വില്ലിന് ഉറപ്പില്ലെങ്കില്‍ ലക്ഷ്യം പാളും
സി കെ റജീഷ്
ശക്തമായ തിരമാലയും അടിയൊഴുക്കുകളുമുള്ള അമേരിക്കയിലെ പ്രസിദ്ധമായ കടലിടുക്കാണ് കാറ്റലീന. ഫ്‌ളോറന്‍സ് ചാഡ്‌വിക്ക് എന്ന പ്രശസ്ത നീന്തല്‍ക്കാരിയാണ് ആദ്യമായി ഈ കടലിടുക്ക് നീന്തിക്കടന്ന വനിത. 1952 ജൂലൈ 4-നാണ് ആദ്യ ശ്രമം നടത്തുന്നത്. കനത്ത മഞ്ഞ് പെയ്യുന്ന പ്രഭാതം. എല്ലു കോച്ചുന്ന കൊടും തണുപ്പ്. കൊമ്പന്‍ സ്രാവുകളെ കൂടി നേരിടണം. ലക്ഷ്യത്തിലെത്താന്‍ അര നാഴിക ദൂരം കൂടി സഞ്ചരിച്ചാല്‍ മതിയായിരുന്നു. പക്ഷേ, കനത്ത മഞ്ഞ് അവരുടെ വഴി തടസ്സപ്പെടുത്തി. വിജയം കാണാതെ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.
രണ്ടു മാസത്തിന് ശേഷം ഫ്‌ളോറന്‍സ് ശ്രമം തുടര്‍ന്നു. അപ്പോഴും കാലാവസ്ഥ പ്രതികൂലമായിരുന്നു. എങ്കിലും അവര്‍ ഒരു ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒടുവില്‍ വിജയിച്ചു. പുരുഷ റെക്കോഡ് ഭേദിച്ച വനിത നീന്തല്‍ക്കാരിയെന്ന ഖ്യാതി നേടി.
കൃത്യമായ ലക്ഷ്യത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വിജയത്തിലേക്ക് നമ്മെ നയിക്കുന്നത്. കൃത്യമായ ലക്ഷ്യമില്ലെങ്കില്‍ തടസ്സങ്ങളെ നാം പഴിപറയും. ഒടുവില്‍ പാതിവഴിയില്‍ പിന്മാറി നാം പരാജിതരായിത്തീരും. നമുക്ക് പ്രാപ്യമായ ലക്ഷ്യമുണ്ടെങ്കില്‍ അത് സഫലീകരിക്കാനുള്ള ദിശാബോധവും കൂടെയുണ്ടാവും. മോഹങ്ങള്‍ക്ക് കരുത്ത് പകരുന്നത് ദൃഢനിശ്ചയമാണ്.
സ്വപ്‌നങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നത് ലക്ഷ്യങ്ങളുമാണ്. മൂല്യങ്ങള്‍ക്ക് അനുസൃതമായിരിക്കണം നമ്മുടെ ലക്ഷ്യങ്ങള്‍. അവയാണ് ജീവിതോദ്ദേശ്യങ്ങളിലേക്ക് നമ്മെ നയിക്കുന്നത്. പ്രായോഗികമായ ലക്ഷ്യങ്ങള്‍ക്ക് സാഫല്യമുണ്ടാക്കുന്നത് ആസൂത്രിതമായ കര്‍മപദ്ധതികളാണ്. വിജയിക്കണമെന്ന് മനസ്സിലുറപ്പിച്ച് തിളങ്ങുന്ന പൂര്‍ണ ചന്ദ്രനാകാന്‍ ലക്ഷ്യം വെക്കൂ.
