20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

പട്ടുവസ്ത്ര വ്യാപാരിയായ മഹാപണ്ഡിതന്‍

സി കെ റജീഷ്

പട്ടുവസ്ത്രങ്ങള്‍ വില്പന നടത്തുന്ന ഒരു കട. വില്‍ക്കാനായി വെച്ചിരിക്കുന്ന വസ്ത്രങ്ങള്‍ക്കിടയില്‍ ഒരെണ്ണത്തിന് അല്പം കേടുപാടുണ്ട്. ഇതിന്റെ ന്യൂനത വെളിപ്പെടുത്തിയിട്ടേ വില്പന നടത്താവൂവെന്ന് കടയുടമ കൂട്ടുകാരനോട് ഉണര്‍ത്തി.
പട്ടുവ്യാപാരത്തിനിടയില്‍ പഠനത്തിനു കൂടി സമയം കണ്ടെത്തിയതിനാല്‍ കടയുടമ വ്യാപാരച്ചുമതല കൂട്ടുകാരനെ ഏല്പിച്ചതായിരുന്നു. തിരിച്ചുവന്നപ്പോള്‍ ന്യൂനതയുള്ള വസ്ത്രം വില്ക്കപ്പെട്ടതായി ശ്രദ്ധയില്‍പെട്ടു. ന്യൂനത വെളിപ്പെടുത്താതെയാണ് കൂട്ടുകാരന്‍ ആ വസ്ത്രം വിറ്റിരുന്നത്. കടയുടമ വന്നപ്പോഴാണ് കൂട്ടുകാരന്‍ തന്റെ അബദ്ധം തിരിച്ചറിഞ്ഞത്. ഇനിയെന്തു ചെയ്യും? കടയുടമ തന്നെ വസ്ത്രം വാങ്ങിയ ആളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ പരിഹാരമായി അതിന്റെ വില മുഴുവന്‍ ധര്‍മം നല്‍കാനുള്ള തീരുമാനത്തിലെത്തി.
ന്യായരഹിതമായി ഒരു ചില്ലിക്കാശു പോലും കൈവശം വെച്ചുകൂടായെന്ന് കണിശതയുള്ള ഈ പട്ടുവ്യാപാരി ആരാണെന്നറിയുമോ? ഹിജ്‌റ 80-ല്‍ കൂഫയില്‍ ജനിച്ച നാല് മദ്ഹബുകളില്‍ ആദ്യത്തേതായ ഹനഫീ മദ്ഹബിന്റെ ഇമാമായി ഗണിക്കപ്പെടുന്ന അബൂഹനീഫയാണ്. വ്യാപാര പാരമ്പര്യമുള്ള ധനിക കുടുംബത്തില്‍ പിറന്ന അബൂഹനീഫയുടെ ബുദ്ധിസാമര്‍ഥ്യത്തെ തിരിച്ചറിഞ്ഞത് ഇമാം ശഅബിയാണ്.
കൂഫയിലെയും ബസ്വറയിലെയും പ്രമുഖ പണ്ഡിതന്മാര്‍ക്ക് കീഴില്‍ അബൂഹനീഫ പഠനം തുടര്‍ന്നു. കച്ചവടവുമായി ബന്ധപ്പെട്ട ഇസ്്‌ലാമിക നിയമങ്ങള്‍ നന്നായി പഠിച്ചു. സത്യസന്ധത പാലിച്ചുകൊണ്ടുള്ള ആ കച്ചവടത്തില്‍ നല്ല ലാഭവും കിട്ടി. ഒരു വര്‍ഷത്തെ ചിലവിനുള്ള തുക മാറ്റിവെച്ച് മിച്ചമുള്ളത് അദ്ദേഹം ദാനം ചെയ്തു. വിഷമിക്കുന്നവരെ രഹസ്യമായി സഹായിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
ഒരു സഞ്ചിയില്‍ പണം നിക്ഷേപിച്ച് പാവപ്പെട്ടവന്റെ വീട്ടുപടിക്കല്‍ കൊണ്ടുവെച്ചുകൊടുക്കും. എന്നിട്ട് വീട്ടുടമ കേള്‍ക്കെ ഇവിടെ ഒരു സാധനം വെച്ചിട്ടുണ്ടെന്ന് വിളിച്ചുപറയും.
