1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഒടിച്ചെടുക്കാന്‍ കഴിയാത്ത മരച്ചില്ല

സി കെ റജീഷ്





അച്ഛനും മകനും നടക്കാനിറങ്ങിയതാണ്. വഴിയില്‍ ഒരു മരച്ചില്ല ചാഞ്ഞ് നില്‍ക്കുന്നുണ്ട്. ഇത് കണ്ട മകന്‍ അച്ഛനോട് ചോദിച്ചു: ഞാന്‍ ആ ചില്ല ഒടിച്ചെടുത്തോട്ടെ? അച്ഛന്‍ അനുവദിച്ചു. പല തവണ ചാടിയിട്ടും അവന് ആ കൊമ്പ് പിടിക്കാനായില്ല. ഒടുവില്‍ പിന്മാറാന്‍ തീരുമാനിച്ചു.
അച്ഛന്‍ പറഞ്ഞു: നീ ഒരു തവണ കൂടി ശ്രമിക്ക്! അച്ഛന്റെ വാക്ക് കേട്ട് അവന്‍ പിന്നെയും ചാടി. കൈപ്പിടിയിലൊതുക്കിയെന്ന് കരുതിയതായിരുന്നു. പക്ഷേ, കൈവിട്ടുപോയി. അച്ഛന്‍ പറഞ്ഞു: നിന്റെയെല്ലാ ശക്തിയും ഉപയോഗിക്കൂ. പിന്നെയും അവന്‍ പല തവണ ശ്രമിച്ചു. പക്ഷേ, മരച്ചില്ല ഒടിച്ചെടുക്കാനായില്ല. അച്ഛന്‍ ഓരോ തവണയും അവനെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. ‘നീ നിന്റെയെല്ലാ ശക്തിയും ഉപയോഗിക്കൂ’. എത്ര ശ്രമിച്ചിട്ടും മരച്ചില്ല ഒടിക്കാന്‍ അവനായില്ല.
ആ ശ്രമം അവിടെ നിര്‍ത്തി. ഒരു ഭാഗത്തേക്ക് മാറി നിന്നു. ഒടുവില്‍ അച്ഛന്‍ മകനോട് ചോദിച്ചു: മകനേ, ഞാന്‍ നിന്റെ ശക്തിയല്ലേ? നീ എന്താണ് എന്റെ സഹായം ചോദിക്കാതിരുന്നത്? അച്ഛന്‍ ഒരു കൈ സഹായിച്ചതിനാല്‍ മകന് അനായാസം മരച്ചില്ല ഒടിക്കാനായി.
നമ്മുടെ കൈയെത്തും ദൂരത്തുള്ളത് പോലും കൈ പിടിയിലൊതുക്കാന്‍ കൂടെയുള്ളവരുടെ കൈത്താങ്ങ് വേണ്ടതില്ലേ? തീര്‍ച്ചയായും വേണമെന്ന ജീവിതപാഠമാണ് അച്ഛന്‍ മകന് പകരുന്നത്. ഒറ്റയ്ക്ക് നിന്ന് എല്ലാം നേടിയെടുക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് മൂഢ ധാരണയാണ്. ഒറ്റയ്ക്കല്ല, ഒന്നിച്ച് നിന്നാണ് ഓരോ നേട്ടത്തിലേക്കും നാം നടന്നടുക്കുന്നത്. സ്വന്തം അശക്തിയെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ളവര്‍ക്കേ സഹചാരിയുടെ സഹായത്തെ വിലമതിക്കാനുള്ള സന്മനസ്സുണ്ടാകൂ.
