3 Monday
August 2026
2026 August 3
1448 Safar 18

സി ഐ ഇ ആര്‍ – എം എസ് എം സംസ്ഥാന സര്‍ഗോത്സവ് മലപ്പുറം ഈസ്റ്റ്, കോഴിക്കോട് സൗത്ത് ചാമ്പ്യന്മാര്‍


പരപ്പനങ്ങാടി: സി ഐ ഇ ആറും എം എസ് എം സംസ്ഥാന സമിതിയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന സര്‍ഗോത്സവത്തില്‍ മലപ്പുറം ഈസ്റ്റ്, കോഴിക്കോട് സൗത്ത് ജില്ലകള്‍ സംയുക്ത ചാമ്പ്യന്മാരായി. മലപ്പുറം വെസ്റ്റ് ജില്ല രണ്ടാം സ്ഥാനവും കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ട് ദിവസങ്ങളിലായി പരപ്പനങ്ങാടി ഇ സി സി സിയില്‍ നടന്ന സര്‍ഗോത്സവത്തില്‍ ആയിരത്തിലധികം പ്രതിഭകള്‍ മാറ്റുരച്ചു. സബ് ജൂനിയര്‍ വിഭാഗത്തില്‍ കെ എം നുഹ (മലപ്പുറം വെസ്റ്റ്), ജൂനിയര്‍ വിഭാഗത്തില്‍ ഹലീം മുഹമ്മദ് (മലപ്പുറം ഈസ്റ്റ്), ടീന്‍സ് വിഭാഗത്തില്‍ മുഹമ്മദ് അസ്‌ലഹ് (മലപ്പുറം ഈസ്റ്റ്), അഫ്രീന്‍ ഹനാന്‍ (വയനാട്) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.
സര്‍ഗോത്സവം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വിശ്വാസികളെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസ പ്രചാരകര്‍ക്കെതിരായ പോരാട്ടത്തില്‍ കലാരൂപങ്ങള്‍ക്കും പങ്ക് വഹിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രസാങ്കേതിക മേഖലകളില്‍ ശീഘ്രമായ പുരോഗതി കൈവരിച്ചെങ്കിലും സമൂഹം ഇന്നും അന്ധവിശ്വാസത്തില്‍ തന്നെ അഭിരമിക്കുകയാണ്. മതേതര കലോത്സവങ്ങള്‍ പോലും മതാധിഷ്ഠിതമായ ചടങ്ങുകള്‍ കൊണ്ട് തുടങ്ങുന്ന പ്രവണത ഖേദകരമാണ്. മനുഷ്യന്റെ സ്വാഭാവികമായ സര്‍ഗവാസനകള്‍ പോലും അന്ധവിശ്വാസങ്ങള്‍ക്ക് അവസരമൊരുക്കുന്ന ഇക്കാലത്ത് സര്‍ഗാത്മകമായി പ്രതികരിക്കാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ടെന്നും സി പി ഉമര്‍ സുല്ലമി പറഞ്ഞു. സി ഐ ഇ ആര്‍ സെക്രട്ടറി ഡോ. ഐ പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ്, ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, നുഫൈല്‍ തിരൂരങ്ങാടി, ഹസനത്ത് പരപ്പനങ്ങാടി, മജീദ് കണ്ണാടന്‍, എ ടി ഹസന്‍ മദനി, ഷുഫൈന തിരൂരങ്ങാടി, ജസീറ ടീച്ചര്‍ പ്രസംഗിച്ചു.
സമാപന സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫികള്‍ ഡോ. ഇ കെ അഹ്മദ് കുട്ടി, എം എസ് എം പ്രസിഡന്റ് ജസീം സാജിദ് എന്നിവര്‍ വിതരണം ചെയ്തു. സി ഐ ഇ ആര്‍ കണ്‍വീനര്‍ അബ്ദുല്‍ വഹാബ് നന്മണ്ട അധ്യക്ഷത വഹിച്ചു. സി മമ്മു കോട്ടക്കല്‍, മൂസക്കുട്ടി മദനി, ശരീഫ് കോട്ടക്കല്‍, ജസീറ രണ്ടത്താണി, ആദില്‍ നസീഫ് ഫാറൂഖി, ജസിന്‍ നജീബ്, സവാദ് പൂനൂര്‍, ഫഹീം പുളിക്കല്‍, ബാദുഷ തൊടുപുഴ, ഡാനിഷ് അരീക്കോട്, റബീഹ് മാട്ടൂല്‍, സാജിദ് കോട്ടയം, റാഫിദ് ചെനാടന്‍, ലുക്മാന്‍ പോത്തുകല്ല്, ഷഫീഖ് എടത്തനാട്ടുക്കര, സമാഹ് ഫാറൂഖി പ്രസംഗിച്ചു.

Back to Top