വിജ്ഞാന പ്രേമിയായ ഇമാം അബൂഹനീഫക്ക് ഒരു നിര്‍ബന്ധമുണ്ടായിരുന്നു. അറിവ് നേടുന്നവര്‍ ഭക്ഷണത്തിനും വസ്ത്രത്തിനും പ്രയാസപ്പെട്ടുകൂടാ എന്നതായിരുന്നു അത്. കച്ചവടത്തില്‍ കിട്ടുന്ന ലാഭം ഹദീസ് വിജ്ഞാനികളുടെ ക്ഷേമത്തിന് ഇമാം ഉപയോഗപ്പെടുത്തി.
എല്ലാവരോടും സ്‌നേഹം കാത്തുസൂക്ഷിക്കുന്ന നല്ല മനസ്സിന്റെ ഉടമയായിരുന്നു ഇമാം അബൂഹനീഫ. അദ്ദേഹത്തിന്റെ അയല്‍വാസി മുഴു കുടിയനായിരുന്നു. മദ്യപിച്ച് ലക്കുകെട്ട് രാത്രി മുഴുവന്‍ ഉച്ചത്തില്‍ പാട്ടുപാടും. പരിസരത്തുള്ളവര്‍ക്കൊന്നും അയാള്‍ കാരണം ഉറങ്ങാന്‍ കഴിയില്ല. ശല്യക്കാരനായ ഈ മദ്യപാനിയുടെ ശബ്ദം ഒരു ദിവസം കേട്ടില്ല.
അന്വേഷിച്ചപ്പോഴാണറിയുന്നത് മദ്യപാനത്തിന്റെ പേരില്‍ ഭരണാധികാരി അയാളെ ജയിലില്‍ അടച്ചിരിക്കുന്നുവെന്ന കാര്യം. ഉടന്‍ തന്നെ അബൂഹനീഫ അയല്‍വാസിയുടെ മോചനത്തിനായി ഭരണാധികാരിയെ സമീപിച്ചു. മദ്യപാനിയായിരുന്നിട്ടും തന്റെ മോചനത്തിന് ശുപാര്‍ശയുമായി വന്ന അബൂഹനീഫയുടെ ഇടപെടല്‍ ആ മനുഷ്യന്‍ മദ്യപാനം നിര്‍ത്താന്‍ കാരണമായി. വിജ്ഞാനം നേടി അയാള്‍ പണ്ഡിതനെന്ന പദവിയിലേക്കെത്തുകയും ചെയ്തു.
പ്രമാണങ്ങളെ യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊണ്ട് ബുദ്ധിപരമായും യുക്തിദീക്ഷയോടുകൂടിയും മതവിധികള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഒരിക്കല്‍ ഖലീഫ മന്‍സൂറും ഭാര്യയും തമ്മില്‍ ഒരു വാക്കുതര്‍ക്കമുണ്ടായി. മന്‍സൂര്‍ രണ്ടാം വിവാഹത്തിന് മുതിര്‍ന്നപ്പോള്‍ ഭാര്യ എതിര്‍ക്കുകയായിരുന്നു. ഈ വിഷയത്തിലുള്ള മതവിധിയായി അബൂഹനീഫ പറഞ്ഞുതരുന്നത് അംഗീകരിക്കാന്‍ ഭാര്യ തയ്യാറായിരുന്നു.
നാലുവരെ സ്ത്രീകളെ വിവാഹം കഴിക്കാന്‍ മതം അനുവദിക്കുന്നുണ്ടെന്ന് മന്‍സൂര്‍ വ്യക്തമാക്കി. നീതി പാലിക്കുമെന്ന ഉപാധിയോടു കൂടി മാത്രമാണ് ഇതനുവദിക്കപ്പെട്ടതെന്ന് ഇമാം ബോധ്യപ്പെടുത്തി. ഒടുവില്‍ വിവാഹശ്രമത്തില്‍ നിന്നും ഖലീഫ പിന്മാറി.
