നന്മയുടെ വഴിയിലേക്കുള്ള മാറ്റം
സി കെ റജീഷ്
കനേഡിയന്‍ എഴുത്തുകാരനായ റോബിന്‍ ശര്‍മയുടെ വിഖ്യാതമായ ഗ്രന്ഥമാണ് ദ മോങ്ക് ഹു സോള്‍ഡ് ഹിസ് ഫെറാറി. എഴുപത് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകമാണിത്. ജൂലിയന്‍ മാന്റില്‍ എന്ന അഭിഭാഷകന്റെ കഥയാണ് ഇതിലെ ഇതിവൃത്തം. ഹാര്‍വാര്‍ഡ് ലോ കോളജില്‍ നിന്ന് ബിരുദം നേടിയ ജൂലിയന്‍ ചുരുങ്ങിയ കാലം കൊണ്ട് തിരക്കുള്ള അഭിഭാഷകനായി മാറി.
ബഹുരാഷ്ട്ര കമ്പനികളും ഹോളിവുഡ് താരങ്ങളുമൊക്കെ അദ്ദേഹത്തിന്റെ കക്ഷികളായി. ഏഴക്ക വരുമാനം, കൊട്ടാര സദൃശമായ വീട്, ഫെറാറി കാര്‍ എന്നിങ്ങനെ ആഡംബര ജീവിതത്തിന്റെ അടയാളങ്ങളില്‍ അഭിരമിച്ച് കഴിയുകയാണ് ജൂലിയന്‍. സുഖലോലുപതയുടെ പാരമ്യതയില്‍ നിന്ന്് വൈകാതെ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് അദ്ദേഹം വഴിമാറി. പതിയെ പ്രായത്തിന്റെ അവശതയും പിടികൂടി. ഒരു ദിവസം ഒരു വാദത്തിനിടെ കോടതി മുറിയില്‍ അദ്ദേഹം കുഴഞ്ഞുവീണു. ഹൃദയാഘാതമായിരുന്നു കാരണം.
മരണവക്കില്‍ നിന്ന് മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷം ജൂലിയന്‍ ജീവിതത്തിലേക്ക് തിരികെയെത്തി. പുതിയ ചില തീരുമാനങ്ങളെടുത്തു. വീടും വാഹനവുമൊക്കെ വിറ്റു. കിട്ടിയ വരുമാനം കൊണ്ട് ആത്മീയ യാത്ര നടത്തി. ദിനരാത്രങ്ങള്‍ നീണ്ട അലച്ചിലിനൊടുവില്‍ ഹിമാലയന്‍ മലമടക്കുകളില്‍ എത്തി. അവിടെ ഒരു സന്യാസി സമൂഹം പാര്‍ക്കുന്നുണ്ട്. ഡേജസ് ഓഫ് ശിവാന എന്നാണ് പേര്. ലാളിത്യം ജീവിതത്തിന്റെ മുഖമുദ്രയാക്കിയവരാണവര്‍. ജൂലിയന്‍ അവരോടൊപ്പം താമസമാരംഭിച്ചു. ധാരാളം നന്മകള്‍ അവരില്‍ നിന്ന് പകര്‍ത്തി.
ഹൃദയാഘാതം വന്ന് കോടതി മുറിയില്‍ തളര്‍ന്ന് വീണപ്പോള്‍ മരണം ഉറപ്പിച്ചതായിരുന്നു. പക്ഷേ, ആ വീഴ്ച ബോധമുള്ള ജീവിതത്തിലേക്ക് തന്നെ പരിവര്‍ത്തിപ്പിച്ചുവെന്ന് ജൂലിയന്‍ ഓര്‍ത്തെടുക്കുന്നു.
