1 Tuesday
July 2025
2025 July 1
1447 Mouharrem 5

മണ്ണും പൊടിയും ഇളക്കി സ്വര്‍ണം ഖനനം ചെയ്യുന്നവര്‍

സി കെ റജീഷ്





ആന്‍ഡ്രൂ കാര്‍ണേയെക്കുറിച്ച് കേട്ടിട്ടുണ്ടോ? 1835-ല്‍ സ്‌കോട്ട്‌ലാന്റിലായിരുന്നു കാര്‍ണേയുടെ ജനനം. കുട്ടിക്കാലത്ത് നാടുവിട്ട് അമേരിക്കയിലെത്തി. ചെറിയ വരുമാനമുള്ള പല ജോലികളും ചെയ്ത് അവിടെ ജീവിച്ചു. പിന്നീട് ഉരുക്ക് വ്യവസായ മേഖലയിലേക്ക് തിരിഞ്ഞു. പിന്നീടദ്ദേഹം അമേരിക്കയില്‍ ഏറ്റവും പ്രശസ്തമായ ഉരുക്കു വ്യവസായ ശൃംഖലയുടെ ഉടമസ്ഥനായി മാറി. വലിയ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായി മാറിയപ്പോഴും ആന്‍ഡ്രൂ കാര്‍ണെ ജനപ്രീതി നേടിയ മനുഷ്യസ്‌നേഹിയായി വാഴ്ത്തപ്പെട്ടു.
ഒരിക്കല്‍ കാര്‍ണെയോട് സുഹൃത്ത് ചോദിച്ചു: ”വ്യത്യസ്ത സ്വഭാവക്കാരായ അനേകം മനുഷ്യരോട് താങ്കള്‍ എങ്ങനെയാണ് ഇടപഴകുന്നത്?”
കാര്‍ണെയുടെ മറുപടി ഏറെ ചിന്തനീയമായിരുന്നു: ”മനുഷ്യരോട് ഇടപഴകുന്നത് സ്വര്‍ണം ഖനനം ചെയ്യുന്നതു പോലെയാണ്. ഒരൗണ്‍സ് സ്വര്‍ണം കുഴിച്ചെടുക്കണമെങ്കില്‍ ടണ്‍ കണക്കിന് പൊടിയും മണ്ണും ഇളക്കി മാറ്റണം. എന്നാല്‍ നമ്മള്‍ ഖനനം ചെയ്യുമ്പോള്‍ തിരയുന്നത് മണ്ണല്ല, സ്വര്‍ണമാണ്. ഇടപഴകുന്ന മനുഷ്യരിലും അഭിമുഖീകരിക്കുന്ന സന്ദര്‍ഭങ്ങളിലും അന്തര്‍ലീനമായ നന്മയാണ് നാം കണ്ടെത്തേണ്ടത്.”
ഓരോ മനുഷ്യരിലും നന്മയുടെ ഭാവങ്ങളുണ്ട്. അപരനിലുള്ള തിന്മ ചികയാതെ നന്മയെ അറിഞ്ഞ് പെരുമാറി നോക്കൂ. ഹൃദ്യമായ ഒരു ബന്ധത്തിലേക്ക് അത് വാതില്‍ തുറക്കും. പെരുമാറ്റം ഒരു കലയാണ്. പ്രസംഗവും പാചകവും പൂന്തോട്ട നിര്‍മാണവും പോലെ നൈപുണി ആവശ്യമുള്ള കല. നാം ഇടപഴകുന്നവരിലുള്ള നന്മയെ കാണാനുള്ള അവധാനതയുണ്ടാവണം. ഓരോരുത്തരുടെയും പ്രകൃതമറിഞ്ഞ് പെരുമാറാന്‍ കഴിഞ്ഞാല്‍ ആരും നമുക്ക് അപ്രിയരാവില്ല.