അപ്പോള്‍ ഒരു കൊച്ചു നക്ഷത്രമെങ്കിലും ആവാതിരിക്കാന്‍ നമുക്ക് കഴിയില്ല. ചിലര്‍ക്ക് വലിയ ലക്ഷ്യങ്ങളൊന്നുമുണ്ടാവില്ല. കൊച്ചു സ്വപ്‌നങ്ങളുടെ പരിമിത വൃത്തത്തില്‍ കഴിയാനായിരിക്കും അവര്‍ക്ക് താല്പര്യം. ഒരു മീന്‍പിടുത്തക്കാരന്റെ കഥയാണ് ഓര്‍മ വരുന്നത്. വലയില്‍ കുടങ്ങിയ വലിയ മത്സ്യങ്ങളെയെല്ലാം അയാള്‍ തിരികെ പുഴയിലേക്ക് തന്നെ എറിയുകയാണ്. ഈ വിചിത്ര പ്രവൃത്തി കണ്ട ഒരാള്‍ ഇതിന്റെ കാരണം ചോദിച്ചു: ”എന്റെ വറവു ചട്ടി തീരെ ചെറുതാണ്” എന്നതായിരുന്നു ആ മീന്‍പിടുത്തക്കാരന്റെ മറുപടി. ഇത്തരം പരിമിത ചിന്തയാണ് നമ്മുടെ പുരോഗതിക്ക് തടസ്സമായിത്തീരുന്നത്.
കഴിവുകളുടെയും പോരായ്മകളുടെയും മിശ്രിതമാണ് ഓരോ വ്യക്തിയും. കഴിവില്ലായ്മ അംഗീകരിക്കുന്നതോടൊപ്പം സാധ്യത പ്രയോജനപ്പെടുത്താനുള്ള തിരിച്ചറിവും വേണം. ഈ തിരിച്ചറിവാണ് ജീവിതമെന്ന ട്രാക്കിലൂടെ ലക്ഷ്യബോധത്തോടെ ഓടാന്‍ നമുക്കുള്ള കരുത്ത്. ലക്ഷ്യബോധമുള്ളവര്‍ ആവേശത്തോടെ കുതിപ്പ് തുടരും. അലക്ഷ്യമായി മുന്നോട്ട് പോകുന്നവരുടെ കൂട്ട് അലസതയായിരിക്കും. കളിക്കളത്തിലിറങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളെ ഉത്സാഹഭരിതരാക്കുന്നത് മുന്നിലുള്ള ഗോള്‍ പോസ്റ്റുകളാണ്. അവയെടുത്ത് മാറ്റിയാല്‍ ഉത്സാഹത്തോടെ കളി തുടരാനാവില്ല.
മനുഷ്യന്റെ കര്‍മങ്ങളാണ് ലക്ഷ്യത്തിലേക്ക് അവനെ അടുപ്പിക്കുന്നത്. ലക്ഷ്യബോധമുള്ളവര്‍ ഏകാഗ്രതയുടെ ശക്തികൊണ്ട് വിജയകിരീടമണിയും. സദുദ്ദേശാധിഷ്ഠിത കര്‍മങ്ങളോരോന്നും അല്ലാഹുവിങ്കല്‍ പ്രതിഫലാര്‍ഹമായിത്തീരുകയും ചെയ്യും. നാമെന്ത് ചെയ്യുമ്പോഴും എന്തിന് വേണ്ടി ചെയ്യുന്നുവെന്ന ഉള്‍വിചാരം നമ്മിലെ ക്രിയാത്മകതയെ ഉണര്‍ത്തും. സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സമയബന്ധിതമായ കര്‍മപദ്ധതികള്‍ ഉണ്ടെങ്കില്‍ അത് ലക്ഷ്യങ്ങളായി മാറും.
സമയാധിഷ്ഠിത ലക്ഷ്യങ്ങള്‍ നമ്മുടെ ജീവിതത്തെ അര്‍ഥവത്താക്കും. അതിലുപരി അനേകം പേരിലേക്ക് പ്രത്യാശ പകരുന്ന ഗുരുവായി നാം മാറും. അതെ ഖലീല്‍ ജിബ്രാന്‍ പറഞ്ഞത് ശരിയാണ്. ”നിങ്ങള്‍ വില്ലാണെങ്കില്‍ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്ന അമ്പുകളായി നിരവധി ശിഷ്യര്‍ നിങ്ങള്‍ക്കുണ്ടാകും. വില്ലിന് ഉറപ്പുണ്ടെങ്കിലേ അമ്പുകള്‍ക്ക് ലക്ഷ്യം കാണൂ.”