22 Sunday
December 2024
2024 December 22
1446 Joumada II 20

ഇന്ത്യന്‍ രാഷ്ട്രീയം ഇടതു മതേതര ചേരിയുടെ ബലക്ഷയവും കാരണങ്ങളും

സി കെ അബ്ദുല്‍അസീസ്

സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നതിനോ നിര്‍ണായക സ്വാധീനം ചെലുത്തുന്നതിനോ ഇടതു മതേതര ശക്തികള്‍ അശക്തരാണ് എന്ന സാമാന്യ ധാരണ ദേശീയാടിസ്ഥാനത്തില്‍ തന്നെ ഒരു പ്രബലമായ രാഷ്ട്രീയ പ്രവണതയായി നിലനില്ക്കുന്നുണ്ടെന്ന വസ്തുത അവിതര്‍ക്കിതമാണ്. രണ്ടാം യു പി എ സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് പരാജയവും തുടര്‍ന്നുണ്ടായ ബി ജെ പി മുന്നേറ്റവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ മാത്രമല്ല, ഇടതുപക്ഷ കക്ഷികളെയും ആഴത്തിലുള്ള പ്രതിസന്ധിയിലകപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ (2014, 2019) കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടിയേക്കാള്‍ കനത്തതാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പരാജയം. ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ ശക്തിയും ദൗര്‍ബല്യവും വിലയിരുത്തപ്പെടുന്നത് നിയമനിര്‍മാണ സഭകളില്‍ കോണ്‍ഗ്രസ്സ് പക്ഷത്തിന്റെ അംഗസംഖ്യയുടെ അടിസ്ഥാനത്തിലാണെങ്കില്‍ ഇടതു മതേതര പക്ഷത്തിന്റെ ജയപരാജയങ്ങളുടെ അളവുകോലുകള്‍ നിയമ നിര്‍മാണ സഭകളിലെ പ്രാതിനിധ്യസ്വഭാവം മാത്രമല്ല; തെരുവുകളില്‍ നടക്കുന്ന ബഹുജന പ്രക്ഷോഭങ്ങളുടെ സ്വഭാവവും അതില്‍ ഇടതുപക്ഷ രാഷ്ട്രീയം നിര്‍വഹിക്കുന്ന നേതൃത്വപരമായ സാന്നിധ്യവുമാണ്.
പാര്‍ലിമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുപ്പു വിജയങ്ങളുടെ പ്രാധാന്യത്തെ കുറച്ചുകാണാന്‍ പറ്റില്ലെങ്കിലും സാമ്പത്തിക രംഗത്തും രാഷ്ട്രീയ രംഗത്തും ഭരണവര്‍ഗങ്ങള്‍ ജനങ്ങള്‍ക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങളെ ചെറുക്കാന്‍ കെല്പുള്ള ബഹുജന സംഘാടന ശേഷിയും സമരോത്സുകതയുമാണ് ഇടതുപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന ഘടകം. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ രണ്ടു ദശകക്കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തെ, അതായത്, സംഘപരിവാര്‍ സാംസ്‌കാരിക ശക്തികളും അതിന്റെ രാഷ്ട്രീയ പ്രതിരൂപമായ ഭാരതീയ ജനതാപാര്‍ട്ടിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മേധാശക്തിയായി പരിണമിച്ചുകൊണ്ടിരുന്ന നിര്‍ണായക വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയ ശക്തികള്‍ക്ക് എന്തു ചെയ്യാന്‍ സാധിച്ചുവെന്നതിനെ അടിസ്ഥാനമാക്കി ഇടതു മതേതര രാഷ്ട്രീയത്തിന്റെ വര്‍ത്തമാന കാലസ്ഥിതിയെ കൃത്യമായി തന്നെ വിലയിരുത്താവുന്നതാണ്.

2004-ല്‍ യു പി എ സര്‍ക്കാറിനെ അധികാരത്തിലെത്തിക്കാന്‍ പുറത്തുനിന്ന് പിന്തുണച്ചുകൊണ്ട് 1998-ല്‍ ആരംഭിച്ച ബി ജെ പി (എന്‍ ഡി എ) ഭരണത്തിന് താല്ക്കാലികമായി തടയിടാനായി എന്നതൊഴിച്ചാല്‍ പറയത്തക്ക രാഷ്ട്രീയ സംഭാവനകളൊന്നും ഈ നിര്‍ണായക വര്‍ഷങ്ങളില്‍ ഇടതുപക്ഷത്തിന്റേതായി എടുത്തു പറയാനില്ല എന്നതാണ് യാഥാര്‍ഥ്യം. 2004 മുതല്‍ 2014 വരെയുള്ള പത്തുവര്‍ഷങ്ങള്‍ അതില്‍ ഏറ്റവും നിര്‍ണായകമായി കാണേണ്ടവയാണ്. 2004 മുതല്‍ 2008 വരെ യു പി എ ഭരണത്തെ ഇടതുപക്ഷം പുറത്തുനിന്ന് പിന്തുണയ്ക്കുകയും 2008- ല്‍ ആ പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്സ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പരമ്പരാഗത പന്ഥാവില്‍ തിരിച്ചെത്തുകയും ചെയ്തുവെന്നതാണ് ഈ കാലത്തിന്റെ സവിശേഷത.
ഒന്നാം യു പി എ സര്‍ക്കാറിനെ പിന്തുണച്ചതിന്റെ നേട്ടങ്ങളായി ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടിയ ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പു പദ്ധതി, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയര്‍ഹിക്കുന്നതു തന്നെയാണ്. അതേസമയം, 2002-ലെ ഗുജറാത്ത് വംശീയഹത്യയടക്കമുള്ള സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കൊടുംക്രൂരമായ കടന്നാക്രമണങ്ങള്‍ക്കെതിരെ സുശക്തമായ രാഷ്ട്രീയ നടപടികള്‍ സ്വീകരിക്കാന്‍ യു പി എ സര്‍ക്കാറിന് സാധ്യമായില്ല എന്ന പ്രശ്‌നവും ഇതോടൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്.
