സി ഐ ഇ ആര്‍ പ്രതിഭ അവാര്‍ഡുകള്‍ വിതരണം ചെയ്തു വിമര്‍ശകര്‍ മദ്‌റസ കരിക്കുലത്തെ അടുത്തറിയണം
കോഴിക്കോട്: മദ്‌റസകളെ തീവ്രവാദത്തിന്റെ വിളനിലങ്ങളായി മുദ്രകുത്തുന്നവര്‍ മദ്‌റസ കരിക്കുലത്തെകുറിച്ച് അടുത്തറിയാന്‍ ശ്രമിക്കണമെന്ന് സി ഐ ഇ ആര്‍ കോഴിക്കോട്ട് സംഘടിപ്പിച്ച സംസ്ഥാന പ്രതിഭാ സംഗമം അഭിപ്രായപ്പെട്ടു.
വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ ശക്തമായ നിലപാടുകളാണ് മദ്‌റസ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നിരിക്കെ ഇവയെക്കുറിച്ച് അടുത്തറിയുകയോ മനസ്സിലാക്കുകയോ ചെയ്യാതെ പുതുതലമുറയെ ധാര്‍മിക ചിന്തയിലേക്ക് വഴി നടത്തുന്ന ഒരു സംവിധാനത്തെ വര്‍ഗീയ ചാപ്പകുത്തി ഇല്ലായ്മ ചെയ്യാനുള്ള ശ്രമം സമൂഹം തിരിച്ചറിയണമെന്നും സംഗമം അഭിപ്രായപ്പെട്ടു. മദ്‌റസ തലത്തില്‍ മത്സരപരീക്ഷയില്‍ മികച്ച വിജയം നേടിയവരെയാണ് പ്രതിഭാ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. കുട്ടികളുടെ രചനാവൈഭവം കണ്ടെത്താന്‍ കൈയെഴുത്ത് മാഗസിനുകളില്‍ മികച്ചവക്ക് രചനാ അവാര്‍ഡ് നല്‍കുന്നു. വിദ്യാര്‍ഥികളുടെ ഉമ്മമാര്‍ക്ക് നടത്തുന്ന പരീക്ഷകളില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് വിചാരം അവാര്‍ഡുകളും നല്‍കുന്നു. ഗവേഷണബുദ്ധിയോടെ അറിവുകള്‍ ശേഖരിക്കുകയും സമകാലീന സംഭവങ്ങളെ വിലയിരുത്തി മതദൃഷ്ട്യാ മാറ്റുരച്ചു നോക്കാനുള്ള ശേഷി കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയുമാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നതിലൂടെ സിഐ ഇ ആര്‍ ലക്ഷ്യമിടുന്നത്.
എഴുത്തുകാരന്‍ കാനേഷ് പൂനൂര്‍ ഉദ്ഘാടനം ചെയ്തു. സി ഐ ഇ ആര്‍ കണ്‍വീനര്‍ ഡോ. ഐ പി അബ്ദുസലാം അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, എക്‌സല്‍ വാഴക്കാട്, കെ പി അബ്ദുറഹ്‌മാന്‍ സുല്ലമി, ഇബ്‌റാഹീം മാസ്റ്റര്‍, റഷീദ് പരപ്പനങ്ങാടി, അബ്ദുല്‍വഹാബ് നന്മണ്ട, എം ടി അബ്ദുല്‍ഗഫൂര്‍, എം കെ ശാക്കിര്‍ ആലുവ, സല്‍മാന്‍ ഫാറൂഖി, മറിയക്കുട്ടി സുല്ലമിയ്യ പ്രസംഗിച്ചു.