നന്മയുടെ വഴിയിലേക്കുള്ള മാറ്റത്തിന്റെ മികച്ച മാതൃകയായി മാറിയിരിക്കുകയാണ് ജൂലിയന്‍. ജീവിത വഴിയില്‍ പിണഞ്ഞ അബദ്ധങ്ങളെ കുറിച്ചുള്ള തിരിച്ചറിവാണ് പരിവര്‍ത്തനത്തിന്റെ പുതിയ ജീവിതത്തിലേക്ക് നമ്മുടെ ചുവടുകളെയുറപ്പിക്കുന്നത്. ഏത് സന്ദര്‍ഭത്തിലും ചുവടുകള്‍ പിഴയ്ക്കാവുന്ന ഒരു യാത്രയാണ് നമ്മുടെ ഈ ജീവിതം. ആധി കൂട്ടുന്ന ആപത്തുകള്‍ അതിലുണ്ടാവും. ചില കഷ്ടനഷ്ടങ്ങളൊക്കെ നമ്മെ കണ്ണീരിലാഴ്ത്തും. ചിലരുടെ വേര്‍പാടുകള്‍ വല്ലാതെ വേദനിപ്പിക്കും. എങ്കിലും കയ്‌പേറിയ അനുഭവങ്ങള്‍ എല്ലാം നമ്മുടെ ഉള്ളുണര്‍ത്തുന്ന മുന്നറിയിപ്പുകാരായി കാണാന്‍ നമുക്ക് കഴിയണം. അപ്പോള്‍ വിട്ടുവീഴ്ചകള്‍ ഉയര്‍ച്ചയിലേക്കുള്ള ചവിട്ടുപടികളായി മാറും. വിപത്തുകള്‍ പക്വമായ ജീവിതത്തിനുള്ള പരിശീലനങ്ങളായി അനുഭവപ്പെടും. മുന്നറിയിപ്പുകള്‍ക്ക് പൊതുവെ മധുരമുണ്ടാകാറില്ല. സൂക്ഷിച്ചില്ലെങ്കില്‍ ദു:ഖിക്കേണ്ടിവരുമെന്ന ഗുണകാംക്ഷയാണ് അതിന്റെ കാതല്‍. പക്ഷേ, നാമത് അവഗണിച്ചാല്‍ അതിന് വലിയ വില കൊടുക്കേണ്ടിവരികയും ചെയ്യും.
ഈ ജീവിതമെന്നത് അറിവും അനുഭവങ്ങളും ഇഴ ചേര്‍ന്ന ഒരു സഞ്ചാരമാണ്. അനുഭവങ്ങളാണ് അകക്കാമ്പുള്ള ജീവിതത്തെ സമ്മാനിക്കുന്നത്. തിരിച്ചറിയാനും തിരിത്താനുമുള്ള ഉള്‍പ്രേരണയാണ് പരിവര്‍ത്തനത്തിന്റെ ഊര്‍ജം. മാറാന്‍ ഒരുക്കമുള്ള മനസ്സ് നമുക്കുണ്ടോ? എങ്കില്‍ മാറ്റത്തിന്റെ കാറ്റ് ജീവിതത്തില്‍ വീശിത്തുടങ്ങും. വ്യവസ്ഥിതിയുടെ മാറ്റത്തിന് കൊതിക്കും മുമ്പ് മനസ്ഥിതി മാറ്റാനാണ് നാം ശ്രമിക്കേണ്ടത്. സമൂഹ പരിവര്‍ത്തനത്തിന്റെ മുന്നുപാധി വ്യക്തിയുടെ ജീവിത നിലപാടിലുള്ള മാറ്റമാണെന്ന് ഖുര്‍ആന്‍ (13:11) ഉണര്‍ത്തിയതിന്റെ പൊരുളുമതാണ്.
ജീവിതാനുഭവങ്ങള്‍ നല്‍കുന്ന ഉള്‍ക്കാഴ്ചകള്‍ നിസ്വാര്‍ഥജീവിതത്തിലേക്കുള്ള ദിശാബോധം നല്‍കട്ടെ. സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ശരിയാണ്: ”ജീവിതം ഒരു പാഠശാല. അനുഭവമാണ് അതിലെ ഗുരു. നമ്മുടെയുള്ളിലെ നല്ല മനുഷ്യരെ സൃഷ്ടിച്ചെടുക്കേണ്ടത് നാം തന്നെയാണ്.”