ഏറ്റവും മാരകമായ ജനദ്രോഹനിയമമായി രാജ്യം അനുഭവിച്ചറിയുന്ന യു എ പി എ നിയമം നടപ്പിലാക്കുകയും ജനങ്ങളെയും ജനകീയ മുന്നേറ്റങ്ങളെയും അടിച്ചമര്‍ത്താനുള്ള മര്‍ദനോപകരണമായി വ്യാപകമായ രീതിയില്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തത് രണ്ടാം യു പി എ ഭരണകാലത്താണ്. രാജ്യത്ത് നടന്ന പല വിധ്വംസക പ്രവര്‍ത്തനങ്ങളിലും സംഘ്പരിവാറില്‍ ഉള്‍പ്പെട്ട ചില വ്യക്തികള്‍ക്ക് ബന്ധമുണ്ടോ? എന്ന ദിശയിലൂടെ അന്വേഷണം നടത്തിക്കൊണ്ടിരുന്ന ഘട്ടത്തില്‍ അതിന് നേതൃത്വം നല്‍കിയ ഹേമന്ത് കര്‍ക്കരെ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവം നടന്നതും ഇക്കാലത്ത് തന്നെ. ഇങ്ങനെ നിരവധി രാഷ്ടീയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടും സംഘ്പരിവാര്‍ രാഷ്ട്രീയത്തെ പിടിച്ചുകെട്ടാനോ മൂക്കുകയറിടാനോ അന്നത്തെ കേന്ദ്രഭരണം തയ്യാറാവാതിരുന്നത് എന്തുകൊണ്ട് എന്ന് ചോദിക്കുന്നത് തന്നെ ഇന്ന് നിരര്‍ഥകമാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കോണ്‍ഗ്രസ് രാഷ്ട്രീയം, നെഹ്‌റു- ഇന്ദിര കാലഘട്ടത്തെ താല്ക്കാലികമായി മാറ്റിനിര്‍ത്തിയാല്‍ സംഘ് രാഷ്ട്രീയത്തോട് പൊതുവില്‍ സ്വീകരിച്ചുപോന്ന സമീപനങ്ങളില്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതേസമയം, ഇന്ത്യയിലെ കമ്യുണിസ്റ്റ് ഇടതുപക്ഷങ്ങള്‍ സ്വാതന്ത്ര്യാനന്തര കാലം മുതല്‍ തന്നെ കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ സ്വീകരിച്ചുവന്ന സാമ്പത്തിക നയങ്ങളോടുള്ള ശക്തമായ വിയോജിപ്പിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സ് വിരുദ്ധ രാഷ്ട്രീയ ചേരി കെട്ടിപ്പടുക്കുന്നതില്‍ പ്രകടിപ്പിച്ച ശ്രദ്ധയും സൂക്ഷ്മതയും സംഘ്പരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയ പ്രവണതക്കെതിരെ ഒരു ജനകീയ ചേരി കെട്ടിപ്പടുക്കുന്ന കാര്യത്തില്‍ അസന്നിഹിതമായതെന്തുകൊണ്ട് എന്ന പ്രശ്‌നം ഇന്നത്തെ സാഹചര്യത്തില്‍ അത്യന്തം പ്രസക്തിയര്‍ഹിക്കുന്നുണ്ട്.
ദേശീയ രാഷ്ട്രീയത്തില്‍, വിശിഷ്യാ, ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ബി ജെ പി വിരുദ്ധ ചേരിയുടെ പ്രാതിനിധ്യം നാമമാത്രമായിത്തീരുകയും സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്തിന്റെ മതേതര- ജനാധിപത്യ വിഭാവനകളെ പോലും കൊന്നു തിന്നുകയും ചെയ്യുന്ന സാഹചര്യത്തില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ആശ്രയിക്കുന്ന മൃദു ഹിന്ദുത്വത്തിന് ബദലായി സംഘ് രാഷ്ട്രീയത്തിനെതിരെ ശക്തവും വിശ്വസനീയവുമായ ഒരു ബദല്‍ ചേരി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുരാഷ്ട്രീയത്തിന് ഇതുവരെ സാധ്യമായിട്ടില്ല എന്നത് വലിയ ഒരപകടസൂചനയായി മാറിക്കഴിഞ്ഞിട്ടുണ്ട്.
അതാത് ഘട്ടങ്ങളില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളേറ്റെടുക്കുകയും അതിനെ ജനമുന്നേറ്റമായി വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയിലെ ഇടതു മതേതര ചേരി തികഞ്ഞ പരാജയമാണെന്നാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ അതിന്റെ ചരിത്രം ബോധ്യപ്പെടുത്തുന്നത്. സാമ്പത്തിക സമരങ്ങളിലൂന്നി നിന്നുകൊണ്ടുള്ള വര്‍ഗ സംഘാടനത്തിലധിഷ്ഠിതമായ രാഷ്ട്രീയ പ്രവര്‍ത്തനമല്ല ഇതിന്റെ കാരണം. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിര്‍ദിഷ്ട ഘട്ടങ്ങളില്‍ പ്രത്യേകിച്ചും സന്നിഗ്ധ മുഹൂര്‍ത്തങ്ങളില്‍ സാമ്പത്തിക പ്രശ്‌നമാണോ രാഷ്ട്രീയ പ്രശ്‌നമാണോ ഏറ്റവും പ്രധാനം എന്ന് നിര്‍ണയിക്കുന്നതില്‍ സംഭവിച്ച ഗുരുതരമായ പിഴവുകളാണ് ഇത്തരമൊരു അപചയത്തിലേക്ക് ഇടതു മതേതര ചേരിയെ കൊണ്ടുചെന്നെത്തിച്ചത്.
അതിന്റെ ഗൗരവത്തെക്കുറിച്ചും അത്തരം പിഴവുകള്‍ പരിഹരിക്കപ്പെടേണ്ടതിനെക്കുറിച്ചുമെല്ലാം ഇടതു നേതാക്കള്‍ക്ക് നല്ല ധാരണയുണ്ട് എന്നതും പ്രസ്താവ്യമാണ്. പക്ഷെ ആ ധാരണകളൊന്നും നേരാം വണ്ണം പ്രയോഗവത്ക്കരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വര്‍ഗീയ ശക്തികളെ ഉന്മൂലനം ചെയ്യാന്‍ തെരഞ്ഞെടുപ്പുകളെ മാത്രം ആശ്രയിച്ചിട്ടു കാര്യമില്ല. സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും കടന്നുകയറാന്‍ വഴി വെട്ടിത്തുറക്കുന്ന ആര്‍ എസ് എസിന്റെ ശ്രമങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തിറങ്ങുകയും ചെറുക്കുകയും ചെയ്യണം. അത് സാധ്യമാവണമെങ്കില്‍ തൊഴില്‍ പ്രശ്‌നങ്ങളില്‍ മാത്രം സംഘടിച്ചാല്‍ പോര, തൊഴിലിടങ്ങള്‍ക്ക് പുറത്തുള്ള തൊഴിലാളി കേന്ദ്രങ്ങളില്‍ മുഖ്യമായും സാംസ്‌കാരികമായും ഇടപെടലുകളുണ്ടാകണം.