വ്യക്തികള്‍ പല പ്രകൃതക്കാരാണ്. ആര്‍ദ്രതയും പാരുഷ്യവുമൊക്കെ പ്രകടിപ്പിക്കുന്നതാണ് മനുഷ്യന്റെ മനസ്സ്. ചിലപ്പോഴത് കോപാന്ധതയില്‍ തിളച്ച് മറിയും. കാരുണ്യത്തിന്റെ ഉറവ പൊട്ടിയൊഴുകാനും അധിക സമയം വേണ്ടി വരില്ല. വിവേകിയായ മനുഷ്യരില്‍ നിന്ന് തന്നെ വിദ്വേഷം വമിക്കുന്ന വാക്കുകള്‍ കേള്‍ക്കേണ്ടി വന്നേക്കാം. ഗുണദോഷങ്ങളേറെയുള്ളവരാണ് എല്ലാവരും. നാം ഇടപഴകുന്നവരിലുള്ള ഗുണങ്ങളെ നാമുള്‍ക്കൊള്ളുമ്പോള്‍ തന്നെ, ദോഷങ്ങളെ മറക്കാനും പൊറുക്കാനും കഴിഞ്ഞാലേ, ആ ബന്ധത്തിന് ഊഷ്മളതയുണ്ടാവുകയുള്ളൂ.
ഒരിക്കല്‍ ഒരാള്‍ ഭാര്യയുമായി പിണങ്ങി. അവളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നന്വേഷിക്കാന്‍ ഖലീഫ ഉമറിനെ(റ) സമീപിച്ചു. അയാള്‍ ഉമറിന്റെ(റ) വീട്ടു പടിക്കലെത്തി. വാതിലില്‍ മുട്ടാന്‍ ഒരുങ്ങുമ്പോഴാണ് അകത്തു നിന്ന് ഒരു ആക്രോശം കേട്ടത്. ഉമറിന്റെ(റ) പത്‌നി അദ്ദേഹത്തോട് കയര്‍ക്കുകയാണ്. ഉമറാകട്ടെ ശാന്തനായി എല്ലാം കേട്ടിരിക്കുന്നു. ആഗതന്‍ ആശ്ചര്യത്തോടെ തിരിഞ്ഞു നടന്നു.
പക്ഷേ, വാതിലിനടുത്ത് ആള്‍പെരുമാറ്റം കേട്ട ഉമര്‍(റ) പുറത്ത് വന്ന് അയാളെ വിളിച്ച് കാര്യമന്വേഷിച്ചു. അയാള്‍ പറഞ്ഞു: ”അമീറുല്‍ മുഅ്മിനീന്‍, എന്റെ ഭാര്യയെപ്പറ്റി പരാതി പറയാന്‍ വന്നതാണ് ഞാന്‍. പക്ഷേ, താങ്കളുടെ പത്‌നി താങ്കളുടെ നേരെ ആക്രോശിക്കുന്നത് കേട്ട് ഞാന്‍ തിരിച്ചു പോകുകയാണ്.”
ഉമര്‍(റ) അയാളെ സാന്ത്വനിപ്പിച്ചു പറഞ്ഞു: ”അവള്‍ എന്റെ ഇണയും ജീവിത പങ്കാളിയുമാണ്. എനിക്ക് ഭക്ഷണം തയ്യാറാക്കുന്നവളും എന്റെ വസ്ത്രം അലക്കുന്നവളുമാണ്. അവളുടെ ചില പോരായ്മകള്‍ സഹിക്കുന്നതില്‍ എന്ത് തകരാറാണുള്ളത്?”
പ്രിയപ്പെട്ടവരില്‍ നിന്ന് വല്ലപ്പോഴുമുണ്ടാകുന്ന അപ്രിയ കാര്യങ്ങളെ അവഗണിച്ച് നാം പെരുമാറിയാല്‍ പിണക്കങ്ങള്‍ക്ക് പോലും അല്പായുസ്സേ ഉണ്ടാകൂ. ആളുകളുടെ പ്രകൃതമറിഞ്ഞ് പെരുമാറുന്നവര്‍ക്ക് മനസ്സിലൊരിടം നല്‍കാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക? പൊടിയും മണ്ണും ഇളക്കി സ്വര്‍ണം ഖനനം ചെയ്‌തെടുക്കുന്നതുപോലെ ശ്രമകരം തന്നെയാണ് നാം ഇടപഴകുന്നവരിലുള്ള ദോഷങ്ങളെ അവഗണിച്ച് ഗുണങ്ങളെ സ്വാംശീകരിക്കുകയെന്ന കാര്യം. 

Back to Top