ശീലങ്ങള്‍ നമ്മെ നിയന്ത്രിക്കാതിരിക്കട്ടെ
സി കെ റജീഷ്
പാല്‍ വില്പനക്കാരനാണ് അയാള്‍. പാലില്‍ വെള്ളം ചേര്‍ത്ത് മാത്രമേ അയാള്‍ വില്‍ക്കൂ. ഒരു ദിവസം സുഹൃത്ത് അയാളോട് ചോദിച്ചു. ‘താങ്കളെന്തിനാണ് പാലില്‍ വെള്ളം ചേര്‍ക്കുന്നത്?’ അയാള്‍ പറഞ്ഞു: ‘കൂടുതല്‍ ലാഭം കിട്ടാന്‍’. സുഹൃത്ത്: അത് വഞ്ചനയാണ്. ഞാന്‍ ഒരു പാത്രം പാല്‍ കൂടുതല്‍ തരാം. അയാള്‍ക്ക് സന്തോഷമായി. അല്പനേരം ആലോചിച്ചു. സുഹൃത്ത് ചോദിച്ചു: ‘ഇനിയെന്താണ് പ്രശ്‌നം?’. അയാള്‍ പറഞ്ഞു: ‘എനിക്ക് ഒരു പാത്രം വെള്ളം കൂടി തരുമോ?’ പാല്‍ക്കാരന്റെ ആവശ്യം കേട്ട് സുഹൃത്ത് ചിരിച്ചു.
ശീലങ്ങളുടെ തടവറയില്‍ കഴിയുന്നവരാണ് മനുഷ്യര്‍. നിയന്ത്രിക്കാനാവാത്ത തഴക്കദേശങ്ങളില്‍ നിന്നാണ് എല്ലാ തകര്‍ച്ചയുടെയും തുടക്കം. ഒരു ഹരത്തിനുവേണ്ടി തുടങ്ങിയത് താല്ക്കാലിക സുഖം നേടിത്തരുമ്പോള്‍ അത് ദുശ്ശീലങ്ങളായി മാറുന്നു. ആ ദുശ്ശീലങ്ങളാകട്ടെ, പിന്നീട് ദിനചര്യയുടെ ഭാഗമായി മാറുന്നു. നാം ശീലങ്ങളെ നിയന്ത്രിക്കുന്നതിനുപകരം ശീലങ്ങള്‍ നമ്മെ നിയന്ത്രിച്ചാല്‍ അവയുടെ അടിമത്തത്തില്‍ നിന്ന് മോചിതരാവാന്‍ നമുക്ക് കഴിയില്ല.
ശീലങ്ങളുടെ ആകെത്തുകയാണ് നമ്മുടെ സ്വഭാവം. ശീലങ്ങള്‍ വളരുമ്പോഴാണ് അവ സ്വാഭാവികമായി മാറുന്നത്. നമുക്കൊരു ശീലമുണ്ടെന്ന് മനസ്സിലാക്കുന്നതിനു മുമ്പെ അത് നമ്മെ കീഴ്‌പ്പെടുത്തുന്നു. സാഹചര്യങ്ങളും സൗഹൃദങ്ങളുമൊക്കെയാണ് മനോഭാവങ്ങളെ സൃഷ്ടിക്കുന്നത്. മനോഭാവങ്ങള്‍ പതിയെ ശീലങ്ങളായി മാറുകയും ചെയ്യുന്നു. ഹിതകരമല്ലാത്ത ശീലങ്ങളെ തിരുത്തേണ്ടത് മനസ്സിനെ നവീകരിച്ചുകൊണ്ടാണ്. എല്ലാ തിരുത്തുകളും തുടങ്ങേണ്ടത് വേരില്‍ നിന്നോ വിത്തില്‍ നിന്നോ ആവണം. വിളവിനെ മാത്രം പഴിച്ച് തിരുത്തിയാല്‍ ചില പുഴുക്കുത്തുകളൊക്കെ വീണ്ടും പ്രത്യക്ഷപ്പെടും. പരപ്രേരണയല്ല, ഉള്‍പ്രേരണയാണ് ശീലങ്ങളെ മാറ്റിപ്പണിയാനുള്ള പോംവഴി.