നവലിബറലിസത്തിനും വര്‍ഗീയതയതക്കുമെതിരെയുള്ള സമരം വെവ്വേറെ നടക്കേണ്ട ഒന്നല്ല. നവലിബറലിസത്തെയും വര്‍ഗീയതയെയും വേറിട്ടു കാണേണ്ട ഒന്നല്ല. അഭിന്നമാണ് അവ രണ്ടും. വര്‍ഗീയതയെ അടിയന്തിര ഭീഷണിയായി ജനങ്ങള്‍ മനസ്സിലാക്കുന്നില്ല. നിത്യജീവിതോപാധികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെപ്പോലെ അനുഭവമല്ല വര്‍ഗീയത. വര്‍ഗീയ വൈറസ് പരത്തുന്ന സംഘ് പരിവാറിന്റെ രീതികളെയും സര്‍വതുറകളിലേക്കുമുള്ള അതിന്റെ വ്യാപനത്തെയും തടുത്തുനിര്‍ത്താന്‍ സാധിച്ചില്ല എന്ന വസ്തുത നാം അംഗീകരിക്കേണ്ടതുണ്ട്’ എന്ന് പ്രകാശ് കാരാട്ട് സി പി ഐ (എം) ജനറല്‍ സെക്രട്ടറിയായിരുന്നു കാലത്ത് നടന്നിയ ഒരു പ്രസംഗത്തില്‍ പറയുന്നുണ്ട്. (കാരാട്ടിന്റെ എം കെ പാണ്ഡെ അനുസ്മരണ പ്രഭാഷണം, 2011)

അതിനു ശേഷം ഫാഷിസം എത്ര മുന്നോട്ടു പോയി? ബീഫിന്റെ പേരില്‍, ലൗജിഹാദിന്റെ പേരില്‍, പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ എല്ലാം എത്രയെത്ര നരനായാട്ടുകള്‍ രാജ്യത്തരങ്ങേറി. പക്ഷേ ഇടതുമതേതര ചേരിയുടെ പ്രവര്‍ത്തന ശൈലിയില്‍ ഇതൊന്നും തന്നെ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കാരണഭൂതമാവുകയുണ്ടായില്ല. കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പ് സഖ്യമാവാമെന്ന ബംഗാളിലെ ഇടതുപക്ഷത്തിന്റെ പുനര്‍വിചാരത്തെ ആസ്പദമാക്കി മൗലികമായ നയസമീപന മാറ്റങ്ങള്‍ക്ക് ഇടതുപക്ഷം തയ്യാറെടുക്കുന്നുവെന്ന ഒരു നിഗമനത്തിലെത്തിച്ചേരാനും നിര്‍വാഹമില്ല. മമതാ ബാനര്‍ജി എന്ന കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷത്തിന്റെയും പൊതുശത്രുവിനെതിരെ അവസരവാദപരമായ ഒരു കൂട്ടുകെട്ടു എന്നതിലുപരിയായി ഒരു രാഷ്ട്രീയ സന്ദേശവും ഇത്തരം സഖ്യങ്ങളില്‍ നിന്ന് വായിച്ചെടുക്കേണ്ടതില്ല എന്നാണ് കരുതേണ്ടത്.
ഫാഷിസ്റ്റ് വിരുദ്ധ സമര മുന്നണി വിപുലമാക്കേണ്ടതുണ്ടെന്നും അതിനനിവാര്യമായ വര്‍ഗബഹുജന ബന്ധങ്ങള്‍ രൂപപ്പെടേണ്ടതുണ്ടെന്നുമുള്ള ധാരണകള്‍ ഉപരിതലത്തില്‍ കാണാമെങ്കിലും അടിത്തട്ടില്‍ അതിനനുഗുണമായ ആശയപരമായ ഒരടിത്തറ സുശക്തമാക്കാന്‍ ഈ വൈകിയ വേളയിലും ഇടതു മതേതര രാഷ്ടീയത്തിന് സാധ്യമായിട്ടില്ല എന്നതാണ് പരമാര്‍ഥം. ഇടതുമതേതര വാദത്തെ ചുറ്റിവരിഞ്ഞു നില്ക്കുന്ന ബൂര്‍ഷ്വാ ലിബറല്‍ വിചിന്തന രീതിയുടെ സൈദ്ധാന്തിക ദൗര്‍ബല്യം ഇടതുപക്ഷ രാഷ്ട്രീയത്തെയും സാരമായി ബാധിക്കുന്നുവെന്നുള്ളതാണ് അതിലൊന്നാമത്തെ കാര്യം. ബൂര്‍ഷ്വാ ലിബറല്‍ വീക്ഷണത്തില്‍, മതേതര വാദം നിര്‍വഹിക്കപ്പെടുന്നത് മതത്തെ പൊതു സ്ഥലത്ത് നിന്ന് നിഷ്‌കാസിതമാക്കി സ്വകാര്യ സ്ഥലത്തൊതുക്കി നിര്‍ത്തുന്ന ഒരു ഭരണകാലമെന്ന നിലക്കാണ്.
ഭരണകൂടത്തിലും മതം നുഴഞ്ഞുകയറുന്നതിനെ ഫലപ്രദമായി ചെറുത്തുകൊണ്ടാണ് ജനാധിപത്യ രാഷ്ട്രീയം പ്രവര്‍ത്തനക്ഷമമാക്കേണ്ടത് എന്ന സങ്കല്പവും ലിബറല്‍ രാഷ്ട്രീയ മൂല്യങ്ങളുടെ മുഖമുദ്രയാണ്. ഈ ലിബറല്‍ സമീപനത്തില്‍ നിന്ന് മൗലികമായ യാതൊരു വ്യത്യാസവും ഇടതു മതേര വാദത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടില്ല. ബൂര്‍ഷ്വാ ലിബറലിസത്തിന്റെ ഇരട്ടത്താപ്പ് ഇക്കാര്യത്തില്‍ ഇടതുപക്ഷ മതേതര വാദത്തിനില്ല എന്ന് വേണമെങ്കില്‍ നിരൂപിക്കാവുന്നതാണ്. അതായത്, മതത്തെ ഭരണത്തില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും ബഹിഷ്‌കൃതമാക്കേണ്ടതുണ്ട് എന്ന് പറയുമ്പോഴും അമേരിക്കന്‍ ഐക്യനാടുകള്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ ലിബറല്‍ ജനാധിപത്യ രാഷ്ട്രങ്ങള്‍ മത വിശ്വാസത്തെ രാഷ്ട്രീയത്തിന്റെ കാവല്‍ ശക്തിയായി കണക്കാക്കുകയും ചെയ്യുന്നവരാണ്. ഇന്ത്യന്‍ ജനാധിപത്യത്തിലും ഭൂരിപക്ഷ മതമെന്ന മുന്‍ഗണനക്കര്‍ഹമായ ഹിന്ദു മത-സാംസ്‌കാരിക ഘടകങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് ഭരണകാലം മുതല്‍ തന്നെ രാഷ്ട്രീയമായ മാന്യതയും ആദരവും നല്കിപ്പോരുന്നുണ്ട്. മതവും വിശ്വാസവും മനുഷ്യനെ സംബന്ധിച്ചുള്ള വിഷയങ്ങളാണെന്നതില്‍, സാമൂഹ്യ ജീവിതത്തിലെ വര്‍ഗീകരണ പ്രക്രിയയിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്ന ഒന്നാണതെന്നും അതുകൊണ്ട് തന്നെ മതസാമുദായികാകലങ്ങള്‍ ചരിത്ര സന്ദര്‍ഭങ്ങളുടെ സവിശേഷതക്കനുസൃതമായി വര്‍ഗസമരത്തിന്റെ പ്രതിനിധാനങ്ങളായി മാറാവുന്നതാണെന്നുമുള്ള കാഴ്ചപ്പാടാണ് ക്ലാസിക്കല്‍ മാര്‍ക്‌സിസം മുന്നോട്ടു വെക്കുന്നത്.