എല്ലാ നേട്ടങ്ങളുടെ പിന്നിലും താന്‍ മാത്രമാണെന്ന തെറ്റിദ്ധാരണയുള്ള ചിലരുണ്ട്. ജീവിതത്തില്‍ ഒരു ലക്ഷ്യവും ഒന്നാം ദിവസം തന്നെ പൂര്‍ത്തീകരിക്കാറില്ല. ആരും തന്നെ ഒറ്റ ദിവസം കൊണ്ട് ജയിച്ച് കയറിയിട്ടല്ല ഒരു നേട്ടവും സ്വന്തമാക്കുന്നത്. നേട്ടങ്ങളിലേക്കുള്ള നാള്‍വഴികളില്‍ നമ്മുടെ സഞ്ചാരവേഗത്തിന് ആക്കം കൂട്ടിയ പലരുമുണ്ടാകും. സഹചാരികളോ സഹായികളോ ആയി നിന്ന് നമ്മുടെ വിജയത്തിന് കൈയൊപ്പ് ചാര്‍ത്തിയവരാണവര്‍. ഇവര്‍ കൂടിയാണ് നമ്മുടെ നേട്ടത്തിന്റെ നേരവകാശികള്‍.
അഴിക്കുന്തോറും കുരുക്ക് മുറുകിക്കൊണ്ടിരിക്കുന്ന പ്രശ്‌നോത്തരിയാണ് ഈ ജീവിതം. അതിലെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തുമ്പോഴേക്കും പുതിയ ചോദ്യങ്ങള്‍ നമ്മുടെ മുമ്പിലെത്തുന്നു. പ്രശ്‌നങ്ങളും പരിഹാരങ്ങളുമൊക്കെയായി ഈ ചുരുക്കായുസ്സിനെ നാം പൂരിപ്പിക്കുകയാണ്. ‘തനിക്ക് താന്‍ മാത്രം മതി’ എന്നു ചിന്തിക്കുന്നവന്‍ ജീവിതയാത്രയില്‍ കാലിടറി വീഴാതിരിക്കില്ല. ഒറ്റയ്ക്ക് നിന്ന് എല്ലാം നേടിയെടുക്കാമെന്ന് വിചാരിക്കുന്നവന്‍ ഒറ്റപ്പെട്ടു പോകുകയും ചെയ്യും.
നമുക്ക് വിജയ വഴിയൊരുക്കിയവരെ അവഗണിക്കുന്ന മനസ്സില്‍ നിന്നാണ് അഹങ്കാരം അങ്കുരിക്കുന്നത്. നമ്മുടെ എല്ലാ അഹങ്കാരപ്പെരുമയും അസ്തമിച്ച് പോകാന്‍ ഒരാപത്ത് വന്നാല്‍ മതി. എല്ലാം തികഞ്ഞവര്‍ എന്ന ധാരണയെ തിരുത്തിയെഴുതാന്‍ അത്രയേ വേണ്ടൂ.
സ്വയം പര്യാപ്തനാണെന്ന ചിന്ത മനസ്സില്‍ വേരുറപ്പിക്കുമ്പോള്‍ മനുഷ്യന്‍ ധിക്കാരിയായി മാറുമെന്ന് ഖുര്‍ആന്‍ (96:6,7) പഠിപ്പിക്കുന്നുണ്ട്. എല്ലാം തികഞ്ഞവന്‍ എന്ന ചിന്തയുടെ വേരറുത്താല്‍ നാം ആരെയും നിസ്സാരമാക്കുകയില്ല. സത്യത്തെ തമസിക്കരിക്കാനും ജനങ്ങളെ അവഗണിക്കാനും വഴിയൊരുക്കുന്ന ഈ അധമ ചിന്തയുടെ പേരാണ് അഹങ്കാരമെന്ന് തിരുദൂതര്‍ നമ്മോട് ഉണര്‍ത്തി. കൈയകലത്തായിട്ടും പരസഹായമില്ലാതെ മരച്ചില്ല ഒടിച്ചെടുക്കാന്‍ പാടുപെട്ട കുട്ടിയെപ്പോലെ കൂടെയുള്ളവരുടെ കരുത്തില്ലെങ്കില്‍ തളരുന്നതാണ് നമ്മുടെ ഈ ജീവിതം. 

Back to Top