ജീവിതപരിസരവുമായി വളരെ വേഗത്തില്‍ മനുഷ്യ മനസ്സ് പരുവപ്പെടുന്നു. പ്രസിദ്ധ റഷ്യന്‍ ശാസ്ത്രജ്ഞനായ പാവ്‌ലോവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ മണി മുഴക്കുക പതിവായിരുന്നു. മണിനാദം കേട്ടാല്‍ നായ്ക്കള്‍ ഉമിനീരൊഴുക്കും. ഇത് പതിവായപ്പോള്‍ പാവ്‌ലോവ് മണിമുഴക്കി ഭക്ഷണം നല്‍കാതിരുന്നു. പക്ഷേ നായ്ക്കള്‍ മണിമുഴക്കത്തോടൊപ്പം ഭക്ഷണം പ്രതീക്ഷിക്കുന്ന അവസ്ഥയിലേക്ക് പരുവപ്പെട്ടിരുന്നു. സാഹചര്യങ്ങളുടെ സ്വാധീനവലയത്തില്‍ മനുഷ്യ മനസ്സും പരുവപ്പെട്ട് യന്ത്ര മനുഷ്യരെപ്പോലെയാവുന്നു.
നന്മയുടെ വഴിയില്‍ മനസ്സിനെ പരുവപ്പെടുത്തിയാല്‍ സൂകൃതങ്ങള്‍ ജീവിതത്തിലെ സ്വാഭാവികമായ ശീലങ്ങളായി മാറും. വളരുന്ന സാഹചര്യങ്ങളിലെ അനുഭവങ്ങളാണ് ശീലങ്ങളെ രൂപപ്പെടുത്തുന്നത്. വളരുന്ന ഇടങ്ങള്‍ നമ്മെ വഴിതെറ്റിക്കുന്നതാകരുത്. അപ്പോള്‍ ഹിതകരമല്ലാത്ത ശീലങ്ങളുടെ വളര്‍ച്ച നമുക്ക് തടയാനുമാവും.
അരുതെന്ന് പറഞ്ഞതിനോട് അകലം പാലിക്കാനല്ല, അടുപ്പം കൂടാനാണ് മനുഷ്യ മനസ്സ് വെമ്പുന്നത്. ‘ചൊട്ടയിലെ ശീലം ചുടലവരെ’ എന്നാണല്ലോ ചൊല്ല്. തിന്മയുടെ ദൂഷിത വലയത്തില്‍ പെട്ട് പോകാതിരിക്കാന്‍ ശീലങ്ങളെ മുളയിലേ നുള്ളിക്കളയുകയാണ് വേണ്ടത്. തിന്മകളിലേക്കും പ്രലോഭനങ്ങളെ അതിജീവിക്കാന്‍ നമുക്കുള്ള ഉള്‍ക്കരുത്ത് ആത്മനിയന്ത്രണമാണ്. അതാണ് അച്ചടക്കമുള്ള ജീവിതത്തിന്റെ അന്തസ്സത്ത. നബി(സ)യുടെ ഈ വാക്കുകള്‍ കൂടി ഓര്‍ക്കുക. ‘സ്വന്തത്തെ വിചാരണ ചെയ്ത് കീഴടക്കുകയും മരണാനന്തരത്തിന് (സൗഭാഗ്യത്തിന്) വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാന്‍. സ്വന്തത്തെ അതിന്റെ ഇച്ഛാനുസാരം ചലിപ്പിക്കുകയും അല്ലാഹുവിന്റെ പേരില്‍ വ്യാമോഹം വെച്ചുപുലര്‍ത്തുകയും ചെയ്തവനാണ് ദുര്‍ബലന്‍ (അഹ്മദ്)