റാഡിക്കല്‍ സെക്കുലറിസത്തിന്റെ സൈദ്ധാന്തിക ദുശ്ശാഠ്യങ്ങളില്‍ നിന്ന് മുക്തമാണ് സെക്കുലറിസത്തോടുള്ള മാര്‍ക്‌സിയന്‍ സമീപനം. മനുഷ്യന്‍ മതങ്ങള്‍ക്കു ചുറ്റും വട്ടം കറങ്ങുന്ന അവസ്ഥയില്‍ മാറ്റം വരുത്താനുതകുന്ന രാഷ്ട്രീയ സാഹചര്യം സംജാതമാക്കാന്‍ സെക്കുലറിസത്തിന് സാധ്യമാണെന്ന നിഗമനം മാര്‍ക്‌സിസത്തിനുണ്ടെങ്കിലും മതവര്‍ഗീയതയില്‍ ഭൂരിപക്ഷ – ന്യൂനപക്ഷ ദ്വന്ദങ്ങള്‍ ദര്‍ശിക്കുന്ന ബൂര്‍ഷ്വാ സമീപനത്തില്‍ നിന്ന് വ്യത്യസ്തമായി മര്‍ദകന്റെ പക്ഷം / മര്‍ദിതന്റെ പക്ഷമെന്ന വൈരുധ്യങ്ങളെക്കുറിച്ചാണ് മാര്‍ക്‌സിസം വിശകലനം ചെയ്യുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ഇടതു മതേതര വാദത്തിന്, മാര്‍ക്‌സിസത്തിന് പകരം നെഹ്‌റുവിയന്‍ ലിബറലിസത്തിന്റെ ഭൂരിപക്ഷ – ന്യൂനപക്ഷ വര്‍ഗീയതകള്‍ എന്ന മാതൃകയാണ് സ്വീകാര്യമായത്.
ഇന്ത്യന്‍ ഫാസിസത്തിന്റെ ആവിര്‍ഭാവ കാലത്തും അനുകൂലമായ അതിന്റെ രാഷ്ട്രീയ ശാക്തീകരണ കാലത്തും ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയം ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതയുടെ സൈദ്ധാന്തിക സമീപനങ്ങളെ ആശ്രയിച്ചുകൊണ്ട് അതിലുള്ളടങ്ങിയ രാഷ്ട്രീയ വിപത്തിനെ അപ്രധാനമായി കാണുകയും വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയിലെ കിടമത്സരമായി അതിനെ തെറ്റായി വിലയിരുത്തുകയും ചെയ്യുകയാണുണ്ടായത്. യഥാര്‍ഥത്തില്‍, ഈ തെറ്റായ വിലയിരുത്തലിന്റെ പരിണിത ഫലമാണ് ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യം മുഴക്കുന്നതില്‍ നിന്നും വര്‍ഗ- ബഹുജന പ്രസ്ഥാനങ്ങളെ പിറകോട്ടടിപ്പിച്ചത് എന്ന് വേണം കരുതാന്‍. സാമ്പത്തികാവശ്യങ്ങളെ മുന്‍നിര്‍ത്തി ദേശീയ പണിമുടക്കുകള്‍, ബന്ദുകള്‍, ഹര്‍ത്താലുകള്‍ തുടങ്ങിയ സമര മാര്‍ഗങ്ങള്‍ അവലംബിക്കുന്ന തൊഴിലാളി സംഘടനകള്‍ ബാബറി ധ്വംസനം പോലെയോ ഗുജറാത്തിലും കാണ്ഠഹാറിലും നടന്ന മുസ്‌ലിം ക്രിസ്ത്യന്‍ വംശഹത്യകള്‍ പോലെയോ ഉള്ള ഫാസിസ്റ്റ് കടന്നാക്രമണങ്ങള്‍ ഒന്നും കണ്ടില്ലെന്ന് നടിക്കേണ്ടി വരുന്ന ഒരു നിലപാടില്‍ ഒതുങ്ങിക്കൂടേണ്ടി വന്നത് യാദൃച്ഛികമല്ലെന്നര്‍ഥം.
ഈയവസ്ഥയില്‍ നിന്നും ഒരിഞ്ചുപോലും മുന്നോട്ടുപോവാന്‍ ഇടതു മതേതര രാഷ്ട്രീയത്തിനിപ്പോഴും സാധിച്ചിട്ടില്ല. പൗരത്വ ബില്ലിനെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളില്‍ ഇതേ വര്‍ഗ ബഹുജന സംഘടനകളുടെ ദേശവ്യാപകമായ അസാന്നിധ്യത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. തീര്‍ച്ചയായും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇടതു സമീപനങ്ങളില്‍ വലിയ മാറ്റം വന്നിട്ടുണ്ട് എന്ന് ബാബറി ധ്വംസനകാലത്തെ നിഷ്പക്ഷ സമീപനമുപേക്ഷിച്ച് ഫാസിസ്റ്റ് ആക്രമണത്തിനരയാവുന്ന മുസ്‌ലിം ന്യൂനപക്ഷം പിടിക്കാന്‍ ഇടതുമതേതര ശക്തികള്‍ മുന്നോട്ടു വന്നിട്ടുണ്ട്. പക്ഷെ, സമര സജ്ജരായി മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ സംഘടിതരായി തെരുവിലിറങ്ങുമ്പോള്‍ അവര്‍ക്കൊപ്പമോ അവര്‍ക്കു മുന്നിേലാ നിലയുറപ്പിക്കുന്ന വിപ്ലവകരമായ സമീപനം സ്വീകരിച്ചുകൊണ്ടുള്ള പ്രായോഗിക പ്രവര്‍ത്തനത്തിനിറങ്ങാന്‍ ബൂര്‍ഷ്വാ ലിബറലിസത്തിന്റെ വീക്ഷണങ്ങള്‍ ഇപ്പോഴും ഒരു തടസ്സമാണ്. ഫാസിസ്റ്റ് ആക്രണങ്ങളുടെ നേരിട്ടുള്ള ഇരകളായി മാറിക്കഴിഞ്ഞിട്ടുള്ള ജനവിഭാഗവുമായി രാഷ്ടീയമായി സംവദിക്കാനുള്ള സഖ്യമുറപ്പിക്കാനും ചരിത്രം വച്ചുനീട്ടിയ അവസരങ്ങളെയാണ് ഇന്ത്യയിലെ ഇടതു മതേതര ശക്തികള്‍ തട്ടിയകറ്റുന്നത്.
