2 Wednesday
July 2025
2025 July 2
1447 Mouharrem 6

സൗഹൃദവും സഹവര്‍ത്തിത്തവും പാഠ്യപദ്ധതിയുടെ അനിവാര്യത – കവി പി കെ ഗോപി


കോഴിക്കോട്: പ്രകൃതി എന്ന വിദ്യാലയം നല്‍കുന്ന പാഠങ്ങളാണ് അറിവിനെ സര്‍ഗസമ്പന്നമാക്കുന്നതെന്ന് കവിയും സാഹിത്യകാരനുമായ പി കെ ഗോപി അഭിപ്രായപ്പെട്ടു. സി ഐ ഇ ആര്‍ പ്രതിഭാ അവാര്‍ഡും രചന അവാര്‍ഡും നേടിയവരെയും വിജ്ഞാനമത്സര പരീക്ഷയിലെ ജേതാക്കളെയും അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഠനം പീഡനമാകുന്ന പുതിയ കാലത്ത് പുതുതലമുറക്ക് സര്‍ഗപരിപോഷണത്തിന് കൂടുതല്‍ അവസരം നല്‍കണം. കലയും സാഹിത്യവും മാനവികതക്ക് വേണ്ടി സമര്‍പ്പിക്കണം മനുഷ്യത്വത്തെ വധിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യന്‍ തന്നെയാണെന്നത് ഖേദകരമാണ്. വിദ്വേഷവും കാലുഷ്യവും വിതച്ച് കുരുന്നു മനസ്സുകള്‍ പോലും വര്‍ഗീയതയിലേക്ക് തെളിക്കുന്ന സാഹചര്യത്തില്‍ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും സ്‌നേഹസന്ദേശം പാഠ്യപദ്ധതിയുടെ അനിവാര്യതയായിരിക്കുകയാണ്. ജാതി മത വിഭാഗീയതകള്‍ക്കതീതമായി മനുഷ്യമനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ അധ്യാപകര്‍ മാതൃകകളാകണം. വര്‍ഗീയ ശക്തികളുമായി ചേര്‍ന്നു നില്‍കുന്നവരെ അധ്യാപന മേഖലയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. സി ഐ ഇ ആര്‍ കണ്‍വീനര്‍ ഡോ. ഐ പി അബ്ദുസലാം, ഐ എസ് എം സംസ്ഥാന വൈ.പ്രസിഡന്റ് ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, എം എസ് എം സംസ്ഥാന സെക്രട്ടറി ആദില്‍ നസീഫ് മങ്കട, ഇബ്‌റാഹിം മാസ്റ്റര്‍, റശീദ് പരപ്പനങ്ങാടി, എം ടി അബ്ദുല്‍ ഗഫൂര്‍ പ്രസംഗിച്ചു.

Back to Top