിയ ശിക്ഷണത്തിലൂടെ സംസ്‌ക്കരണ പാത തെളിയിച്ചുകൊടുക്കുകയാണ് ഖുര്‍ആന്‍. തിരുത്തലിലൂടെ നന്മയുടെ നാമ്പുണര്‍ത്തുന്ന സദുപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഹൃദയം എന്ന അര്‍ഥത്തില്‍ ഖുര്‍ആനില്‍ ഖല്‍ബ്, ഫുആദ്, സ്വദ്ര്‍ തുടങ്ങിയ പദങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്.
ഇതില്‍ ഖല്‍ബ് എന്ന പദത്തോട് ബന്ധപ്പെടുത്തി മനസ്സിന്റെ സദ്ഭാവങ്ങളെയും സല്‍ഗുണങ്ങളെയും അല്ലാഹു പതിനഞ്ച് സൂക്തങ്ങളിലാ യി അറിയിച്ചിട്ടുണ്ട്. വിനയം (57:16), സൂക്ഷ്മത (22:32), മാര്‍ഗദര്‍ശനം (64:11), കൃപ, കാരുണ്യം (57:27), ഇണക്കം (8:63), ഹൃദയ വിശാലത (39:22), ശാന്തത (26:89), ഖേദമനസ്സ് (50:33), വിശുദ്ധി (5:41), സുദൃഢത (8:11), ചിന്ത (22:46), ശാന്തി (13:28), താഴ്മ (22:54), സത്യവിശ്വാസത്തോടുള്ള പ്രിയം (49:7), സമാധാനം കൈവരല്‍ (48:4), സമ്പാദനം (2:225) എന്നിവയാണവ. വിശ്വാസത്തിന്റെ അകബലത്തില്‍ മനസ്സിന്റെ ഈ സദ്ഭാവങ്ങളെ പോഷിപ്പിക്കാനുതകുന്ന ശിക്ഷണമാണ് ഖുര്‍ആന്‍ നല്‍കുന്നത്. ക്വല്‍ബ് എന്ന പദത്തോട് ബന്ധപ്പെടുത്തി തന്നെ മനസ്സിന്റെ ദുഷ്ട ഭാവങ്ങളെയും ദുര്‍ഗുണങ്ങളെയും അല്ലാഹു പതിനെട്ട് സൂക്തങ്ങളിലായി വ്യക്തമാക്കിത്തന്നിട്ടുണ്ട്. മനസ്സിലെ കറ (83:14), അശ്രദ്ധ (18:28), രോഗം (2:10), മുദ്ര (2:7), ഭയം (3:151), വക്രത (3:8), അന്ധത (22:46), മാറിമറിക്കല്‍ (6:110), വെറുപ്പ് പ്രകടിപ്പിക്കല്‍ (39:45), പൂട്ടിയിടല്‍ (47:24), വിശ്വാസ ദൗര്‍ബല്യം (49:14), സംശയം (9:45), ഹൃദയ കാഠിന്യം (6:43), രോഷം (9:15), വിഹാരം (21:3), കാപട്യം (9:77), നഷ്ടബോധം (3:156), ചിന്താശൂന്യത (7:179) ഇവ കൂടാതെ നഫ്‌സ്, സ്വദ്ര്‍, ഫുആദ് തുടങ്ങിയ പദങ്ങളുടെ ഏകവചന, ബഹുവചന രൂപങ്ങളിലായി മനസ്സിന്റെ സദ്ഭാവങ്ങളെയും, ദുഷ്ടഭാവങ്ങളെയും ഖുര്‍ആന്‍ വ്യക്തമാക്കിത്തരുന്നുണ്ട്. അവിശ്വാസത്തിന്റെ അഴുക്കും കാപട്യത്തിന്റെ കറയും പുരളാതെ മനസ്സിനെ നിര്‍മലവും വിശുദ്ധവുമായി നിലനിര്‍ത്താനുതകുന്ന ശിക്ഷണവും പരിശീലനവും ആണ് ഖുര്‍ആന്‍ ആധാരമാക്കിയുള്ള പഠന മനനങ്ങളിലൂടെ നേടിയെടുക്കാനാവുന്നത്.