ഇത്തരത്തിലുള്ള ഗുരുതരമായ സമീപന തകരാറുകള്‍ ഇടതുപക്ഷത്തിന് വന്നു കൂടിയത് ഭൂരിപക്ഷ വാദത്തിന്റെയും ഇസ്‌ലാമോഫോബിയയുടെയും സ്വാധീന വലയത്തില്‍ അകപ്പെടുന്നതിന്റെ ഫലമായിട്ടാണ് എന്നു വാദിക്കുന്നവരുണ്ട്. ഇന്ത്യയിലെ ഇടതു മതേര ശക്തികള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ഥ വെല്ലുവിളികളിലെ ഇത്തരം ലളിത യുക്തികള്‍ കൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കുന്നത് വളരെ വിപല്‍ക്കരമായ ഒരു വിഡ്ഢിത്തമാണ് എന്നാണെന്റെ പക്ഷം. ലിബറല്‍ ജനാധിപത്യ വ്യവസ്ഥ നിലനില്ക്കുന്നിടത്തെല്ലാം ഭൂരിപക്ഷ വാദത്തിന്റെ ഏറിയും കുറഞ്ഞുമുള്ള സ്വാധീനം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഭരണ വ്യവസ്ഥയുടെ മൂല തത്വങ്ങള്‍ നിയമമാക്കപ്പെട്ടിട്ടുള്ള ഭരണഘടന നിബന്ധനകളുടെ ശരിയായ പ്രയോഗം ഉറപ്പുവരുത്തുന്നതിലൂടെ ഒരു പരിധിവരെ പരിഹരിക്കാവുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍, ഭൂരിപക്ഷ വാദത്തിന്റെ സാംസ്‌കാരികാടിത്തറയെയും സംസ്‌കാരത്തിലും രാഷ്ട്രീയത്തിലും അതിന്റെ സ്വാധീനത്തെയും പ്രഭാവത്തെയും അത്രയെളുപ്പത്തില്‍ നിര്‍മാര്‍ജനം ചെയ്യുക സാധ്യമല്ല. ഇന്ത്യയിലെ ഭൂരിപക്ഷ മതപക്ഷത്തിന്റേതായ ഒരു വന്‍ ദേശീയതാ മനോഭാവം സ്വാതന്ത്ര്യ സമരകാലത്ത് തന്നെ പ്രമുഖ ശക്തിയായി രംഗത്ത് വന്നിരുന്നതായി കാണാവുന്നതാണ്. സ്വാഭാവികമായും മേധാവിത്തം ചെലുത്തുന്ന ആശയം എന്ന നിലക്ക് അത് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെയും ബാധിച്ചിരുന്നു.
പക്ഷെ, ഈ പൊതു പ്രവണതയോട് നിരന്തരം കലഹിച്ചുകൊണ്ടാണ് ഇന്ത്യയിലെ തൊഴിലാളി വര്‍ഗ രാഷ്ട്രീയം വളര്‍ന്നുവരുന്നത് എന്ന കാര്യം വിസ്മരിക്കാവതല്ല. അതെത്രത്തോളമെന്നാല്‍, ഉപദേശീയതകളുടെ സ്വയം നിര്‍ണയാവകാശമെന്ന തത്വത്തിലംഗീകരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ തയ്യാറായി. ഭൂരിപക്ഷ വാദത്തിന്റെ സാംസ്‌കാരിക സ്രോതസ്സുകള്‍ ക്ഷയിക്കണമെങ്കില്‍ ബദല്‍ സാംസ്‌കാരിക യാഥാര്‍ഥ്യങ്ങള്‍ വളര്‍ച്ച പ്രാപിക്കേണ്ടതുണ്ട്. ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വളര്‍ച്ചാ കാലഘട്ടത്തില്‍ അങ്ങനെയൊരു വിഭാവനയുണ്ടായിരുന്നുവെന്ന് 1928 ലെ മോത്തിലാല്‍ നെഹ്‌റു കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ചാലറിയാം. എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തിലും തുല്യാവകാശങ്ങളും അവസരങ്ങളും പ്രദാനം ചെയ്യുന്ന തരത്തിലും പ്രത്യേക പരിഗണനയര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് അതുറപ്പിക്കുന്ന തരത്തിലുമുള്ള ഒരു ഭരണ സംവിധാനത്തെക്കുറിച്ച വിഭാവനകള്‍ സ്വാതന്ത്ര്യ സമരകാലത്തു തന്നെ രൂപമെടുത്തിരുന്നു.
ഈ വിഭാവനകളുടെ സാംസ്‌കാരിക പശ്ചാത്തലം പരിശോധിച്ചാല്‍ ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കളായ സവര്‍ണരിലെ അഭ്യസ്തവിദ്യരായ വരേണ്യ വിഭാഗങ്ങള്‍ പവിത്രമായി കരുതിയ ഹൈന്ദവ പാരമ്പര്യത്തോടുള്ള ഭക്തിയും ആദരവുമെല്ലാം അതില്‍ സുപ്രധാന ഘടകമായിരുന്നുവെന്ന് കാണാന്‍ സാധിക്കും. ഇന്ത്യന്‍ ദേശീയതയെന്നത് ഹിന്ദു ദേശീയതയാണെന്ന ഹൈന്ദവ തീവ്ര വിഭാഗത്തിന്റെ വാദത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഖണ്ഡിച്ചത് ഹിന്ദു ദേശീയത മതേതരവും സര്‍വരെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ വിശാലവുമാണ് എന്ന പ്രതിവാദമുന്നയിച്ചുകൊണ്ടായിരുന്നുവെന്നോര്‍ക്കണം.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹൈന്ദവ പാരമ്പര്യത്തെ പരിരക്ഷിക്കുകയും ആധുനികതയുമായി സമരസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിനാണ് ദേശീയ പ്രസ്ഥാനത്തിനുള്ളിലെ പുരോഗമനപക്ഷം സ്വാതന്ത്ര്യ സമര കാലത്തുടനീളം പരിശ്രമം നടത്തിയത്. സ്വാതന്ത്ര്യലബ്ധിയോടെ ഇന്ത്യന്‍ ദേശീയതയെ പുനര്‍നിര്‍മിക്കുവാനും മതേതര ജനാധിപത്യ വിചാരങ്ങള്‍ക്ക് രാഷ്ട്രീയാടിത്തറയുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ തുടര്‍ന്നപ്പോഴും ഹൈന്ദവ പാരമ്പര്യത്തിന്റെ തുടര്‍ച്ചയെ സ്വാതന്ത്ര ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യമായി നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയാണുണ്ടായത്.
‘ഇന്ത്യന്‍ സമൂഹത്തിന്റെ അടിത്തറക്ക് കോട്ടം തട്ടാത്ത വിധത്തില്‍ ഹൈന്ദവ പാരമ്പര്യവും പാശ്ചാത്യ രാഷ്ടീയ ചിന്തയും ദേശീയതയുടെ പുനര്‍ നിര്‍മാണം എന്ന ആശയവും അടുത്തിടപഴക്കം നടത്തുന്ന ഒരു പുതിയ പാതയിലൂടെയാണ് സ്വാതന്ത്ര്യ ലബ്ധിയോടെ ഇന്ത്യന്‍ രാഷ്ട്രീയം സഞ്ചരിക്കാന്‍ തുടങ്ങിയത് (രജനി കൊത്താരി, പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ, പേജ് 102).