ഇമാമിന്റെ ഫത്‌വ ഖലീഫയുടെ ഭാര്യയെ സന്തോഷിപ്പിച്ചു. തനിക്കനുകൂലമായി ഫത്‌വ നല്‍കിയതിലുള്ള സന്തോഷത്താല്‍ കുറെ സമ്മാനങ്ങള്‍ ഭാര്യ ഇമാമിന് അയച്ചുകൊടുത്തു. അബൂഹനീഫ അവ നിരസിച്ച് ഇങ്ങനെ പ്രതികരിച്ചു: ”ഞാന്‍ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിയാണ്, ആരെയും പ്രീണിപ്പിക്കാനല്ല ഈ ഫത്‌വ നല്‍കിയത്.”
പ്രമാണങ്ങള്‍ക്കു നിരക്കാത്തവിധം തെറ്റായ ഫത്‌വകള്‍ പുറപ്പെടുവിക്കുന്ന പണ്ഡിതന്മാരെ വിമര്‍ശിക്കാന്‍ തെല്ലും സങ്കോചം അബൂഹനീഫക്കുണ്ടായിരുന്നില്ല. ശരിയാണെന്ന് ബോധ്യപ്പെട്ട കാര്യം വെട്ടിത്തുറന്നു പറയാന്‍ അദ്ദേഹത്തിന് അസാമാന്യ ധീരതയായിരുന്നു. അബ്ബാസികളുടെ എതിരാളികളായ അലവികളെ തള്ളിപ്പറയാന്‍ ഇമാം കൂട്ടാക്കാത്തതിനാല്‍ അദ്ദേഹത്തെ മുര്‍തദ്ദ് (മതഭ്രഷ്ടന്‍) ആയി മുദ്രകുത്തി. സര്‍ക്കാറുദ്യോഗം നല്‍കി അദ്ദേഹത്തെ വശത്താക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹമത് നിരസിച്ചു. ഭരണകൂടത്തിനെതിരെ മതവിധി നല്‍കിക്കൊണ്ടിരുന്ന അദ്ദേഹത്തെ അവര്‍ ജയിലിലടച്ചു. തലപൊട്ടും വിധം ശക്തമായി അദ്ദേഹത്തെ അടിച്ചുകൊണ്ടേയിരുന്നു.
ആ സമയത്ത് ഇമാം തേങ്ങിക്കരഞ്ഞു. അടിയുടെ വേദനയായിരുന്നില്ല, സ്‌നേഹനിധിയായ മാതാവിനെക്കുറിച്ചുള്ള ഓര്‍മകളായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകളെ ഈറനണിയിച്ചത്. മരണവുമായി മല്ലടിക്കുമ്പോഴും ധീര ശബ്ദത്തില്‍ ആ പണ്ഡിതന്‍ അന്ത്യോപദേശമായി പറഞ്ഞുകൊണ്ടേയിരുന്നു: ”ഭരണാധികാരികള്‍ അന്യായമായി കൈവശപ്പെടുത്തിയ ഒരു മണ്ണിലും തന്നെ മറവ് ചെയ്യരുതേ.”
ഹിജ്‌റ 150-ല്‍ മരണപ്പെട്ട ഇമാം അബൂഹനീഫ ഫിഖ്ഹ് നിയമ വിജ്ഞാനരംഗത്ത് മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. 52 വര്‍ഷം ഉമവീ ഭരണത്തിലും 18 വര്‍ഷം അബ്ബാസി ഭരണത്തിലും ജീവിച്ച ഈ പണ്ഡിതപ്രതിഭയുടെ പ്രസിദ്ധ കൃതിയാണ് അല്‍ഫിഖ്ഹുല്‍ അക്ബര്‍. മുസ്‌നദ് അബീഹനീഫ എന്ന മറ്റൊരു ഗ്രന്ഥവും അദ്ദേഹത്തിന്റെ പേരിലുണ്ട്.`

Back to Top