ഈ പുതിയ സഞ്ചാര പഥത്തിലൂടെ മതേതര രാഷ്ടീയം മുന്നോട്ടുപോയത് ഇന്ത്യയിലിലെ ശ്രമണ മതപാരമ്പര്യങ്ങളുടെ ബഹുസ്വര സ്വഭാവത്തെ ചവിട്ടിമെതിച്ചുകൊണ്ടായിരുന്നുവെന്നത് വളരെ ശ്രദ്ധേയവും വര്‍ത്തമാന കാലത്തോളം നീണ്ടുകിടക്കുന്നതുമായ ഒരു പ്രവണതയാണ്. ഹൈന്ദവേതരം എന്ന് പറയാവുന്നതും ബ്രാഹ്മണ മേധാവിത്വത്തിലധിഷ്ഠിതമായ ഔദ്യോഗിക പാരമ്പര്യ സങ്കല്പങ്ങളെ ചരിത്രപരമായി നിഷേധിക്കുന്നവയുമായ ബൗദ്ധ – ജൈന മതപാരമ്പര്യങ്ങളെയും മറ്റു മതരഹിത പാരമ്പര്യങ്ങളെയുമെല്ലാം ഹൈന്ദവ പാരമ്പര്യമെന്ന പൊതുഗണത്തില്‍ അടച്ചിട്ടുകൊണ്ട് നടത്തിയ സാംസ്‌കാരിക അധിനിവേശത്തിന് പില്ക്കാലത്ത് പലതരം തുടര്‍ച്ചകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടുണ്ട്.
ബൗദ്ധരെയും ജൈനരെയുമെല്ലാം ഹൈന്ദവ ന്യൂനപക്ഷങ്ങളായി കണക്കാക്കുന്ന ഭരണഘടനാ സങ്കല്പവും ഇതിലുള്‍പ്പെടുന്ന ഒന്നാണ്. സ്വാതന്ത്ര്യ സമരകാലം മുതല്‍ക്കുതന്നെ ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ രൂപകല്പനയിലും വളര്‍ച്ചയിലും നിര്‍ണായകവും നേതൃപരവുമായ പങ്കാളിത്തം വഹിച്ച സവര്‍ണ മധ്യവര്‍ഗ വരേണ്യ വിഭാഗം ഹൈന്ദവ പാരമ്പര്യത്തെ സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സാംസ്‌കാരികാടിത്തറയായി പുനര്‍നിര്‍മിക്കുകയും പുന:പ്രതിഷ്ഠിക്കുകയും ചെയ്തു.
കോണ്‍ഗ്രസ്സിനുള്ളിലെ വലതുപക്ഷവും ഇടതുപക്ഷവും പില്ക്കാലത്ത് കോണ്‍ഗ്രസ്സില്‍ നിന്ന് വേറിട്ടുപോയ സോഷ്യലിസ്റ്റ് വലതു – ഇടതു പക്ഷങ്ങളും ഹൈന്ദവ പാരമ്പര്യത്തിന്റെ പുനരുദ്ധാരണത്തെ ഇന്ത്യന്‍ ദേശീയതയുടെ സവിശേഷതയായി സ്വീകരിക്കുകയാണുണ്ടായത്. ഗാന്ധി, കാറല്‍ മാര്‍ക്‌സ്, അംബേദ്കര്‍ ഇവരില്‍ നിന്ന് ആരെ തെരഞ്ഞെടുക്കണമെന്ന് ഇടത് സോഷ്യലിസ്റ്റുകളോട് ചോദിച്ചാല്‍ ഗാന്ധിയെയും മാര്‍ക്‌സിനെയും തെരഞ്ഞെടുക്കുകയും അംബേദ്കറെ പുറത്തു നിര്‍ത്തുകയും ചെയ്യും. ഇതായിരുന്നു സോഷ്യലിസ്റ്റുകളുടെ ചിന്താരീതി. സോഷ്യലിസ്റ്റ് ചേരിയില്‍ തന്നെ ജയപ്രകാശ് നാരായണന്‍ നയിച്ച വലതുപക്ഷത്തിനും ഡോ. റാം മനോഹര്‍ ലോഹ്യ(ഇതേ ജയപ്രകാശ് നാരായണനാണ് 1974ല്‍ ആര്‍ എസ് എസുമായി സംഘം ചേര്‍ന്ന് ഇന്ദിരാഭരണത്തിനെതിരെ സമരത്തിനിറങ്ങിയത്) നയിച്ച ഇടതുപക്ഷത്തിനും പൊതു സ്വീകാര്യനായിരുന്നു ഗാന്ധി.
അതേസമയം, കമ്യൂണിസ്റ്റിടതു പക്ഷങ്ങള്‍ സമാന സ്വഭാവം പ്രകടിപ്പിപ്പിച്ചില്ല. എങ്കിലും ഗാന്ധിയെ ബൂര്‍ഷ്വാസിയുടെ പ്രതിനിധിയായി കാണുന്നതോടൊപ്പം ഹൈന്ദവ പാരമ്പര്യത്തിന്റെയും വക്താവായി കാണാന്‍ അവര്‍ കൂട്ടാക്കിയില്ല. ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ സാംസ്‌കാരിക സ്വഭാവവും മുന്‍ഗണനകളുമെന്ത് എന്ന് നിശ്ചയിക്കേണ്ടത് തൊഴിലാളി രാഷ്ട്രീയത്തിന്റെ സൈദ്ധാന്തിക പ്രശ്‌നമായി പരിഗണിക്കപ്പെടുകയുണ്ടായില്ല എന്ന് സാരം. എന്തായിരുന്നു ഇതിന്റെയെല്ലാം പരിണിതഫലമെന്ന് ചിന്തിക്കുമ്പോള്‍ വര്‍ത്തമാനകാലത്തെ അടക്കിഭരിക്കുന് ‘ഹിന്ദുത്വ’ മെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ അപ്രതിരോധ്യമായ വളര്‍ച്ചയെ തടുത്ത് നിര്‍ത്തുന്നതില്‍ ഇടതു മതേതര ശക്തികള്‍ അശക്തരായതിന്റെ കാരണങ്ങള്‍ കണ്ടെത്താവുന്നതാണ്.
വ്യത്യസ്ത ജീവിതരൂപങ്ങള്‍ എന്ന നിലക്ക് വ്യത്യസ്ത പാരമ്പര്യങ്ങള്‍ക്കിടയില്‍ സാമൂഹ്യവും സാംസ്‌കാരികവുമായ സംസര്‍ഗ ബന്ധങ്ങളിലധിഷ്ഠിതമായ ഒരു മതേതര മണ്ഡലം ചരിത്രപരമായി നിലനിന്നുപോന്നിട്ടുണ്ട്. അവിഭക്ത ഇന്ത്യയുടെ ചരിത്രപാരമ്പര്യവും ഇത്തരത്തില്‍ പരസ്പര സ്വീകരണത്തിന്റെയും ആദാന പ്രദാനങ്ങളുടെയും ഒരു ചരിത്ര പന്ഥാവിലൂടെ സഞ്ചരിച്ചിട്ടുണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. ഗാന്ധി മുതല്‍ അമര്‍ത്യാസെന്‍ വരെയുള്ളവര്‍ ഈ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ സഹിഷ്ണുതയെയും സമഭാവനാ സമ്പന്നമായ പൈതൃകത്തെയും പ്രതിപാദ്യ വിഷയമാക്കിയിട്ടുണ്ട്.
ഗാന്ധിയുടെ ‘ഹിന്ദ് സ്വരാജില്‍’ ഇന്ത്യയുടെ ഈ തനത് പാരമ്പര്യത്തിന്റെ കെട്ടുറപ്പിനെയും സ്വയം പര്യാപ്തതയെയും തകര്‍ക്കുന്ന ചെകുത്താനാണ് യൂറോപ്യന്‍ നാഗരികത എന്നു വരെ പറഞ്ഞു വന്നിട്ടുണ്ട്. ഇത് ഒരു പരിധിവരെ ശരിയാണെങ്കിലും കൃഷിഭൂമിയിലും സാമൂഹ്യ ഭരണത്തിലും ആധിപത്യം സ്ഥാപിച്ചെടുത്ത ബ്രാഹ്മണ പൗരോഹിത്യം ജാതിമേല്‍ക്കോയ്മാ വ്യവസ്ഥയിലൂടെ വ്യത്യസ്ത ജീവിത രൂപങ്ങളെ അടിച്ചമര്‍ത്തുകയായിരുന്നുവെന്ന ചരിത്ര വസ്തുതയെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഈ സമഭാവനയും സഹിഷ്ണുതയും പാടിപ്പുകഴ്ത്തുന്നതിലര്‍ഥമില്ല.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആഗമനത്തോടെ ആധുനിക രാഷ്ട്രീയ ചിന്തയും ബൂര്‍ഷ്വാ ദേശീയതയും ഈ പരമ്പരാഗതമായ ബ്രാഹ്മണാധിപത്യ പാരമ്പര്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും യൂറോപ്യന്‍ ലിബറലിസത്തിന്റെ ഭൂരിപക്ഷ വാദവുമായി അതിനെ കണ്ണി ചേര്‍ക്കുകയുമാണുണ്ടായത്. ഈയര്‍ഥത്തില്‍ നോക്കിയാല്‍, ജാതി മേല്‍ക്കോയ്മ ഒരു സാംസ്‌കാരിക പ്രതിനിധാനം മാത്രമല്ല, രാഷ്ട്രീയ പ്രതിഭാസം കൂടിയാണ്. യൂറോപ്യന്‍ മുതലാളിത്തം ഇന്ത്യന്‍ സമൂഹത്തില്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യ വര്‍ഗീകരണ പ്രക്രിയയിലൂടെയും അതിന്റെ ഫലമായി ആവിര്‍ഭവിച്ച തൊഴിലാളി വര്‍ഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും ആവിര്‍ഭാവത്തോടെയും ജാതി മേല്‍ക്കോയ്മയെ തകര്‍ത്തെറിയാനാവുമെന്നാണ് കമ്യൂണിസ്റ്റുകാര്‍ കണക്കുകൂട്ടിയത്.
ജാതി മേല്‍ക്കോയ്മ എന്ന സംസ്‌കാരിക ഘടകം ഉപരിഘടനയില്‍ നിലനില്ക്കുന്നതാണെന്നും സാമ്പത്തിക ഘടനയിലെ വര്‍ഗവിപ്ലവ വിജയത്തോടെ അതിന് അസ്ഥിത്വമില്ലാതാവുമെന്നും കരുതി. സാംസ്‌കാരിക ഉപരിഘടനയും അതിന്റെ ആശയങ്ങളും സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളായും വര്‍ഗ വിപ്ലവ വിജയത്തിന്റെ പ്രതിബന്ധമായും മാറുന്നതിനെ കുറിച്ചൊന്നും കമ്യൂണിസ്റ്റുകാര്‍ വേവലാതിപ്പെടുകയുണ്ടായില്ല. കര്‍മയോഗ സിദ്ധാന്തത്തില്‍ ആകൃഷ്ടരായ ഇന്ത്യന്‍ കര്‍ഷകജന സാമാന്യത്തോട് ഭൂമിയിലെ അധികാരത്തെക്കുറിച്ചും ഭൂരിപരിഷ്‌ക്കരണത്തെക്കുറിച്ചും പ്രസംഗിച്ചാല്‍ എത്രത്തോളം വിജയിക്കും എന്ന ചോദ്യം അറുപതുകളില്‍ തന്നെ ഇന്ത്യയില്‍ ചില മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍ ഉന്നയിച്ചുതുടങ്ങിയിരുന്നു (ദേബി പ്രസാദ് ചതോപാധ്യായ്) വെങ്കിലും അതൊന്നും തന്നെ സാമ്പത്തിക സമരവാദത്തില്‍ ആകൃഷ്ടരായ ഇടതുപക്ഷത്തെ അലോസരപ്പെടുത്തുകയോ ചിന്താവിഷ്ടരാക്കുകയോ ചെയ്തില്ല.
സാമ്പത്തിക രംഗത്തെന്ന പോലെ സാംസ്‌കാരിക രംഗത്തും വര്‍ഗ സംഘര്‍ഷങ്ങള്‍ അനിവാര്യമാണെന്ന ധാരണ കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ നിലനിന്നിരുന്നുവെങ്കിലും (സാഹിത്യ – കലാരംഗങ്ങളില്‍ പ്രത്യേകിച്ചും) ജാതി മേല്‍ക്കോയ്മയോട് ഒരു തുറന്ന ഏറ്റുമുട്ടലിന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം എക്കാലവും വലിയ വിമുഖത പ്രദര്‍ശിപ്പിച്ചിട്ടുണ്ട് എന്നത് ശരിയാണ്. ഇതിനെ കമ്യൂണിസ്റ്റുകാരുടെ സവര്‍ണ പക്ഷപാതിത്തമെന്ന നിലപാട് വിലയിരുത്തുന്നവരുണ്ട്. ഒരുപക്ഷെ ചെറിയ ഒരളവില്‍ ഒരു പക്ഷപാതിത്തം കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയിട്ടുണ്ടാവണം.
കമ്യൂണിസ്റ്റുകാരെ ജാതിഭൂതം പിടികൂടിയിട്ടില്ലെന്നാണ് പണ്ടൊക്കെ കരുതപ്പെട്ടിരുന്നത്. കമ്യൂണിസ്റ്റുകാരിലും ജാതിയുണ്ടെന്ന് ഇ എം എസ് തുറന്ന് പ്രഖ്യാപിച്ചത് 1993-ലാണ്. സൈദ്ധാന്തിക പരിമിതികളായിരുന്നു കമ്യൂണിസ്റ്റുകാരുടെ പ്രശ്‌നം. പ്രയോഗത്തിന്റെ പരിമിതികളായിരുന്നു അതിന്റെ കാരണം. ഇവ രണ്ടും പരസ്പര പൂരകങ്ങളുമാണ്. സാംസ്‌കാരിക രംഗത്തെ വര്‍ഗ സമരത്തെ അവഗണിക്കുക വഴി ഇന്ത്യന്‍ ഭരണാധികാരം ശക്തമാവുകയും പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ ‘ഹിന്ദു വോട്ടുകള്‍’ എന്ന ഒരു പുതിയ രാഷ്ട്രീയ നിയോജകമണ്ഡലം സ്ഥിരപ്രതിഷ്ഠമാവുകയും ചെയ്തു.
ഹിന്ദുവോട്ടു മണ്ഡലവും ഹിന്ദു പാരമ്പര്യവും ഇന്ത്യന്‍ മതേതരത്വത്തിന്റെ ചാലകശക്തിയായി മാറുന്നതാണ് പിന്നീട് നാം കാണുന്നത്. യഥാര്‍ഥത്തില്‍ ഹിന്ദു പാരമ്പര്യഭക്തിയും ഹിന്ദു വോട്ടു മണ്ഡലത്തിന്റെ ശക്തിയും തെരഞ്ഞെടുപ്പ് വിജയങ്ങളുടെ നിര്‍ണായകഘടകങ്ങളായി പരിണമിച്ചതോടെയാണ് പാരമ്പര്യ പ്രോക്തങ്ങളായ ‘മിത്ത്കള്‍’ (രാമായണം, മഹാഭാരതം പോലെയുള്ള) രാഷ്ട്രീയ പരിവേഷത്തില്‍ ജനാധിപത്യത്തിന്റെ ഗോഥയില്‍ ഇറങ്ങിയത്. ഇതിനെ ചെറുക്കാന്‍ സാംസ്‌കാരി രംഗത്ത് സമരമുഖം തുറക്കേണ്ടതിന് പകരം അതുമായി അനുപരിണമിച്ചുകൊണ്ട് പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ അതിജീവനം നടത്തുകയും പരിമിതമായ രീതിയിലെങ്കിലും രാജ്യം ഭരിക്കുന്ന സര്‍ക്കാറുകളില്‍ പാവപ്പെട്ടവരുടെ സമ്പദ്ശക്തിയായി നിലനില്ക്കുകുയും ചെയ്യുക എന്ന തെരഞ്ഞെടുപ്പ് തന്ത്രമായി ചുരുങ്ങിയിരിക്കുന്നു ഇന്ത്യയിലെ ഇടതുപക്ഷ മതേതര രാഷ്ട്രീയം.
ഈ പ്രക്രിയയില്‍, ഇടതു മതേതരവാദത്തിന്റെ രാഷ്ടീയ സമരങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ടീയത്തില്‍ മാത്രമായി ചുരുങ്ങുകയും ഫാഷിസത്തിന്റെ വളര്‍ച്ചയെ തടുത്തുനിര്‍ത്താനാവശ്യമായ ജനകീയ സംഘാടനത്തിലേക്കുള്ള വഴികള്‍ വെട്ടിത്തുറക്കുക എന്നത് അസാധ്യമായിത്തീരുകയം ചെയ്തു.
ഇപ്പോള്‍ ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യം ചേര്‍ന്നുകൊണ്ട് ഇടതുമതേതര വാദം പുതിയ രാഷ്ട്രീയ പാതകള്‍ വെട്ടിത്തുറക്കുകയാണ് എന്ന് കരുതുന്നതിലൊന്നും യാതൊരു ന്യായീകരണവുമില്ല. കാരണം, നവലിബറല്‍ നയങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ബി ജെ പിയും ഒരേ തട്ടില്‍ നില്ക്കുന്നുവെന്ന നിലപാടാണ് ഇടതു മതേതര രാഷ്ട്രീയം ഇപ്പോഴും വച്ചുപുലര്‍ത്തുന്നത്.
നവ ലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബി ജെ പിക്കും കോണ്‍ഗ്രസ്സിനും വ്യത്യസ്ത സമീപനങ്ങളാണുള്ളതെന്നും ഈ വ്യത്യസ്തതകള്‍ ഇരു വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വര്‍ഗശക്തികളുടെ സാംസ്‌കാരിക സ്വഭാവവുമായി ബന്ധപ്പെട്ടു നില്ക്കുന്നതാണെന്നും മനസ്സിലാക്കാന്‍ ഇടതുപക്ഷത്തിന് ഇനിയും ഏറെക്കാലം വേണ്ടിവ ന്നേക്കാം.
കുത്തക ബൂര്‍ഷ്വാസിയും ഭൂപ്രഭുത്വവുമെല്ലാം കോണ്‍ഗ്രസിനെ കൈവിട്ടിട്ട് കാലം കുറെയായി. കോണ്‍ഗ്രസിപ്പോള്‍ ഒറ്റപ്പെട്ട മുതലാളിമാരുടെയും ഒ ബി സി മധ്യവര്‍ഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും ഗ്രാമീണ സ്ത്രീകളുടെയും ചെറുകിട ഇടത്തരം കച്ചവടക്കാരുടെയും പിന്തുണകൊണ്ട് മാത്രമാണ് കുത്തിയൊലിച്ചുപോകാതെ നില്ക്കുന്നത്. കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ക്കുള്ളില്‍ സംഘ്പരിവാര്‍ ശക്തികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം സ്ഥാപിക്കുന്ന രാഷ്ട്രീയ പ്രക്രിയയുടെ ഫലമായി സാമൂഹ്യവര്‍ഗീകരണത്തിലും വര്‍ഗശക്തികളുടെ സ്വഭാവത്തിലും ഉണ്ടായിട്ടുള്ള മാറ്റങ്ങളുടെ പൊതുസ്വഭാവവും സവിശേഷതകളും ഇപ്പോഴും വേണ്ടവിധം വിശകലനം ചെയ്യപ്പെട്ടിട്ടില്ല. ഫാഷിസ്റ്റ് വിരുദ്ധ സമരത്തിലെ ബഹുജനസംഘാടനത്തിലും ഇടതുമതേതര ശക്തികള്‍ ഇത്തരം പരിമിതികള്‍ അഭിമുഖീകരിക്കുന്നുണ്ട്.
ഇന്ത്യന്‍ ഫാഷിസത്തിന്റെ നേരിട്ടുള്ള അക്രമണങ്ങളെ അനുദിനം അഭിമുഖീകരിക്കുന്ന മതവിഭാഗങ്ങള്‍ സമര രംഗത്തിറങ്ങുമ്പോള്‍ മതത്തിന്റെ കുപ്പായം അഴിച്ചുവെക്കാത്തിടത്തോളം അവര്‍ പ്രതിലോമകാരിയാണെന്നും വര്‍ഗീയ വാദികളാണെന്നുമുള്ള സമീപനം ഇപ്പോഴും ഒരു അലങ്കാരമായി ഇടതുമതേരത ചേരിയുടെ കൂടെത്തന്നെയുണ്ട്. ബൂര്‍ഷ്വാ ലിബറലിസത്തിന്റെയും റാഡിക്കല്‍ സെക്കുലറിസത്തിന്റെയും ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുകടക്കാതെ, ഇടതുമതേതര രാഷ്ട്രീയത്തിന് അതിന്റെ ആജന്മ ദൗര്‍ബല്യങ്ങളെ തട്ടിമാറ്റാനോ ഫാഷിസ്റ്റ് വിരുദ്ധ സമരത്തില്‍ ജനങ്ങളെ നമിക്കാനോ സാധിക്കുമെന്ന് കരുതുന്നത് ഇടതുരാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു അന്ധവിശ്വാസം മാത്രമാണ്.

Back to Top